തിരുവനന്തപുരം > ആഗസ്റ്റ് 25ന് സെക്രട്ടറിയേറ്റിലെ പൊതുഭരണ (പൊളിറ്റിക്കൽ) വകുപ്പിൽ ഉണ്ടായ അഗ്‌നിബാധ സംബന്ധിച്ച് ചില ദിനപത്രങ്ങളിൽ ബോധപൂർവ്വം തെറ്റിധാരണാജനകമായ വാർത്തകൾ പ്രസിദ്ധീകരിച്ചവർക്കെതിരെ നടപടിയെടുക്കുന്നതിന് നിയമോപദേശം തേടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിച്ചതിന് ക്രിമിനൽ നടപടി ചട്ടം 199 (2) പ്രകാരം കേസ് ഫയൽ ചെയ്യാൻ അഡ്വക്കേറ്റ് ജനറലിൻറെ നിയമോപദേശം തേടും. അപകീർത്തികരമായ വാർത്ത സംബന്ധിച്ച് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്കും ഇക്കാര്യത്തിൽ അധികാരമുള്ള മറ്റ് സ്ഥാപനങ്ങൾക്കും പരാതി നൽകാനും സർക്കാർ തീരുമാനിച്ചു.
വ്യവസായങ്ങൾക്ക് ലൈസൻസ് നൽകുന്ന പ്രക്രിയ ലളിതവും കാര്യക്ഷമവുമാക്കാൻ 2019-ലെ കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ആക്ട് ഭേദഗതി ചെയ്യുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. ഏഴു പ്രവൃത്തി ദിവസത്തിനകം എല്ലാ ലൈസൻസുകളും അനുവദിക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. സംരംഭകർ നടപടിക്രമങ്ങൾ ഒരു വർഷത്തിനകം പൂർത്തിയാക്കിയാൽ മതി. ഇതു സംബന്ധിച്ച കരടു ബിൽ മന്ത്രിസഭ അംഗീകരിച്ചു.
കേരള സമുദ്ര മത്സ്യസമ്പത്തിൻറെ സംരക്ഷണത്തിനും ശാസ്ത്രീയ പരിപാലനത്തിനും ശക്തമായ നടപടി സ്വീകരിക്കുന്നതിന് കേരള സമുദ്രമത്സ്യനിയന്ത്രണ നിയമത്തിൽ (1980) ഭേദഗതി വരുത്താൻ ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.
ഡോ. അഖിൽ സി ബാനർജിയെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസഡ് വൈറോളജി ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു. ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയിൽ എമിററ്റസ് സയൻറിസ്റ്റാണ് ഇപ്പോൾ അദ്ദേഹം.
കേരള ഫോക്ലോർ അക്കാദമിയിലെ സർക്കാർ അംഗീകാരമുള്ള തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ധനകാര്യ വകുപ്പ് നിർദേശിച്ച വ്യവസ്ഥകൾക്ക് വിധേയമായി പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യം നൽകാൻ തീരുമാനിച്ചു.
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിലെ 39 സർക്കാർ അംഗീകൃത തസ്തികകളിലെ ജീവനക്കാർക്ക് ധനകാര്യ വകുപ്പ് നിർദേശിച്ച വ്യവസ്ഥകൾക്ക് വിധേയമായി പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യം നൽകാൻ തീരുമാനിച്ചു.
സമരക്കാരിൽ നിരവധിപേർക്ക് കോവിഡ്; ഇവരുടെ സമ്പർക്ക ലിസ്റ്റിന് കണക്കില്ല
തിരുവനന്തപുരം > സെപ്തംബർ 11 മുതൽ സംസ്ഥാനത്ത് നടന്നുവരുന്ന സമരങ്ങളിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാർടി പ്രവർത്തകരിലും നേതാക്കളിലും നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം സിറ്റിയിൽ നാലു പേർക്കും തിരുവനന്തപുരം സിറ്റിയിൽ മൂന്നു പേർക്കും തൃശൂർ റൂറലിൽ രണ്ട് പേർക്കും ആലപ്പുഴ, കോഴിക്കോട് റൂറൽ, തിരുവനന്തപുരം റൂറൽ എന്നീ ജില്ലകളിൽ ഒരാൾക്ക് വീതവും രോഗം സ്ഥിരീകരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്.
സമരത്തിൽ പങ്കെടുത്ത കൂടുതൽ പേർക്ക് രോഗബാധയുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിൻറെ കൃത്യമായ എണ്ണം തൽക്കാലം ലഭ്യമായിട്ടില്ല. സുരക്ഷാ പ്രോട്ടോകോൾ പാലിക്കാതെ സമരത്തിനിറങ്ങിയ ഇവരിൽനിന്ന് എത്ര പേർക്ക് രോഗം പടർന്നു എന്നതും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
No comments:
Post a Comment