തൃക്കരിപ്പൂർ > ജ്വല്ലറിയുടെ മറവിൽ മുസ്ലിംലീഗ് നേതാക്കൾ നടത്തിയത് പാർടി അനുഭാവികളെ മാനസികമായി ബന്ദിയാക്കിയുള്ള കൊള്ള. സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി അണികളെ പറഞ്ഞു വിശ്വസിപ്പിച്ചു അവരുടെ സമ്പത്ത് പരമാവധി ഊറ്റിയെടുത്തു. ലീഗിന്റെ സമുന്നതരായ നേതാക്കളെന്ന നിലയിലാണ് വാരിക്കോരികകൊടുത്തത്. മതവും രാഷ്‌ട്രിയവും ഇടകലർത്തി പാവങ്ങളെ വിശ്വസിപ്പിച്ചു ചൂഷണം ചെയ്യുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ലീഗ് പ്രമുഖരുടെ തട്ടിപ്പ്.
നിക്ഷേപം വാങ്ങുമ്പോൾ വിറ്റൊഴിക്കലും
800 ഓളം നിക്ഷേപകരെ പെരുവഴിയിലാക്കി 150 കോടി ആവിയാക്കി മൂന്ന് ബ്രാഞ്ചും അടച്ച് പൂട്ടിയതിന് ശേഷവും 20 കോടിയോളം രൂപ പിരിച്ചെടുത്തു. അതിനിടയിൽ ജ്വല്ലറിയുടെ പേരിലുള്ള എല്ലാ സ്വത്തുകളും മറുവശത്തൂടെ കെയൊഴിഞ്ഞു. കാസർകോട്ടെയും പയ്യന്നൂരിലേയും ഭൂമിയും കെട്ടിടവും വിൽപന നടത്തി.കാഞ്ഞങ്ങാട് ആരംഭിക്കാനിരുന്ന പുതിയ ഷോറൂം ബിനാമികൾ മുഖേനെ കൈമാറി. ബംഗളുരുവിലെ ഗസ്റ്റ് ഹൗസ് ഒരു ഡയറക്ടർക്കും കൈമാറി. പയ്യന്നൂരിൽ പ്രവർത്തിച്ചിരുന്ന ഷോറൂം കെട്ടിടമാണ് ഒടുവിൽ വിറ്റത്. പ്രശ്‌നം കത്തി നിൽക്കുമ്പോൾ ജൂലൈ 13 ന് പയ്യന്നൂർ സബ് രജിസ്ട്രാർ ഓഫീസിൽ വച്ചാണ് എട്ട് പേർക്ക് കൈമാറിയത്.
ഈ ഭൂമിയാവട്ടെ കവ്വായി സ്വദേശി പയ്യന്നൂർ കോടതിയിലും കള്ളാർ സ്വദേശികളായ രണ്ട് പേർ പയ്യന്നൂർ, ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിലും സിവിൽ കേസിൽ ബന്ധിപ്പിച്ചതാണ്. അനുരഞ്ജന ചർച്ചയിൽ പയ്യന്നൂരിലെ കേസ് പിൻവലിച്ചെങ്കിലും ഹൊസ്ദുർഗിൽ നിലനിൽക്കുന്നു. കാസർകോട് താലൂക്കിൽ ചെയർമാൻ ഖമറുദ്ദീൻ, ഡയറക്ടർ ടി കെ പൂക്കോയ തങ്ങൾ എന്നിവരുടെ പേരിൽ 2016ൽ 3419 നമ്പർ പ്രകാരം റജിസ്റ്റർ ചെയ്ത17.7 ഹെക്ടർ ഭൂമിയാണ് 15 കോടിയിലേറെ രൂപക്ക് വിൽപന നടത്തിയത്. സെന്റിന് 30 ലക്ഷം രൂപ മാർക്കറ്റ് വിലയുള്ള ഭൂമി ജനുവരി 25നാണ് കൈമാറ്റം ചെയ്തതത്. ഈ തുക മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ചെലവിന്റെ ബാധ്യത തീർക്കാൻ ഉപയോഗിച്ചുവെന്നാണ് എംഎൽഎയുമായി അടുപ്പമുള്ളവർ പറയുന്നത്.
കാഞ്ഞങ്ങാട്ടെ ഭൂമിയും മൂന്ന് നില കെട്ടിടവും മാർച്ച് അഞ്ചി-നാണ് അതീവ രഹസ്യമായി കൈമാറിയത്. കാഞ്ഞങ്ങാട്ട് അജാനൂർ വില്ലേജിൽ തെക്കേപ്പുറം മുസ്ലിം ജമാഅത്ത് പള്ളിക്ക് തെക്ക് കാഞ്ഞങ്ങാട്‐-- കാസർകോട് കെഎസ്ടിപി റോഡിന് പടിഞ്ഞാറു ഭാഗത്തുള്ള ഏഴരസെന്റ് ഭൂമി എംഎൽഎയടക്കം മൂന്ന് പേരുടെ കൈയിലായിരുന്നു. ജ്വല്ലറി പൂട്ടിതുടങ്ങിയപ്പോൾ അവരിൽ ഒരാളുടെ ഭാര്യ സഹോദരന്റെ പേരിലേക്ക് ഏഴ്‌മാസം മുമ്പ് മാറ്റി. 2019 നവംബർ 22-നായിരുന്നു ആദ്യകൈമാറ്റം. അവരുടെ കൈയിൽ നിന്നാണ് ഇപ്പോൾ പ്രശ്‌സതമായ ജ്വല്ലറി ഏറ്റെടുത്തത്. ഏഴര സെന്റ് ഭൂമിക്ക് 64 ലക്ഷം രൂപയാണ് കാണിച്ചിട്ടുള്ളത‌്. വ്യാപാരം ഉറപ്പിച്ചതാകട്ടെ 3.28 കോടി രൂപയ‌്ക്കും.
ജ്വല്ലറിയിൽനിന്ന് സ്വർണവും പണവും വാരി
ഇതിനിടയിൽ കഴിയുന്നവരൊക്കെ ജ്വല്ലറിയിൽനിന്ന് സ്വർണവും പണവും വാരി. ഫാഷൻ ഗോൾഡ് എംഡിയുടെ മകനും പിലിക്കോട് പഞ്ചായത്തംഗമായ ഒരു യൂത്ത് ലീഗ് നേതാവും ചേർന്ന് നടത്തുന്ന സ്വർണ മൊത്ത വ്യാപാര സ്ഥാപനം ഫാഷൻ ഗോൾഡിന്റെ 20 കോടിയിലേറെ രൂപ മുക്കിയതായാണ് പുറത്തുവന്ന വിവരം. പയ്യന്നൂരിലെ ജ്വല്ലറിയിൽ നിന്ന് രണ്ട് ഡയരക്ടർമാർ അഞ്ചരകിലോ സ്വർണം കടത്തികൊണ്ടുപോയി. കാസർകോട് നിന്ന് കുടകിലേക്ക് ചെയർമാന്റെ അനുചരൻ അഞ്ചരകിലോ കൊണ്ടുപോയി. ചുരുക്കി പറഞ്ഞാൽ ലീഗ് നേതാക്കളും അവരുമായി ബന്ധമുള്ളവരും ചേർന്നു ജ്വല്ലറിയിൽ നടത്തിയത് കാട്ടുകൊള്ളയായിരുന്നു. ലീഗിലെ പല നേതാക്കളുടെ കൈയിലും ഫാഷൻ ഗോൾഡിലെ പണവും സ്വർണവും എത്തി. അതിനാലാണ് ഖമറുദ്ദീനിനെ കൈയൊഴിയാൻ നേതൃത്വത്തിന് മടി.
പി മഷൂദ്
No comments:
Post a Comment