Wednesday, September 16, 2020

ജ്വല്ലറിതട്ടിപ്പിൽ രക്ഷപ്പെടാമെന്ന്‌ കരുതേണ്ട; കമറുദ്ദീന്റെ കേസ് ഗൗരവമുള്ളത്‌: മുഖ്യമന്ത്രി

 തിരുവനന്തപുരം > എം സി കമറുദ്ദീൻ എംഎൽഎ ഉൾപ്പെട്ട ജ്വല്ലറി തട്ടിപ്പുകേസ്‌ ഗൗരവമുള്ളതാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎയുടെ അനുയായികൾ ഉൾപ്പെടെ വഞ്ചനയാണെന്ന്‌ പരാതിപ്പെട്ടിട്ടുണ്ട്‌. നേതൃത്വത്തെ വിശ്വസിച്ചാണ്‌ ചെയ്‌തതെന്നാണ്‌ റിപ്പോർട്ട്‌.

ഇക്കാര്യത്തിൽ കേസന്വേഷണം വിട്ടുവീഴ്‌ചയില്ലാതെ മുന്നോട്ടുപോകും. ആരും രക്ഷപ്പെട്ടുകളയാമെന്ന്‌ കരുതേണ്ട. ഇത്തരത്തിൽ പണം തട്ടിയെടുത്ത്‌ മറ്റിടങ്ങളിൽ കൊണ്ടുപോയി നിക്ഷേപിച്ച്‌ രക്ഷപ്പെടാമെന്ന്‌ കരുതുന്നവരുണ്ട്‌. അങ്ങനെയൊന്നും രക്ഷപ്പെടാൻ പോകുന്നില്ലെന്ന്‌ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്‌ മുഖ്യമന്ത്രി പ്രതികരിച്ചു.

ഖുറാന്‍ കൊടുക്കുന്നത് തെറ്റായി ബിജെപിക്ക് തോന്നാം, ലീഗിന് തോന്നണോ; ജലീലിനോട് ചിലര്‍ക്ക് ഒരുകാലത്തും മാറാത്ത പക: മുഖ്യമന്ത്രി

തിരുവനന്തപുരം> ഖുർആനെ പോലെ വിശുദ്ധഗ്രന്ഥം വിശ്വാസികൾക്ക്‌ നൽകുന്നത്‌ ബിജെപിക്ക് തെറ്റായി തോന്നാം. എന്നാൽ, മുസ്ലിംലീഗിന് അങ്ങനെ തോന്നണോ എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഖുർആൻ വിശ്വാസികൾക്ക്‌ പ്രധാനമാണ്‌. അത്‌ വിതരണം ചെയ്യുന്നത്‌ തെറ്റായി കാണാനാകില്ല. അത്‌ ബിജെപിക്ക്‌ തോന്നാം. എന്നാൽ അതേ വികാരത്തോടെ ലീഗും എടുക്കണോ.

കെ ടി ജലീലാകുമ്പോൾ ഖുർആൻ ആയാലും തൊട്ടുകൂടെന്ന രീതിയിലേക്ക്‌ ലീഗ്‌ മാറുന്നു.  ജലീലിനെതിരെ ആക്ഷേപമുന്നയിച്ച്‌ കേരളത്തിന്റെ പൊതു അന്തരീക്ഷം അട്ടിമറിക്കാനാണ്‌ ശ്രമം. ബിജെപിക്കും ലീഗിനും ഒരേരീതിയിൽ കാര്യങ്ങൾ നീക്കാൻ കഥാപാത്രത്തെ സൃഷ്ടിക്കുകയാണ്‌. ഇരുകൂട്ടർക്കും അവരുടേതായ ഉദ്ദേശ്യങ്ങളുണ്ട്‌. അതിനായി നാട്‌ കുട്ടിച്ചോറാക്കാൻ ശ്രമിക്കുന്നവർ ഇത്‌ കേരളമാണെന്ന്‌ ഓർക്കണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

കെ ടി ജലീൽ ഒരു തെറ്റും ചെയ്‌തിട്ടില്ലെന്ന്‌ സമൂഹത്തിന്‌ ബോധ്യമുണ്ട്‌. മന്ത്രിതന്നെ ഇക്കാര്യത്തിൽ വേണ്ടത്ര വ്യക്തത വരുത്തിയിട്ടുണ്ട്‌. ജലീൽ എൽഡിഎഫിനൊപ്പം വന്നതുമുതൽ ചിലർക്ക് അദ്ദേഹത്തോട്‌ പകയാണ്‌. അത്‌ ഒരുകാലത്തും ചിലർക്ക്‌ വിട്ടുമാറുന്നില്ല. അതിന്റെ കൂടെ ചേർന്നവരുടെ ഉദ്ദേശ്യം വ്യക്തമാണ്‌. സമരസപ്പെട്ടുപോകാൻ പ്രയാസമുണ്ടെന്നുവച്ച്‌ വ്യക്തിയെ തേജോവധം ചെയ്യാൻ പാടില്ല. ഇത്‌ രാഷ്‌ട്രീയ പ്രചാരണമല്ല. ഇല്ലാക്കഥ കെട്ടിച്ചമച്ച്‌ നാട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്‌. ആക്ഷേപം വന്നാൽ ഏത്‌ ഏജൻസിയും പരിശോധന നടത്തും. അതിലെന്താണ്‌ തെറ്റ്‌. കേരളത്തിൽ ഒരു മന്ത്രിയെ ചോദ്യംചെയ്യുന്നത്‌ ആദ്യമായാണോ?

ഇഡി ചോദ്യം ചെയ്തുവെന്നത് വലിയൊരു പ്രശ്നമല്ല. ഇത്തരം ചോദ്യം ചെയ്യലുകൾ കേരളത്തിൽ ആദ്യത്തേതുമല്ല. ഖുർആനും സക്കാത്തും ജലീൽ അങ്ങോട്ട്‌ ചോദിച്ചതല്ല. സാംസ്‌കാരിക രീതിയനുസരിച്ച്‌ ഇക്കാര്യത്തിൽ സഹായിക്കണമെന്ന്‌ കോൺസുലേറ്റ്‌ അദ്ദേഹത്തോട്‌  അഭ്യർഥിച്ചതാണ്‌. ഇക്കാര്യത്തിൽ രാജിവയ്‌ക്കാൻമാത്രം ജലീൽ എന്ത്‌ തെറ്റുചെയ്‌തുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചോദിച്ചു.

കോവിഡ് പ്രതിരോധം അട്ടിമറിച്ച് രോഗംപടർത്താൻ പ്രതിപക്ഷശ്രമം; സങ്കുചിത താൽപര്യങ്ങൾക്കായി പന്താടാനുള്ളതല്ല ജനങ്ങളുടെ ജീവൻ: മുഖ്യമന്ത്രി

തിരുവനന്തപുരം > കോവിഡ് പടരാതിരിക്കാനുള്ള ശ്രമം നാടാകെ നടത്തുമ്പോൾ രോഗവ്യാപന തോത് വർധിപ്പിക്കാൻ ചില രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന തലസ്ഥാനത്തടക്കം പല കേന്ദ്രങ്ങളിലും പ്രതിപക്ഷം കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാൻ ബോധപൂർവമായ നീക്കമാണ് നടത്തിയത്. പ്രോട്ടോകോൾ ലംഘിച്ചുള്ള സമരങ്ങൾ ബഹുമാനപ്പെട്ട ഹൈക്കോടതി വിലക്കിയതാണ്. കോവിഡ്കാലത്ത് ആൾക്കൂട്ടങ്ങൾ ഉണ്ടാകരുത് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. സെക്രട്ടറിയറ്റിനു മുന്നിലെ സമരത്തെ സമരമെന്ന് പറയാനാകില്ല. കുറേ ആളുകളെ കൂട്ടിവന്നുള്ള സമരാഭാസമാണ് അതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

മാസ്‌ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും പൊതുസ്ഥലത്ത് ഇടപഴകാൻ നിയമപ്രകാരം ആർക്കും അനുവാദമില്ല. പരസ്യമായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പൊലീസിനുനേരേ ചീറിയടുക്കുന്ന കുറേ ആളുകളെയാണ് അവിടെ കണ്ടത്. അവർ സ്വന്തം സുരക്ഷയല്ല, ഈ നാടിൻറെ തന്നെ സുരക്ഷയും സമാധാനവുമാണ് നശിപ്പിക്കുന്നത്. അത്തരം നീക്കങ്ങളെ ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമരം നടത്തുന്നതിന് സർക്കാർ എതിരല്ല. എന്നാൽ, കോവിഡ് പ്രതിരോധം തകർക്കാനും അതിലൂടെ നാടിൻറെ നിയമസമാധാനത്തിനൊപ്പം ആരോഗ്യകരമായ നിലനിൽപ്പുകൂടി അട്ടിമറിക്കാനുള്ള നീക്കം ഏതു ഭാഗത്തുനിന്നും ഉണ്ടായാലും അത് തടയുന്നത് സർക്കാരിൻറെ പ്രാഥമിക ഉത്തരവാദിത്വമാണ്. സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി പന്താടാനുള്ളതല്ല ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതം. അത്തരം നീക്കങ്ങളിൽ ജനപ്രതിനിധികൾ കൂടി ഉണ്ടാകുന്നു എന്നത് നിസ്സാര കാര്യമല്ല. നാട്ടിലാകെ കോവിഡ് പരത്താനുള്ള ശ്രമത്തെ വെച്ചുപൊറുപ്പിക്കാനാവില്ല.

രോഗം പടരാതിരിക്കാൻ നാടാകെ ശ്രമിക്കുകയാണ്. അതിനുവേണ്ടി ത്യാഗപൂർണമായി മാസങ്ങളോളം നമ്മുടെ ആരോഗ്യപ്രവർത്തകർ രംഗത്തുണ്ട്. സന്നദ്ധപ്രവർത്തകരും പൊലീസും സർക്കാർ സംവിധാനങ്ങളും വിശ്രമമില്ലാതെ ഇടപെടുന്നുണ്ട്. എന്നിട്ടും രോഗവ്യാപനം നമ്മെ വിഷമിപ്പിച്ചുകൊണ്ട് തുടരുകയാണ് എന്ന വസ്തുത ഓർക്കണം. രോഗം പടർത്താനുള്ള നേരിട്ടുള്ള ശ്രമങ്ങൾ ഇവിടെ നടന്നു. അത് ഇപ്പോൾ എല്ലാ പരിധിയും വിട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്‍കരുതല്‍ പാലിക്കുന്നതില്‍ അര്‍ഥമില്ലെന്ന പ്രചരണം പാടില്ല; ഇപ്പോഴും നിയന്ത്രിതമായ അവസ്ഥയില്‍ തന്നെയാണ് നാം: മുഖ്യമന്ത്രി

തിരുവനന്തപുരം> രോഗവ്യാപനം അനിയന്ത്രിതമായെന്നും മുന്‍കരുതല്‍ പാലിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്നുമുള്ള പ്രചരണമാണ് ചിലര്‍ അഴിച്ചുവിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇനി വരുന്നിടത്ത് വച്ച് നോക്കാമെന്നാണ് ചിലര്‍ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

ഇതങ്ങേയറ്റം അപകടകരമായ ഒരവസ്ഥയാണ്. നാം ഇപ്പോള്‍ കാണുന്ന രോഗവ്യാപനം മുമ്പത്തേക്കാള്‍ വര്‍ധനവാണെന്ന് സംശയമില്ല. അപ്പോഴും ഒരു സമൂഹം എന്ന നിലക്ക് നല്ല നിലയില്‍ പ്രതിരോധിക്കാന്‍ നമുക്ക് കഴിഞ്ഞു. അല്ലെങ്കില്‍ തൊട്ടടുത്ത സംസ്ഥാനങ്ങളുടെ അവസ്ഥയിലേക്കു നമ്മള്‍ പോകുമായിരുന്നു. ആ സാഹചര്യം നമുക്കുണ്ട്.

നമ്മള്‍ പാലിച്ച ജാഗ്രതയുടെ ഫലം തന്നെയാണിത്. രോഗവ്യാപനത്തിന് ഇടയായ കാരണം പരിശോധിച്ചാല്‍ സമ്പര്‍ക്കം തന്നെയാണ്‌ പ്രധാനം. സമ്പര്‍ക്കം ഒഴിവാക്കാനാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് നേരത്തെ മുതല്‍ പറയുന്നത്. ഇപ്പോഴും നിയന്ത്രിതമായ അവസ്ഥയില്‍ തന്നെയാണ് നാം നില്‍ക്കുനന്നത്. നേരത്തെ സ്വീകരിച്ച പോലുള്ള കാര്യങ്ങള്‍ തുടരണം.

മുന്‍കരുതല്‍ പാലിക്കുന്നതില്‍ അര്‍ഥമില്ലെന്ന നിരാശാജനകമായ നിലപാടിലേക്കൊന്നും നാം എത്തിയിട്ടില്ല. മുന്‍കരുതല്‍ പാലിക്കാത്ത ചില ഇടത്ത് രോഗം കൂടി.അതിനാല്‍ കൃത്യമായി മുന്‍കരുതല്‍ പാലിച്ചുപോകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

No comments:

Post a Comment