Wednesday, January 15, 2014

ജനം പൊറുതികെട്ടു: പിണറായി

സഹന സമരം തുടങ്ങി

തിരു: പാചകവാതക വിലവര്‍ധനയ്ക്കും വിലക്കയറ്റത്തി നുമെതിരെ സംസ്ഥാനത്ത് സിപിഐ എം നേതൃത്വത്തില്‍ ബുധനാഴ്ച പുതിയ സമരമുഖം തുറന്നു. 140 നിയമസഭാ മണ്ഡലത്തിലെ പത്ത് വീതം കേന്ദ്രങ്ങളില്‍ രാവിലെ നിരാഹാരസത്യഗ്രഹം ആരംഭിച്ചു. 1400 കേന്ദ്രത്തില്‍ ഒരേ വേളയില്‍ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു.

എറണാകുളം തൃക്കാക്കര മണ്ഡലത്തില്‍ വൈറ്റിലയിലെ നിരാഹാരസമരം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരം ഹൗസിങ്ബോര്‍ഡ് ജങ്ഷനിലും കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍ പെരിന്തല്‍മണ്ണയിലും പാലോളി മുഹമ്മദ് കുട്ടി മലപ്പുറത്തും പി കെ ഗുരുദാസന്‍ കൊല്ലം ആനന്ദവല്ലീശ്വരത്തും പി കരുണാകരന്‍ കാസര്‍കോട് നഗരത്തിലും തോമസ് ഐസക്ക് ആലപ്പുഴ നഗരചത്വരത്തിലും പി കെ ശ്രീമതി തിരുവനന്തപുരം ജനറല്‍ ആശുപത്രി പരിസരത്തും എം സി ജോസഫൈന്‍ പെരുമ്പാവൂരിലും സമരം ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയറ്റ് അംഗങ്ങളായ വി വി ദക്ഷിണാമൂര്‍ത്തി കോഴിക്കോട് നഗരത്തിലും എ കെ ബാലന്‍ വടക്കഞ്ചേരിയിലും എം വി ഗോവിന്ദന്‍ കണ്ണൂര്‍ നഗരത്തിലും എളമരം കരീം ഫറോക്കിലും ഉദ്ഘാടനംചെയ്തു.

പുതുവത്സര സമ്മാനമായി സിലിണ്ടറിന് 250 രൂപയോളം വര്‍ധിപ്പിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ സബ്സിഡി സിലിണ്ടറിന് ഈ വര്‍ധന ബാധകമാക്കില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍, സബ്സിഡി സിലിണ്ടറിന്റെ എണ്ണം വര്‍ധിപ്പിക്കുമ്പോള്‍ സിലിണ്ടറൊന്നിന് 100 രൂപ കൂട്ടാന്‍ തീരുമാനിച്ചു. ആധാറുമായി ബന്ധപ്പെടുത്തിയവര്‍ക്കാകട്ടെ സിലിണ്ടര്‍ ലഭിക്കാന്‍ കൂടുതല്‍ തുക നല്‍കേണ്ടിയും വരുന്നു. 1400 കേന്ദ്രത്തിലും നിരാഹാരമിരിക്കേണ്ടവരെ നിശ്ചയിച്ചിട്ടുണ്ട്. ആദ്യ ബാച്ചിന് ശേഷം നിരാഹാരമിരിക്കേണ്ടവയെും തീരുമാനിച്ചിട്ടുണ്ട്. അതത് പ്രദേശത്തെ നേതാക്കളാണ് നിരാഹാരമനുഷ്ഠിക്കുക. സത്യഗ്രഹികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി വിവിധ വിഭാഗം ജനങ്ങള്‍ സമരപ്പന്തലിലേക്ക്് ഒഴുകിയെത്തും. വിലക്കയറ്റത്തിന്റെ രൂക്ഷത നേരിടുന്ന ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സിപിഐം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്.

ജനം പൊറുതികെട്ടു: പിണറായി

കൊച്ചി: വിലക്കയറ്റംകൊണ്ട് ജനം പൊറുതികെടുന്നതിനെ കുറിച്ച് സര്‍ക്കാരിന് ഒരുചിന്തയുമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാചകവാതക വില വര്‍ദ്ധനക്കെതിരെ സിപിഐ എം 1400 കേന്ദ്രങ്ങളിലായി നടത്തുന്ന നിരാഹാരസമരം വൈറ്റില സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. സാധാരണക്കാരെ എല്ലാ വിധത്തിലും ബാധിക്കുന്ന വിലക്കയറ്റത്തിനെതിരെയാണ് നിരാഹാരസമരം നടത്തുന്നത്. ഈ സമരത്തിന്റെ ചൂട് ഗവര്‍മെന്റില്‍ ചെന്ന് തട്ടുകതന്നെ ചെയ്യും. എങ്കിലെ ഭരണാധികാരികളെ വിലക്കയറ്റത്തിന്റെ രൂക്ഷത മനസിലാക്കിക്കാന്‍ സാധിക്കൂ.

ജനങ്ങളോട് ഒട്ടും പ്രതിബദ്ധതയില്ലാത്ത സര്‍ക്കാരുകള്‍ വിലക്കയറ്റത്തിന് അറുതി വരുത്താന്‍ ഒന്നും ചെയ്യുന്നില്ല. അവരുടെ താല്‍പര്യമെല്ലാം കുത്തകകളോടാണ്. കുത്തകകളുടെ ലാഭത്തില്‍ കുറവ് വരുത്താതെ നോക്കുവാനാണ്  ഇടക്കിടെ പാചകവാതകത്തിനും ഡീസലിനും പെട്രോളിനും വില കൂട്ടികൊണ്ടിരിക്കുന്നത്. കുത്തകകള്‍ കുത്തകകള്‍ക്ക് വേണ്ടിയുള്ള ഭരണമാണ് നടത്തുന്നത്.റിലയന്‍സ് പോലുള്ള എണ്ണ കമ്പനികള്‍ക്ക് കൊള്ളലാഭമാണ് ഇതുകൊണ്ട് ലഭിക്കുന്നത്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില കൂട്ടണമെന്ന് പറയുമ്പോള്‍ നഷ്ടക്കണക്കുകള്‍ പറയുന്ന എണ്ണകമ്പനികള്‍ അവരുടെ ബാലന്‍സ് ഷീറ്റ് നല്‍കുമ്പോള്‍ കോടിക്കണക്കിന് രൂപയുടെ ലാഭകണക്കാണ് പുറത്ത് വിടുന്നത്. ഇത് എങ്ങിനെയാണ് പൊരുത്തപ്പെട്ടുപോകുന്നത്. അവരുടെ നഷ്ടം കുറയ്ക്കാനല്ല ലാഭത്തില്‍ കുറവ് വരാതിരിക്കാനാണ് വിലകൂട്ടുന്നത്. എണ്ണ പര്യവേഷണം നടത്തുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ എണ്ണ കണ്ടുകഴിഞ്ഞാല്‍ പിന്‍മാറുകയാണ്. എണ്ണകിണറുകള്‍ പിന്നീട് സ്വന്തമാക്കുന്ന റിലയന്‍സ് പോലുള്ളവര്‍ ജനങ്ങളെ ചൂഷണം ചെയ്ത് കൊള്ളലാഭം ഉണ്ടാക്കും.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ ഒരു നടപടിയും ഇല്ല. പൊതു വിതരണ സമ്പ്രദായം അട്ടിമറിച്ചു. കൊട്ടിഘോഷിച്ചുകൊണ്ടു വന്ന ഭക്ഷ്യസുരക്ഷാ പദ്ധതി നിലവിലുള്ള പൊതു വിതരണ സമ്പ്രദായത്തേക്കാളും മോശമാണ്. നിലവില്‍ 35 കിലോ അരി ഒരു കുടുംബത്തിന് നല്‍കിയിരുന്നത് 25 കിലോ ആക്കി കുറച്ചു. അതും കുടുംബാഗങ്ങളുടെ എണ്ണം നോക്കിയാകുമെന്നും പറയുന്നു. ഭക്ഷ്യധാന്യം കൊടുക്കാന്‍ എപിഎല്‍ ബിപിഎല്‍ വ്യത്യാസം നോക്കണോ. ദാരിദ്രരേഖ താഴ്ത്തി ബിപിഎല്‍ക്കാരെ എപിഎല്ലാക്കി. അത്കൊണ്ട് അവരുടെ ദാരിദ്രം കുറയുമോ. ഇത്തരം തലതിരിഞ്ഞ നയങ്ങളാണ് സര്‍ക്കാരിന്റേത്.

സബ്സിഡി നല്‍കാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. കര്‍ഷകരെയാണ് അത് കുടുതല്‍ ബാധിക്കുന്നത്.അമേരിക്കയുടെ വാക്ക് കേട്ടാണ് ഇവിടെ സബ്സിഡി നല്‍കാത്തത്. എന്നാല്‍ സബ് സിഡി നല്‍കേണ്ടെന്ന് പറയുന്ന അമേരിക്കയെല്ലാം അവിടത്തെ കര്‍ഷകര്‍ക്ക് കൂടുതല്‍ സബ് സിഡി നല്‍കുകയാണ്.

ഇനിമുതല്‍ സബ് സിഡി നേരിട്ട് കൈയ്യില്‍തരാം എന്നാണ് സര്‍ക്കാര്‍ പറയുന്നത്.അതും തട്ടിപ്പാണ്. പാചകവാതകത്തിന് നിലവില്‍ 1300 രൂപ കൊടുക്കണം. അതിന്റെ സബ് സിഡി ബാങ്കിലെത്തിക്കുമെന്ന് പറയുന്നു. അതിന് ആധാറും ബാങ്ക് അക്കൗണ്ടും വേണം. ഇതൊന്നുമില്ലാതെയും ഇവിടെ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ലേ. സീറോ ബാലന്‍സ് അക്കൗണ്ട് എന്നെല്ലാം പറയുമെങ്കിലും ബാങ്കുകള്‍ ഇടപാടിന് പണം ഈടാക്കുന്നുണ്ട്. ആധാറില്ലാത്തവര്‍ക്ക് 482 രൂപ സബ് സിഡി കിട്ടുമ്പോള്‍ ആധാറുള്ള ബാങ്കിലേക്ക് 444 രൂപയാണ് വരുന്നത്. അത്തരത്തിലുള്ള തട്ടിപ്പുകളെല്ലാം പുറത്തുവന്ന് തുടങ്ങി.

പണി മിനക്കെട്ട് നിരവധി ദിവസം നടന്നാലാണ് ആധാറെല്ലാം ശരിയാക്കാനാകൂ. നിത്യജോലിയെടുക്കുന്നവര്‍ക്കറിയാം അതിന്റെ പ്രയാസങ്ങള്‍. ഹോട്ടലുകള്‍ക്കും മറ്റും 2000 രൂപ പാചകവാതകത്തിന് നല്‍കണം. അതോടെ ഹോട്ടല്‍ ഭക്ഷണത്തിനും വിലകൂടും . ഇതും സാധാരണക്കാരെയാണ് ബാധിക്കുന്നതെന്ന് പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment