Monday, January 20, 2014

സോളാറില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണമാകാം: സുപ്രീംകോടതി

സോളാര്‍ തട്ടിപ്പ് കേസ് അന്വേഷണത്തിന്റെ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉള്‍പ്പെടുത്താമെന്ന് സുപ്രീംകോടതി. തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന ഹൈക്കോടതി പരാമര്‍ശം അന്വേഷണത്തെ ബാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയാണ് സുപ്രീംകോടതിയുടെ ഉത്തരവുണ്ടായത്. നിലവിലുള്ള അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന നടപടികള്‍ പാടില്ലെന്നും അന്വേഷണത്തില്‍ ഇടപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് കേന്ദ്രമാക്കിയാണ് സോളാര്‍ തട്ടിപ്പ് പ്രതികളായ സരിതയും ബിജു രാധാകൃഷ്ണനും ഇടപാടുകള്‍ നടത്തിയിരുന്നത് . മുഖ്യമന്ത്രിയുടെ മുന്‍ പി എ ടെന്നിജോപ്പനും കേസില്‍ പ്രതിയാണ്. മറ്റൊരു പി എ ആയ ജിക്കുമോന്‍ ജേക്കബും സംശയത്തിന്റെ നിഴലിലാണ്. മുഖ്യമന്ത്രി കൂടി ആവശ്യപ്പെട്ടതിനാലാണ് സോളാര്‍ ഇടപാടില്‍ പണം കൈമാറിയതെന്ന് തട്ടിപ്പിനിരയായ വ്യവസായി കോന്നി സ്വദേശി ശ്രീധരന്‍ നായര്‍ 164 പ്രകാരം റാന്നി മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലും പറയുന്നുണ്ട്. മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ക്യാബിനില്‍ സരിതക്കൊപ്പമാണ് താന്‍ കണ്ടതെന്നും മൊഴിയിലുണ്ട്. ഇക്കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി നിഷേധിച്ചിരിക്കയാണ്. അതിനാലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ ജോയ് കൈതാരം സുപ്രീകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

സോളാര്‍ തടിപ്പില്‍ പ്രഖ്യാപിച്ച ജുഡിഷ്യല്‍ അന്വേഷണപരിധിയിലും മുഖ്യമന്ത്രിയേയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ ഉള്‍പ്പെടുത്താനും ഉമ്മന്‍ചാണ്ടി തയ്യാറായിട്ടില്ല.

deshabhimani

No comments:

Post a Comment