Friday, January 17, 2014

ശശി തരൂര്‍; വിവാദങ്ങളുടെ കളിത്തോഴന്‍

സ്വന്തം പ്രവൃത്തികൊണ്ടും വാക്കുകൊണ്ടും ഇത്രമാത്രം വിവാദമുണ്ടാക്കിയ മറ്റൊരാള്‍ സമീപകാലത്ത് ഉണ്ടായിട്ടില്ല. 2009ല്‍ തിരുവനന്തപുരത്ത് ശശി തരൂര്‍ സ്ഥാനാര്‍ഥിയായി വരാന്‍പോകുന്നുവെന്ന വാര്‍ത്തയില്‍ തുടങ്ങുന്നു വിവാദങ്ങളുടെ പട. കോണ്‍ഗ്രസിന്റെ വിമര്‍ശകനായിരുന്ന തരൂര്‍ പാര്‍ടിസ്ഥാനാര്‍ഥിയായി വന്നപ്പോള്‍ കോണ്‍ഗ്രസുകര്‍ ഞെട്ടി. അവര്‍ കലഹിച്ചു. എന്നാല്‍, ഹൈക്കമാന്‍ഡ് ക്വോട്ടയുടെ പേരില്‍ തരൂര്‍ മത്സരിച്ചു. ദേശീയഗാനം ആലപിക്കുമ്പോള്‍ അമേരിക്കന്‍ മാതൃകയില്‍ കൈകള്‍ നെഞ്ചോടുചേര്‍ത്തുപിടിക്കണമെന്ന് തരൂര്‍ ആവശ്യപ്പെട്ടത് കോടതി വരെയെത്തി. ട്രെയിന്‍ യാത്രകളെ പരിഹസിച്ചുള്ള "കന്നുകാലി ക്ലാസ്" പ്രയോഗം കോണ്‍ഗ്രസിന് വലിയ ക്ഷീണമായി.

ഐപിഎല്‍ കൊച്ചി ടീമിന്റെ ഉടമസ്ഥതയില്‍ ഒരുപങ്ക് സുനന്ദ പുഷ്കറിന് ലഭിച്ചതാണ് മന്ത്രിയായിരുന്ന തരൂരിന്റെ രാജിക്ക് കാരണമായത്. 70 കോടി രൂപയുടെ അവകാശം "വിയര്‍പ്പോഹരി"യായാണ് സുനന്ദയ്ക്ക് നല്‍കിയതെന്നും തരൂരാണ് ഇതിന് വഴിയൊരുക്കിയതെന്നും വ്യക്തമായി. ഐപിഎല്‍ ചെയര്‍മാനായിരുന്ന ലളിത്മോഡിയും തരൂരിനെതിരെ ഒളിയമ്പുകള്‍ എയ്തു. ഇതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തരൂരിനോട് രാജി ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനം പോയെങ്കിലും തരൂര്‍ സുനന്ദയെ വിവാഹം ചെയ്തു, ഇരുവരുടെയും മൂന്നാം വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം കഴിഞ്ഞയുടന്‍ നവദമ്പതികള്‍ ആചാരങ്ങള്‍ ലംഘിച്ച് ചുറ്റമ്പലത്തിനുള്ളില്‍ കടന്നതും വിവാദമായി. മന്ത്രിസ്ഥാനം വീണ്ടും ഏറ്റെടുത്തശേഷം തരൂരും ഭാര്യയും തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയതും കോലാഹലങ്ങള്‍ക്ക് കാരണമായി. സ്വീകരണത്തിനിടെ കോണ്‍ഗ്രസുകാര്‍ സുനന്ദയെ അപമാനിച്ചു. ഇവര്‍ക്കെതിരെ സുനന്ദ ആക്രോശിക്കുന്ന ദൃശ്യങ്ങള്‍ ചാനലുകളില്‍ നിറഞ്ഞു. പാര്‍ലമെന്റിന്റെ സന്ദര്‍ശക ഗ്യാലറിയില്‍ ഇരുന്ന സുനന്ദയും തരൂരും തമ്മില്‍ ആംഗ്യങ്ങളിലൂടെ ആശയവിനിമയം നടത്തിയതായിരുന്നു മറ്റൊരു വിവാദം. ഈയിടെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി കേരളത്തിലെ ഒരു കേന്ദ്രമന്ത്രിക്കെതിരെ ഉയര്‍ത്തിയ ആരോപണത്തോട് പ്രതികരിച്ചത് തരൂരാണ്. മന്ത്രിയുടെ മകന്‍ ഗള്‍ഫില്‍ മയക്കുമരുന്നുകേസില്‍ കുടുങ്ങിയപ്പോള്‍ ഔദ്യോഗികപദവി ദുരുപയോഗിച്ച് രക്ഷിച്ചെന്നായിരുന്നു സ്വാമിയുടെ ആരോപണം. ഏതു മന്ത്രിയാണെന്ന് സ്വാമി പറഞ്ഞില്ലെങ്കിലും തരൂര്‍ ആരോപണം നിഷേധിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച തരൂരും ഖലീജ് ടൈംസിന്റെ ദുബായ് ലേഖകന്‍ മുആസ് ശബാദ്രിയും തമ്മിലുള്ള അഭിമുഖം സുനന്ദ അലങ്കോലപ്പെടുത്തി. അഭിമുഖത്തിനിടെ കയറിവന്ന സുനന്ദ തരൂരിനോട് ""നിങ്ങള്‍ തീര്‍ച്ചയായും ഈ പണി നിര്‍ത്തേണ്ടതുണ്ടെന്ന്"" ആക്രോശിച്ചു. മന്ത്രി പരിഭ്രമിച്ച് സ്ഥലംവിട്ടു. തുടര്‍ന്ന് പത്രലേഖനോട് സുനന്ദ ഇങ്ങനെ പറഞ്ഞു: ""ഇതുകൊണ്ടാണ് ഞാന്‍ മാധ്യമങ്ങളെ വെറുക്കുന്നത്. അര്‍ണാബ് ഗോസ്വാമിയുടെമേല്‍ മദ്യം ഒഴിച്ച എനിക്ക് നിങ്ങളോട് അങ്ങനെ കാണിക്കാന്‍ കഴിയില്ലെന്ന് കരുതുന്നുണ്ടോ"". അഹങ്കാരവും ഗര്‍വും വരേണ്യബോധത്തിന്റെ ആക്രോശവും തിരിച്ചറിഞ്ഞെന്നാണ് ഖലീജ് ടൈംസ് ഇതിനോട് പ്രതികരിച്ചത്. ഇപ്പോള്‍ തരൂരിന്റെ "വിവാഹേതരബന്ധം" സുനന്ദ കുത്തിപ്പൊക്കിയത് വരുംനാളുകളില്‍ കത്തിപ്പടരും. ഐഎസ്ഐ ബന്ധമുള്ള പത്രപ്രവര്‍ത്തകയുമായുള്ള തരൂരിന്റെ പ്രണയവാര്‍ത്തകള്‍ കോണ്‍ഗ്രസിനെ തന്നെ അപകടത്തിലാക്കുമെന്ന് കണ്ടാണ് ഇരുവരെയുംകൊണ്ട് നിഷേധക്കുറിപ്പ് ഇറക്കിച്ചത്. പക്ഷേ, സുനന്ദയും തരാറും ട്വിറ്ററില്‍ കുറിച്ചിട്ട വാക്കുകള്‍ നിഷേധത്തിലൂടെ ഇല്ലാതാകുന്നില്ല. ലോക്സഭാ സീറ്റുനിര്‍ണയം അടുത്ത സാഹചര്യത്തില്‍ തരൂരിന് ഈ വിവാദം വന്‍തിരിച്ചടിയുമാകും.

deshabhimani

No comments:

Post a Comment