കവിതയല്ലാതെയുള്ള സാംസ്കാരികരംഗത്തും നിത്യവസന്തമായിരുന്നു ഡി വിനയചന്ദ്രന്‍. നാടന്‍പാട്ട്, നാടകങ്ങള്‍, നോവല്‍ എന്നീ രംഗങ്ങളിലും അതുല്യപ്രതിഭയായിരുന്നു അദ്ദേഹമെന്ന് കവി ചവറ കെ എസ് പിള്ള അനുസ്മരിക്കുന്നു. കടമ്മനിട്ടക്കൊപ്പം കാവ്യരംഗത്ത് നിറഞ്ഞുനിന്ന കവിയായിരുന്നു അദ്ദേഹം. കടപുഴ നവോദയ ഗ്രന്ഥശാലയുടെ പ്രവര്‍ത്തകരായിരുന്നു ചവറ കെ എസ് പിള്ളയും ഡി വിനയചന്ദ്രനും. ചെറുപ്പകാലത്ത് കിഴക്കേകല്ലടയില്‍ രൂപംകൊണ്ട പുളിമാന സ്മാരക സമിതിയുടെ പ്രസിഡന്റ് വിനയചന്ദ്രനും സെക്രട്ടറി ചവറ കെ എസ് പിള്ളയുമായിരുന്നു. പ്രശസ്ത നാടകകൃത്തും കഥാകാരനും കവിയുമായിരുന്ന പുളിമാന പരമേശ്വരന്‍പിള്ളയുടെ പേരിലാണ് സമിതി. പുളിമാന എഴുതിയ നാടകമാണ് സമത്വവാദി. വയലാ വാസുദേവന്‍പിള്ള സംവിധാനം ചെയ്ത ഈ നാടകം കല്ലടയിലെ ഉപ്പൂട് സ്കൂളിലാണ് ആദ്യമായി അവതരിപ്പിച്ചത്. ഇതിന്റെ സംഘാടകരില്‍ മുന്നിലായിരുന്നു ഡി വിനയചന്ദ്രന്‍. കവിതകള്‍ക്കൊപ്പം നാടന്‍പാട്ടിനും പ്രാധാന്യം നല്‍കാന്‍ വിനയചന്ദ്രന്‍സാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി നാടന്‍ പാട്ടുകാരന്‍ ജയചന്ദ്രന്‍ കടമ്പനാട് പറഞ്ഞു.
നിസ്വവര്‍ഗത്തിന്റെ പോരാട്ടവീഥികളില്‍ അനുഭാവം രേഖപ്പെടുത്താന്‍ അദ്ദേഹം മറന്നിട്ടില്ല. നിലനില്‍പ്പിന്റെ സമരമായിരുന്ന കുടുംബശ്രീ അംഗങ്ങളുടെ പോരാട്ടഭൂമിയില്‍ അദ്ദേഹം പാട്ടും കഥയുമായി എത്തിയിരുന്നു. മുത്തങ്ങ സംഭവത്തെതുടര്‍ന്ന് പുരോഗമന കലാസാഹിത്യസംഘം ശാസ്താംകോട്ടയില്‍ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയില്‍ ഡി വിനയചന്ദ്രന്‍ പങ്കെടുത്തത് ആരും ഇന്നും മറന്നിട്ടില്ല. സ്വന്തം കവിതകള്‍ക്കൊപ്പം കടമ്മനിട്ടയുടെ കുറത്തി, കാട്ടാളന്‍ എന്നീ കവിതകളും ലോകത്തെ പോരാടുന്നവരുടെ കവിതകളും അദ്ദേഹം വേദിയില്‍ ചൊല്ലി. പോരാടുന്നവര്‍ക്കൊപ്പം തീക്കാറ്റുപോലെ വിനയചന്ദ്രന്‍സാര്‍ എന്നും ഉണ്ടായിരുന്നതായി അന്ന് ചടങ്ങ് സംഘടിപ്പിച്ച ശാസ്താംകോട്ട ഡിബി കോളേജ് അധ്യാപകന്‍ ഡോ. സി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. പ്രൊഫ. ഡി വിനയചന്ദ്രന്‍ ജനിച്ച വീട് ഇന്നില്ല.
കോയിക്കല്‍ഭാഗം കൊട്ടാരത്തില്‍വീട്ടില്‍ ദാമോദരന്‍പിള്ള-ഭാര്‍ഗവിക്കുട്ടിയമ്മ ദമ്പതികളുടെ മകനായി ജനിച്ച വിനയചന്ദ്രന് കുട്ടിക്കാലം മുതലേ കലാസാഹിത്യ വാസനയുണ്ടായിരുന്നു. പഠിച്ചുകൊണ്ടിരിക്കെതന്നെ ജോലികിട്ടി. കോയിക്കല്‍ഭാഗം ഗവ. എല്‍പിഎസ്, ശാസ്താംകോട്ട ജെഎംഎച്ച്എസ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, പട്ടാമ്പി സംസ്കൃത കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. കോട്ടയം എംജി സര്‍വകലാശാലയില്‍നിന്ന് അധ്യാപകനായി അദ്ദേഹം സര്‍വീസില്‍നിന്ന് വിരമിച്ചു. 15-ാമത്തെ വയസ്സുമുതല്‍ അദ്ദേഹം സഞ്ചാരിയായിരുന്നു. പഠനം, ജോലി, പ്രഭാഷണങ്ങള്‍, കവിതകള്‍, പ്രകൃതിയുടെ നൊമ്പരങ്ങള്‍, നന്മകള്‍ തേടിയുള്ള യാത്രകള്‍ ഇങ്ങനെ അദ്ദേഹത്തിന്റെ ജീവിതയാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. 33-ാമത്തെ വയസ്സില്‍ വിനയചന്ദ്രന്റെ അമ്മ മരിച്ചു. ഇതോടെ കൊട്ടാരത്തില്‍വീടും അനാഥമായിതുടങ്ങി. പെരുവേലിക്കരയിലെ ആലത്തൂര്‍വീട്ടില്‍ അപ്പുപ്പനുമൊത്തും വിനയചന്ദ്രന്‍ താമസിച്ചിട്ടുണ്ട്.
(എം അനില്‍)
പ്രിയശിഷ്യന്റെ വേര്‍പാടില്‍ മനംനൊന്ത്...
ശാസ്താംകോട്ട: നാടറിയുന്നവനായി തന്റെ അരുമശിഷ്യന്‍ മാറുമെന്ന് ഈ ഗുരുവിന് ഉറപ്പുണ്ടായിരുന്നു. ഇന്ന് ശിഷ്യന്റെ വേര്‍പാടറിഞ്ഞ് നൊമ്പരപ്പെടുകയാണീ ഗുരുനാഥന്‍. അന്തരിച്ച കവി പ്രൊഫ. ഡി വിനയചന്ദ്രന്റെ ആദ്യകാല ഗുരുനാഥന്‍ പടിഞ്ഞാറെ കല്ലട കോയിക്കല്‍ഭാഗം കൂടാരത്തില്‍ പരമേശ്വരനാചാരിയാണ് വിങ്ങുന്ന ഹൃദയവുമായി ശിഷ്യനെ സ്മരിച്ചത്. ശിഷ്യന്‍ സമ്മാനിച്ച ഉപഹാരം നിധിപോലെ ഇന്നും കാത്തുസൂക്ഷിക്കുകയാണീ ഗുരുനാഥന്‍. കടപുഴ നവോദയ ഗ്രന്ഥശാലയുടെ സുവര്‍ണജൂബിലി ആഘോഷം 2008ലാണ് നടന്നത്. ഈ ചടങ്ങില്‍ നാട്ടുകാരനും ഗ്രന്ഥശാലയുടെ മുന്‍കാല പ്രവര്‍ത്തകനുമായ ഡി വിനയചന്ദ്രനെ നാട് അനുമോദിച്ചു. എന്നാല്‍, വിനയാന്വിതനായി ഉപഹാരം ഏറ്റുവാങ്ങിയ അദ്ദേഹം അത് തന്റെ ഗുരുനാഥനെ ചടങ്ങില്‍വിളിച്ചുവരുത്തി സമര്‍പ്പിക്കുകയായിരുന്നു. ഇന്ന് ഞാനറിയപ്പെടുന്ന ഒരു സാംസ്കാരികപ്രവര്‍ത്തകനായി മാറിയത് എന്നെ അക്ഷരങ്ങള്‍ എഴുതാന്‍ പഠിപ്പിച്ച ഗുരുനാഥന്‍ പരമേശ്വരനാചാരി സാറാണെന്നും ഈ ഉപഹാരത്തിന് അര്‍ഹന്‍ അദ്ദേഹമാണെന്നും വിനയചന്ദ്രന്‍ പറഞ്ഞു.
നാട് സമ്മാനിച്ച ഉപഹാരം ശിഷ്യന്‍ തനിക്ക് സമര്‍പ്പിച്ചതില്‍ ഇന്നും അഭിമാനം കൊളളുന്നതായി പരമേശ്വരന്‍ആചാരി പറഞ്ഞു. മാതൃകാധ്യാപകനുള്ള അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കോയിപ്പുറം ഗവണ്‍മെന്റ് എല്‍പി സ്കൂള്‍ അധ്യാപകനായിരുന്നു അദ്ദേഹം. പ്രൊഫ. ഡി വിനയചന്ദ്രന്റെ പഠനത്തിന്റെ തുടക്കവും ഇവിടെനിന്നായിരുന്നു. ഗ്രന്ഥശാലകളിലും മറ്റും പുസ്തകങ്ങള്‍ വിനയചന്ദ്രന് പരിചയപ്പെടുത്തിക്കൊടുക്കാനും പരമേശ്വരനാചാരി മറന്നില്ല. ശിഷ്യനിലെ വായനാശീലത്തെ പരിപോഷിപ്പിച്ചു. കവിയുടെ കുട്ടിക്കാലത്തെ വഴികാട്ടിയായിരുന്നു ഈ അധ്യാപകന്‍. ശിഷ്യന്റെ വളര്‍ച്ചയ്ക്കും പ്രശസ്തിക്കും ഒപ്പം വേര്‍പാടും തന്റെ ജീവിതകാലത്ത് കാണേണ്ടിവന്നതിലുള്ള വേദനയിലാണീ ഗുരുനാഥന്‍. കോയിക്കല്‍ഭാഗം കൊട്ടാരത്തില്‍ ചൊവ്വാഴ്ച കൊണ്ടുവരുന്ന അരുമശിഷ്യന്റെ ഭൗതികശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഈ ഗുരുവും എത്തും.
മരണം പറഞ്ഞു, ഇതാ "വീട്ടിലേക്കുള്ള വഴികള്‍"
"വീട്ടിലേക്കെന്നുപോകുന്നു, ചോദിക്കുന്നു കൂട്ടുകാര്‍,
കൂട്ടുകിടക്കുന്ന പുസ്തകക്കൂട്ടങ്ങള്‍
കലണ്ടറില്‍ ചൂട്ടുകത്തിച്ച് കിടക്കുമവധികള്‍"
കൂട്ടുകാര്‍ക്കും പുസ്തകക്കൂട്ടങ്ങള്‍ക്കും കലണ്ടറിലെ അവധികള്‍ക്കുമൊപ്പം ഓരോ നിമിഷവും കവി ചോദിച്ച ചോദ്യമായിരുന്നു വീട്ടിലേക്കെന്നുപോകുന്നുവെന്നത്. അവധൂതനെപ്പോലെ കവിതയുടെ വഴികളില്‍ അലയുമ്പോഴും വീട്ടിലേക്കുള്ള വഴിയെ കവി സ്വപ്നമായി സൂക്ഷിച്ചിരുന്നു. അവസാനകാലങ്ങളില്‍ നാട്ടിലേക്ക് മടങ്ങണമെന്നും കടപുഴയിലെ ഭൂമിയില്‍ വീടുവച്ച് താമസിക്കണമെന്നും അദ്ദേഹം തീവ്രമായി ആഗ്രഹിച്ചിരുന്നു. സ്വകാര്യസംഭാഷണങ്ങളില്‍ സുഹൃത്തുക്കളോട് അദ്ദേഹം ഈ ആഗ്രഹം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ, വരികളില്‍നിന്ന് വഴികളിലേക്ക് തുടികൊട്ടി നീങ്ങിയ യാത്രകളും തിരക്കുകളും കവിയെ കലണ്ടറിലെ ദിനങ്ങള്‍ക്കൊപ്പം അകലേക്കുകൊണ്ടുപോയിക്കൊണ്ടിരിക്കുന്നു. കവിയും സുഹൃത്തുക്കളും തൊണ്ടിറക്കിയും കൃഷിനടത്തിയും രൂപംകൊടുത്ത നവോദയ വായനശാലയ്ക്ക് തൊട്ടടുത്താണ് കവിയെ അടക്കം ചെയ്യുന്ന കവി വീടുവയ്ക്കണമെന്ന് ആശിച്ച തറവാട്ടുഭൂമിയുള്ളത്. ഒരുഓണപ്പാട്ട് ചൊല്ലി, കരടിപ്പാട്ട്ചൊല്ലി കവിതയുടെ ഗന്ധവുമായി കവിയെ കാത്തുനിന്ന കടപുഴയിലെ വഴികള്‍ നെഞ്ചിലടക്കിയ തേങ്ങലുമായി കവിയെ കാത്തുനില്‍ക്കുന്നു. വീടുവയ്ക്കാന്‍ കാത്തുവച്ച മണ്ണില്‍ ചിതയൊരുങ്ങുമ്പോള്‍ കത്തുന്ന വേനലിലും പൂത്തുനില്‍ക്കുന്ന അശോകമരം പറഞ്ഞുതരുന്നു നാട്ടുകാര്‍ക്കൊപ്പം പ്രകൃതിയും കവിയെ കാത്തുനിന്നതാണെന്ന്.
"വീട്ടിലേക്കല്ലോ വിളിക്കുന്നു തുമ്പയും
കാട്ടുകിളിയും കടത്തുവള്ളങ്ങളും
വീട്ടില്‍നിന്നല്ലോയിറങ്ങി നടക്കുന്നു
തോറ്റവും ചിങ്ങനിലാവും കരച്ചിലും"
നവോദയത്തിലൂടെ ഉദയംകൊണ്ട പ്രതിഭ
ശാസ്താംകോട്ട: എഴുത്തുവഴിയില്‍ വിനയചന്ദ്രന് വഴികാട്ടിയായത് നവോദയ. കടപുഴ നവോദയ ഗ്രന്ഥശാല എഴുത്തിന്റെ കനല്‍വഴികളിലേക്കും ജീവിതത്തിന്റെ അര്‍ഥപൂര്‍ണിമയിലേക്കും കവിയെ കൂട്ടിക്കൊണ്ടുപോയി. നവോദയ അദ്ദേഹത്തിനു ഊര്‍ജപ്രദായിനിയും തേജസ്വിയായ കാവ്യബിംബവുമായി മാറി. അവിടെനിന്നു കവിതയുടെ പോരാട്ടവീര്യം അദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെ നവോദയ പകര്‍ന്നുനല്‍കിയ കാവ്യവിത്തുകളുമായി കവിതയുടെയും സാഹിത്യത്തിന്റെയും ശക്തിസ്തംഭങ്ങള്‍തേടി ഇറങ്ങുകയായിരുന്നു. നവോദയയുടെ അജീവാനന്ത അംഗംകൂടിയായിരുന്നു അദ്ദേഹം. വാടകമുറിയില്‍ പ്രവര്‍ത്തിച്ച വായനശാലയുടെ സാമ്പത്തിക സമാഹരണത്തിനായി വീട്ടുകാര്‍ അറിയാതെ ഉറക്കമൊഴിച്ച് തൊണ്ടിറക്കി കിട്ടുന്ന രണ്ടുരൂപവച്ച് ചെലവുകള്‍ നടത്തിയിരുന്നു. വായനശാലയില്‍നിന്ന് ആനുകാലികങ്ങള്‍ വായിച്ചും ക്യാരംസും ചെസ്സും കളിച്ചുമാണ് വിദ്യാര്‍ഥിയായിരിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ കാലം ചെലവഴിച്ചിരുന്നത്. ബാലസഖ്യവും യങ് ഫാര്‍മേഴ്സ് ക്ലബിന്റെയും പ്രവര്‍ത്തനത്തിന് അദ്ദേഹം നേതൃത്വം നല്‍കി. വസ്തു പാട്ടത്തിനെടുത്ത് കൃഷിചെയ്ത് വായനശാലയ്ക്കുവേണ്ടി വരുമാനം കണ്ടെത്തി. അഖില കേരളാടിസ്ഥാനത്തില്‍ വായനശാലയില്‍ നടന്ന നാടകോത്സവങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. വൈകിട്ട് ഗ്രന്ഥശാലാ പ്രവര്‍ത്തകരായ പരമേശ്വരനാചാരിസാര്‍, ആര്‍ ദാമോദരന്‍പിള്ള, ത്രിവിക്രമന്‍പിള്ള, കമലാസനന്‍പിള്ള, ആര്‍ രാമകൃഷ്ണപിള്ള എന്നിവരോടൊപ്പം ചേര്‍ന്ന് അക്ഷരശ്ലോകസദസ്സുകളും സംഘടിപ്പിച്ചു. ശാരദാമ്മ കൊലക്കേസുമായി ബന്ധപ്പെട്ട് നവോദയയില്‍ അവതരിപ്പിച്ച ആദ്യ നിഴല്‍നാടകമായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാലസംരംഭം. പ്രതിഭയെന്ന കൈയെഴുത്ത് മാസിക സുഹൃത്ത് ഭട്ടതിരിക്കൊപ്പം ചേര്‍ന്ന് അദ്ദേഹം പുറത്തിറക്കി. കിലോമീറ്റര്‍ 20, ആവര്‍ത്തനം എന്നിങ്ങനെ രണ്ട് നാടകങ്ങള്‍ പെണ്‍കുട്ടികളെക്കൊണ്ട് അവതരിപ്പിച്ചു. നൃത്തഭംഗി കിട്ടത്തക്ക രീതിയില്‍ അധികം സാമ്പത്തികബാധ്യത ഇല്ലാത്തതരത്തില്‍ ആനന്ദന്‍ എന്ന നൃത്താധ്യാകന്റെ സഹായത്താല്‍ നൃത്തപരിപാടികളും അക്കാലത്ത് അദ്ദേഹം സംവിധാനം ചെയ്തിരുന്നു. പട്ടിണികിടന്ന് അദ്ദേഹം ശേഖരിച്ച പുസ്തകങ്ങള്‍ കൊടുത്താണ് ആജീവനാന്തമെമ്പര്‍ ആയത്. 15 വയസ്സുമുതല്‍ നാടുവിട്ട് പഠിച്ച അദ്ദേഹം ഇടവേളകളിലും ജോലിയില്ലാത്ത സമയത്തുമാണ് പിന്നീട് വായനശാല പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചത്.
(മണികണ്ഠന്‍ കടപുഴ)
പ്രതിലോമ ഇടപെടലുകള്‍ക്കെതിരെ കലാപം നടത്തിയ മനുഷ്യസ്നേഹി
കോട്ടയം: കവിതയുടെ ശക്തിയും സ്വാധീനവും എത്ര വലുതെന്ന് നാടിനും ജനങ്ങള്‍ക്കും അനുഭവപ്പെടുത്തിയ കവിയായിരുന്നു ഡി വിനയചന്ദ്രനെന്ന് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. മനുഷ്യനെയും പ്രകൃതിയെയും നിരാകരിക്കുന്ന പ്രതിലോമകരമായ എല്ലാ ഇടപെടലുകള്‍ക്കെതിരെയും കവിതയിലൂടെയും പ്രവര്‍ത്തിയിലൂടെയും കലാപം നടത്തിയ മനുഷ്യസ്നേഹിയെയാണ് നഷ്ടപ്പെട്ടതെന്ന് ജില്ലാ സെക്രട്ടറി ബി ശശികുമാര്‍ പറഞ്ഞു. ഡി വിനയചന്ദ്രന്റെ നിര്യാണത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി യു സുരേന്ദ്രനും സെക്രട്ടറി കെ രാജനും അനുശോചിച്ചു. കേരള സംസ്കൃതി കേന്ദ്രം, കോട്ടയം നാട്ടുകൂട്ടം, എസ്എഫ്ഐ ജില്ലാകമ്മിറ്റി, ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി എന്നിവയും അനുശോചിച്ചു.
"കവിത പറയുകയും കവിത കൊണ്ടുനടക്കുകയും ചെയ്ത അപൂര്‍വം ഒരാള്‍..."
കോട്ടയം: എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ അധ്യാപകനെന്ന നിലയില്‍ നീണ്ട 12 വര്‍ഷം കോട്ടയംകാരനായി ജീവിച്ച ഡി വിനയചന്ദ്രനെക്കുറിച്ച് പറയാന്‍ ഏറെയുണ്ട്, ഏറെപ്പേരുണ്ട്. സര്‍വകലാശാലാവളപ്പിലും നഗരപ്രാന്തത്തിലുമായി ആ കവിമനസ്സ് അടുത്തറിഞ്ഞ അവര്‍ക്ക് പറയാനുള്ളത് ചുരുക്കത്തില്‍ ഇത്രയുമാണ്: എപ്പോഴും കവിത പറയുകയും ഉള്ളില്‍ കവിത കൊണ്ടുനടക്കുകയും ചെയ്ത അപൂര്‍വ്വം ഒരാള്‍. തുടക്കത്തില്‍ പേടിയോടെയാണ് മാഷിനെ കണ്ടു തുടങ്ങിയതെന്നും എന്നാല്‍ വളരെവേഗം വിദ്യാര്‍ഥികളിലേക്ക്, സഹപ്രവര്‍ത്തകരിലേക്ക് ഇറങ്ങിവന്ന കൂട്ടുകാരനായി അദ്ദേഹം മാറിയെന്നും സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ സഹപ്രവര്‍ത്തകരായിരുന്ന ഡോ. പി എസ് രാധാകൃഷ്ണനും ഡോ. പി പി രവീന്ദ്രനും ഓര്‍ക്കുന്നു. അക്കാദമികമായി കിട്ടിയ വിദ്യാഭ്യാസം എത്ര അപര്യാപ്തമാണെന്ന് മാഷുമായുള്ള സൗഹൃദം പഠിപ്പിച്ചു. കവിതയേയും സാഹിത്യത്തേയും കുറിച്ചുള്ള ധാരണകള്‍ മുഴുവന്‍ ഞങ്ങളില്‍ തിരുത്തപ്പെടുകയായിരുന്നു. ആശാന്‍കവിതയുടെ സ്ഥാനം ഇന്ത്യന്‍ സാഹചര്യത്തില്‍ എന്താണെന്ന് മാഷ് പറയുമ്പോള്‍ അന്ധാളിപ്പോടെയാണ് മനസ്സിലാക്കിയത്. അശാന്തമായ മനസ്സായിരുന്നു അദ്ദേഹത്തിന്റേതെന്ന് പലപ്പോഴും തോന്നിച്ചു. ഇതേറുമ്പോള്‍ ഞങ്ങള്‍ക്കറിയാം പുതിയൊരു കവിതയുടെ വരവായെന്ന്. അധ്യാപകനെന്ന നിലയ്ക്ക് അടുത്തറിയാനായത് വലിയ ഭാഗ്യമായി ഞങ്ങള്‍ കരുതി. പിന്നീട് ക്ലാസ് മുറികളില്‍ കവിതകളുടെ അപര രംഗം വെളിവാക്കാന്‍ ശ്രമിച്ച വേളകള്‍ വിനയചന്ദ്രന്റെ നിറസാന്നിധ്യം അനുഭവപ്പെട്ടു. സമകാലികമായ സാഹചര്യങ്ങളോട് കലമ്പല്‍ കാണിക്കുന്ന വിനയചന്ദ്രന്റെ പെരുമാറ്റങ്ങളില്‍ കാവ്യാത്മകമായ കുറുമ്പ് ഒളിഞ്ഞിരിക്കുന്നത് ഞങ്ങള്‍ മനസ്സിലാക്കി. വിനയചന്ദ്രന്റെ ഇണക്കങ്ങളും പിണക്കങ്ങളും നിഷ്കളങ്കമായ പെരുമാറ്റത്തിലെ സ്വാഭാവികമായ ഏറ്റിറക്കമായിരുന്നുവെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹവുമായി കൂട്ടുകൂടാന്‍ ഞങ്ങള്‍ എപ്പോഴും ശ്രമിച്ചിരുന്നു.
അദ്ദേഹം രചിച്ച "വിനയചന്ദ്രന്റെ കവിതകള്‍" ആദ്യം പ്രസിദ്ധപ്പെടുത്തിയത് വിദ്യാര്‍ഥിമിത്രമാണ്. ശിഖ കൊടുങ്ങല്ലൂര്‍ പ്രസിദ്ധീകരിച്ച "ജലം കൊണ്ട് മുറിവേറ്റവന്‍" എന്ന പരിഭാഷ തൊട്ടുപിന്നാലെ വന്നു. മറ്റുള്ളവര്‍ക്ക് കാണിക്ക വയ്ക്കാനോ സ്വയം പ്രൊമോട്ട് ചെയ്യാനോ അന്തര്‍ദേശീയതലത്തില്‍ അറിയപ്പെടാനോ ഒന്നും താല്‍പ്പര്യമില്ലാത്ത നിസംഗസ്വഭാവി ആയിരുന്നു അദ്ദേഹം. ഗദ്യത്തിലും കവിത എഴുതാന്‍ അസാമാന്യമായ വൈഭവമുള്ള ആളായിരുന്നു മാഷ്. 1992-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച "നരകം ഒരു പ്രേമകവിത എഴുതുമോ" എന്ന കവിതാ സമാഹാരം മാഷിന്റെ കയ്യടക്കത്തിന് മികച്ച ഉദാഹരണമാണ്. വീടിനെയും യാത്രയെയും കുറിച്ച് സര്‍ഗാത്മകമായ ആകുലതകള്‍ വിനയചന്ദ്രന്‍ നിലനിര്‍ത്തി. യാത്രപ്പാട്ട്, വീട്ടിലേക്കുള്ള വഴി തുടങ്ങിയ കൃതികളും അതിന് ഉദാഹരണം. ഇതേവരെ സ്വന്തമായി ഇടമില്ലാത്ത കവി പാര്‍പ്പിടം തേടിയുള്ള യാത്രയിലായിരുന്നു. അതിനിടെയാണ് ഈ വിടവാങ്ങല്‍-വേദന ഉള്ളിലൊതുക്കി കവിയുടെ കൂട്ടുകാര്‍ പറഞ്ഞുനിര്‍ത്തി.
കവിത ചൊല്ലി മടക്കം; ബ്രണ്ണനും ഓര്‍ക്കുവാനേറെ
ധര്‍മടം: അവധൂതനെപോലെ സഞ്ചരിച്ച മലയാളിയുടെ പ്രിയ കവി യാത്രയാവുമ്പോള്‍ അവസാനമായി ചൊല്ലിയ കവിത ഹൃദയത്തോട് ചേര്‍ക്കുകയാണ് ബ്രണ്ണന്‍. ഇടയ്ക്കിടെ വിരുന്നെത്തുന്ന പൂര്‍വ അധ്യാപകന്‍ ഒടുവിലെത്തിയത് ജനുവരി 10 നാണ്. അകാലത്തില്‍ പൊലിഞ്ഞ യുവകവി എ എന്‍ പ്രദീപ്കുമാറിന്റെ സ്മരണയ്ക്കുള്ള കവിതാപുരസ്കാരം സമര്‍പ്പിക്കാനായിരുന്നു അത്. രംഗബോധമില്ലാത്ത കോമാളിയെപോലെ കടന്നുവരുന്ന മരണത്തെക്കുറിച്ചാണ് അന്നദ്ദേഹം ഏറെ നേരം സംസാരിച്ചത്. കവിത ചൊല്ലിയായിരുന്നു മടക്കം. ബ്രണ്ണനില്‍ കുറച്ചുകാലമേ അധ്യാപകനായി ജോലിചെയ്തുള്ളൂവെങ്കിലും നല്ല ഹൃദയബന്ധം എന്നും അദ്ദേഹം മനസ്സില്‍ സൂക്ഷിച്ചു. ബ്രണ്ണന്‍ വിളിച്ചപ്പോഴെല്ലാം വടക്കെമലബാറിന്റെ സ്നേഹത്തണലിലേക്ക് അദ്ദേഹം ഓടിയെത്തി. എ എന്‍ പ്രദീപ്കുമാര്‍ കവിതാ പുരസ്കാര സമര്‍പ്പണത്തിന് വിളിച്ചപ്പോഴും അദ്ദേഹം വരാന്‍ മടിച്ചില്ല. കവിതാപുരസ്കാരം സമര്‍പ്പിച്ചശേഷമുള്ള സംസാരം പ്രശസ്തരുടെ ആത്മഹത്യയെകുറിച്ചായിരുന്നു. എത്രകാലം ജീവിച്ചു എന്നല്ല എങ്ങനെ ജീവിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഓരോ ജീവിതത്തെയും വിലയിരുത്തേണ്ടതെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. 1978 ലാണ് ഡി വിനയചന്ദ്രന്‍ ബ്രണ്ണനില്‍ അധ്യാപകനായി എത്തിയതെന്ന് പ്രൊഫ. എം മാധവന്‍ ഓര്‍ക്കുന്നു. ബ്രണ്ണനില്‍ അധ്യാപകനായിരിക്കെ ഉപരിപഠനത്തിന് പോയപ്പോഴാണ് പഴയ ശിഷ്യന്‍ അധ്യാപകനായി വന്നതറിഞ്ഞത്. പട്ടാമ്പികോളേജില്‍ മാധവന്‍ മാഷുടെ വിദ്യാര്‍ഥിയായിരുന്നു വിനയചന്ദ്രന്‍. ഇനിയൊരു മടക്കമില്ലാതെ കവി യാത്രയാകുമ്പോള്‍ വിദ്യാര്‍ഥികളില്‍ ചിന്തയുടെ വെളിച്ചം പകര്‍ന്ന് പടിയിറങ്ങിയ കവിയുടെ വേര്‍പാടിന്റെ വേദനയിലാണ് ഈ കലാലയവും.
deshabhimani 120213
No comments:
Post a Comment