Tuesday, November 10, 2020

30,000 ഫോൺ രേഖ പരിശോധിച്ചു ; രേഖകൾ ഭദ്രമെന്ന്‌ പൊലീസ്‌ റിപ്പോർട്ടും

കേന്ദ്ര അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ട സുപ്രധാന രേഖകളൊന്നും സെക്രട്ടറിയറ്റിലെ തീപിടിത്തത്തിൽ നശിച്ചിട്ടില്ലെന്ന്‌ പൊലീസ്‌ റിപ്പോർട്ടും. അവയെല്ലാം സുരക്ഷിതമായി സൂക്ഷിച്ചതായും എഡിജിപി മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള  പ്രത്യേക പൊലീസ്‌ സംഘം തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്‌. 4830 ഫിസിക്കൽ ഫയൽ (പേപ്പർ ഫയൽ) പരിശോധിച്ചാണ്‌ ഈ കണ്ടെത്തൽ. ആവശ്യപ്പെട്ട ഫയലുകൾ ലഭിച്ചതായി എൻഐഎ , കസ്റ്റംസ്‌, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌  ( ഇഡി) എന്നിവ നൽകിയ രേഖയും പൊലീസിന്‌ ലഭിച്ചു. ഇതോടെ പ്രതിപക്ഷവും ചില മാധ്യമങ്ങളും കെട്ടിപ്പൊക്കിയ വലിയൊരു കള്ളം വീണ്ടും പൊളിഞ്ഞു.

സുപ്രധാന രേഖകളൊന്നും കത്തിയിട്ടില്ലെന്ന്‌ ഐഎഎസ്‌ ഓഫീസർ കൗശികിന്റെ നേതൃത്വത്തിലുള്ള സംഘവും റിപ്പോർട്ട്‌ നൽകിയിരുന്നു. ആവശ്യപ്പെട്ട 13 രേഖയും കൈപ്പറ്റിയതിന്‌ എൻഐഎയും ഇഡിയും  നൽകിയ റസീറ്റ്‌ ദേശാഭിമാനിയും പ്രസിദ്ധീകരിച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കാൻ സെക്രട്ടറിയറ്റിന്‌ തീയിട്ടുവെന്നായിരുന്നു യുഡിഎഫും ബിജെപിയും പ്രചരിപ്പിച്ചത്‌. 

ആഗസ്‌ത്‌ 25ന്‌ വൈകിട്ട്‌ 4.40നാണ്‌ സെക്രട്ടറിയറ്റിലെ  ജിഎഡി പൊളിറ്റിക്കൽ ഓഫീസിൽ തീപിടിത്തമുണ്ടായത്‌. 20ൽ താഴെ അപ്രധാനമായ ഫയലും ചില ഗസറ്റ്‌ വിജ്ഞാപനവുമാണ്‌ ഭാഗികമായി കത്തിയത്‌. ഈ പേപ്പറുകൾ മെഡിക്കൽ കോളേജ്‌ ട്രഷറിയിൽ സൂക്ഷിച്ചിട്ടുണ്ട്‌. 

ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, ഫോറൻസിക്‌ സയൻസ്‌ ലാബ്‌ വിദഗ്‌ധർ, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെടെ 98 സാക്ഷികളിൽനിന്ന്‌ പൊലീസ്‌ വിവരം ശേഖരിച്ചു. പ്രവേശനഭാഗത്തെ സിസിടിവിയുടെ  48 മണിക്കൂറിലെ ഫൂട്ടേജ്‌ പരിശോധിച്ചു.

ദൃശ്യത്തിലുണ്ടായിരുന്ന 222 പേരിൽനിന്ന്‌ വിവരങ്ങൾ ശേഖരിച്ചു. ഓഫീസിലെ എല്ലാ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്‌തു.  തീപിടിത്തദിവസം സെക്രട്ടറിയറ്റ് പരിസരത്തെ മൊബൈൽ ടവറിന്‌ കീഴിലുണ്ടായിരുന്ന 30,000  ഫോൺ കോളും പരിശോധിച്ചു.

റഷീദ‌് ആനപ്പുറം

No comments:

Post a Comment