Wednesday, January 8, 2014

പണമില്ല; പുതിയ നികുതി വരും: മാണി

സര്‍ക്കാരിന്റെ സാമ്പത്തികഞെരുക്കം മറിക്കടക്കാന്‍ പുതിയ നികുതികള്‍ ഏര്‍പ്പെടുത്താന്‍ നീക്കം. ഒപ്പം നികുതിയേതര വരുമാനം വര്‍ധിപ്പിക്കാനുള്ള വിഭവസമാഹരണ നിര്‍ദേശങ്ങളും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ധനമന്ത്രി കെ എം മാണി നിയമസഭയെ രേഖാമൂലം അറിയിച്ചു. തുണിത്തരങ്ങള്‍ക്ക് അഞ്ച് ശതമാനം വാറ്റ്, 20 ലക്ഷത്തിനുമേല്‍ വിലയുള്ള കാറുകള്‍ക്ക് രണ്ട് ശതമാനം എസന്‍ഷ്യല്‍ നെസസിറ്റി സെസ്, യൂസ്ഡ് കാര്‍വില്‍പ്പനയില്‍ അഞ്ച് ശതമാനം വാറ്റ്, സിനിമാറ്റോഗ്രാഫിക് ഫിലിം വില്‍പ്പനയില്‍ അഞ്ച് ശതമാനം നികുതി എന്നിവയാണ് പുതിയ നിര്‍ദേശങ്ങള്‍.

ഭൂമിയുടെ ന്യായവില 20 ശതമാനംവരെ വര്‍ധിപ്പിക്കും. ഭാഗാധാരം, സെറ്റില്‍മെന്റ്, ഇഷ്ടദാനം മുതലായവയ്ക്ക് രണ്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും ഏര്‍പ്പെടുത്തും. ചിട്ടികളുടെ രജിസ്ട്രേഷന്‍ ഫീസ് വര്‍ധിപ്പിക്കും. തറ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിടങ്ങള്‍ക്ക് അടിസ്ഥാന നികുതി ഏര്‍പ്പെടുത്തും. തോട്ടം നികുതി പരിഷ്കരണത്തിലൂടെയും അധികവരുമാനം ലക്ഷ്യമിടുന്നു. ഒറ്റത്തവണ കെട്ടിടനികുതിയും ആഡംബരകെട്ടിട നികുതിയും വര്‍ധിപ്പിക്കും. റവന്യൂ റിക്കവറി നടപടികള്‍ അതിവേഗത്തിലാക്കുമെന്നും ഡോ. കെ ടി ജലീല്‍, എളമരം കരീം, സാജു പോള്‍, ജെയിംസ് മാത്യു എന്നിവരെ മന്ത്രി അറിയിച്ചു.

വനഭൂമിയുടെ പാട്ടനിരക്ക്, വനവികസന നികുതി, വനമേഖലയിലേക്കുള്ള പ്രവേശന നികുതി, ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ്-റസ്റ്റ് ഹൗസ് എന്നിവയുടെ വാടക, വനത്തില്‍നിന്ന് ശേഖരിക്കുന്ന മണലിന്റെ സീനിയറേജ് നിരക്ക്, വാണിജ്യസിനിമയുടെയും ഡോക്യുമെന്ററികളുടെയും ഷൂട്ടിങ്ങിന്റെയും ഫോട്ടോഗ്രാഫിയുടെയും നിരക്ക് എന്നിവയുടെ വര്‍ധനയും പരിഗണിക്കുന്നു. ബജറ്റില്‍ വിഭാവനംചെയ്ത റവന്യൂ വരുമാനം വര്‍ധിക്കാത്ത സാഹചര്യത്തിലാണ് അധികനികുതികളും ഫീസുകളും ഏര്‍പ്പെടുത്തുന്നത്. നികുതി-നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിന് വിവിധ വകുപ്പുകള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്്. വാണിജ്യ നികുതി, രജിസ്ട്രേഷന്‍, റവന്യൂ, വനം വകുപ്പുകള്‍ വഴിയാണ് നടപടികള്‍ അടിച്ചേല്‍പ്പിക്കുക. ധനവകുപ്പിന്റെ അംഗീകാരമില്ലാതെ പുതിയ തസ്തികകള്‍ സൃഷ്ടിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രജിസ്ട്രേഷന്‍ വകുപ്പ് ഇ-സ്റ്റാമ്പിങ് സൗകര്യം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചു. വിദേശ യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പുതിയ വാഹനങ്ങള്‍ വാങ്ങില്ല. പുതിയ ഓഫീസുകളില്‍ വാടകവാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും ധനവകുപ്പ് കര്‍ശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.

deshabhimani

No comments:

Post a Comment