Friday, September 11, 2020

പ്രതിസന്ധിക്ക്‌ മുമ്പേ സ്വത്തെല്ലാം വിറ്റു; കബളിപ്പിക്കൽ തുടക്കംമുതൽ

 തൃക്കരിപ്പൂർ: ബിസിനസ്‌ തകർന്നതിനാലാണ്‌‌  ജ്വല്ലറി നിക്ഷേപകർക്ക്‌ പണം തിരിച്ചു നൽകാൻ പറ്റാതായതെന്ന ലീഗ്‌ നേതാക്കളുടെ വാദം പച്ചക്കള്ളം. നിക്ഷേപകരെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌  തുടക്കം മുതൽ കാര്യങ്ങൾ നടത്തിയതെന്ന്‌ പുറത്തുവന്ന വസ്‌തുതകൾ തെളിയിക്കുന്നു. 

ഫാഷൻഗോൾഡിന്റെ  മേൽവിലാസത്തിൽ നാല്‌ കമ്പനികൾകൂടി  രൂപീകരിച്ച്‌ പണം സമാഹരിച്ചെങ്കിലും സ്ഥാപനങ്ങൾ നഷ്ടത്തിലാണെന്ന്‌ രജിസ്‌ട്രാർ ഓഫ്‌ കമ്പനീസിൽ  ഇതുവരെ അറിയിച്ചില്ല. അങ്ങനെ ചെയ്‌താൽ  നാഷണൽ കമ്പനി ട്രൈബ്യൂണലിലറിയിച്ച്‌ ലിക്വിഡേറ്റ്‌ ചെയ്യാൻ തീരുമാനിക്കും.  അതിന്‌ മുമ്പ്‌ സ്ഥാപനത്തിന്റെ ആസ്‌തി, ബാധ്യത,  ഡയറക്ടർമാരുടെ സമ്പാദ്യം എന്നിവ പരിശോധിച്ച്‌  കമ്പനിയുടെ ആസ്‌തിയിൽ ചേർത്താണ്‌ നിക്ഷേപകർക്ക്‌ തിരിച്ചുനൽകുക. ഇത്‌ മനസിലാക്കിയ‌ എംഎൽഎ, ജ്വല്ലറി സ്വത്തുക്കൾ നിക്ഷേപകരറിയാതെ  ധൃതിയിൽ  കൈമാറി. 

2019 ആഗസ്‌തിൽ ജ്വല്ലറി ഇടപാടുകൾ  നിർത്തിയശേഷം നവംബറിൽ വിളിച്ചുചേർത്ത നിക്ഷേപകരുടെ യോഗത്തിൽ എം സി ഖമറുദ്ദീൻ അറിയിച്ചത്‌ സ്ഥാപനം നഷ്ടത്തിലല്ലെന്നാണ്‌.  എന്നാൽ, നിക്ഷേപകരെ കബളിപ്പിച്ച്‌ ‌ എല്ലാ സ്ഥാപനങ്ങളുടെയും സ്വത്തുക്കളും ആസ്‌തിയും  ഒഴിവാക്കാൻ രഹസ്യ നടപടികളാണ്‌ തുടർന്നത്‌.  കാസർകോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും  വിറ്റു.  കാഞ്ഞങ്ങാട് അതിഞ്ഞാലിൽ ദേശീയപാതക്കരികിൽ നിർമാണത്തിലിരുന്ന ഷോറൂം കെട്ടിടം  വ്യവസായിയും ലീഗ്‌ നേതാവുമായ ഫാഷൻഗോൾഡിന്റെ ഡയറക്ടറുടെ ഭാര്യ സഹോദരന്റെ പേരിലേക്ക്‌ മാറ്റി. കഴിഞ്ഞ ഫെബ്രുവരിയിൽ ഇത്‌  മറ്റൊരു ജ്വല്ലറി ഗ്രൂപ്പിന്‌ കൈമാറി. ഫാഷൻ റിയാൽറ്റേഴ്‌സിന്‌ കീഴിലുണ്ടായിരുന്ന ബംഗളൂരുവിലെ ഗസ്റ്റ് ഹൗസ് ഒരു ഡയറക്ടർക്കും കൈമാറി. അദ്ദേഹം ഡയറക്ടർ സ്ഥാനം ഒഴിഞ്ഞതായും രേഖയുണ്ടാക്കി.  അതിന്‌ പിന്നാലെയാണ്‌  പയ്യന്നൂരിലെ ഷോറൂം ഭൂമിയും 15  കോടിയിലേറെ രൂപക്ക് കഴിഞ്ഞ ജൂലായ് 13ന് കൈമാറിയത്‌.

കവ്വായി സ്വദേശി പയ്യന്നൂർ കോടതിയിലും കള്ളാർ സ്വദേശികളായ സി അഷ്റഫും സി സുബീറും ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിലും നൽകിയ സിവിൽ കേസിൽ ബന്ധപ്പെടുത്തിയതായിരുന്നു ഈ ഭൂമി.  അനുരഞ്ജന ചർച്ചയിൽ പയ്യന്നൂരിലെ കേസ് പിൻവലിച്ചിരുന്നു. അതുകാട്ടി  പയ്യന്നൂരിലെ രജിസ്‌ട്രാർ ഓഫീസിനെ കബളിപ്പിച്ചാണ്‌ വിറ്റത്‌.  ഈ കേസിൽ ഹോസ്ദുർഗ്‌ കോടതി ഒക്ടോബർ രണ്ടിന്  എംഎൽഎയോട്‌ ഹാജരാകാൻ‌ ആവശ്യപ്പെട്ട്‌  സമൻസ് അയച്ചിട്ടുണ്ട്.  ‌ 

കാസർകോട് താലൂക്കിൽ  ഖമറുദ്ദീന്റെയും  ടി കെ പൂക്കോയ തങ്ങളുടെയും പേരിൽ 2016ൽ രജിസ്‌റ്റർ ചെയ്‌ത  17.7 ഹെക്ടർ ഭൂമിയാണ് 15 കോടിയിലേറെ രൂപക്ക് വിറ്റത്. സെന്റിന് 30 ലക്ഷം രൂപ മാർക്കറ്റ് വിലയുള്ള ഭൂമിയാണിത്. കഴിഞ്ഞ ജനുവരി 25ന്‌ മടക്കരയിലെ റൂസിഫ് അലി, ഉദിനൂരിലെ  ചെറിയ ആഫി എന്നിവരുടെ പേരിൽ  കൈമാറ്റം ചെയ്തതായാണ്‌ രേഖ. നിക്ഷേപകർ പരാതിയുമായി രംഗത്തുവന്നതോടെയാണ്‌  കോടികൾ വിലമതിക്കുന്ന ഭൂമിയും കെട്ടിടങ്ങളും തിരക്കിട്ടു കൈമാറി‌യത്‌.

നേതൃത്വവും പരാതിക്കാരെ കൈവിട്ടു

ഫാഷൻ ഗോൾഡ്‌ ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എം സി ഖമറുദീൻ എംഎൽഎയെ  സംരക്ഷിച്ച്‌ ഇരകളെ കൈവിട്ട  മുസ്ലിം ലീഗ്‌ സംസ്ഥാന നേതൃത്വത്തിനെതിരെ  പ്രതിഷേധം ശക്തം. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്‌ മുമ്പു തന്നെ എംഎൽഎയുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്‌ പരാതികൾ പാർടി നേതൃത്വത്തിന് മുന്നിലുണ്ടായിരുന്നു.  പ്രതിഷേധം അവഗണിച്ച്‌ പാണക്കാട്‌ തങ്ങളുടെ സ്ഥാനാർഥിയെന്ന നിലയ്‌ക്കാണ്‌ ഖമറുദീനെ നിശ്‌ചയിച്ചത്‌.

ലീഗ്‌ നേതാവെന്ന നിലയിലാണ്‌  പണം നൽകിയത്‌.  പാർടിക്ക്‌ കൈകഴുകാനാവില്ലെന്ന്‌ കബളിപ്പിക്കപ്പെട്ട കാഞ്ഞങ്ങാട് ‌ഇട്ടമ്മൽ സ്വദേശിയും ലീഗ്‌ പ്രവർത്തകനുമായ ജമാൽ പറഞ്ഞു.  കേസിന്‌ പോകുന്നവർക്ക്‌ തുടരാം;  അല്ലാത്തവർക്ക്‌ ഒത്തുതീർപ്പിലൂടെ പ്രശ്‌നംതീർക്കാമെന്ന നിലപാട്‌  ഖമറുദ്ദീനിനെ ‌ രക്ഷപ്പെടുത്താനുള്ള  നേതൃത്വത്തിന്റെ തന്ത്രമാണ്‌. പാർടിക്ക്‌ കൈകാര്യം ചെയ്യാനാകാത്തവിധം വലിയ തുകയായതിനാലാണ്‌  ജില്ലാ നേതൃത്വം നിസ്സഹായരായതെന്ന്‌ ഒരു മുതിർന്ന നേതാവ്‌ പറഞ്ഞു.  749 പേരുടെ 150 കോടിയോളം രൂപ നഷ്ടപ്പെട്ട സംഭവത്തിൽ  എംഎൽഎക്കെതിരെ ചെറിയനടപടിയെടുത്ത്‌  മുഖം രക്ഷിച്ചത്‌ പാർടിക്ക്‌ കൂടുതൽ ദോഷംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ അണികളെ സമാധാനിപ്പിക്കാനുള്ള തന്ത്രംമാത്രമാണ്‌  സംസ്ഥാന നേതാക്കളുടെ വിശദീകരണമെന്ന്‌  നിക്ഷേപകരെ സഹായിക്കുന്ന അഭിഭാഷകൻ ഷുക്കൂർ പറഞ്ഞു. പണം തിരിച്ചുലഭിക്കാൻ  നിയമനടപടി മാത്രമാണ്‌ പോംവഴി.  ലീഗ്‌ നേതൃത്വം പറയുന്നതുപോലെ ഇത്‌ ബിസിനസ്‌ തകർച്ചയല്ലെന്നും പൊതുസമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയെന്ന നിലയിൽ നടത്തിയ കുറ്റകൃത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖമറുദ്ദീൻ എംഎൽഎയുടെ തട്ടിപ്പ്‌; പയ്യന്നൂരിലെ ‌ ജ്വല്ലറിയിൽനിന്ന്‌ അവസാനം കടത്തിയത്‌ അഞ്ചരക്കിലോ സ്വർണം

തൃക്കരിപ്പൂർ > ഫാഷൻ ഗോൾഡ്‌ ജ്വല്ലറിയുടെ പയ്യന്നൂർ പുതിയ ബസ്‌ സ്‌റ്റാൻഡിലെ രണ്ടാമത്തെ ഷോറൂം പൂട്ടി 2019 നവംബർ 25ന്‌ ഒറ്റരാത്രികൊണ്ട് ഡയറക്ടർമാരുടെ വീട്ടിലെത്തിച്ചത്‌ അഞ്ചരക്കിലോ സ്വർണം. ആദ്യഘട്ടത്തിൽ എട്ടുകോടിയോളം മുടക്കിയ ചന്തേരയിലെ നാല് ഡയറക്ടർമാർ  പണം തിരിച്ചുകിട്ടില്ലെന്നുറപ്പായതോടെ ജ്വല്ലറി അട‌യ്‌ക്കുന്ന സമയത്ത് അകത്തുകയറി അഞ്ചരക്കിലോ സ്വർണവുമെടുത്ത്‌ പോകുകയായിരുന്നു.

ജ്വല്ലറി പ്രവർത്തനം അവതാളത്തിലാണെന്ന വിവരം പ്രചരിച്ചത്‌ 2019 ആഗസ്‌തിലാണ്‌. വിദേശത്തായിരുന്ന ഡയറക്ടർമാർ  ഇതോടെ രഹസ്യമായെത്തി ജ്വല്ലറി പരിശോധിച്ചു. പതിനൊന്നര കിലോ സ്വർണം സ്റ്റോക്കിലുണ്ടായിരുന്നു. എം സി ഖമറുദ്ദീനുമായി ചർച്ച നടത്തി പ്രതിസന്ധി പരിഹരിക്കാമെന്ന ധാരണയിലെത്തി.

എന്നാൽ, നവംബറിൽ കാര്യങ്ങൾ തലകീഴായി. വിളിച്ചാൽ ഖമറുദ്ദീൻ ഫോണെടുക്കാതെയായതോടെ വിദേശത്തുനിന്ന്‌ വീണ്ടുമെത്തി ഡയറക്ടർമാർ അഞ്ചരക്കിലോ സ്വർണം  കടത്തി. ഇതോടെ നവംബറിൽ ജ്വല്ലറി പൂട്ടി. കാസർകോട്ടെ ജ്വല്ലറിയിൽനിന്ന്‌ ലീഗ്‌ നേതാക്കൾവഴി സ്വർണം കൊടുത്തവകയിൽ  ഒരു കോടിയിലേറെ രൂപ നൽകാനുണ്ട്‌. ഇക്കാര്യങ്ങൾ പുറത്തുവരുമെന്ന്‌ ഭയന്നാണ്‌ നേതൃത്വം ഖമറുദ്ദീനെ കൈവിടാത്തത്‌.

കടപ്പാട്: ദേശാഭിമാനി

No comments:

Post a Comment