Thursday, December 8, 2011

അമൃതയിലെ സമരം കരുത്താര്‍ജിക്കുന്നു

കൊച്ചി അമൃത ആശുപത്രിയില്‍ നേഴ്സുമാര്‍ നടത്തുന്ന സമരം കരുത്താര്‍ജിക്കുന്നു. സേവന,വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട നേഴ്സുമാരുടെ സംഘടന ഭാരവാഹികളെ വിളിച്ചുവരുത്തി തല്ലിച്ചതച്ച മാനേജ്മെന്റ്നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. രണ്ടാംദിവസവും നേഴ്മാര്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് ആശുപത്രിപ്രവര്‍ത്തനം അവതാളത്തിലായി. എന്നാല്‍ , സമരം ചെയ്യുന്നവരുമായി ചര്‍ച്ചചെയ്ത് പ്രശ്നം പരിഹരിക്കാന്‍ മാനേജ്മെന്റ് തയ്യാറായിട്ടില്ല. സമരക്കാര്‍ മുദ്രാവാക്യങ്ങളുമായി ആശുപത്രിമുറ്റത്ത് കുത്തിയിരിപ്പ് തുടരുകയാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നേഴ്സുമാര്‍ അമൃതയിലെ സമരത്തിന് പിന്തുണയുമായെത്തി. രാഷ്ട്രീയ, സാമൂഹികരംഗങ്ങളില്‍നിന്ന് നിരവധി പ്രമുഖരും നേഴ്സുമാരുടെ ആവശ്യങ്ങള്‍ക്ക് പിന്തുണയും അവര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ , പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍(സിഐടിയു) സംസ്ഥാന പ്രസിഡന്റ് എം സി ജോസഫൈന്‍ , സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി രാജീവ് എംപി, കെ ചന്ദ്രന്‍പിള്ള, സിഐടിയു ജില്ലാ സെക്രട്ടറി പി എസ് മോഹനന്‍ , ഹൈബി ഈഡന്‍ എംഎല്‍എ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളായ കെ കെ മാലതി, കെ ആര്‍ പത്മം, ഹെന്നി ബേബി, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എ ജി ഉദയകുമാര്‍ , കൗണ്‍സിലര്‍ എം പി മഹേഷ്കുമാര്‍ തുടങ്ങി നിരവധിപേര്‍ ആശുപത്രിയിലെത്തി.

പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ചര്‍ച്ചയ്ക്ക് മധ്യസ്ഥംവഹിക്കാന്‍ തയ്യാറാണെന്നും ജ. കൃഷ്ണയ്യര്‍ പറഞ്ഞു. ആര്‍ഡിഒയും ലേബര്‍ ഓഫീസറുമുള്‍പ്പെടെയുള്ളവര്‍ രാവിലെ ആശുപത്രിയിലെത്തിയെങ്കിലും ട്രസ്റ്റ് ഭാരവാഹികള്‍ എത്താതെ ചര്‍ച്ച നടത്താനാകില്ലെന്ന നിലപാടിലായിരുന്നു മാനേജ്മെന്റ്. എന്നാല്‍ , ട്രസ്റ്റ് ഭാരവാഹികള്‍ വന്നശേഷം നടത്തിയ ചര്‍ച്ചയിലും നേഴ്സുമാരുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചില്ല. ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടത്തിയ ആദ്യഘട്ടചര്‍ച്ചയില്‍ത്തന്നെ ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നും മാനേജ്മെന്റ് പിടിവാശി കാണിച്ചതോടെ ചര്‍ച്ച പരാജയപ്പെട്ടു. സമരത്തെത്തുടര്‍ന്ന് ആശുപത്രി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിട്ടില്ലെന്ന് മാനേജ്മെന്റിനുവേണ്ടി ഡോ. എം ജി കെ പിള്ള അറിയിച്ചു. മഠത്തിനു കീഴിലെ നേഴ്സിങ് ബിരുദധാരികള്‍ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 081211

2 comments:

  1. കൊച്ചി അമൃത ആശുപത്രിയില്‍ നേഴ്സുമാര്‍ നടത്തുന്ന സമരം കരുത്താര്‍ജിക്കുന്നു. സേവന,വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട നേഴ്സുമാരുടെ സംഘടന ഭാരവാഹികളെ വിളിച്ചുവരുത്തി തല്ലിച്ചതച്ച മാനേജ്മെന്റ്നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. രണ്ടാംദിവസവും നേഴ്മാര്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് ആശുപത്രിപ്രവര്‍ത്തനം അവതാളത്തിലായി. എന്നാല്‍ , സമരം ചെയ്യുന്നവരുമായി ചര്‍ച്ചചെയ്ത് പ്രശ്നം പരിഹരിക്കാന്‍ മാനേജ്മെന്റ് തയ്യാറായിട്ടില്ല. സമരക്കാര്‍ മുദ്രാവാക്യങ്ങളുമായി ആശുപത്രിമുറ്റത്ത് കുത്തിയിരിപ്പ് തുടരുകയാണ്.

    ReplyDelete