Monday, January 20, 2014

അഭിമാനിക്കാവുന്ന പോരാട്ടവിജയം

ജനമുന്നേറ്റം എന്തിനാകണമെന്നും എങ്ങനെയാകണമെന്നും തെളിയിച്ചാണ് ശനിയാഴ്ച അവസാനിച്ചത്. കേരളത്തിന്റെ സമരചരിത്രത്തില്‍ സമുജ്വലമായ അധ്യായമാണ്, 1400 കേന്ദ്രങ്ങളില്‍ നാലുദിവസം നടന്ന സമരം എഴുതിച്ചേര്‍ത്തത്. 12 സിലിണ്ടറുകള്‍ സബ്സിഡി നിരക്കില്‍ അനുവദിക്കുമെന്ന് പെട്രോളിയംമന്ത്രി വീരപ്പ മൊയ്ലി വ്യക്തമാക്കിയതോടെ നിരാഹാരസമരത്തിന് വിരാമമായെങ്കിലും, ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന മറ്റു പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയുണ്ടാകുമെന്ന് സിപിഐ എം പ്രഖ്യാപിച്ചിട്ടുണ്ട്.

കേവലം ഒരാഴ്ചത്തെ തയ്യാറെടുപ്പുമാത്രമാണ് ഈ സമരത്തിന് സിപിഐ എം നടത്തിയത്. നേതാക്കളും പ്രവര്‍ത്തകരുമടക്കം ആയിരങ്ങള്‍ 75 മണിക്കൂറാണ് നിരാഹാരമിരുന്നത്. എല്ലാ അതിര്‍വരമ്പുകളും അതിലംഘിച്ച് ജനങ്ങള്‍ ആ സമരത്തിന് പിന്തുണയുമായെത്തുന്ന കാഴ്ചയാണ് 75 മണിക്കൂറില്‍ ദൃശ്യമായത്. പാചകവാതകവില ഒറ്റയടിക്ക് മൂന്നിരട്ടിയാക്കിയതിനൊപ്പം ആധാറിന്റെ പേരില്‍ ഭൂരിപക്ഷംപേര്‍ക്കും സബ്സിഡി നിഷേധിക്കുകയും ചെയ്തപ്പോള്‍, സമരമല്ലാതെ മറ്റു മാര്‍ഗമില്ലെന്ന തിരിച്ചറിവിലാണ്, മറ്റൊരു രാഷ്ട്രീയകക്ഷിക്കും ചിന്തിക്കാന്‍പോലുമാകാത്ത പ്രക്ഷോഭത്തിന്റെ മാര്‍ഗത്തിലേക്ക് സിപിഐ എം കടന്നത്. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി കഴിഞ്ഞദിവസം കേരളത്തില്‍ വന്നപ്പോള്‍ സ്വീകരിക്കാനെത്തിയ ഏതാനുംപേര്‍ സൃഷ്ടിച്ച കുഴപ്പങ്ങളുമായി തട്ടിച്ചുനോക്കുമ്പോഴാണ്, സിപിഐ എം പതാകയേന്തി ഗ്രാമങ്ങളിലും നഗരങ്ങളിലും ഈ സമരത്തില്‍ അണിചേര്‍ന്ന ലക്ഷങ്ങളുടെ ത്യാഗത്തിന്റെയും പ്രതിബദ്ധതയുടെയും അച്ചടക്കത്തിന്റെയും മൂല്യം വേര്‍തിരിച്ചറിയാനാവുക. സ്വന്തം അണികളെ പേടിച്ച് രാഹുല്‍ഗാന്ധിക്ക് വാഹനത്തിന്റെ മുകളില്‍ കയറേണ്ടിവന്നു എന്നുമാത്രമല്ല, കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷിനെ അനുയായികള്‍ ചവിട്ടിവീഴ്ത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. സ്വന്തം നേതാവ് ചവിട്ടേറ്റുവീഴുമ്പോള്‍ പിടിച്ചെഴുന്നേല്‍പ്പിക്കാനല്ല, പിന്നെയും ചവിട്ടിമെതിക്കാനാണ് യൂത്ത്കോണ്‍ഗ്രസുകാര്‍ തയ്യാറായതെങ്കില്‍, ജനങ്ങളുടെ നീറുന്ന പ്രശ്നം പരിഹരിക്കാന്‍ ഭക്ഷണമുപേക്ഷിച്ച് ത്യാഗമനുഷ്ഠിക്കാനാണ് സിപിഐ എം പ്രവര്‍ത്തകര്‍ തയ്യാറായത്. ഇരുപാര്‍ടികളുടെയും സമീപനത്തിന്റെ വ്യത്യാസമാണത്.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍മുതല്‍ സാധാരണപ്രവര്‍ത്തകര്‍വരെ നിരാഹാരമിരുന്നു. ഓരോകേന്ദ്രത്തിലും വീട്ടമ്മമാരുള്‍പ്പെടെ വന്‍ജനാവലി പിന്തുണ അറിയിക്കാനും അഭിവാദ്യംചെയ്യാനും ഒഴുകിയെത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അനുഭാവം പ്രകടിപ്പിച്ച് സത്യഗ്രഹമനുഷ്ഠിച്ചു. യുഡിഎഫ് നേതാക്കള്‍പോലും ചില സമരകേന്ദ്രങ്ങളില്‍ എത്തി അനുഭാവം പ്രകടിപ്പിച്ചു. സിപിഐ എമ്മിനെ ശക്തിയുക്തം എതിര്‍ക്കുന്ന രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കും ഈ സമരം തങ്ങള്‍കൂടി പങ്കെടുക്കേണ്ട ഒന്നാണെന്ന തോന്നലാണുണ്ടായത്. മതമേലധ്യക്ഷന്മാരും പുരോഹിതരും സാംസ്കാരികനായകരുമെന്നുവേണ്ട, ജീവിതത്തിന്റെ നാനാമേഖലകളില്‍പ്പെട്ടവര്‍ ഇങ്ങനെ ഹൃദയംകൊണ്ടും സാന്നിധ്യംകൊണ്ടും പിന്തുണച്ച മറ്റൊരു സമരമുണ്ടായിട്ടില്ല.

ഈ സമരത്തിന്റെ ചൂട് കേന്ദ്രഭരണാധികാരികളുടെയും കണ്ണുതുറപ്പിച്ചിട്ടുണ്ടെന്നതില്‍ ഒരു സംശയവും വേണ്ടതില്ല. സിപിഐ എം ഉയര്‍ത്തിയ മുദ്രാവാക്യത്തിന് മഹാഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണയുണ്ടെന്ന തിരിച്ചറിവുതന്നെയാണ്, തങ്ങള്‍തന്നെ ഏര്‍പ്പെടുത്തിയ സിലിണ്ടര്‍ നിയന്ത്രണത്തില്‍നിന്ന് പിന്മാറാന്‍ യുപിഎ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. സിലിണ്ടറിന്റെ എണ്ണം വെട്ടിക്കുറയ്ക്കുമ്പോഴും വര്‍ധിപ്പിക്കില്ലെന്ന് വാശിപിടിക്കുമ്പോഴും രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും ഇവിടെയുണ്ടായിരുന്നു. അന്നൊന്നും തോന്നാത്ത വിവേകവും വീണ്ടുവിചാരവും ഇപ്പോള്‍ അവരില്‍ പൊട്ടിമുളച്ചതല്ല- ജനരോഷം എത്രത്തോളമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്.

ഈ സമരത്തെ പരാജയക്കണക്കില്‍ എഴുതിത്തള്ളാന്‍ തുനിഞ്ഞിറങ്ങിയ ചിലരുമുണ്ടായി. അക്കൂട്ടത്തില്‍ സമരങ്ങളെ ട്വന്റി-ട്വന്റി ക്രിക്കറ്റായി കാണുന്നവരുണ്ട്; ചരിത്രബോധം നഷ്ടപ്പെട്ടവരുണ്ട്; മാര്‍ക്സിസ്റ്റുവിരുദ്ധ ജ്വരം ബാധിച്ചവരുണ്ട്. ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയോ കേരളത്തിലെ കര്‍ഷകസമരങ്ങളുടെയോ ചരിത്രത്തിലേക്കുപോലും തിരിഞ്ഞുനോക്കാന്‍ കഴിവില്ലാത്ത അത്തരക്കാരെ അവഗണിച്ചുതള്ളുകയേ നിവൃത്തിയുള്ളൂ. സമരം ജനകീയപ്രശ്നങ്ങളിലേക്ക് ഭരണവര്‍ഗത്തിന്റെ ശ്രദ്ധ ക്ഷണിക്കാനുള്ളതുമാത്രമല്ല- ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ക്കുപിന്നില്‍ കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങളെ അണിനിരത്തുന്നതിനുള്ളതുകൂടിയാണെന്ന തിരിച്ചറിവ് അവര്‍ക്ക് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ഈ രണ്ടുനിലയ്ക്കും സിപിഐ എം സമരം പരിപൂര്‍ണ വിജയമാണ്. ആ സമരത്തില്‍ ത്യാഗപൂര്‍വം അണിനിരന്ന പ്രവര്‍ത്തകരെയും പിന്തുണ നല്‍കിയ ജനലക്ഷങ്ങളെയും കക്ഷിപരിഗണന മറന്ന് സമരപ്പന്തലിലെത്തിയും അല്ലാതെയും അഭിവാദ്യമര്‍പ്പിച്ച യുഡിഎഫ് നേതാക്കളുള്‍പ്പെടെയുള്ള രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക രംഗത്തെ പ്രമുഖരെയും ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു. ജനദ്രോഹനയങ്ങള്‍ക്കെതിരായ എല്ലാ പ്രക്ഷോഭങ്ങള്‍ക്കും മാതൃകയായി ഈ സമരത്തെ ഉയര്‍ത്തിയ സിപിഐ എമ്മിന് അഭിമാനിക്കാം.

deshabhimani editorial

No comments:

Post a Comment