Thursday, December 6, 2012
സംഭരണം നിര്‍ത്തി; ആശുപത്രികളില്‍ ജനറിക് മരുന്നുകള്‍ ലഭ്യമല്ല
സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ലഭ്യമല്ലാത്തതു കാരണം രോഗികള്‍ വന്‍ ചൂഷണത്തിനു വിധേയമാവുന്നു. ജനറിക് മരുന്നുകളാണ് ലഭ്യമല്ലാത്തത്. ഇതുമൂലം മരുന്നുകമ്പനികള്‍ക്ക് രോഗികളെ കൊള്ളയടിക്കാന്‍ അവസരം ഒരുങ്ങിയിരിക്കുകയാണ്. രാസഘടകങ്ങളുടെ പേരില്‍ മാത്രം അറിയപ്പെടുന്ന മരുന്നുകളാണ് ജനറിക് മരുന്നുകള്‍. ഇവ പ്രത്യേക ബ്രാന്‍ഡിലല്ല അറിയപ്പെടുന്നത്. ഇവയ്ക്ക് നേരത്തെ എക്സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ബ്രാന്‍ഡ് മരുന്നുകളുടെ അതേ രാസചേരുവയും ഗുണനിലവാരവും ഉള്ള മരുന്നുകള്‍ 40 ശതമാനംവരെ വിലക്കുറവില്‍ ലഭ്യമായിരുന്നു. എക്സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയിട്ടും മരുന്നുകള്‍ക്ക് 10 മുതല്‍ 20 ശതമാനംവരെ വിലക്കുറവുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ ഇതിലും വിലക്കുറവില്‍ ലഭ്യമായിരുന്നു. ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകള്‍ എഴുതണമെന്ന് നേരത്തെ സര്‍ക്കാര്‍ സര്‍ക്കുലറും ഇറക്കി. ഇപ്പോള്‍ ആശുപത്രികളില്‍ മരുന്ന് ഇല്ലാത്തതിനാല്‍ രോഗികള്‍ക്ക് സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളെ ആശ്രയിക്കേണ്ടിവരുന്നു. കടയുടമ തനിക്ക് ഏറ്റവും ലാഭമുള്ള മരുന്ന് രോഗികള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. വന്‍ സാമ്പത്തികബാധ്യതയാണ് ഇതുമൂലം രോഗികള്‍ക്ക് ഉണ്ടാകുന്നത്.
അമോക്സിലിന്‍, അസിത്രോമൈസിന്‍ തുടങ്ങിയ കൂടുതല്‍ ആവശ്യംവരുന്ന ആന്റിബയോട്ടിക്കുകള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഉള്ളതിനേക്കാള്‍ അഞ്ചും ആറും ഇരട്ടിയാണ് പുറംവിപണി വില. മരുന്നുകള്‍ സംഭരിച്ച് വിപണനം ചെയ്യുന്നതില്‍നിന്ന് ഇപ്പോള്‍ സര്‍ക്കാര്‍ പിന്നോക്കംപോയി. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനാണ് ആശുപത്രികളില്‍ മരുന്ന് എത്തിക്കുന്നത്. എന്നാല്‍ കോര്‍പറേഷന്‍ ഇപ്പോള്‍ മരുന്നു വാങ്ങുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ മരുന്നു നിര്‍മിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി. ഇവിടെനിന്നുള്ള മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍വഴി വിതരണംചെയ്തിരുന്നു. ഇത് രോഗികള്‍ക്ക് വളരെയധികം ആശ്വാസമായി. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് അധികം കഴിയും മുമ്പ് അത് നിര്‍ത്തി. ഇതോടെ ആശുപത്രികളില്‍ രോഗികള്‍ക്ക് കഷ്ടകാലവും തുടങ്ങി. മൂന്നുമാസത്തിലധികമായി ദുരിതം തുടരുകയാണ്. മരുന്നുക്ഷാമം തീര്‍ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇതുവരെ അവശ്യമരുന്നുകള്‍ ആശുപത്രികളില്‍ ലഭ്യമായിട്ടില്ല. പകര്‍ച്ചപ്പനിപ്പോലുള്ള രോഗങ്ങള്‍ പടരുന്ന കാലാവസ്ഥയില്‍ മരുന്നുക്ഷാമംമൂലം രോഗികള്‍ ബുദ്ധിമുട്ടുകയാണ്.
കേരളത്തിലെ ഔഷധമേഖല കുത്തകള്‍ക്ക് അടിയറവയ്ക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്റെ അലംഭാവത്തിനു പിന്നിലെന്ന ആക്ഷേപം ശക്തമാണ്. കുത്തക മരുന്നുകമ്പനികള്‍ ഇപ്പോള്‍തന്നെ ഇന്ത്യന്‍വിപണിയുടെ 40 ശതമാനത്തിലധികം കൈയടക്കിയതായി മെഡിക്കല്‍ റെപ്രസന്റേറ്റീവുമാരുടെ സംഘടനയായ കേരള മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റെപ്രസന്റേറ്റീവ്സ് അസോസിയേഷന്‍ (കെഎംഎസ്ആര്‍എ) വ്യക്തമാക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ നടപടിക്രമങ്ങള്‍ പലതും സുതാര്യമല്ല. മരുന്നുവാങ്ങുന്നതിന്റെ വിശദാംശങ്ങള്‍ പലതും കോര്‍പറേഷന്റെ വെബ്സൈറ്റില്‍ ലഭ്യവുമല്ല.
deshabhimani 061212
Labels:
ആരോഗ്യരംഗം
Subscribe to:
Post Comments (Atom)
No comments:
Post a Comment