Tuesday, January 7, 2014

സുശീലന്റെ കുടുംബത്തിന് സ്നേഹവെളിച്ചമായി എല്‍ഡിഎഫ് സഹായം

അഞ്ചല്‍ (കൊല്ലം): ജീവിതഭാരം താങ്ങാനാകാതെ പിതാവ് ജീവനൊടുക്കിയപ്പോള്‍ ഇരുളിലാണ്ട അതിനിന്റെയും അതുലിന്റെയും ജീവിതത്തില്‍ സ്നേഹവെളിച്ചമായി എല്‍ഡിഎഫിന്റെ സഹായം. കരുണവറ്റിയ, ജനസമ്പര്‍ക്കമില്ലാതായ ഭരണവര്‍ഗത്തിന് ജനകീയകൂട്ടായ്മ കാണിച്ചുകൊടുത്തത് കാരുണ്യത്തിന്റെ പുതിയ പാഠം. വര്‍ഷങ്ങളായി തളര്‍ന്നുകിടക്കുന്ന രണ്ട് ആണ്‍മക്കളുടെ ചികിത്സയ്ക്കു മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ സഹായം കിട്ടാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ അഞ്ചല്‍ തോയിത്തല ശ്രീദേവിമന്ദിരത്തില്‍ സുശീലന്റെ കുടുംബസഹായനിധി ആശ്രിതര്‍ക്കു കൈമാറി. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ജനങ്ങളില്‍നിന്നു സമാഹരിച്ച അഞ്ചുലക്ഷം രൂപയുടെ സഹായം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സിപിഐ നിയമസഭാകക്ഷി നേതാവ് സി ദിവാകരനും ചേര്‍ന്നാണ് നല്‍കിയത്. അതിന്‍, അതുല്‍ എന്നീ മക്കള്‍ക്ക് രണ്ടുലക്ഷം രൂപ വീതം പിണറായിയും ഭാര്യ ശ്രീദേവിക്ക് ഒരുലക്ഷം രൂപ ദിവാകരനും കൈമാറി. അഞ്ചല്‍ സര്‍വീസ് സഹകരണബാങ്കില്‍ ഇവരുടെ പേരില്‍ തുക നിക്ഷേപിച്ച രേഖകളാണ് നല്‍കിയത്. അഞ്ചല്‍ കോമളം താന്നിമുകള്‍ ജങ്ഷനില്‍ തിങ്കളാഴ്ച വൈകിട്ട് ഇതോടനുബന്ധിച്ചു ചേര്‍ന്ന യോഗം സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട മനുഷ്യസ്നേഹികളുടെ സാന്നിധ്യത്താല്‍ അര്‍ഥവത്തായി.

ഡിസംബര്‍ 12നു കൊല്ലത്തു നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ മക്കള്‍ക്കു ചികിത്സാസഹായത്തിനുള്ള അപേക്ഷയുമായി സുശീലന്‍ പോയിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍കഴിയാതെ പിറ്റേന്നു പുലര്‍ച്ചെ നിരാശയോടെ മക്കളെയുംകൊണ്ട് മടങ്ങി. അന്നു രാത്രി വിടിനടുത്ത റബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ചു. സുശീലന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നല്‍കണമെന്നും ഭാര്യയ്ക്കു ജോലി നല്‍കണമെന്നും കുട്ടികളുടെ പൂര്‍ണസംരക്ഷണം ഏറ്റെടുക്കണമെന്നും സംസ്ഥാനസര്‍ക്കാരിനോട് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. കുടുംബത്തിന് ഏഴുലക്ഷം രൂപ നല്‍കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും സുശീലന്‍ മരിച്ച് ഒരു മാസമായിട്ടും നടപ്പായില്ല. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് നേതൃത്വത്തില്‍ സഹായസമിതി രൂപീകരിച്ചത്. അഞ്ചല്‍ പഞ്ചായത്തിലെ വടമണ്‍, പനയഞ്ചേരി, ചോരനാട്, വെണ്‍മണിയോട്, ഏറം വാര്‍ഡുകളില്‍ പ്രാദേശിക സഹായസമിതി രൂപീകരിച്ച് ജനങ്ങളില്‍നിന്നു സംഭാവനകള്‍ സ്വീകരിക്കുകയായിരുന്നു.

കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം: പിണറായി

അഞ്ചല്‍ (കൊല്ലം): മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍മക്കളുടെ ചികിത്സയ്ക്കു ധനസഹായം കിട്ടാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ അഞ്ചല്‍ സ്വദേശി സുശീലന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സുശീലന്റെ രണ്ടു മക്കളുടെ പഠനത്തിനും ചികിത്സയ്ക്കും ആവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നിര്‍വഹിക്കണം. അദ്ദേഹത്തിന്റെ ഭാര്യ ശ്രീദേവിക്ക് വിദ്യാഭ്യാസയോഗ്യതയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജോലി നല്‍കണമെന്നും പിണറായി ആവശ്യപ്പെട്ടു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്വരൂപിച്ച സുശീലന്‍ കുടുംബസഹായഫണ്ട് കൈമാറി സംസാരിക്കുകയായിരുന്നു പിണറായി.

വര്‍ഷങ്ങളായി തളര്‍ന്നുകിടക്കുന്ന മക്കളുടെ ചികിത്സയ്ക്ക് ഈ കുടുംബനാഥന്‍ വല്ലാതെ കഷ്ടപ്പെട്ടു. മക്കളെ പരിചരിക്കാന്‍ ഒപ്പംനിന്ന അദ്ദേഹത്തിന് നട്ടെല്ലിനു രോഗം ബാധിക്കുകയും ചെയ്തു. പരമദയനീയമായ അവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായം തേടി എത്തിയത്. എന്നാല്‍, ഫലം നിരാശയായിരുന്നു. ഈ സാഹചര്യത്തിലാണ് സുശീലന്‍ ജീവനൊടുക്കിയത്. ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും അങ്ങേയറ്റം ജനദ്രോഹനയങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നത്. യുപിഎ സര്‍ക്കാരുകള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന ഘട്ടത്തിലാണ് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദലായ നയങ്ങള്‍ നടപ്പാക്കി ജനജീവിതം മെച്ചപ്പെടുത്തിയത്. ഇപ്പോള്‍ ആ നയങ്ങള്‍ എല്ലാം അട്ടിമറിക്കപ്പെട്ടു. അഞ്ചു സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിധിയെഴുത്താണ് ഉണ്ടായത്. കോണ്‍ഗ്രസിനെതിരെ ജനവികാരം കൂടുതല്‍ ശക്തിപ്പെടുമെന്നും പിണറായി പറഞ്ഞു.

സുശീലനെ ആത്മഹത്യയിലേക്കു തള്ളിവിട്ടത് സര്‍ക്കാര്‍: സി ദിവാകരന്‍ എംഎല്‍എ

അഞ്ചല്‍: അഞ്ചല്‍ തോയിത്തല ശ്രീദേവിമന്ദിരത്തില്‍ സുശീലനെ ആത്മഹത്യയിലേക്കു തള്ളിവട്ടത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്ന് സിപിഐ നിയമസഭാ കക്ഷിനേതാവ് സി ദിവാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍നിന്നു ധനസഹായം ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ കോമളം താന്നിമുകള്‍ ജങ്ഷനില്‍ സുശീലന്റെ കുടുംബസഹായഫണ്ട് കൈമാറ്റച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടികളാണ് ജനസമ്പര്‍ക്കത്തിനായി ചെലവഴിച്ചത്. പൊലീസുകാരുടെ സമ്പര്‍ക്കമാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. ജനസമ്പര്‍ക്കത്തിന്റെ പേരില്‍ അത് നടക്കുന്നിടത്ത് വാഹനം തടഞ്ഞു വഴിഅടച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചു. ജനസമ്പര്‍ക്കത്തില്‍ ജനങ്ങളെ മോഹിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നു. അധികാരത്തിന്റെ ലഹരിയില്‍ അഹന്തയും ജനവിരുദ്ധനിലപാടുമാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. സുശീലന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും മതിയായ സഹായവും നല്‍കണം എന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment