Thursday, December 6, 2012

അരിവില 43 രൂപവരെയായി


പൊതുവിതരണ സംവിധാനം നിശ്ചലമായതിനെത്തുടര്‍ന്ന്  സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ അരിവിലയില്‍ റെക്കോഡ് കുതിപ്പ്. ബ്രാന്റഡ് മട്ട അരിയുടെ വില മൊത്തവിപണിയില്‍ 10 രൂപവരെ ഉയര്‍ന്ന് 41 രൂപയിലെത്തി. ഇതിന്റെ ചില്ലറ വില്‍പ്പന വില 43 രൂപവരെയാകും. എല്ലാത്തരം അരിയുടെയും വില അഞ്ചുരൂപവരെ കൂടിയിട്ടുണ്ട്. റേഷന്‍കടയും മാവേലി സ്റ്റോറും കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനശാലകളും ശൂന്യമായതോടെയാണ് അരിവില കുതിച്ചത്.

രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം ചാലക്കമ്പോളത്തില്‍ 30-31 രൂപയായിരുന്ന ബ്രാന്റഡ് അരിവില വ്യാഴാഴ്ച 41 രൂപയായി. ചില്ലറ വില 43ഉം. സാധാരണ മട്ടഅരിക്കും 36 രൂപവരെ വിലയുണ്ട്. കഴിഞ്ഞയാഴ്ച 31 രൂപയായിരുന്നു ചാലയില്‍ ഇതിന്റെ വില. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള അരിവരവ് നിലച്ചതാണ് അരിവിലയുടെ കുതിപ്പിനു കാരണമായി മൊത്തവ്യാപാരികള്‍ പറയുന്നത്. കര്‍ണാടകത്തില്‍ നെല്ലിന്റെ വില ഉയര്‍ന്നത് വന്‍കിട അരിക്കമ്പനികളെ ബാധിച്ചിട്ടുണ്ട്. കിലോയ്ക്ക് 10 രൂപയായിരുന്ന നെല്ലിന് ഇപ്പോള്‍ 24.50 രൂപവരെ വന്‍കിട മില്ലുകാര്‍ നല്‍കേണ്ടിവരുന്നു. ഇത് എല്ലാ ബ്രാന്റഡ് അരിയുടെയും വില കുത്തനെ വര്‍ധിക്കാന്‍ ഇടയാക്കി. ആന്ധ്രയില്‍നിന്നുള്ള അരിയുടെ വരവ് കുറഞ്ഞത് ജയ, കുറുവ തുടങ്ങിയ ഇനങ്ങളുടെ വിലയും ഉയരാന്‍ ഇടയാക്കുന്നു. ഇവയുടെ മൊത്തവില രണ്ടു രൂപയോളം വര്‍ധിച്ച് 31 രൂപവരെ എത്തിയിട്ടുണ്ട്.

ലോറിവാടകയിലെ വര്‍ധനയും അരിവിലയില്‍ പ്രതിഫലിക്കുന്നു. വില കുതിച്ചതോടെ അരിയുടെ പൂഴ്ത്തിവയ്പും സജീവമായി.ഇത് വില വീണ്ടും ഉയരാന്‍ ഇടയാക്കും. പരിശോധന പൂര്‍ണമായി നിലച്ചതും വിപണിയെ പൊള്ളിക്കുന്നു. പൊതുവിപണിയില്‍ നടത്തുന്ന റെയ്ഡിന്റെ കണക്ക് എല്ലാമാസവും താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്കും അവര്‍ സിവില്‍ സപ്ലൈസ് കമീഷണര്‍ക്കും കൈമാറണം. എന്നാല്‍, അനൂപ് ജേക്കബ് മന്ത്രിയായതിനുശേഷം സംസ്ഥാനത്ത് ഒറ്റ പരിശോധനപോലും നടന്നിട്ടില്ല. സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായമാകെ സ്തംഭിച്ചിരിക്കുകയാണ്. എഎവൈ കാര്‍ഡുകാര്‍ക്കുള്ള അരിമാത്രമാണ് റേഷന്‍കടകളിലുള്ളത്. എപിഎല്‍-ബിപിഎല്‍ കാര്‍ഡുകാര്‍ക്കുള്ള സ്റ്റോക്ക് ഇനിയും എടുത്തിട്ടില്ല. മണ്ണെണ്ണയും എത്താത്തതിനാല്‍ റേഷന്‍കടകള്‍ കാലി. മാവേലി സ്റ്റോറുകളില്‍ ശരാശരി രണ്ടാഴ്ച കൂടുമ്പോഴാണ് അരിയെത്തുന്നത്. പത്തുചാക്ക് അരിയാണ് പരമാവധി നല്‍കുക. രണ്ടു മണിക്കൂറിനുള്ളില്‍ അത് തീരും. നഗരങ്ങളിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍പോലും സബ്സിഡി അരി കിട്ടുന്നില്ല.

deshabhimani 071212

സൈന്‍ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിക്കണമെന്ന ആവശ്യം കോടതി തള്ളി


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കെതിരെ 500 കോടി രൂപയുടെ അഴിമതി ആരോപണം ഉയര്‍ന്ന സൈന്‍ബോര്‍ഡ് അഴിമതിക്കേസ് എഴുതിത്തള്ളാനുള്ള സര്‍ക്കാര്‍നീക്കം കോടതി തടഞ്ഞു. കേസ് എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തള്ളി. കേസില്‍ തുടരന്വേഷണം നടത്താനും വിജിലന്‍സ് പ്രത്യേക ജഡ്ജി എസ് മോഹന്‍ദാസ് ഉത്തരവിട്ടു. തുടരന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് ആറിനകം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ കേസ് പിന്‍വലിക്കുന്നതായാണ് കോടതിയെ വിജിലന്‍സ് അറിയിച്ചത്.

കേസ് എഴുതിത്തള്ളുന്നതിനെതിരെ അഡ്വ. നെയ്യാറ്റിന്‍കര നാഗരാജും ഹര്‍ജി നല്‍കിയിരുന്നു. സൈന്‍ബോര്‍ഡ് സ്ഥാപിക്കാനുള്ള കരാറിന്റെ മറവില്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടി 500 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് മുന്‍ മന്ത്രി ടി എം ജേക്കബ് നിയമസഭയില്‍ ഉള്‍പ്പെടെ ആരോപണമുന്നയിച്ച് കോളിളക്കം സൃഷ്ടിച്ച കേസാണിത്. സംസ്ഥാനത്തെ ദേശീയപാത ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളില്‍ സൈന്‍ബോര്‍ഡ് സ്ഥാപിക്കാന്‍ കേന്ദ്രനിയമങ്ങള്‍ ലംഘിച്ച് ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കി എന്നാണ് കേസ്. 2004ലാണ് കേസില്‍ വിജിലന്‍സ് എഫ്ഐആര്‍ ഇട്ടത്. നാഷണല്‍ ഹൈവേ ചീഫ് എന്‍ജിനിയര്‍ പി സി കുട്ടപ്പന്‍, നാഷണല്‍ ഹൈവേ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ചീഫ് എന്‍ജിനിയര്‍ ജോസഫ് മാത്യു, കരാറുകാരന്‍ കൊച്ചി പടിയത്ത് ഡെയറി പ്രോഡക്ട് പ്രൈവറ്റ് ലിമിറ്റഡ് എംഡി ഹബീബ് റഹ്മാന്‍ എന്നിവരാണ് വിജിലന്‍സ് ചാര്‍ജ് ചെയ്ത കേസിലെ പ്രതികള്‍. 2006ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അധികാരത്തില്‍ നിന്ന് ഒഴിയുന്നതിന് തൊട്ടുമുമ്പ് കേസ് പിന്‍വലിക്കാന്‍ ഉത്തരവിട്ടെങ്കിലും അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മ നിരസിച്ചു. തുടര്‍ന്ന് കേസ് പുരോഗമിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി തേടി സര്‍ക്കാരിന് അപേക്ഷ നല്‍കിയെങ്കിലും വീണ്ടും മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി അനുമതി നല്‍കിയില്ല. സൈന്‍ബോര്‍ഡ് സ്ഥാപിക്കുന്നതിന് കരാറുകാരന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ജിനിയര്‍ പി സി കുട്ടപ്പനാണ് കരാര്‍ നല്‍കിയത്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് നല്‍കിയ മാര്‍ഗനിര്‍ദേശം ലംഘിച്ചായിരുന്നു കരാര്‍.

ഇതിനുശേഷം, പ്രതിയായ ജോസഫ് മാത്യു അപേക്ഷപോലും ക്ഷണിക്കാതെ 310 ഇരുമ്പുതൂണില്‍ ഘടിപ്പിച്ച സൈന്‍ബോര്‍ഡുകള്‍ വയ്ക്കാനും അനുമതി നല്‍കി. സൈന്‍ബോര്‍ഡില്‍ പരസ്യം നല്‍കി കൂടുതല്‍ തുക വാഗ്ദാനം ചെയ്യുന്നയാള്‍ക്ക് കരാര്‍ നല്‍കണം, ആറുമാസത്തിനുള്ളില്‍ ബോര്‍ഡ് വയ്ക്കണം, അഞ്ചുവര്‍ഷമാണ് കരാര്‍ കാലാവധി എന്നിങ്ങനെയാണ് കേന്ദ്രനിര്‍ദേശം. ഈ നിര്‍ദേശം നിലവിലിരിക്കെ ജോസഫ് മാത്യു 30 വര്‍ഷത്തേക്ക് കരാര്‍ നീട്ടിക്കൊടുത്തു. ജോസഫ് മാത്യുവിന് അധികാരമില്ലാത്ത തദ്ദേശവകുപ്പിന് കീഴിലെ സ്ഥലങ്ങളിലും ബോര്‍ഡ് വയ്ക്കാന്‍ അനുമതി നല്‍കി. നിര്‍ദേശങ്ങള്‍ മറികടന്ന് അങ്കമാലി, കളമശേരി, ഇടപ്പള്ളി, കാക്കനാട്, വൈറ്റില, അരൂര്‍, കഴക്കൂട്ടം, കേശവദാസപുരം, ഓവര്‍ബ്രിഡ്ജ് എന്നിവിടങ്ങളില്‍ പതിനഞ്ച് സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് പി സി കുട്ടപ്പന്‍ അനുമതി നല്‍കിയത്. തുടര്‍ന്നാണ് ജോസഫ്മാത്യു 310 സൈന്‍ബോര്‍ഡുകള്‍ക്ക് അനുമതി നല്‍കിയത്. അടുത്തവര്‍ഷം വീണ്ടും 30 വര്‍ഷത്തേക്ക് കരാര്‍ പുതുക്കി നല്‍കുകയായിരുന്നു.

deshabhimani

സര്‍ക്കാരിന് മര്‍മത്ത് കിട്ടിയ പ്രഹരം


പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ പ്രതിയാക്കിയ ഭൂമിദാനക്കേസിലെ ഹൈക്കോടതി വിധികളും നിരീക്ഷണങ്ങളും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് മര്‍മത്ത് കിട്ടിയ പ്രഹരം. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേചെയ്തെങ്കിലും ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും എതിരെയുള്ള കോടതി നിരീക്ഷണത്തിന്റെ ആഘാതം കുറയുന്നില്ല. കോടതിയെ മാനിക്കുന്ന ഭരണക്കാരായിരുന്നെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിയോ അല്ലെങ്കില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സ്ഥാനമൊഴിയലോ നടന്നേനേ. അത്ര കടുത്ത കുറ്റാരോപണമാണ് സംസ്ഥാന സര്‍ക്കാരിനെതിരെ 54 പേജുള്ള വിധിന്യായത്തില്‍ ഹൈക്കോടതി നിരത്തിയത്.

വി എസിനെ പ്രതിപ്പട്ടികയില്‍നിന്ന് നീക്കിയ ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്തെങ്കിലും സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിയമപ്രക്രിയയില്‍ ഒരു കേസിന്റെ എഫ്ഐആര്‍ റദ്ദാക്കുക എന്നത് അപൂര്‍വമാണ്. അതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് മൂന്നു കാരണമാണ്. 1. രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാന്‍ വിജിലിന്‍സിനെയും ഭരണ സംവിധാനത്തെയും സംസ്ഥാന സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തി. 2. രാഷ്ട്രീയ എതിരാളികളുടെ വായടപ്പിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലാതെ കേസില്‍ പ്രതിയാക്കുന്നു. 3. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അധികാരദുര്‍വിനിയോഗം എന്ന വകുപ്പ് ഉപയോഗിക്കുംമുമ്പ് സ്വീകരിക്കേണ്ട പരിശോധനകള്‍ നടത്തിയിട്ടില്ല. ഇങ്ങനെ രൂക്ഷമായ ഒരു കുറ്റപത്രം ഹൈക്കോടതിയില്‍നിന്ന് കിട്ടിയതിലൂടെ സര്‍ക്കാര്‍ ഉടുതുണി നഷ്ടമായ അവസ്ഥയിലാണ്. വി എസിനെ പ്രതിയാക്കി ഉടനെ കുറ്റപത്രം നല്‍കരുതെന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവും സര്‍ക്കാരിന് മറ്റൊരു പ്രഹരമാണ്. ഭരണസംവിധാനം ദുരുപയോഗപ്പെടുത്തി രാഷ്ട്രീയ പ്രതിയോഗികളെ അഴിമതിക്കേസില്‍ കുരുക്കുക എന്നത് ഒരു രാഷ്ട്രീയകലയായി വികസിപ്പിച്ച കോണ്‍ഗ്രസ് നേതാവാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അത് എങ്ങനെയെന്ന് അദ്ദേഹം ആദ്യം മുഖ്യമന്ത്രിയായ വേളയില്‍ത്തന്നെ തെളിയിച്ചു. അതിന്റെ ഫലമാണ് ചില സിബിഐ കേസുകള്‍. ആ ശൈലി തുടരുന്നതിന് കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്ക് കിട്ടിയിരിക്കുന്ന വിശ്വസ്ത കൂട്ടാളിയാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍. ടിപി ചന്ദ്രശേഖരന്‍, ഫൈസല്‍, ഷുക്കൂര്‍, അഞ്ചേരി ബേബി തുടങ്ങിയ വധക്കേസുകളുടെ മറവില്‍ ഡസന്‍കണക്കിനു പൊതുപ്രവര്‍ത്തകരെ കാരാഗൃഹത്തില്‍ തള്ളിയിരിക്കുന്നത് ഭരണയന്ത്രം ദുരുപയോഗപ്പെടുത്തിയാണ്. മുന്‍ മന്ത്രിമാരെ വിജിലന്‍സ് കേസില്‍ കുരുക്കാനും ശ്രമിക്കുന്നു. അതേസമയം, ഇതേ വിജിലന്‍സിനെയും നിയമസംവിധാനത്തെയും ഉപയോഗപ്പെടുത്തി സ്വന്തം അഴിമതിക്കേസുകളില്‍നിന്ന് രക്ഷപ്പെടാനും നോക്കുന്നു. പാമൊലിന്‍ കേസില്‍ അത് കണ്ടു. എന്നാല്‍, സൈന്‍ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിക്കാനുള്ള വിജിലന്‍സിന്റെ നീക്കത്തിന് തിരിച്ചടിയായി തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വ്യാഴാഴ്ചത്തെ ഉത്തരവ്. ഹൈക്കോടതിയുടെയും വിജിലന്‍സ് കോടതിയുടെയും ഒരേ ദിവസംതന്നെ വന്ന ഉത്തരവുകളിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇരട്ട പ്രഹരത്തിനിരയായി. പക്ഷേ, പ്രതിഛായ തകര്‍ന്ന യുഡിഎഫ് ഭരണത്തെ രക്ഷിക്കാന്‍ വി എസിന്റെ ഒരു പരാമര്‍ശത്തെ പിടിച്ച് സിപിഐ എമ്മിനെതിരെ അപവാദം ചമയ്ക്കാന്‍ ചിലര്‍ ഉദ്യമിച്ചു. ഇതിന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഡല്‍ഹിയില്‍ മറുപടിയും നല്‍കി. എന്നിട്ടും മാധ്യമങ്ങള്‍ ചര്‍ച്ച അവസാനിപ്പിച്ചില്ല.

നിയമസഭയിലെ അംഗബലം അനുസരിച്ച് പ്രതിപക്ഷ നേതാവ് ആരെന്ന് നിശ്ചയിക്കുക സിപിഐ എം ആണ്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തെച്ചൊല്ലി ഒരു ചര്‍ച്ചയും പാര്‍ടിയില്‍ ഇപ്പോള്‍ വന്നിട്ടില്ല. എന്നിട്ടും പ്രതിപക്ഷ നേതാവ് മാറിയാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനോടുള്ള പാര്‍ടി നയം മാറുമെന്നും മറ്റുമുള്ള ദുര്‍വ്യാഖ്യാനങ്ങളില്‍ ചില മാധ്യമങ്ങള്‍ ആറാടി. പാര്‍ടി നയം നിശ്ചയിക്കുന്നത് പ്രതിപക്ഷ നേതാവ് ആരാണെന്ന് നോക്കിയല്ലെന്ന സാമാന്യബുദ്ധിപോലും ഈ മാധ്യമവിശാദരന്മാര്‍ക്കില്ല. ഇതിനിടെ, സര്‍ക്കാരിന്റെ നെറികേടിനെ തുറന്നുകാട്ടിയ ഹൈക്കോടതി ജസ്റ്റിസിനെ വ്യക്തിപരമായി മോശമാക്കുക എന്ന കുടിലവിദ്യ പി സി ജോര്‍ജ് ഉള്‍പ്പെടെയുള്ള ഭരണനേതാക്കള്‍ തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തെ ഈ വിഷയങ്ങളെല്ലാം പ്രക്ഷുബ്ധമാക്കുമെന്നുറപ്പ്.
(ആര്‍ എസ് ബാബു)

സിംഗിള്‍ ബെഞ്ച് റദ്ദാക്കി; ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു

കൊച്ചി: പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസ് ഹൈക്കോടതി റദ്ദാക്കി. എന്നാല്‍ ഇതുസംബന്ധിച്ച സിംഗിള്‍ ബെഞ്ച് വിധി സര്‍ക്കാരിന്റെ അപ്പീലില്‍ ഉച്ചയ്ക്കുശേഷം ഡിവിഷന്‍ ബെഞ്ച് താല്‍ക്കാലികമായി സ്റ്റേചെയ്തു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതും അപ്പീല്‍ തീര്‍പ്പാക്കും വരെ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിട്ടുണ്ട്.

കുറ്റാരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും അഴിമതിക്കെതിരെ പോരാടുന്ന തന്നെ വ്യക്തിപരമായി വേട്ടയാടാന്‍വേണ്ടി മാത്രമാണെന്നുമുള്ള വി എസിന്റെ വാദത്തില്‍ കഴമ്പുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എസ് എസ് സതീശചന്ദ്രന്റെ നടപടി. കേസിലെ വസ്തുതകള്‍ വിലയിരുത്തിയതില്‍നിന്ന് രാഷ്ട്രീയ എതിരാളികളെ നിശബ്ദമാക്കാന്‍ വിജിലന്‍സ് സംവിധാനത്തെ ദുരുപയോഗിക്കുകയാണെന്നും കേസ് തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും വിധിന്യായത്തില്‍ സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

അതേസമയം, പ്രതിസ്ഥാനത്തുനിന്ന് വി എസിനെ ഒഴിവാക്കിയ വിധി ഉച്ചയ്ക്കുശേഷം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേചെയ്തു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതും ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ എം ഷെഫിക്ക് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് താല്‍ക്കാലികമായി സ്റ്റേചെയ്തത്. സിംഗിള്‍ ബെഞ്ച് വിധിപ്രസ്താവിച്ച ഉടന്‍ വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ പ്രത്യേക പരാമര്‍ശം നടത്തി അനുമതി തേടുകയായിരുന്നു.

കേസിലെ അഞ്ചാം പ്രതിയും ബന്ധുവുമായ ടി കെ സോമന് ഭൂമി പതിച്ചുനല്‍കിയതു സംബന്ധിച്ച് വി എസിനെതിരായ ആരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് കോടതി കണ്ടെത്തി. സോമന്റെ അപേക്ഷ പരിഗണിച്ച് 1977ല്‍ സര്‍ക്കാര്‍ അനുവദിച്ച ഭൂമിക്ക് പകരംഭൂമി നല്‍കണമെന്ന് കലക്ടര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയതിന്റെ മാത്രം അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പദവി ദുരുപയോഗം ചെയ്തെന്നു കരുതാനാവില്ല. വി എസിനെതിരായ കേസ് കോടതിനടപടികളുടെ ദുരുപയോഗമാണെന്നും സിംഗിള്‍ ബെഞ്ച് വിലയിരുത്തി.

കൂടാതെ സോമന് ഭൂമി കൈമാറ്റം സംബന്ധിച്ച വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചതില്‍ മന്ത്രിസഭയാണ് തീരുമാനമെടുത്തതെന്നും ഇത് ദുരുദ്ദേശ്യത്തോടെയോ ഔദ്യോഗികപദവി ദുരുപയോഗം ചെയ്യലോ അല്ലെന്നും കോടതി വിലയിരുത്തി. പ്രഥമവിവര റിപ്പോര്‍ട്ടിലെ കുറ്റാരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിചാരണ നടത്തിയാല്‍ ശിക്ഷിക്കാന്‍ കഴിയില്ലെന്നും കോടതി വിലയിരുത്തി. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്തത് ഇത്തരം അപ്പീലുകള്‍ ഫയല്‍ചെയ്യുന്നതു സംബന്ധിച്ച നടപടികള്‍ നഗ്നമായി ലംഘിച്ചും അനാവശ്യമായ തിടുക്കത്തോടെയുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തികച്ചും രാഷ്ട്രീയ പ്രേരിതവും വൈരനിര്യാതന ബുദ്ധിയോടെയുമാണ് കേസെടുത്തതെന്ന വാദം ശരിവെക്കുന്നതാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വ്യാഴാഴ്ച സ്വീകരിച്ച നടപടികള്‍. വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കുന്ന രേഖകളുടെ ഇംഗ്ലീഷ് തര്‍ജമയും ഇല്ലാതെ ഫയല്‍ചെയ്ത അപ്പീല്‍ കോടതിയുടെ അനുമതി കൂടാതെ ഹൈക്കോടതി രജിസ്ട്രി നമ്പര്‍ചെയ്ത് ക്രമവിരുദ്ധമായി ബെഞ്ചില്‍ എത്തിക്കുകയായിരുന്നു. വിഎസിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ്, അഭിഭാഷകരായ ടി ബി ഹൂദ്, വി മനു എന്നിവര്‍ ഹാജരായി.

deshabhimani

എ കെ ജിക്ക് ബംഗ്ലാദേശിന്റെ ആദരം


ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമര നായകരില്‍ പ്രമുഖനും മികച്ച പാര്‍ലമെന്റേറിയനുമായിരുന്ന എ കെ ജിയെ ബംഗ്ലാദേശ് സര്‍ക്കാര്‍ ആദരിക്കുന്നു. സിപിഐ എം സമുന്നത നേതാവായിരുന്ന എ കെ ജി ബംഗ്ലാദേശ് വിമോചനത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് "വിമോചന പുരസ്കാരം" നല്‍കി ആദരിക്കുന്നത്. 15ന് ധാക്കയിലെ ബംഗബന്ധു ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് സില്ലുര്‍ റഹ്മാനും പ്രധാനമന്ത്രി ഷേഖ് ഹസീനയും ചേര്‍ന്ന് പുരസ്കാരം സമ്മാനിക്കും.

എ കെ ജിയുടെ ജാമാതാവും സിപിഐ എം ലോക്സഭാ ഉപനേതാവുമായ പി കരുണാകരന്‍ പുരസ്കാരം ഏറ്റുവാങ്ങും. സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എ കെ ജി ഭവനിലേക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ അയച്ച സന്ദേശത്തിലാണ് എ കെ ജിയെ ആദരിക്കുന്ന വിവരം അറിയിച്ചത്. സിപിഐ എം നേതാവ് ജ്യോതിബസുവിനെയും സിപിഐ നേതാവ് ഇന്ദ്രജിത്ത് ഗുപ്തയെയും ബംഗ്ലാദേശിലെ അവാമിലീഗ് സര്‍ക്കാര്‍ മുന്‍പ് വിമോചനപുരസ്കാരം നല്‍കി ആദരിച്ചിരുന്നു. നാലാം ഘട്ടത്തിലാണ് ദീര്‍ഘകാലം ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവും പാവങ്ങളുടെ പടത്തലവനുമായിരുന്ന എ കെ ജിയെ ആദരിക്കുന്നത്.

1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് സിപിഐ എം നേതാവെന്ന നിലയില്‍ അദ്ദേഹം നല്‍കിയ പിന്തുണ പരിഗണിച്ചാണ് രാജ്യത്തെ ഉന്നത പുരസ്കാരം നല്‍കുന്നത്. ബംഗ്ലാദേശ് വിമോചനത്തിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ധാക്ക സര്‍ക്കാര്‍ പുരസ്കാരം നല്‍കുന്നത്. ബംഗബന്ധു ഷേഖ് മുജീബുര്‍ റഹ്മാന്റെ നേതൃത്വത്തിലാണ് കിഴക്കന്‍ പാകിസ്ഥാനെന്ന് വിളിക്കപ്പെട്ടിരുന്ന ബംഗ്ലാദേശ് പാകിസ്ഥാനില്‍നിന്ന് വിമോചിതമായത്. ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ഏഷ്യയിലും ഉണ്ടായ വിമോചന പോരാട്ടങ്ങളെയും അചഞ്ചലമായി പിന്തുണച്ച നേതാവായിരുന്നു എ കെ ജി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗംകൂടിയായ പി കരുണാകരന്‍ പുരസ്കാരം ഏറ്റുവാങ്ങാന്‍ 13ന് ധാക്കയിലെത്തും. ബംഗ്ലാദേശ് സര്‍ക്കാരിന്റെ അതിഥിയായാണ് അദ്ദേഹം പോകുന്നത്.

deshabhimani 061212

പുനരന്വേഷണം: നിയമ പ്രത്യാഘാതം ഗുരുതരം; സാക്ഷികള്‍ക്കെതിരെ നടപടി അനിവാര്യമാകും


കെ ടി ജയകൃഷ്ണന്‍ വധക്കേസ് പുനരന്വേഷിക്കാനുള്ള തീരുമാനം ദൂരവ്യാപക നിയമപ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിചാരണ നടത്തി ശിക്ഷ വിധിച്ച കേസില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പുനരന്വേഷണം നടത്താനുള്ള തീരുമാനം സര്‍ക്കാരിനും ബിജെപി നേതൃത്വത്തിനും ഒരുപോലെ തിരിച്ചടിയാവുമെന്ന് നിയമവൃത്തങ്ങള്‍ വിലയിരുത്തി. വിചാരണക്കോടതിമുമ്പാകെ സാക്ഷി പറഞ്ഞവര്‍ക്കെതിരെ പുനരന്വേഷണം നിയമനടപടി അനിവര്യമാക്കും.

പ്രധാനമായും വിദ്യാര്‍ഥികളായ സാക്ഷികളുടെ മൊഴി കണക്കിലെടുത്താണ് തലശേരി അഡീഷണല്‍ സെഷന്‍സ് (അതിവേഗം-2) കോടതി സിപിഐ എം പ്രവര്‍ത്തകരായ അഞ്ചുപേരെ 2006 ആഗസ്ത് 26ന് വധശിക്ഷക്ക് വിധിച്ചത്. 2005 മെയ് 27ന് ഹൈക്കോടതിയും ശിക്ഷ ശരിവച്ചു. സുപ്രീംകോടതിവരെയെത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇവര്‍ തൂക്കുകയറില്‍നിന്ന് രക്ഷപ്പെട്ടത്. പരമോന്നത നീതിപീഠത്തെ സമീപിക്കാന്‍ കഴിവില്ലാത്തവരായിരുന്നെങ്കില്‍ നിരപരാധികളായ അഞ്ച് മനുഷ്യജീവന്‍ ഇതിനകം തൂക്കിലേറ്റപ്പെടുമായിരുന്നു. കളവാണെന്ന് അറിഞ്ഞുകൊണ്ട് മൊഴി നല്‍കി നിരപരാധിയായ ഒരാളെ വധശിക്ഷക്ക് വിധേയമാക്കിയാല്‍ മൊഴിനല്‍കിയ ആള്‍ക്കും അതേശിക്ഷ നല്‍കാമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 194ാം വകുപ്പില്‍ ഇക്കാര്യം വ്യക്തമായി പ്രതിപാദിക്കുന്നുണ്ടെന്ന് അഭിഭാഷകരായ വിനോദ്കുമാര്‍ചമ്പളോനും കെ അജിത്ത്കുമാറും പറഞ്ഞു. വ്യാജമൊഴിയുടെ അടിസ്ഥാനത്തില്‍ നിരപരാധിയെ തൂക്കിലേറ്റിയാല്‍ സാക്ഷിക്ക് ജീവപര്യന്തം തടവോ പത്തുവര്‍ഷംവരെ കഠിനതടവോ വിധിക്കാനും വ്യവസ്ഥയുണ്ട്. കള്ളസാക്ഷി പറയാന്‍ പ്രേരിപ്പിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്. 109 വകുപ്പ് പ്രകാരം പ്രേരണക്കുറ്റത്തിനും ഇവരെ പ്രതിചേര്‍ക്കാം. ജയകൃഷ്ണന്‍ വധക്കേസില്‍ നിരപരാധികള്‍ക്ക് വധശിക്ഷ വിധിക്കാന്‍ കാരണക്കാരായ സാക്ഷികളെ കാത്തിരിക്കുന്നതും കടുത്ത ശിക്ഷയാണ്. ഇതിന് വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചവരും നിയമത്തിന് മുന്നില്‍ മറുപടിപറയേണ്ടിവരും. നാടക റിഹേഴ്സല്‍പോലെ മോക്കോര്‍ട്ട് നടത്തിയാണ് കുട്ടികളെ കള്ളസാക്ഷി പറയിക്കാനും മറ്റും പഠിപ്പിച്ചത്. സര്‍ക്കാരിന്റെ പുനരന്വേഷണ തീരുമാനം കള്ളസാക്ഷിപറഞ്ഞവരെ മാത്രമല്ല, അതിന് കൂട്ടുനിന്നവരെയും ഭയപ്പെടുത്തുന്നു. വിചാരണക്കോടതിമുമ്പാകെ സാക്ഷി പറഞ്ഞ അന്നത്തെ കുട്ടികള്‍ പലരും ഇപ്പോള്‍ വിവാഹം കഴിഞ്ഞ് കുടുംബസമേതം ജീവിക്കുന്നവരാണ്. അവരെയെല്ലാം നിയമനടപടിയിലേക്ക് വലിച്ചിഴക്കുന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ തീരുമാനം.

ഒരു കേസില്‍ രണ്ട് വിചാരണ നിയമവിരുദ്ധമാണെന്ന് അഡ്വ. കെ വിശ്വന്‍ പറഞ്ഞു. പുതിയ പ്രതികള്‍ വരുമ്പോള്‍ പുതിയ സാക്ഷികളെയും ഹാജരാക്കേണ്ടിവരും. സര്‍ക്കാര്‍ തീരുമാനം ഒരുപാട് നിയമപ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. തലശേരി രണ്ടാം അതിവേഗകോടതി ജഡ്ജിയായിരുന്ന പി വി ചന്ദ്രദാസാണ് അഞ്ചുപേരെയും വധശിക്ഷക്ക് വിധിച്ചത്. പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ എത്രത്തോളം ദുര്‍ബലമായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു വിധി. ഞങ്ങള്‍ നിരപരാധികളാണെന്ന് ശിക്ഷക്ക് തൊട്ടുമുമ്പും കുറ്റാരോപിതരായ അഞ്ചുപേരും കോടതിയില്‍ വ്യക്തമാക്കിയെങ്കിലും അതൊന്നും അന്ന് നീതിപീഠം ചെവിക്കൊണ്ടില്ല. വധശിക്ഷക്ക് വിധിക്കപ്പെട്ട മൊകേരിയിലെ എ പ്രദീപനും പാട്യത്തെ സുന്ദരനും കൂരാറയിലെ ദിനേശ്ബാബുവും കെ കെ അനില്‍കുമാറും ഷാജിയും തൂക്കുകയറിനുകീഴെ ഏകാന്തതടവിലായിരുന്നു മാസങ്ങളോളം. ഇവര്‍ അനുഭവിച്ച മാനസിക പീഡനം വിവരണാതീതം. അക്ഷരാര്‍ഥത്തില്‍ മരണം കാത്തുകിടക്കുകയായിരുന്നു. ഇതിന് ആര് സമാധാനം പറയുമെന്ന ചോദ്യംകൂടി ഇപ്പോള്‍ ഉയരുന്നുണ്ട്. നിരപരാധികളെ മാനസികമായി പീഡിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കേസില്‍ സുപ്രീംകോടതിയാണ് നാലുപേരെ വെറുതെവിടുകയും ഒരാളുടെ ശിക്ഷ ജീവപര്യന്തമാക്കുകയും ചെയ്തത്.
(പി ദിനേശന്‍)

deshabhimani 061212

സംഭരണം നിര്‍ത്തി; ആശുപത്രികളില്‍ ജനറിക് മരുന്നുകള്‍ ലഭ്യമല്ല


സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ലഭ്യമല്ലാത്തതു കാരണം രോഗികള്‍ വന്‍ ചൂഷണത്തിനു വിധേയമാവുന്നു. ജനറിക് മരുന്നുകളാണ് ലഭ്യമല്ലാത്തത്. ഇതുമൂലം മരുന്നുകമ്പനികള്‍ക്ക് രോഗികളെ കൊള്ളയടിക്കാന്‍ അവസരം ഒരുങ്ങിയിരിക്കുകയാണ്. രാസഘടകങ്ങളുടെ പേരില്‍ മാത്രം അറിയപ്പെടുന്ന മരുന്നുകളാണ് ജനറിക് മരുന്നുകള്‍. ഇവ പ്രത്യേക ബ്രാന്‍ഡിലല്ല അറിയപ്പെടുന്നത്. ഇവയ്ക്ക് നേരത്തെ എക്സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ബ്രാന്‍ഡ് മരുന്നുകളുടെ അതേ രാസചേരുവയും ഗുണനിലവാരവും ഉള്ള മരുന്നുകള്‍ 40 ശതമാനംവരെ വിലക്കുറവില്‍ ലഭ്യമായിരുന്നു. എക്സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയിട്ടും മരുന്നുകള്‍ക്ക് 10 മുതല്‍ 20 ശതമാനംവരെ വിലക്കുറവുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ ഇതിലും വിലക്കുറവില്‍ ലഭ്യമായിരുന്നു. ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകള്‍ എഴുതണമെന്ന് നേരത്തെ സര്‍ക്കാര്‍ സര്‍ക്കുലറും ഇറക്കി. ഇപ്പോള്‍ ആശുപത്രികളില്‍ മരുന്ന് ഇല്ലാത്തതിനാല്‍ രോഗികള്‍ക്ക് സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളെ ആശ്രയിക്കേണ്ടിവരുന്നു. കടയുടമ തനിക്ക് ഏറ്റവും ലാഭമുള്ള മരുന്ന് രോഗികള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. വന്‍ സാമ്പത്തികബാധ്യതയാണ് ഇതുമൂലം രോഗികള്‍ക്ക് ഉണ്ടാകുന്നത്.

അമോക്സിലിന്‍, അസിത്രോമൈസിന്‍ തുടങ്ങിയ കൂടുതല്‍ ആവശ്യംവരുന്ന ആന്റിബയോട്ടിക്കുകള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഉള്ളതിനേക്കാള്‍ അഞ്ചും ആറും ഇരട്ടിയാണ് പുറംവിപണി വില. മരുന്നുകള്‍ സംഭരിച്ച് വിപണനം ചെയ്യുന്നതില്‍നിന്ന് ഇപ്പോള്‍ സര്‍ക്കാര്‍ പിന്നോക്കംപോയി. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനാണ് ആശുപത്രികളില്‍ മരുന്ന് എത്തിക്കുന്നത്. എന്നാല്‍ കോര്‍പറേഷന്‍ ഇപ്പോള്‍ മരുന്നു വാങ്ങുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ മരുന്നു നിര്‍മിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി. ഇവിടെനിന്നുള്ള മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍വഴി വിതരണംചെയ്തിരുന്നു. ഇത് രോഗികള്‍ക്ക് വളരെയധികം ആശ്വാസമായി. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് അധികം കഴിയും മുമ്പ് അത് നിര്‍ത്തി. ഇതോടെ ആശുപത്രികളില്‍ രോഗികള്‍ക്ക് കഷ്ടകാലവും തുടങ്ങി. മൂന്നുമാസത്തിലധികമായി ദുരിതം തുടരുകയാണ്. മരുന്നുക്ഷാമം തീര്‍ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇതുവരെ അവശ്യമരുന്നുകള്‍ ആശുപത്രികളില്‍ ലഭ്യമായിട്ടില്ല. പകര്‍ച്ചപ്പനിപ്പോലുള്ള രോഗങ്ങള്‍ പടരുന്ന കാലാവസ്ഥയില്‍ മരുന്നുക്ഷാമംമൂലം രോഗികള്‍ ബുദ്ധിമുട്ടുകയാണ്.

കേരളത്തിലെ ഔഷധമേഖല കുത്തകള്‍ക്ക് അടിയറവയ്ക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്റെ അലംഭാവത്തിനു പിന്നിലെന്ന ആക്ഷേപം ശക്തമാണ്. കുത്തക മരുന്നുകമ്പനികള്‍ ഇപ്പോള്‍തന്നെ ഇന്ത്യന്‍വിപണിയുടെ 40 ശതമാനത്തിലധികം കൈയടക്കിയതായി മെഡിക്കല്‍ റെപ്രസന്റേറ്റീവുമാരുടെ സംഘടനയായ കേരള മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റെപ്രസന്റേറ്റീവ്സ് അസോസിയേഷന്‍ (കെഎംഎസ്ആര്‍എ) വ്യക്തമാക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ നടപടിക്രമങ്ങള്‍ പലതും സുതാര്യമല്ല. മരുന്നുവാങ്ങുന്നതിന്റെ വിശദാംശങ്ങള്‍ പലതും കോര്‍പറേഷന്റെ വെബ്സൈറ്റില്‍ ലഭ്യവുമല്ല.

deshabhimani 061212

ഡിഎംആര്‍സിക്ക് പ്രധാന ചുമതല നല്‍കേണ്ടെന്ന് ചീഫ് സെക്രട്ടറി


കൊച്ചി: മെട്രോ നിര്‍മാണത്തില്‍ ഡിഎംആര്‍സിക്കും ഇ ശ്രീധരനും നിര്‍ണായക ചുമതല നല്‍കേണ്ടെന്ന് കേരള, ഡല്‍ഹി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍. കൊച്ചി മെട്രോ നിര്‍മാണത്തില്‍ ഡിഎംആര്‍സിയുടെ പങ്ക് തീരുമാനിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതിയില്‍ അംഗമായ രണ്ടു ചീഫ് സെക്രട്ടറിമാരും ഈ നിലപാടെടുത്തതിനെത്തുടര്‍ന്ന് ഡിഎംആര്‍സി എംഡി മങ്കു സിങ് സമര്‍പ്പിച്ച നിര്‍ദേശം തിരുത്താന്‍ കേന്ദ്ര നഗരവികസന മന്ത്രാലയം ആവശ്യപ്പെട്ടിരിക്കയാണ്.

പദ്ധതിനിര്‍മാണത്തിന്റെ പൂര്‍ണ ചുമതല ഡിഎംആര്‍സിക്ക് നല്‍കണമെന്നായിരുന്നു മങ്കു സിങ്ങിന്റെ നിര്‍ദേശം. പദ്ധതിയില്‍ ഡിഎംആര്‍സി സുപ്രധാന ചുമതല ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയും കെഎംആര്‍എല്‍ എംഡി ഏല്യാസ് ജോര്‍ജും ആവര്‍ത്തിക്കുമ്പോഴാണ് കടകവിരുദ്ധമായ നിര്‍ദേശം സംസ്ഥാന ചീഫ് സെക്രട്ടറി നല്‍കിയിരിക്കുന്നത്. മെട്രോ നിര്‍മാണത്തിന്റെ ടെന്‍ഡര്‍ നടപടി മാത്രം ഡിഎംആര്‍സിയെ ഏല്‍പ്പിച്ചാല്‍ മതിയെന്നാണ് സംസ്ഥാന ചീഫ് സെക്രട്ടറി ജോസ് സിറിയക്കും ഡല്‍ഹി ചീഫ് സെക്രട്ടറി പി കെ ത്രിപാഠിയും നിര്‍ദേശിച്ചിട്ടുള്ളത്. ടെന്‍ഡര്‍രേഖകള്‍ തയ്യാറാക്കുന്നതില്‍ ഡിഎംആര്‍സിക്കുള്ള മുന്‍പരിചയം പ്രയോജനപ്പെടുത്താന്‍ മാത്രമാകും ഇത്. മെട്രോ ഡിസൈനിങ്, സാങ്കേതികവിദ്യ തെരഞ്ഞെടുക്കല്‍, സാമഗ്രികള്‍ വാങ്ങല്‍, നിര്‍മാണത്തിന്റെ മേല്‍നോട്ടം തുടങ്ങിയ സുപ്രധാന ചുമതലകളെല്ലാം കെഎംആര്‍എലില്‍ നിക്ഷിപ്തമാകും. ടേണ്‍ കീ വ്യവസ്ഥയിലോ ഡെപ്പോസിറ്റ് അടിസ്ഥാനത്തിലോ പൂര്‍ണ നിര്‍മാണചുമതല ഡിഎംആര്‍സിയെ ഏല്‍പ്പിക്കണമെന്നായിരുന്നു നഗരവികസന മന്ത്രാലയത്തിനുവേണ്ടി ഡിഎംആര്‍സി എംഡി മങ്കു സിങ് തയ്യാറാക്കി നല്‍കിയ നിര്‍ദേശം. മൂന്നംഗ സമിതി അംഗമായ നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണ ഈ നിര്‍ദേശം മടക്കി. സമിതിയിലെ മറ്റു രണ്ട് അംഗങ്ങള്‍ നല്‍കിയതുപോലെ തിരുത്തിനല്‍കാന്‍ മങ്കു സിങ്ങിനോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇതോടൊപ്പം, ശ്രീധരന് കൊച്ചി മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് നാല് സവിശേഷ അധികാരങ്ങള്‍ നല്‍കിയതിനും മങ്കു സിങ്ങിനോട് സുധീര്‍കൃഷ്ണ വിശദീകരണം തേടിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് മങ്കു സിങ് ഈ അധികാരങ്ങള്‍ ശ്രീധരനു കൈമാറിയത്. ഡിഎംആര്‍സിക്കെതിരെ ഐഎഎസ് ലോബിയെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരും കേന്ദ്ര നഗരാവികസന മന്ത്രാലയവും ഗൂഢനീക്കം നടത്തുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നു. ഒരുകൂട്ടം ഉദ്യോഗസ്ഥരാണ് ഡിഎംആര്‍സിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞദിവസം ഇ ശ്രീധരനും പറഞ്ഞു.

ഡിഎംആര്‍സിയില്‍ ശ്രീധരന്റെ പിന്‍ഗാമിയായ മങ്കു സിങ് നല്‍കിയ നിര്‍ദേശം തിരുത്താന്‍ സമ്മര്‍ദം ഉയരുന്നതും ഈ സാഹചര്യത്തിലാണ്. ഡിഎംആര്‍സിയുടെ പങ്കു നിശ്ചയിക്കാന്‍ നിയോഗിച്ച സമിതിയിലെ മൂന്ന് അംഗങ്ങളും ഒരേ ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരും ഡിഎംആര്‍സി വിരുദ്ധരുമാണെന്നതും ശ്രദ്ധേയം. നിര്‍ദേശം തിരുത്താന്‍ മങ്കു സിങ്ങില്‍ വന്‍ സമ്മര്‍ദമാണുള്ളത്. പുതിയ നിര്‍ദേശം നല്‍കാത്തതിനാലാണ് ചൊവ്വാഴ്ച ചേര്‍ന്ന കെഎംആര്‍എല്‍ യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാതിരുന്നത്. ഡിഎംആര്‍സി ഇല്ലെങ്കില്‍ കൊച്ചി മെട്രോയില്‍ താനും ഉണ്ടാകില്ലെന്ന് കഴിഞ്ഞദിവസം ശ്രീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞമാസം 23ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെത്തി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് കൊച്ചി പദ്ധതിയില്‍ ഡിഎംആര്‍സിയുടെ പങ്ക് നിര്‍ണയിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയത്. പദ്ധതി ഡിഎംആര്‍സി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നതിനു പകരം ഡിഎംആര്‍സി സഹകരിക്കണമെന്ന ആവശ്യമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. അതുകൊണ്ടാണ് രാജ്യത്തെ ഇതര മെട്രോകളുടെ നിര്‍മാണവുമായി ഡിഎംആര്‍സി സഹകരിച്ചപ്പോള്‍ ഇല്ലാതിരുന്ന സമിതിയെ കൊച്ചി മെട്രോയുടെ കാര്യത്തില്‍ നിയോഗിച്ചത്.

ഇ ശ്രീധരനെതിരെ കേന്ദ്ര നഗരവികസന മന്ത്രാലയവും

കൊച്ചി മെട്രോ പദ്ധതിയില്‍നിന്ന് ഇ ശ്രീധരനെ ഒഴിവാക്കാനുള്ള ഗൂഢനീക്കത്തിന് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ പിന്തുണ. പദ്ധതിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ശ്രീധരന് അധികാരം നല്‍കിയിട്ടില്ലെന്ന് നഗരവികസന സെക്രട്ടറി സുധീര്‍കൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശ്രീധരന് ചുമതല നല്‍കിയതായുള്ള ഡിഎംആര്‍സി എംഡി മങ്കുസിങ്ങിന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ല. ശ്രീധരന് ചുമതല നല്‍കാന്‍ കേന്ദ്ര നഗരവികസനമന്ത്രാലയമോ ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡോ തീരുമാനിച്ചിട്ടില്ലെന്നും സുധീര്‍കൃഷ്ണ പറഞ്ഞു. പദ്ധതിചുമതല ഡിഎംആര്‍സിയുടെ ഉപദേഷ്ടാവുകൂടിയായ ശ്രീധരനെ ഏല്‍പ്പിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം ആവശ്യമില്ലെന്നിരിക്കെയാണ് സുധീര്‍കൃഷ്ണയുടെ പ്രസ്താവന. ശ്രീധരന് ചുമതല നല്‍കിയെന്ന് മങ്കുസിങ് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വിശദീകരിക്കേണ്ടത് അദ്ദേഹംതന്നെയാണെന്ന് സുധീര്‍കൃഷ്ണ പറഞ്ഞു. ഡിഎംആര്‍സിയുടെ പങ്കിനെക്കുറിച്ച് ഇനിയും തീരുമാനമായിട്ടില്ല. നിര്‍മാണമടക്കമുള്ള ചുമതല വഹിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഡിഎംആര്‍സി നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്ര നഗരവികസന മന്ത്രാലയം തിരിച്ചയച്ചെന്ന വാര്‍ത്തയോട് സുധീര്‍കൃഷ്ണ പ്രതികരിച്ചില്ല.

പദ്ധതിക്ക് സഹായം നല്‍കാന്‍ ഡിഎംആര്‍സി തയ്യാറാണ്. എന്നാല്‍, പദ്ധതിചുമതലകള്‍ നിര്‍വഹിക്കേണ്ടത് കെഎംആര്‍എല്‍ ആണ്. ഡിഎംആര്‍സിയില്ലെങ്കില്‍ താനുമില്ലെന്ന ശ്രീധരന്റെ നിലപാടിനെക്കുറിച്ച് ഒന്നും പറയാനില്ല. ചില ഉദ്യോഗസ്ഥരാണ് പദ്ധതി പൂര്‍ത്തിയാകാതിരിക്കാന്‍ കാരണമെന്ന പ്രസ്താവനയോട് പ്രതികരിക്കാനില്ല. മെട്രോ പദ്ധതി തുടങ്ങണമെങ്കില്‍ പദ്ധതിരേഖയില്‍ വലിയ മാറ്റംവരുത്തണമെന്നും സുധീര്‍കൃഷ്ണ പറഞ്ഞു. ഡിഎംആര്‍സിയുടെ പങ്കാളിത്തം നാമമാത്രമായി ചുരുക്കാനും ശ്രീധരനെ ഒഴിവാക്കാനുമാണ് നഗരവികസന മന്ത്രാലയത്തിന്റെയും കെഎംആര്‍എല്ലിലെയും ഡിഎംആര്‍സി ഉദ്യോഗസ്ഥലോബിയുടെയും നീക്കം. ജൈക്കയ്ക്കുപുറമേ മറ്റ് ഏജന്‍സികളെയും പദ്ധതി വായ്പയ്ക്കായി സമീപിക്കാന്‍ കഴിഞ്ഞ ദിവസം&ാറമവെ;ചേര്‍ന്ന കെഎംആര്‍എല്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. ഇതുവഴി ഡിഎംആര്‍സിയെയും ശ്രീധരനെയും മാറ്റിനിര്‍ത്തുന്നതില്‍ ഒരു ചുവടുകൂടി പിന്നിടുകയായിരുന്നു കെഎംആര്‍എല്‍.

മെട്രോ: ഉദ്യോഗസ്ഥരും യജമാനന്മാരും മുട്ടുമടക്കേണ്ടിവരും - സുധീരന്‍

കൊച്ചി മെട്രോ പദ്ധതി അട്ടിമറിക്കാന്‍ നഗ്നമായ ശ്രമം നടക്കുന്നുവെന്നു വ്യക്തമായതായി കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും ആഗ്രഹിച്ചിട്ടും ചിലരുടെ താല്‍പ്പര്യങ്ങളാണ് നടപ്പാകുന്നതെന്നും ഏതു പദ്ധതിയിലും സ്ഥാപിത താല്‍പ്പര്യക്കാരുണ്ടെന്നുമാണ് മെട്രോ പദ്ധതിയില്‍ കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍കൃഷ്ണയുടെ നടപടികള്‍ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച കൊച്ചിയില്‍ ആരംഭിക്കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സ് ബിഒടി ശക്തികളെ വെള്ളപൂശാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ അട്ടിമറിക്കാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കണം. ഇ ശ്രീധരന്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിനെതിരായ ഉദ്യോഗസ്ഥരും അവരെ നയിക്കുന്ന യജമാനന്മാരും മുട്ടുമടക്കേണ്ടിവരുമെന്നും സുധീരന്‍ പറഞ്ഞു.

ബിഒടി, ദേശീയപാത വികസനം തുടങ്ങിയ പദ്ധതികള്‍ ഇരകളെ പുനരധിവസിപ്പിക്കാതെ മുന്നോട്ടുപോകില്ല. ഇപ്പോഴത്തെ രീതി തുടര്‍ന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ പ്രതിക്കൂട്ടിലാകും. ദേശീയപാത ഉദ്യോഗസ്ഥരും ബിഒടി കമ്പനികളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണ്്. വി എസ് സര്‍ക്കാരിന്റെ കാലത്ത് ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമം നടന്നതാണ്. അന്ന് പദ്ധതികള്‍ പാതിവഴി ഉപേക്ഷിക്കുമെന്ന് പ്രചരിപ്പിച്ചും ദേശീയപാത അതോറിറ്റിയുടെ ഓഫീസ് അടച്ചുപൂട്ടിയുമാണ് ഇവര്‍ പ്രതികരിച്ചത്. പൊതുമരാമത്തുവകുപ്പിലെ പല ഉദ്യോഗസ്ഥരും ഇവര്‍ക്ക് കൂട്ടിനുണ്ട്. പുനരധിവാസ പ്രക്രിയ നേരെയാക്കിയാലേ വികസനപദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാനാവൂ. ഇത്തരക്കാരോട് ഇത് കേരളമാണെന്ന് നട്ടെല്ലുനിവര്‍ത്തി സര്‍ക്കാരിന് പറയാന്‍ കഴിയണമെന്നും സുധീരന്‍ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പല പദ്ധതികള്‍ക്കും കൂട്ടുനില്‍ക്കാനാവില്ലെന്ന് തുടര്‍ന്നു സംസാരിച്ച ഹൈബി ഈഡന്‍ എംഎല്‍എയും പറഞ്ഞു. ദേശീയപാത സംരക്ഷണസമിതിയുടെ പ്രക്ഷോഭജാഥയ്ക്ക് ഇടപ്പള്ളിയില്‍ നല്‍കിയ സ്വീകരണത്തിലും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോടുള്ള പ്രതികരണമായുമാണ് സര്‍ക്കാരിനെതിരെ സുധീരന്‍ തുറന്നടിച്ചത്.

deshabhimani 061212