തെലങ്കാനയെ അരാജകത്വത്തിലേക്ക് തള്ളിയത് കോണ്‍ഗ്രസിന്റെ നിഷ്ക്രിയത്വവും നിലപാടില്ലായ്മയും. തെലങ്കാന സംസ്ഥാന രൂപീകരണത്തെ അനുകൂലിച്ചോ എതിര്‍ത്തോ എന്തെങ്കിലും പറയാന്‍ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന കോണ്‍ഗ്രസിന് ഇനിയും കഴിഞ്ഞിട്ടില്ല. മാത്രമല്ല, പ്രശ്നങ്ങള്‍ തുടങ്ങിവച്ചതും കോണ്‍ഗ്രസാണ്. പ്രക്ഷോഭം ദുര്‍ബലമായ കാലത്താണ് 2009 ഡിസംബര്‍ ഒമ്പതിന് ആഭ്യന്തരമന്ത്രി പി ചിദംബരം തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതായി ലോക്സഭയില്‍ പറഞ്ഞത്. എന്നാല്‍ , ദിവസങ്ങള്‍ക്കകം കേന്ദ്രം പിന്മാറി. കാരണം തീരദേശ ആന്ധ്രയില്‍ (സീമാന്ധ്ര) നിന്നും മറ്റും ഉയര്‍ന്ന ശക്തമായ എതിര്‍പ്പ്. സമവായത്തിലൂടെയേ സംസ്ഥാന വിഭജനം സാധ്യമാകൂ എന്ന നിലപാടിലേക്ക് കേന്ദ്രം മാറി. ഇതോടെയാണ് പ്രശ്നം പഠിക്കാന്‍ ജസ്റ്റിസ് ശ്രീകൃഷ്ണ കമീഷനെ നിയോഗിച്ചത്. എട്ടു മാസം മുമ്പ് ശ്രീകൃഷ്ണ കമീഷന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അദ്ദേഹം മുന്നോട്ടു വച്ച ആറു നിര്‍ദേശത്തില്‍ ഒന്നുപോലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തുടര്‍ന്നു ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലും കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. തീരുമാനമെടുക്കുന്നത് വൈകിപ്പിച്ച് പ്രക്ഷോഭം തണുപ്പിക്കാമെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കരുതുന്നത്.
സംസ്ഥാനരൂപീകരണത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കമാന്‍ഡ് കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദിനോട് ആവശ്യപ്പെട്ടു. എന്നാല്‍ , യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ അദ്ദേഹം അമേരിക്കയിലാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ധനമന്ത്രി പ്രണബ് മുഖര്‍ജിയും അമേരിക്കയില്‍തന്നെ. അതുകൊണ്ട് ഇവര്‍ മടങ്ങിയെത്തിയ ശേഷമേ തീരുമാനത്തിലെത്താന്‍ കോണ്‍ഗ്രസിന് കഴിയൂ. അപ്പോഴേക്കും സ്ഥിതി കൂടുതല്‍ വഷളാകാനാണ് സാധ്യത. രണ്ടു സംഘടനയായാണ് ആന്ധ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. തെലങ്കാനയ്ക്കു വേണ്ടി പ്രവര്‍ത്തകസമിതി അംഗം കേശവറാവു ഉള്‍പ്പെടെയുള്ളവര്‍ വാദിക്കുമ്പോള്‍ തീരആന്ധ്രയിലെ നേതാക്കള്‍ അത് പരസ്യമായി എതിര്‍ക്കുന്നു. തെലങ്കാനയെ അനുകൂലിച്ചോ എതിര്‍ത്തോ തീരുമാനമെടുക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന്് നേതൃത്വം ഭയക്കുന്നു. തെലങ്കാനയ്ക്ക് അനുകൂലമായി തീരുമാനമെടുക്കുന്നതു കൊണ്ട് മേഖലയില്‍ നേട്ടവും ഉണ്ടാകില്ല. മറിച്ച് തെലുങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) നേതാവ് കെ ചന്ദ്രശേഖരറാവുവിന് വീരപരിവേഷം ലഭിക്കും. സംസ്ഥാന വിഭജനത്തിന് കൂട്ടുനിന്നാല്‍ സീമാന്ധ്രയിലും റായലസീമയിലും കോണ്‍ഗ്രസ് തുടച്ചു നീക്കപ്പെടുമെന്നും പാര്‍ടി ഭയക്കുന്നു.
പ്രക്ഷോഭത്തില്‍ തെലങ്കാന നിശ്ചലം
ഹൈദരാബാദ്: തെലങ്കാന പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംയുക്ത സമരസമിതിയുടെ പ്രക്ഷോഭം സാധാരണ ജനജീവിതം താറുമാറാക്കി. സംസ്ഥാന ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് 11-ാം ദിവസം പിന്നിട്ടതോടെ സര്‍ക്കാര്‍ പ്രവര്‍ത്തനം പൂര്‍ണമായും നിശ്ചലമായി. ഏഴരലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ തലസ്ഥാനത്തും തെലുങ്കാന മേഖലയിലെ 10 ജില്ലയിലും പ്രക്ഷോഭത്തിലായതിനാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുകിടക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനമൊന്നും പ്രവര്‍ത്തിക്കുന്നില്ല. സിക്കന്തരാബാദിലെ ഉസ്മാനിയ ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളും എന്‍ജിനിയറിങ്, മെഡിക്കല്‍ കോളേജുകളും അടഞ്ഞുകിടക്കുകയാണ്. നേഴ്സറികളും പ്രാഥമിക വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നില്ല. മാനേജ്മെന്റുകള്‍ സ്വമേധയാ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി. അഭിഭാഷകര്‍ കോടതിബഹിഷ്കരിച്ചു. തെലുങ്കാനയിലെ എപിഎസ്ആര്‍ടിസി ജീവനക്കാരും വൈദ്യുതി ജീവനക്കാരും പണിമുടക്ക് ആരംഭിച്ചതോടെ ജനങ്ങള്‍ക്ക് ആശ്രയം ഓട്ടോ മാത്രം. ഓട്ടോക്ക് ഇരട്ടി ചാര്‍ജും നല്‍കണം. അതുകാരണം ഓഫീസുകളിലെ ഹാജര്‍ കുത്തനെ താണു. കഴിഞ്ഞദിവസം എപിഎസ്ആര്‍ടിസി ബസുകള്‍ ഹൈദരാബാദ്-സിക്കന്തരാബാദ് ഇരട്ടനഗരത്തില്‍ പരിമിതമായ സര്‍വീസ് നടത്തിയെങ്കിലും തെലുങ്കാന അനുകൂലികള്‍ പലയിടത്തും ബസ് തകര്‍ത്ത് ഡ്രൈവര്‍മാരെ മര്‍ദിച്ചു. ഇതോടെ ബസ് സര്‍വീസ് പിന്‍വലിച്ചു. വെള്ളിയാഴ്ച മുതല്‍ ഓട്ടോറിക്ഷകളും നിലയ്ക്കും.
ശനിയും ഞായറും തീവണ്ടി തടയുമെന്ന് തെലുങ്കാന സംയുക്ത സമരസമിതി പ്രഖ്യാപിച്ചു. വൈദ്യുതി ജീവനക്കാരും തിങ്കളാഴ്ചയോടെ പണിമുടക്ക് ആരംഭിച്ചതോടെ ഹൈദരാബാദിലും രംഗാറെഡ്ഡി ജില്ലയിലും രണ്ടു മണിക്കൂര്‍ ലോഡ്ഷെഡ്ഡിങ് ഏര്‍പ്പെടുത്തി. സിംഗറേനി കല്‍ക്കരി ഖനികളിലെ പണിമുടക്ക് പത്തു ദിവസമായി തുടരുന്നത് വൈദ്യുതി ഉല്‍പ്പാദനത്തിന് തിരിച്ചടിയായി. ഖമ്മം, വാറംഗല്‍ , അദിലാബാദ്, കരിംനഗര്‍ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 50 ഖനിയിലെ ഉല്‍പ്പാദനമാണ് 70,000 തൊഴിലാളികള്‍ പണിമുടക്കിയതോടെ മുടങ്ങിയത്. ദിനംപ്രതി ഒന്നരലക്ഷം ടണ്‍ കല്‍ക്കരി ഉല്‍പ്പാദിപ്പിക്കുന്ന സിംഗറേനിയില്‍ ഇപ്പോഴത്തെ ഉല്‍പ്പാദനം 30,000 ടണ്‍ മാത്രം. സംസ്ഥാത്തെ 60 ശതമാനം വൈദ്യുതി ആവശ്യങ്ങളും നിര്‍വഹിക്കുന്നത് രാമഗുണ്ടം എന്‍ടിപിസി താപവൈദ്യുതി നിലയത്തിലാണ്. ദിനംപ്രതി 40,000 ടണ്‍ കല്‍ക്കരി ഈ നിലയത്തിന് ആവശ്യമാണ്. ഇതു ലഭ്യമാക്കാന്‍ സര്‍ക്കാര്‍ കഴിയുന്നില്ല. ദിനംപ്രതി പുതിയ വിഭാഗങ്ങളെ സമരത്തിലിറക്കി സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ് കെ ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭകര്‍ . സംസ്ഥാനസര്‍ക്കാര്‍ നിഷ്ക്രിയത്വം തുടരുന്നു . പ്രശ്നത്തില്‍ തീരുമാനം കൈക്കൊള്ളാതെ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടരി ബി രാഘവലു പറഞ്ഞു.
വി ബി പരമേശ്വരന്‍ deshabhimani 23-24 September 2011
തെലങ്കാനയെ അരാജകത്വത്തിലേക്ക് തള്ളിയത് കോണ്‍ഗ്രസിന്റെ നിഷ്ക്രിയത്വവും നിലപാടില്ലായ്മയും. തെലങ്കാന സംസ്ഥാന രൂപീകരണത്തെ അനുകൂലിച്ചോ എതിര്‍ത്തോ എന്തെങ്കിലും പറയാന്‍ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന കോണ്‍ഗ്രസിന് ഇനിയും കഴിഞ്ഞിട്ടില്ല. മാത്രമല്ല, പ്രശ്നങ്ങള്‍ തുടങ്ങിവച്ചതും കോണ്‍ഗ്രസാണ്.
ReplyDelete