Monday, January 20, 2014

കഥകള്‍ ആത്മഹത്യയിലേക്ക്

സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യതന്നെയെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കങ്ങള്‍ തകൃതി. സ്വാഭാവിക മരണമെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ തുടക്കത്തില്‍ത്തന്നെ പാളിയതോടെയാണ് ആത്മഹത്യയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നത്. മരണം നടന്ന് രണ്ടുദിവസമായിട്ടും അസ്വാഭാവിക മരണത്തിന് കേസെടുക്കാത്തതിലും മന്ത്രി ശശി തരൂരിനെ അറസ്റ്റ് ചെയ്യാത്തതിലും ദുരൂഹതയുണ്ട്. തരൂര്‍ പുറത്തുനില്‍ക്കുന്ന ഓരോ നിമിഷവും തെളിവുകള്‍ നശിപ്പിക്കുന്നതിനുള്ള സാധ്യത ഏറുകയാണ്.

മരണം സ്വാഭാവികമാണെന്നു വരുത്താന്‍ സുനന്ദ മാരകമായ രോഗത്തിന് അടിപ്പെട്ടിരുന്നതായി തരൂരിന്റെ അടുത്ത സുഹൃത്തുക്കളെക്കൊണ്ട് ചില മാധ്യമങ്ങള്‍ പറയിപ്പിച്ചിരുന്നു. എന്നാല്‍, മാരകമായ അസുഖമൊന്നും സുനന്ദയ്ക്കില്ലെന്ന് അവരെ ചികിത്സിച്ച കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ഞായറാഴ്ച സുനന്ദയുടെ മൃതദേഹം സംസ്കരിക്കുന്നതിനുമുമ്പായിത്തന്നെ രണ്ടുവട്ടം കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ബന്ധപ്പെടാന്‍ തരൂര്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മരണം അസ്വാഭാവികമാണെന്ന് പോസ്റ്റ്മോര്‍ട്ടംചെയ്ത ഡോക്ടര്‍മാരും വ്യക്തമാക്കി. വിഷാദരോഗത്തിനുള്ള ഗുളികകള്‍ അമിതമായി കഴിച്ചതുമൂലം മരണം സംഭവിച്ചെന്ന കഥയും പ്രചരിക്കുന്നുണ്ട്. സുനന്ദയുടെ പേഴ്സില്‍നിന്ന് വിഷാദരോഗത്തിനുള്ള രണ്ട് സ്ട്രിപ് അല്‍പ്രാക്സ് ഗുളിക കണ്ടെത്തിയെന്നും ഇതില്‍ അഞ്ചു ഗുളികകള്‍മാത്രമാണ് ശേഷിച്ചിരിക്കുന്നതെന്നും തരൂരിന്റെ സഹായികള്‍ മാധ്യമങ്ങളെ അറിയിച്ചു. 20 ഗുളികകളില്‍ 15 എണ്ണം സുനന്ദ കഴിച്ചെന്നും ഇതാണ് മരണകാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുംമുമ്പുതന്നെ "വിധിയെഴുതി"യവരുമുണ്ട്.

സാഹചര്യത്തെളിവുകളെല്ലാം തരൂരിന് എതിരാണ് എന്നതാണ് വസ്തുത. കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടയില്‍ വിമാനത്തില്‍വച്ചുതന്നെ ഇരുവരും വഴക്കടിച്ചതിന് കേന്ദ്രമന്ത്രി മനീഷ് തിവാരി സാക്ഷിയാണ്. തനിച്ചാണ് സുനന്ദ ലീലയില്‍ മുറിയെടുത്തത്, അടുത്ത ദിവസംമാത്രമാണ് തരൂര്‍ എത്തിയത്. ഔദ്യോഗികവസതിയില്‍ പെയിന്റിങ് നടക്കുന്നതുകൊണ്ട് ഹോട്ടലിലേക്ക് മാറിയെന്നാണ് തരൂരുമായി ബന്ധപ്പെട്ടവര്‍ നല്‍കിയ വിശദീകരണം. ഇതും കളവാണെന്ന് തെളിഞ്ഞു. വസതിയില്‍ ഒരു അറ്റകുറ്റപ്പണിയും നടക്കുന്നില്ല. ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സുനന്ദ പുറത്തു പറയാനിരിക്കെയാണ് അസ്വാഭാവിക മരണമെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇന്ത്യന്‍ എക്സ്പ്രസ് ലേഖികയ്ക്ക് വിശദമായ അഭിമുഖം സുനന്ദ നല്‍കിയിരുന്നു. ഇത് റെക്കോഡ് ചെയ്തിട്ടുമുണ്ട്. ഇതിലെ വിവരങ്ങള്‍ പൂര്‍ണമായി പുറത്തുവിട്ടാല്‍ തരൂരിന്റെ രാഷ്ട്രീയഭാവി അതോടെ കഴിഞ്ഞെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. തരൂരിനു പുറമെ മറ്റു ചില കോണ്‍ഗ്രസ് നേതാക്കളും സുനന്ദയുടെ വെളിപ്പെടുത്തലുകളെ ഭയന്നിരുന്നു. മരിക്കുന്നതിന് തൊട്ടുതലേന്ന് രാത്രി മൂന്ന് ചാനല്‍ പ്രവര്‍ത്തകരെ വിളിച്ച് അടുത്ത ദിവസം അഭിമുഖം നല്‍കാമെന്ന് സുനന്ദ പറഞ്ഞിരുന്നു. മാത്രമല്ല, ആത്മഹത്യയുടെ ഒരു സൂചനപോലും സുനന്ദ ഒരിക്കലും നല്‍കിയിരുന്നില്ല. ഇത്രയധികം സാഹചര്യത്തെളിവുകളുണ്ടായിട്ടും ഡല്‍ഹി പൊലീസ് എന്തുകൊണ്ട് അറസ്റ്റിന് മടിക്കുന്നുവെന്നാണ് ചോദ്യം.
(എം പ്രശാന്ത്)

തനിക്കെതിരെ വന്‍ ഗൂഢാലോചന: മെഹര്‍

ന്യൂഡല്‍ഹി: തരൂരും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങളിലും സുനന്ദയുടെ മരണവുമായും തനിക്ക് ബന്ധമില്ലെന്ന് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന പ്രചാരണത്തിനുപിന്നില്‍ വന്‍ഗൂഢാലോചനയുണ്ടെന്ന് പാക് ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ മെഹര്‍ പറഞ്ഞു. ദുബായില്‍ വച്ചുള്‍പ്പെടെ രണ്ടുതവണ തരൂരിനെ കണ്ടു. താന്‍ എഴുതിയ ഒരു ലേഖനത്തില്‍ തരൂരിനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.

മറ്റൊരു സ്ത്രീ തന്റെ ഭര്‍ത്താവിനെ പുകഴ്ത്തുന്നത് സുനന്ദയ്ക്ക് ഇഷ്ടമായിരുന്നില്ല. തരൂര്‍ തന്നോട് സംസാരിക്കുന്നത് സുനന്ദ വിലക്കിയിരുന്നു. എങ്കിലും തരൂര്‍ തന്നെ ട്വിറ്ററില്‍ പിന്തുടര്‍ന്നിരുന്നു. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി താന്‍ അഭിമുഖം നടത്തിയിരുന്നു. ഇതിനു ശേഷമാണ് സുനന്ദ രൂക്ഷമായി പ്രതികരിക്കാന്‍ തുടങ്ങിയതെന്നും മെഹര്‍ പറഞ്ഞു. ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താനിരിക്കെയാണ് സുനന്ദയുടെ മരണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി ട്വിറ്ററില്‍ പറഞ്ഞു. ഐപിഎല്‍ ബന്ധമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേര് സുനന്ദയ്ക്ക് അറിയാമായിരുന്നെന്നും സ്വാമി ആരോപിച്ചു.

എക്കാലവും സോണിയയുടെ വിശ്വസ്തന്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ അസ്വഭാവിക മരണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ശശി തരൂരിന് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ പൂര്‍ണമായ പിന്തുണ. സോണിയ ഗാന്ധി കഴിഞ്ഞ ദിവസം തരൂരിനെ സന്ദര്‍ശിച്ച് ദുഃഖം അറിയിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള നേതാക്കളൊഴികെ കോണ്‍ഗ്രസ് നേതാക്കളൊന്നും തരൂരിനെ സന്ദര്‍ശിച്ചില്ല. സുനന്ദയുടെ സംസ്കാരത്തിന് ശേഷം രാത്രിയിലാണ് സോണിയ തരൂരിനെ കണ്ടത്. തരൂരിനെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് കൊണ്ടുവന്നതും തിരുവനന്തപുരത്ത് സീറ്റ് നല്‍കിയതും സോണിയ താല്‍പ്പര്യമെടുത്താണ്. കേരളത്തില്‍നിന്നുള്ള എല്ലാ എതിര്‍പ്പുകളും അവഗണിച്ചാണ് തരൂര്‍ സ്ഥാനാര്‍ഥിയായത്. വിദേശസഹമന്ത്രി സ്ഥാനവും സോണിയ നല്‍കി. ഐപിഎല്‍ വിവാദങ്ങളെ തുടര്‍ന്ന് രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായ ഘട്ടത്തിലും പാര്‍ലമെന്റില്‍ സ്വന്തം നിലപാട് വിശദീകരിക്കാന്‍ അവസരമൊരുക്കി. തരൂരിനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ മുന്‍കൈയെടുത്തതും സോണിയയാണ്. തിരുവനന്തപുരത്ത് സീറ്റ് ഉറപ്പിച്ചിരുന്ന തരൂരിന് ഇനിയൊരവസരം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നതിന് സാധ്യത കുറവാണ്.

തരൂര്‍ പറയാത്തതും വാര്‍ത്തയാക്കി ചാനലുകള്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ അസ്വാഭാവിക മരണത്തെത്തുടര്‍ന്ന് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ശശി തരൂരിനെ സഹായിക്കുന്നതിനുള്ള മാധ്യമ ഇടപെടലുകള്‍ തുടരുന്നു. ആഭ്യന്തരമന്ത്രി ഷിന്‍ഡെയ്ക്ക് ഞായറാഴ്ച തരൂര്‍ അയച്ച കത്ത് ആയുധമാക്കിയായിരുന്നു ഇത്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന ആവശ്യമാണ് കത്തിലുള്ളത്. അന്വേഷണവുമായി സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍, കത്തിലില്ലാത്തവയും ചാനല്‍ വാര്‍ത്തകളില്‍ കടന്നുകൂടി. അന്വേഷണത്തിന്റെ എല്ലാ വിവരങ്ങളും മാധ്യമങ്ങള്‍ക്ക് കൈമാറണമെന്നും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം നല്‍കണമെന്നും കത്തില്‍ തരൂര്‍ ആവശ്യപ്പെട്ടതായി ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ് എന്നീ ചാനലുകള്‍ വാര്‍ത്ത നല്‍കി. എന്നാല്‍, കത്തില്‍ എവിടെയും ഇത്തരമൊരു പരാമര്‍ശമില്ല. ഭാര്യയുടെ മരണത്തില്‍ ദുഃഖിതനായി കഴിയുന്നതിനിടയിലും മാധ്യമവാര്‍ത്തകള്‍ കാണാന്‍ അവസരം ലഭിച്ചെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിക്കുന്നതില്‍ ഞെട്ടലുണ്ടെന്നും തരൂര്‍ കത്തില്‍ പറയുന്നു. കത്ത് പുറത്തുവന്നതിനു പിന്നാലെയാണ് ചില മാധ്യമങ്ങള്‍ അന്വേഷണവിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കണമെന്നും തരൂര്‍ അഭ്യര്‍ഥിച്ചതായി ചിത്രീകരിച്ചത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും തരൂരിന്റെ സംരക്ഷകരായ ചാനലുകള്‍ തട്ടിവിട്ടു.

342-ാംമുറി ആര്‍ക്കുവേണ്ടി?

ന്യൂഡല്‍ഹി: സുനന്ദ മരിച്ച ദിവസം ന്യൂഡല്‍ഹി ലീല ഹോട്ടലില്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ രണ്ടു മുറികള്‍ എടുത്തത് എന്തിനെന്ന ചോദ്യമുയരുന്നു. ആര്‍ക്കുവേണ്ടിയായിരുന്നു രണ്ടാമത്തെ മുറി. നിരവധി ഊഹാപോഹങ്ങള്‍ പരക്കുന്നതിനിടെയാണ് ഈമുറിയില്‍ താമസിച്ചതാരെന്ന ചോദ്യമുയരുന്നത്. ഡല്‍ഹിയില്‍ വിമാനമിറങ്ങി മന്ത്രിയുടെ ഔദ്യോഗികവസതിയിലേക്ക് പോകാതെ സുനന്ദ ഹോട്ടലിലെത്തി മുറിയെടുത്തു. ലീല ഹോട്ടലിലെ 345-ാംമുറിയാണ് അവര്‍ക്ക് അനുവദിച്ചത്. അടുത്ത ദിവസമാണ് തരൂര്‍ ഹോട്ടലില്‍ എത്തുന്നത്. ഔദ്യോഗികവസതിയില്‍ പെയിന്റിങ് ജോലികളും മറ്റും നടക്കുന്നതിനാലാണ് ഹോട്ടലില്‍ മുറിയെടുത്തതെന്നായിരുന്നു മന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി അഭിനവ്കുമാര്‍ വെള്ളിയാഴ്ച രാത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇരുവരും തമ്മിലുണ്ടായ വഴക്ക് പുറത്തറിയാതിരിക്കാനാണ് കള്ളം പ്രചരിപ്പിച്ചത്്. മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ഔദ്യോഗികവസതിയിലേക്ക് മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിച്ചില്ല. ഹോട്ടലില്‍ സുനന്ദ താമസിച്ച മുറിയുടെ അടുത്തായി 342-ാംമുറിയാണ് തരൂര്‍ എടുത്തത്. എന്നാല്‍, മന്ത്രി ഇവിടെ താമസിച്ചില്ല. പിന്നെ ആര് താമസിച്ചു എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമില്ല. സ്റ്റാഫില്‍ ചിലര്‍ താമസിച്ചു എന്ന അനൗദ്യോഗിക വിശദീകരണം മാത്രമാണ് ഇതുവരെയുള്ളത്. എത്രപേര്‍ താമസിച്ചെന്നോ ആരാണ് താമസിച്ചതെന്നോ അറിയിച്ചിട്ടില്ല. ഇതോടെ ഈ മുറി ആര്‍ക്കുവേണ്ടിയായിരുന്നു? ആരാണ് ഇവിടെ താമസിച്ചത് എന്നീ കാര്യങ്ങളില്‍ ദുരൂഹത വര്‍ധിക്കുകയാണ്.

വഷളാക്കിയത്ഫെയ്സ്ബുക്കിലെ "സംയുക്ത പ്രസ്താവന"

ന്യൂഡല്‍ഹി: ശശി തരൂരും സുനന്ദയും തമ്മിലുള്ള പ്രശ്നം വഷളാക്കിയത് ഫെയ്സ്ബുക്ക് പ്രസ്താവന. സന്തുഷ്ട കുടുംബജീവിതം നയിക്കുന്നു എന്നും സ്വകാര്യതയെ മാനിക്കണമെന്നും അഭ്യര്‍ഥിച്ച് സംയുക്ത പ്രസ്താവനയെന്ന പേരില്‍ ശശി തരൂര്‍ സ്വന്തം നിലയ്ക്ക് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത് സുനന്ദയെ ചൊടിപ്പിച്ചു. ഇതേച്ചൊല്ലിയായിരുന്നു വ്യാഴാഴ്ച രാത്രിയിലെ വഴക്ക് തുടങ്ങിയതും. സുനന്ദയെ അനുനയിപ്പിച്ച് സംയുക്ത വാര്‍ത്താസമ്മേളനം നടത്താനായിരുന്നു തരൂരിന്റെ ആദ്യശ്രമം. തന്റെ സമ്മതമില്ലാതെ "സംയുക്ത പ്രസ്താവന" നടത്തി രക്ഷപ്പെടാനുള്ള തരൂരിന്റെ ശ്രമം പ്രകോപനത്തിനും രാത്രിയിലെ വഴക്കിലേക്കും നയിച്ചു.

deshabhimani

No comments:

Post a Comment