സെക്രട്ടറിയറ്റ് പൊളിറ്റിക്കൽ വിഭാഗത്തിലെ തീപിടിത്തത്തിന് കാരണമായ കത്തിയ ഫാനും എംസിബിയും അനുബന്ധ ഉപകരണങ്ങളും പൊലീസ് സൂക്ഷ്‌മപരിശോധനയ്‌ക്ക് ദേശീയ ലാബിൽ അയക്കുന്നു. സൂക്ഷ്‌മപരിശോധനയ്‌ക്കുള്ള സൗകര്യം കേരള പൊലീസിന്റെ ലാബിലില്ലെന്ന ഫോറൻസിക് ഉദ്യോഗസ്ഥരുടെ മൊഴികൂടി പരിഗണിച്ചാണ് ഇത്. ഫാനിലെ ഇൻസുലേഷനടക്കം കൊച്ചിയിലെ നാഷണൽ ലാബിൽ ‘ഓഗർ ഇലക്‌ട്രോൺ സ്‌പെക്‌ട്രോസ്‌കോപ്പി’ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഉടൻ റിപ്പോർട്ട് നൽകും.
ഫിസിക്സ് വിഭാഗം സയന്റിഫിക് ഓഫീസർ സഹ്റ മുഹമ്മദ്, കെമിസ്ട്രി വിഭാഗം ഓഫീസർ എൻ സബീന എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസം അന്വേഷണസംഘം രേഖപ്പെടുത്തി. ഫാനിന്റെ മോട്ടോറും അനുബന്ധ സാമഗ്രികളും പൂർണമായും കത്തിനശിച്ചതിനാൽ മറ്റ് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനായില്ലെന്ന് സഹ്‌റ മൊഴി നൽകി. തീപിടിത്തമുണ്ടായ സ്ഥലത്തുനിന്ന് കണ്ടെത്തിയ വസ്തുക്കൾ വിശദമായി പരിശോധിച്ചു. അമിതമായി ചൂടാകുമ്പോഴോ ഷോർട്ട് സർക്യൂട്ട് ഉണ്ടാകുമ്പോഴോ ആണ് എംസിബി ട്രിപ് ആകുന്നതെന്നും മൊഴിയിലുണ്ട്. ഷോർട്ട് സർക്യൂട്ടല്ല തീപിടിത്ത കാരണമെന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ കണ്ടെത്തിയെന്ന പ്രചാരണം ഇതോടെ പൊളിഞ്ഞു. തീപിടിത്തത്തിനു കാരണമായ ഫാനിന്റെയും അനുബന്ധ വസ്തുക്കളുടെയും ക്ലാസ് ഓഫ് ഇൻസുലേഷൻ പരിശോധിക്കാനുള്ള സംവിധാനം ലാബിൽ ഇല്ലെന്നും സഹ്‌റ മൊഴി നൽകി.
തീപിടിത്തത്തിന് കാരണമാകുന്ന മണ്ണെണ്ണയോ പെട്രോളോ ഉൾപ്പെടെയുള്ള വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നാണ് സബീനയുടെ മൊഴി. അത്തരം എന്തെങ്കിലും വസ്തുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിൽ പരിശോധനയിൽ കെണ്ടത്താനാകും. സാനിറ്റൈസ് ചെയ്യാൻ ഉപയോഗിക്കുന്ന സോഡിയം സാന്നിധ്യം ഇവിടെയുണ്ടായിരുന്നെങ്കിലും അത് തീപിടിത്തത്തിന് കാരണമാകില്ലെന്നും അവർ മൊഴി നൽകി. ഇതോടെ മനഃപൂർവം തീവച്ചെന്ന ചിലരുടെ ആരോപണവും പൊളിഞ്ഞു.
ഫോറൻസിക് വിഭാഗം ശേഖരിച്ച ഫാൻ ഉൾപ്പെടെയുള്ള സാമ്പിളുകളുടെ സൂക്ഷ്‌മ പരിശോധനയ്‌ക്കുള്ള സംവിധാനം സംസ്ഥാന പൊലീസിനില്ലെന്ന് നേരത്തേ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
No comments:
Post a Comment