ആലപ്പുഴ: ചില മാധ്യമങ്ങള്‍ കൊണ്ടാടിയ രാഹുലിന്റെ സന്ദര്‍ശനം പക്ഷേ നവമാധ്യമങ്ങളില്‍ ആക്ഷേപഹാസ്യമായി. പ്രധാനമന്ത്രിയായില്ലെങ്കിലും കുട്ടികളുടെ പ്രധാനമന്ത്രിയാകാം എന്നതായിരുന്നു ഫേസ്ബുക്കിലെ ഒരു പോസ്റ്റ്. നൂറുകണക്കിന് പേര്‍ മണിക്കൂറിനുള്ളില്‍ ഇത് കൈമാറി. ഡീസല്‍ തീര്‍ന്നു; കാര്‍ വഴിയിലായി എന്ന വാര്‍ത്തയോടൊപ്പം ""ഡീസലിന്റെ വില അപ്പപ്പോള്‍ കൂട്ടുന്ന ആളല്ലേ; ഡീസലിന്റെ "വില" ഇപ്പോള്‍ മനസിലായില്ലേ""യെന്നായിരുന്നു പ്രതികരണം. ഹെല്‍മറ്റില്ലാതെ പോകുന്ന ബൈക്കുകാരനെ പിറകില്‍ നിന്ന് കയറിട്ട് പിടിക്കുന്ന പൊലീസ്, വാഹനത്തിന് മുകളില്‍ കയറി യാത്ര ചെയ്ത രാഹുലിന് നേരെ കണ്ണടിച്ചിരിക്കുന്ന മറ്റൊരു ചിത്രവും ഫേസ്ബുക്കില്‍ ഹിറ്റായി.
ജീപ്പിന് മുകളില്‍ കയറിയ രാഹുലിന്റെ നടപടി വെളിവില്ലായ്മയാണ് എന്ന പിണറായി വിജയന്റെ പ്രതികരണത്തിനും ഫേസ്ബുക്കില്‍ വന്‍പ്രചാരണമാണ് ലഭിച്ചത്. മോനിങ്ങോട്ട് പോന്നിട്ട് വേണം പാചകവാതകത്തിന്റെ വില കൂട്ടാനെന്ന സോണിയയെക്കുറിച്ചുള്ള കാര്‍ട്ടൂണും പ്രതികരണത്തില്‍ മികച്ചുനിന്നു. പൈങ്കിളി നോവലിസ്റ്റുകളെ ഇപ്പോള്‍ മനോരമ പത്രത്തിലെടുക്കൂ; അതേ അതിന്റെ മാറ്റം കാണാനുണ്ട്. രാഹുലിന്റെ വാര്‍ത്ത വായിച്ചിട്ട് കണ്ണു നിറഞ്ഞുപോയെന്നായിരുന്നു ഒരു പ്രതികരണം. ഋഷിരാജ് സിങ് -ഇതിനെതിരെ നടപടിയെടുക്കാന്‍ ചങ്കൂറ്റമുണ്ടോയെന്ന് ചോദിച്ചുള്ള വാര്‍ത്തയും ഫേയ്സബുക്കില്‍ നിറഞ്ഞു.
രാഹുലിനെ ഐ ഗ്രൂപ്പ് റാഞ്ചി, കൊടിക്കുന്നിലിനെ "ചവിട്ടി"
ആലപ്പുഴ: രാഹുല്‍ ഗാന്ധിയുടെ ആലപ്പുഴ സന്ദര്‍ശനം എ ഗ്രൂപ്പുകാരെ "ചവിട്ടി" ഐ ഗ്രൂപ്പ് നേതാക്കള്‍ റാഞ്ചിയതില്‍ കടുത്ത അതൃപ്തി. നൂറനാട് അടങ്ങുന്ന പാര്‍ലമെന്റ് മണ്ഡലത്തിലെ ജനപ്രതിനിധി കൂടിയായ എ ഗ്രൂപ്പിലെ കൊടിക്കുന്നില്‍ സുരേഷ് രാഹുല്‍ ഗാന്ധിയുടെ അടുത്തെത്താതിരിക്കാന്‍ ഐ ക്കാര്‍ ചവിട്ടി ഒതുക്കിയതിലും എ ക്കാര്‍ പ്രതിഷേധത്തിലാണ്. രാഹുലിന്റെ പൊലീസ് വാഹനയാത്ര വിവാദമായെങ്കിലും ഒതുക്കിയതിലുള്ള പ്രതിഷേധംമൂലം എ ക്കാര്‍ ആരും പ്രതിരോധിക്കാന്‍ രംഗത്തെത്തിയില്ല. പരിക്കേറ്റ കൊടിക്കുന്നില്‍ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മാധ്യമങ്ങളില്‍ ഇടംപിടിക്കാറുള്ള ഇടിച്ചു നില്‍ക്കാറുള്ള പി സി വിഷ്ണുനാഥ് എംഎല്‍എയെയും അടുപ്പിച്ചില്ല. കെപിസിസി പ്രസിഡന്റും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയെ കൂടാതെ വിശാല ഐ ഗ്രൂപ്പ് നേതാക്കളായ വി ഡി സതീശന്‍, വി എസ് ശിവകുമാര്‍, കെ സി വേണുഗോപാല്‍, എം ലിജു എന്നിവരാണ് അദ്ദേഹത്തെ ഉടനീളം അനുഗമിച്ചത്. ഉച്ചയ്ക്ക് ഇവരുമായി ചര്‍ച്ചയും നടത്തി.
അതേസമയം, സന്ദര്‍ശനം വിവാദമായതില്‍ എ വിഭാഗം സന്തോഷത്തിലാണ്. ആഭ്യന്തരമന്ത്രിയായ രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു സുരക്ഷാ വീഴ്ചയും നിയമലംഘനവും. രാഹുലിന്റെ സന്ദര്‍ശനത്തിന് വേണ്ട സുരക്ഷ ഒരുക്കുന്നതില്‍ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടതായി ഒരു എ വിഭാഗം നേതാവ് പറഞ്ഞു. രാഹുലിന് പുറമെ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ അടക്കമുള്ളവര്‍ക്ക് സുരക്ഷയൊരുക്കുന്നതിലും പൊലീസ് തീര്‍ത്തും പരാജയപ്പെട്ടു. തുറവൂരില്‍ സര്‍ക്കാര്‍ പരിപാടിയായ തുള്ളി മരുന്ന് വിതരണം പ്രേട്ടോക്കോള്‍ ലംഘിച്ച് രാഹുലിനെ കൊണ്ട് നടത്തിയതും രൂക്ഷ വിമര്‍ശനത്തിനിടയാക്കി.
(ഡി ദിലീപ്)
രാഹുല്‍ "സവാരി" കോടതിയിലേക്ക്
തിരു/ആലപ്പുഴ/ന്യൂഡല്‍ഹി: യൂത്ത്കോണ്‍ഗ്രസ് പദയാത്രയ്ക്കെത്തിയ കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധി പൊലീസ് വാഹനത്തിനു മുകളില്‍ കയറി നടത്തിയ നിയമലംഘനം കോടതിയിലേക്ക്. രാഹുലിന്റെ സവാരിക്കെതിരെ പരാതികള്‍ ലഭിച്ചിട്ടും പൊലീസ് നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് പരാതിക്കാര്‍ കോടതിയെ സമീപിക്കുന്നത്. രാഹുലിന്റെ വാഹനത്തിനടുത്തേക്ക് അടുപ്പിക്കാതെ മന്ത്രി കൊടിക്കുന്നില്‍ സുരേഷിനെ ചവിട്ടി ഒതുക്കിയതില്‍ എ ഗ്രൂപ്പുകാരും പ്രതിഷേധത്തിലാണ്. രാഹുല്‍ സവാരി ഐക്കാര്‍ റാഞ്ചിയെന്നാണ് ഇവരുടെ പരാതി.
എന്‍സിപി നേതാവ് അഡ്വ. മുജീബ് റഹ്മാന്‍, കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവരാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടപടിയെടുക്കാത്തതിനാല്‍ ബുധനാഴ്ച കോടതിയെ സമീപിക്കുമെന്ന് മുജീബ് റഹ്മാന്‍ പറഞ്ഞു. തിങ്കളാഴ്ച പകല്‍ രണ്ടിനായിരുന്നു കായംകുളം-പുനലൂര്‍ സംസ്ഥാനപാതയില്‍ മൂന്നു മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുത്തി പൊലീസ് വാഹനത്തിന്റെ മുകളില്‍ കയറി രാഹുലിന്റെ പ്രകടനം.
എന്നാല്‍, രാഹുല്‍ പൊലീസ് വാഹനത്തിന്റെ മുകളില്‍ കയറിയത് അറിഞ്ഞില്ലെന്ന് മധ്യമേഖലാ ഐജി കെ പത്മകുമാര്‍ പറഞ്ഞു. സന്ദര്‍ശനത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല. രാഹുലിന്റെ സുരക്ഷ എസ്പിജിയുടെ ചുമതലയിലായിരുന്നെന്ന്് ജില്ലാ പൊലീസ് മേധാവി ഉമാ മീണ പറഞ്ഞു. മങ്കൊമ്പില്‍ ഡീസല്‍ അടിക്കാന്‍ കയറിയ ആഭ്യന്തരമന്ത്രിയുടെ വാഹനം രാഹുല്‍ഗാന്ധിയുടെ വാഹനവ്യൂഹത്തില്‍ പെടില്ലെന്നും കേന്ദ്രമന്ത്രിക്ക് പരിക്കേറ്റതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ഉമാ മീണ പറഞ്ഞു. മോട്ടോര്‍ വാഹന നിയമത്തിന്റെ 123(2)-ാം ചട്ടത്തിന്റെ ലംഘനമായതിനാല്‍ രാഹുല്‍ഗാന്ധി, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് അഡ്വ. മുജീബ് റഹ്മാന്‍ നൂറനാട് പൊലീസിന് നല്‍കിയ പരാതി. പൊലീസ് വാഹനം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചു. ഇവര്‍ കയറിയതുമൂലം വാഹനത്തിന് കേടുണ്ടായി. കേരള പൊലീസ് ആക്ട് 120(ബി) പ്രകാരവും പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരവും കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
അതിനിടെ, മുജീബിനെതിരെ ഫോണില്‍ ഭീഷണിയും ഉണ്ടായി. രാഹുല്‍ പൊലീസ് വാഹനം ഉപയോഗിച്ചതിനെതിരെ ജോര്‍ജ് സെബാസ്റ്റ്യന്‍ ഡിജിപിക്കാണ് പരാതി നല്‍കിയത്. രാഹുല്‍ഗാന്ധിയുടെ ആലപ്പുഴ സന്ദര്‍ശനത്തിനിടെ ഉണ്ടായ സംഭവങ്ങള്‍ കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. "പിള്ളേരുകളിയല്ല" സുരക്ഷാസംവിധാനം എന്ന് പ്രമുഖ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കുന്ന അന്വേഷണനടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങാനിടയില്ല. സംഭവത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പും വ്യക്തമായി. നവംബര്‍ 27ന് അമേഠി സന്ദര്‍ശിച്ചപ്പോള്‍ രാഹുല്‍ സുരക്ഷാവലയം ഭേദിച്ച് പുറത്തുപോയിരുന്നു. രാഹുലിന് സുരക്ഷ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന് അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
കേസെടുക്കണം: ഡിവൈഎഫ്ഐ
തിരു: മോട്ടോര്‍ വാഹനനിയമം ലംഘിച്ച് പൊലീസ് വാഹനത്തിന്റെ മുകളില്‍ യാത്രചെയ്ത രാഹുല്‍ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഹെല്‍മെറ്റ് വേട്ട നടത്തി ഇരുചക്രവാഹന യാത്രക്കാരെ പീഡിപ്പിക്കുന്ന ഋഷിരാജ്സിങ് രാഷ്ട്രീയ ദാസ്യവേല ഉപേക്ഷിച്ച് രാഹുല്‍ഗാന്ധിക്കും സംഘത്തിനുമെതിരെ നിയമനടപടി സ്വീകരിക്കാന്‍ തയ്യാറാകണം. ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഇത്തരമൊരു നിയമലംഘനം നടന്നത്. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുന്ന രാഹുല്‍ഗാന്ധിയുടെ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ പക്വതയില്ലായ്മ തുറന്നുകാണിക്കുന്നതാണ്. നിയമലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment