മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീന്റെ നേതൃത്വത്തിലുള്ള ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് മുസ്ലിംലീഗിന് പരിഹരിക്കാൻ കഴിയാത്തത്ര സങ്കീർണതയിലേക്ക് നീങ്ങുകയാണല്ലോ. സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോൾ തട്ടിപ്പിന്റെ വ്യാപ്‌തി കൂടുതൽ വ്യക്തമാകുന്നു. കമ്പനി രൂപീകരിച്ച് കബളിപ്പിക്കൽ, നിയമം ലംഘിച്ചുള്ള ആസ്‌തിവിൽപ്പന, സ്വകാര്യസ്വത്ത് സമ്പാദനം, നികുതിവെട്ടിപ്പ്, വിദേശയാത്രകൾ എന്നിവയൊക്കെ അന്വേഷണ പരിധിയിൽ വരും. പൊതുപ്രവർത്തകൻ എന്ന സ്വാധീനമുപയോഗിച്ചുള്ള അഴിമതിയായും ഖമറുദ്ദീന്റെ തട്ടിപ്പിനെ കണക്കാക്കാമെന്നാണ് പ്രാഥമിക പരിശോധനയ്‌ക്കുശേഷം അന്വേഷകസംഘം പറയുന്നത്. യുഡിഎഫ് ഭരണത്തിൽ കരകൗശല കോർപറേഷൻ ചെയർമാനായിരുന്നപ്പോൾ സ്വർണക്കടത്തിന് ഖമറുദ്ദീൻ ഔദ്യോഗിക വാഹനം ഉപയോഗിച്ചുവെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.
കുരുക്ക് മുറുകുന്നു
മധ്യസ്ഥൻവഴി നിക്ഷേപകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന ലീഗ് നേതൃത്വത്തിന്റെ ശ്രമം പാളുമെന്നുറപ്പായിട്ടുണ്ട്. ആസ്‌തികളും ബാധ്യതകളുമായി പൊരുത്തപ്പെടാത്ത സാമ്പത്തിക ഇടപാടുകൾ ലീഗ് നിയോഗിച്ച മധ്യസ്ഥരെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. എണ്ണൂറോളം നിക്ഷേപകരിൽ നിന്നായി തട്ടിയെടുത്ത 150 കോടിയോളം രൂപ തിരിച്ചുനൽകാനാകില്ല എന്ന് നന്നായി അറിയാവുന്നത് മുസ്ലിംലീഗ് നേതൃത്വത്തിനുതന്നെയാണ്. അതിനാൽ നിയമനടപടികളിൽനിന്ന് ഖമറുദ്ദീനെ ഊരിയെടുക്കാനുള്ള ചുമതലയാണ് മധ്യസ്ഥനായ മാഹിൻ ഹാജിയെ ഏൽപ്പിച്ചിരിക്കുന്നത്. ജ്വല്ലറി ജീവനക്കാരെയും ലീഗിന്റെ നേതൃത്വത്തിലില്ലാത്ത ഡയറക്ടർമാരെയും ബലിയാടാക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. ജീവനക്കാരെ വിളിച്ചുവരുത്തി മർദിച്ചതിന് പൊലീസ് കേസ് എടുത്തിരിക്കുകയാണ്. വരുന്ന തെരഞ്ഞെടുപ്പുവരെ കബളിപ്പിക്കപ്പെട്ട അണികളെ സമാധാനിപ്പിക്കുക മാത്രമാണ് ലീഗ് ഉദ്ദേശിക്കുന്നത്. കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടും തട്ടിപ്പുകാരനായ നേതാവിനെ എന്തിനാണ് സംരക്ഷിക്കുന്നത് എന്ന ചോദ്യത്തിനും നേതൃത്വത്തിന് മറുപടിയില്ല.
കമ്പനി നിയമപ്രകാരം രജിസ്‌റ്റർ ചെയ്‌ത സ്ഥാപനങ്ങളായതിനാൽ ലീഗ് നേതൃത്വം കരുതുന്നതുപോലെ വിറ്റും കൈമാറിയും പണം തിരിച്ചുനൽകാനാകില്ല. ആസ്‌തിയും ബാധ്യതയും നാഷണൽ കമ്പനി ട്രിബ്യൂണൽ പരിശോധിച്ച്, ഡയറക്ടർമാരുടെ വ്യക്തിപരമായ ആസ്‌തികളും പിടിച്ചെടുത്ത് നിയമനടപടിയിലൂടെ മാത്രമേ പരിഹരിക്കാനാകൂ. നികുതിവെട്ടിപ്പ് നടത്തിയതിന് കോടികൾ പിഴയടയ്‌ക്കാൻ ജിഎസ്‌ടി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ജ്വല്ലറിയുടെ ബാക്കിയുള്ള ആസ്‌തികൾ കേസുകളിൽ അറ്റാച്ച് ചെയ്‌തിട്ടുമുണ്ട്. ഈ കുരുക്കുകളിൽ നിന്നുള്ള പ്രശ്‌നപരിഹാരം എളുപ്പമല്ല എന്ന് നിക്ഷേപകർക്ക് നിയമസഹായം നൽകുന്ന മുൻ പബ്ലിക് പ്രോസിക്യൂട്ടർ സി ഷക്കൂർ പറയുന്നു.
പണത്തിന് പലിശവാങ്ങുന്നത് തെറ്റായി കാണുന്ന സമൂഹമാണ് കാസർകോട്ടെ മുസ്ലിം ജനവിഭാഗം. അവർക്കിടയിലാണ് ബിസിനസ് ലാഭം എന്ന ചൂണ്ടയുമായി 2006ൽ മുസ്ലിംലീഗ് യുവനേതാവായ എം സി ഖമറുദ്ദീൻ ഇറങ്ങിയത്. കൂട്ടിന് മതനേതാവും ലീഗ് ജില്ലാ നിർവാഹകസമിതി അംഗവുമായ ടി കെ പൂക്കോയ തങ്ങളെയും ലഭിച്ചു. മുസ്ലിംലീഗ് നേതാവും മതനേതാവുമെന്ന രസതന്ത്രം നന്നായി ഫലിച്ചു. ജ്വല്ലറിയിലേക്ക് നിക്ഷേപം ഒഴുകിയെത്തി. ആയിരംമുതൽ രണ്ട് കോടിവരെ നിക്ഷേപിച്ചവരുണ്ട്. സമ്പന്നരെ മാറ്റിനിർത്തിയാൽ മണലാരണ്യത്തിൽ ജീവിതം ഹോമിച്ചുനേടിയ സമ്പാദ്യമാണ് ഭൂരിപക്ഷംപേർക്കും നഷ്ടപ്പെട്ടത്. മക്കളുടെ വിവാഹത്തിനായി കരുതിവച്ചത്, ചികിത്സാ ആവശ്യത്തിനുള്ളത്, പെൻഷൻ തുക, മക്കളുടെ അപകടമരണത്തെ തുടർന്ന് ലഭിച്ച ഇൻഷുറൻസ് തുക, ജീവനാംശം ലഭിച്ച തുക എന്നിങ്ങനെയാണ് പണം വന്ന വഴികൾ. ആവശ്യത്തിന് തിരിച്ചുകിട്ടുമെന്ന ഒറ്റപ്രതീക്ഷ മാത്രമായിരുന്നു നിഷേപകരിൽ. കാസർകോട്, കാഞ്ഞങ്ങാട്, ചെറുവത്തൂർ, പയ്യന്നൂർ, യുഎഇയിൽ അജ്മാൻ എന്നിവിടങ്ങളിലായിരുന്നു ആറ് വർഷംകൊണ്ട് ജ്വല്ലറിപ്രസ്ഥാനം പടുത്തുയർത്തിയത്.
2006ലാണ് ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന കമ്പനി ചെറുവത്തൂർ ചന്തേര മാണിയാട്ട് തവക്കൽ കോംപ്ലക്‌സിൽ എം സി ഖമറുദ്ദീൻ ചെയർമാനും ടി കെ പൂക്കോയ തങ്ങൾ മാനേജിങ് ഡയറക്ടറുമായി രൂപീകരിച്ചത്. ചെറുവത്തൂരിൽ ആദ്യ ജ്വല്ലറി തുടങ്ങി. തുടർന്നുള്ള ആറ് വർഷത്തിലായി അതേ വിലാസത്തിൽ നുജും ഗോൾഡ്, ഖമർ ഗോൾഡ്, ഫാഷൻ ഓർണമെന്റ്‌സ് എന്നിങ്ങനെ മൂന്ന് സ്ഥാപനം കമ്പനി നിയമമനുസരിച്ച് രജിസ്‌റ്റർ ചെയ്തു. 2016ൽ ഫാഷൻ റിയൽറ്റേഴ്‌സ് എന്ന കടലാസ് സ്ഥാപനവും തുടങ്ങുന്നു. ഖമറുദ്ദീനും ടി കെ പൂക്കോയ തങ്ങളും മാത്രമായിരുന്നു ആ കമ്പനിയുടെ ഡയറക്ടർമാർ. അതോടെയാണ് തകർച്ചയുടെ കഥ പുറത്തുവിടുന്നത്. ബിസിനസ് പത്തരമാറ്റ് ശുദ്ധിയുള്ളതാണെങ്കിൽ എന്തിനാണ് അഞ്ച് കമ്പനി. എന്നിട്ടും പലർക്കും നൽകിയത് ഇല്ലാത്ത കമ്പനിയുടെ നിക്ഷേപ സർട്ടിഫിക്കറ്റ്. ഇതിന് പുറമേ കമ്പനി നിയമപ്രകാരമല്ലാത്ത നിക്ഷേപം സ്വീകരിക്കൽ, സ്വർണം സ്വീകരിക്കൽ എന്നിവയും. ജ്വല്ലറികൾ തുടങ്ങുമ്പോൾ ആറായിരം രൂപമാത്രമുണ്ടായിരുന്ന സ്വർണവില 40,000ത്തിലെത്തുമ്പോൾ ബിസിനസ് തകർച്ച എന്ന് പറയുന്നതിന്റെ യുക്തി ലീഗ്‌നേതൃത്വത്തിന് മാത്രമേ ബോധ്യമാകൂ. 2019ൽ പണമിടപാടുകൾ നിലച്ചു. ഡിസംബറോടെ പൂട്ടി. നവംബറിൽ നിക്ഷേപകരുടെ യോഗത്തിൽ ഖമറുദ്ദീൻ അറിയിച്ചത് ജ്വല്ലറി നഷ്ടത്തിലല്ല അറ്റകുറ്റപ്പണിക്കുശേഷം തുറക്കുമെന്നാണ്. തുടർന്നും നിക്ഷേപം സ്വീകരിച്ചു. അതിനിടയിൽ കമ്പനിയുടെ എല്ലാ ആസ്‌തികളും വിൽക്കാനും കൈമാറാനുമുള്ള നടപടികൾ അതീവ രഹസ്യമായി നീക്കി.
തുടക്കം സ്വർണക്കൊള്ളയിലൂടെ
ഖമറുദ്ദീൻ സ്വർണബിസിനസ് തുടങ്ങുന്നത് തലശേരിയിലെ മർജാൻ ഗോൾഡിനെ കബളിപ്പിച്ചാണെന്ന് ഉടമ കെ കെ ഹനീഫ വെളിപ്പെടുത്തിയിട്ടുണ്ട്. പങ്കാളിത്ത ബിസിനസിനായി വന്ന ഫാഷൻ ഗോൾഡ് സംഘം രണ്ടുതവണ വണ്ടി ചെക്ക് നൽകി കബളിപ്പിച്ചു. അതോടെ സഹകരണം അവസാനിപ്പിച്ചുവെങ്കിലും 2008ൽ മർജാൻ ജ്വല്ലറിതന്നെ കൊള്ളയടിച്ചു. 25 കിലോഗ്രാം സ്വർണം കൊള്ളയടിച്ചുവെന്നാണ് തലശേരി പൊലീസ് സ്‌റ്റേഷനിലെ കേസ്. കാസർകോട് മർജാൻ ഗോൾഡ് തുടങ്ങാനായി ഫർണിഷ് ചെയ്‌ത കെട്ടിടവും സ്വന്തമാക്കി. ഖമറുദ്ദീന്റെ കാസർകോട്ടേ ജ്വല്ലറിയിൽനിന്ന് മർജാൻ സ്വർണം വിറ്റതിന് തെളിവുണ്ട് എന്നും ഹനീഫ പറയുന്നു. ചെറുവത്തൂർ 320, പയ്യന്നൂർ 187, കാസർകോട് 134 എന്നിങ്ങനെ 749 പേരിൽ നിന്നായി 132 കോടി രൂപ വാങ്ങിയതായാണ് പുറത്തുവന്നത്. ഇതിന് പുറമേ യുഎഇ അജ്‌മാനിലെ ജ്വല്ലറിയുടെ മറവിൽ ലീഗ് അനുഭാവ പ്രവാസി സംഘംവഴി ഗൾഫ് രാജ്യങ്ങളിൽനിന്ന് വൻ തോതിൽ പണം പിരിച്ചു. 50 രൂപയുടെ മുദ്രക്കടലാസിൽ എഴുതിനൽകി പണം കൈക്കലാക്കൽ, സ്വർണം വാങ്ങി നിക്ഷേപമാക്കൽ, ഗോൾഡ് സ്‌കീമുകളിൽ ആളെ ചേർക്കൽ തുടങ്ങിയ പരിപാടികളും യഥേഷ്ടം.150 കോടിയോളം രൂപ ജ്വല്ലറിയുടെ മറവിൽ സ്വന്തമാക്കി.
കലവറയില്ലാത്ത ധൂർത്തായിരുന്നു ഫാഷൻ ഗോൾഡിന്റെ മുഖമുദ്ര. എംഡിക്കും ചില ഡയറക്ടർമാർക്കും പ്രതിമാസം വേതനമായി വൻ തുക നൽകി. ഒാരോ ജ്വല്ലറി ഉദ്‌ഘാടനവും മഹാമേളയായിരുന്നു. ഹെലികോപ്‌റ്ററിൽനിന്ന് പൂവിതറിയാണ് ഒരു ജ്വല്ലറി ഉദ്‌ഘാടനംചെയ്‌തത്. ലീഗ് നേതാക്കളും ഡയറക്ടർമാരും പണം നൽകാതെ ലക്ഷങ്ങളുടെ സ്വർണംവാങ്ങി. ഈ കടംമാത്രം മൂന്ന് കോടിയിലധികം വരും. പടന്ന എടച്ചാക്കൈ സ്വദേശിയായ ഖമറുദ്ദീൻ തളിപ്പറമ്പ് സർസയ്യിദ് കോളേജിൽ ഡിഗ്രി വിദ്യാർഥിയായിരുന്നപ്പോൾ എംഎസ്‌എഫ് പ്രവർത്തകനായാണ് രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നത്. എംഎസ്‌എഫ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഖമറുദ്ദീൻ പിന്നീട് മുസ്ലിംലീഗ് നേതൃത്വത്തിലെത്തി. കാസർകോട് ജില്ലാ ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായി. എംഎൽഎയായിരുന്ന പി ബി അബ്‌ദുൽ റസാഖിന്റെ മരണത്തോടെയാണ് മഞ്ചേശ്വരം മണ്ഡലത്തിൽ നറുക്കുവീണത്. അണികൾ തട്ടിപ്പിന്റെ കഥകളുമായി പാണക്കാട്ട് പോയി എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും ഏശിയില്ല. പാണക്കാട്ടെ സ്ഥാനാർഥിയായി മഞ്ചേശ്വരംമണ്ഡലത്തിൽ ഖമറുദ്ദീനെ അവതരിപ്പിക്കുകയാണുണ്ടായത്. പി കെ കുഞ്ഞാലിക്കുട്ടി രണ്ടാഴ്‌ച മഞ്ചേശ്വരത്ത് താമസിച്ച് തെരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിച്ചാണ് വിജയപീഠത്തിലെത്തിച്ചത്. ലീഗ് അണികളുടെ പണം കൊള്ളയടിച്ചപ്പോഴും ഖമറുദ്ദീന് പിന്തുണയുമായി അതേ നേതൃത്വം പിന്നിലുണ്ട്.
ജയകൃഷ്‌ണൻ നരിക്കുട്ടി
No comments:
Post a Comment