Tuesday, October 27, 2020

ജ്വല്ലറി തട്ടിപ്പ്: നിക്ഷേപകരെ വഞ്ചിക്കാന്‍ കമ്പനിയും ഡയറക്ടര്‍ ബോര്‍ഡും ബോധപൂര്‍വ്വമായ ശ്രമം നടത്തി; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  മുസ്ലീംലീഗ് എംഎല്‍എ, എം.സി കമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി തട്ടിപ്പില്‍ നിക്ഷേപകരെ വഞ്ചിക്കാന്‍ കമ്പനിയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ബോധപുര്‍വ്വമായ ശ്രമങ്ങള്‍നടത്തിയിട്ടുണ്ടന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തിരിമറി നടത്തി നിക്ഷേപകരെ വഞ്ചിച്ചതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് സത്യവാങ്ങ്മൂലത്തില്‍വ്യക്തമാക്കിയത്.ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ കമ്പനി റിസര്‍വ് ബാങ്കിന്റേയും റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെയും 2013 ലെ സംസ്ഥാന നിക്ഷേപകസംരക്ഷണ നിയമത്തിലെയും വ്യവസ്ഥകള്‍ ലംഘിച്ചെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഓഹരി ഉടമകളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍കമ്പനിക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ പ്രകാരം സ്വര്‍ണക്കച്ചവടത്തിനേ ഉദ്ദേശമുണ്ടായിരുന്നുള്ളു.

കമ്പനി ഉദ്ദേശലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് തട്ടിപ്പ്നടത്തി. നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ചു.കമ്പനി രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച രേഖ പ്രകാരം 2017 മാര്‍ച്ചില്‍ കമ്പനി നാല് ലക്ഷത്തോളം രൂപ ലാഭത്തിലാണ്. 2016 മുതല്‍ കമ്പനി നഷ്ടത്തിലാണന്ന പ്രതിയുടെ ഹര്‍ജിയിലെവാദം ശരിയല്ല.2019 ല്‍ നടന്ന ജിഎസ്ടി പരിശോധനയില്‍, ലാഭം മറച്ചുവെയ്ക്കാന്‍ കമ്പനി രജിസ്ട്രാര്‍ക്ക് വ്യാജരേഖകള്‍ സമര്‍പ്പിച്ചതായി കണ്ടെത്തിയെന്നും കമ്പനിക്ക്

ഒരു കോടി പിഴ ചുമത്തിയെന്നും സര്‍ക്കാര്‍ ചുണ്ടിക്കാട്ടി.

കമ്പനിയുടെ സാമ്പത്തിക നില സംബന്ധിച്ച് ഡയറക്ടര്‍മാര്‍ നല്‍കുന്ന കണക്കുകള്‍ വ്യാജമാണ്. നിക്ഷേപകരെ ഓഹരി സര്‍ട്ടിഫിക്കറ്റ് നല്‍കാതെ വഞ്ചിച്ചു. ലാഭവിഹിതവുംനല്‍കിയിട്ടില്ല. കമറുദിന്‍ അടക്കമുള്ള ഉന്നതര്‍ ബാംഗ്‌ളൂരില്‍ സ്ഥലം വാങ്ങുന്നതിന് 8 കോടി തിരിമറി നടത്തിയതായി ജനറല്‍ മാനേജറുടെ മൊഴിയുണ്ട്. കമ്പനി നഷ്ടത്തിലാണന്നു പറയുമ്പോഴും 2018 വരെ നിക്ഷേപം സ്വീകരിച്ചതിന് രേഖകള്‍ ഉണ്ട്.

ഡയറക്ടര്‍മാര്‍ കമ്പനിയുടെ ആസ്തികളും സ്വര്‍ണവുമായി മുങ്ങിയിരിക്കുകയാണ്. നിക്ഷേപം സ്വീകരിച്ചതിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചോ എന്ന് സംശയമുണ്ട്. കടം വീട്ടാന്‍ കമ്പനിയുടേതായി നിലവില്‍ ആസ്തികളൊന്നുമില്ല. ചില ഷോറൂമുകളുടെ ഉടമസ്ഥാവകാശം  മാറ്റിയിട്ടുണ്ട്. ഷോറൂമുകളില്‍ വില പിടിപ്പുള്ളതായി ഒന്നും കാണുന്നില്ല . ഇക്കാര്യങ്ങളിലെല്ലാം ആഴത്തിലുള്ള അന്വേഷണം വേണം.

കമറുദീന്‍ എംഎല്‍എ പദവി നിക്ഷേപം സമാഹരിക്കുന്നതിന് ഉപയോഗിച്ചിട്ടുണ്ട്. 71 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികള്‍ പല രേഖകളും മുക്കിയിരിക്കുകയാണ്. വിശദമായ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ സി.ശ്രീധരന്‍ നായര്‍  അറിയിച്ചു. കേസ് കമറുദീന്റെ മറുപടിക്കായി കോടതി മാറ്റി.

No comments:

Post a Comment