Thursday, December 6, 2012
സര്‍ക്കാരിന് മര്‍മത്ത് കിട്ടിയ പ്രഹരം
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ പ്രതിയാക്കിയ ഭൂമിദാനക്കേസിലെ ഹൈക്കോടതി വിധികളും നിരീക്ഷണങ്ങളും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് മര്‍മത്ത് കിട്ടിയ പ്രഹരം. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേചെയ്തെങ്കിലും ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും എതിരെയുള്ള കോടതി നിരീക്ഷണത്തിന്റെ ആഘാതം കുറയുന്നില്ല. കോടതിയെ മാനിക്കുന്ന ഭരണക്കാരായിരുന്നെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിയോ അല്ലെങ്കില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സ്ഥാനമൊഴിയലോ നടന്നേനേ. അത്ര കടുത്ത കുറ്റാരോപണമാണ് സംസ്ഥാന സര്‍ക്കാരിനെതിരെ 54 പേജുള്ള വിധിന്യായത്തില്‍ ഹൈക്കോടതി നിരത്തിയത്.
വി എസിനെ പ്രതിപ്പട്ടികയില്‍നിന്ന് നീക്കിയ ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്തെങ്കിലും സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിയമപ്രക്രിയയില്‍ ഒരു കേസിന്റെ എഫ്ഐആര്‍ റദ്ദാക്കുക എന്നത് അപൂര്‍വമാണ്. അതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് മൂന്നു കാരണമാണ്. 1. രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാന്‍ വിജിലിന്‍സിനെയും ഭരണ സംവിധാനത്തെയും സംസ്ഥാന സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തി. 2. രാഷ്ട്രീയ എതിരാളികളുടെ വായടപ്പിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലാതെ കേസില്‍ പ്രതിയാക്കുന്നു. 3. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അധികാരദുര്‍വിനിയോഗം എന്ന വകുപ്പ് ഉപയോഗിക്കുംമുമ്പ് സ്വീകരിക്കേണ്ട പരിശോധനകള്‍ നടത്തിയിട്ടില്ല. ഇങ്ങനെ രൂക്ഷമായ ഒരു കുറ്റപത്രം ഹൈക്കോടതിയില്‍നിന്ന് കിട്ടിയതിലൂടെ സര്‍ക്കാര്‍ ഉടുതുണി നഷ്ടമായ അവസ്ഥയിലാണ്. വി എസിനെ പ്രതിയാക്കി ഉടനെ കുറ്റപത്രം നല്‍കരുതെന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവും സര്‍ക്കാരിന് മറ്റൊരു പ്രഹരമാണ്. ഭരണസംവിധാനം ദുരുപയോഗപ്പെടുത്തി രാഷ്ട്രീയ പ്രതിയോഗികളെ അഴിമതിക്കേസില്‍ കുരുക്കുക എന്നത് ഒരു രാഷ്ട്രീയകലയായി വികസിപ്പിച്ച കോണ്‍ഗ്രസ് നേതാവാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അത് എങ്ങനെയെന്ന് അദ്ദേഹം ആദ്യം മുഖ്യമന്ത്രിയായ വേളയില്‍ത്തന്നെ തെളിയിച്ചു. അതിന്റെ ഫലമാണ് ചില സിബിഐ കേസുകള്‍. ആ ശൈലി തുടരുന്നതിന് കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്ക് കിട്ടിയിരിക്കുന്ന വിശ്വസ്ത കൂട്ടാളിയാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍. ടിപി ചന്ദ്രശേഖരന്‍, ഫൈസല്‍, ഷുക്കൂര്‍, അഞ്ചേരി ബേബി തുടങ്ങിയ വധക്കേസുകളുടെ മറവില്‍ ഡസന്‍കണക്കിനു പൊതുപ്രവര്‍ത്തകരെ കാരാഗൃഹത്തില്‍ തള്ളിയിരിക്കുന്നത് ഭരണയന്ത്രം ദുരുപയോഗപ്പെടുത്തിയാണ്. മുന്‍ മന്ത്രിമാരെ വിജിലന്‍സ് കേസില്‍ കുരുക്കാനും ശ്രമിക്കുന്നു. അതേസമയം, ഇതേ വിജിലന്‍സിനെയും നിയമസംവിധാനത്തെയും ഉപയോഗപ്പെടുത്തി സ്വന്തം അഴിമതിക്കേസുകളില്‍നിന്ന് രക്ഷപ്പെടാനും നോക്കുന്നു. പാമൊലിന്‍ കേസില്‍ അത് കണ്ടു. എന്നാല്‍, സൈന്‍ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിക്കാനുള്ള വിജിലന്‍സിന്റെ നീക്കത്തിന് തിരിച്ചടിയായി തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വ്യാഴാഴ്ചത്തെ ഉത്തരവ്. ഹൈക്കോടതിയുടെയും വിജിലന്‍സ് കോടതിയുടെയും ഒരേ ദിവസംതന്നെ വന്ന ഉത്തരവുകളിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇരട്ട പ്രഹരത്തിനിരയായി. പക്ഷേ, പ്രതിഛായ തകര്‍ന്ന യുഡിഎഫ് ഭരണത്തെ രക്ഷിക്കാന്‍ വി എസിന്റെ ഒരു പരാമര്‍ശത്തെ പിടിച്ച് സിപിഐ എമ്മിനെതിരെ അപവാദം ചമയ്ക്കാന്‍ ചിലര്‍ ഉദ്യമിച്ചു. ഇതിന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഡല്‍ഹിയില്‍ മറുപടിയും നല്‍കി. എന്നിട്ടും മാധ്യമങ്ങള്‍ ചര്‍ച്ച അവസാനിപ്പിച്ചില്ല.
നിയമസഭയിലെ അംഗബലം അനുസരിച്ച് പ്രതിപക്ഷ നേതാവ് ആരെന്ന് നിശ്ചയിക്കുക സിപിഐ എം ആണ്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തെച്ചൊല്ലി ഒരു ചര്‍ച്ചയും പാര്‍ടിയില്‍ ഇപ്പോള്‍ വന്നിട്ടില്ല. എന്നിട്ടും പ്രതിപക്ഷ നേതാവ് മാറിയാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനോടുള്ള പാര്‍ടി നയം മാറുമെന്നും മറ്റുമുള്ള ദുര്‍വ്യാഖ്യാനങ്ങളില്‍ ചില മാധ്യമങ്ങള്‍ ആറാടി. പാര്‍ടി നയം നിശ്ചയിക്കുന്നത് പ്രതിപക്ഷ നേതാവ് ആരാണെന്ന് നോക്കിയല്ലെന്ന സാമാന്യബുദ്ധിപോലും ഈ മാധ്യമവിശാദരന്മാര്‍ക്കില്ല. ഇതിനിടെ, സര്‍ക്കാരിന്റെ നെറികേടിനെ തുറന്നുകാട്ടിയ ഹൈക്കോടതി ജസ്റ്റിസിനെ വ്യക്തിപരമായി മോശമാക്കുക എന്ന കുടിലവിദ്യ പി സി ജോര്‍ജ് ഉള്‍പ്പെടെയുള്ള ഭരണനേതാക്കള്‍ തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തെ ഈ വിഷയങ്ങളെല്ലാം പ്രക്ഷുബ്ധമാക്കുമെന്നുറപ്പ്.
(ആര്‍ എസ് ബാബു)
സിംഗിള്‍ ബെഞ്ച് റദ്ദാക്കി; ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു
കൊച്ചി: പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസ് ഹൈക്കോടതി റദ്ദാക്കി. എന്നാല്‍ ഇതുസംബന്ധിച്ച സിംഗിള്‍ ബെഞ്ച് വിധി സര്‍ക്കാരിന്റെ അപ്പീലില്‍ ഉച്ചയ്ക്കുശേഷം ഡിവിഷന്‍ ബെഞ്ച് താല്‍ക്കാലികമായി സ്റ്റേചെയ്തു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതും അപ്പീല്‍ തീര്‍പ്പാക്കും വരെ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിട്ടുണ്ട്.
കുറ്റാരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും അഴിമതിക്കെതിരെ പോരാടുന്ന തന്നെ വ്യക്തിപരമായി വേട്ടയാടാന്‍വേണ്ടി മാത്രമാണെന്നുമുള്ള വി എസിന്റെ വാദത്തില്‍ കഴമ്പുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എസ് എസ് സതീശചന്ദ്രന്റെ നടപടി. കേസിലെ വസ്തുതകള്‍ വിലയിരുത്തിയതില്‍നിന്ന് രാഷ്ട്രീയ എതിരാളികളെ നിശബ്ദമാക്കാന്‍ വിജിലന്‍സ് സംവിധാനത്തെ ദുരുപയോഗിക്കുകയാണെന്നും കേസ് തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും വിധിന്യായത്തില്‍ സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
അതേസമയം, പ്രതിസ്ഥാനത്തുനിന്ന് വി എസിനെ ഒഴിവാക്കിയ വിധി ഉച്ചയ്ക്കുശേഷം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേചെയ്തു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതും ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ എം ഷെഫിക്ക് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് താല്‍ക്കാലികമായി സ്റ്റേചെയ്തത്. സിംഗിള്‍ ബെഞ്ച് വിധിപ്രസ്താവിച്ച ഉടന്‍ വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ പ്രത്യേക പരാമര്‍ശം നടത്തി അനുമതി തേടുകയായിരുന്നു.
കേസിലെ അഞ്ചാം പ്രതിയും ബന്ധുവുമായ ടി കെ സോമന് ഭൂമി പതിച്ചുനല്‍കിയതു സംബന്ധിച്ച് വി എസിനെതിരായ ആരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് കോടതി കണ്ടെത്തി. സോമന്റെ അപേക്ഷ പരിഗണിച്ച് 1977ല്‍ സര്‍ക്കാര്‍ അനുവദിച്ച ഭൂമിക്ക് പകരംഭൂമി നല്‍കണമെന്ന് കലക്ടര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയതിന്റെ മാത്രം അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പദവി ദുരുപയോഗം ചെയ്തെന്നു കരുതാനാവില്ല. വി എസിനെതിരായ കേസ് കോടതിനടപടികളുടെ ദുരുപയോഗമാണെന്നും സിംഗിള്‍ ബെഞ്ച് വിലയിരുത്തി.
കൂടാതെ സോമന് ഭൂമി കൈമാറ്റം സംബന്ധിച്ച വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചതില്‍ മന്ത്രിസഭയാണ് തീരുമാനമെടുത്തതെന്നും ഇത് ദുരുദ്ദേശ്യത്തോടെയോ ഔദ്യോഗികപദവി ദുരുപയോഗം ചെയ്യലോ അല്ലെന്നും കോടതി വിലയിരുത്തി. പ്രഥമവിവര റിപ്പോര്‍ട്ടിലെ കുറ്റാരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിചാരണ നടത്തിയാല്‍ ശിക്ഷിക്കാന്‍ കഴിയില്ലെന്നും കോടതി വിലയിരുത്തി. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്തത് ഇത്തരം അപ്പീലുകള്‍ ഫയല്‍ചെയ്യുന്നതു സംബന്ധിച്ച നടപടികള്‍ നഗ്നമായി ലംഘിച്ചും അനാവശ്യമായ തിടുക്കത്തോടെയുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തികച്ചും രാഷ്ട്രീയ പ്രേരിതവും വൈരനിര്യാതന ബുദ്ധിയോടെയുമാണ് കേസെടുത്തതെന്ന വാദം ശരിവെക്കുന്നതാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വ്യാഴാഴ്ച സ്വീകരിച്ച നടപടികള്‍. വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കുന്ന രേഖകളുടെ ഇംഗ്ലീഷ് തര്‍ജമയും ഇല്ലാതെ ഫയല്‍ചെയ്ത അപ്പീല്‍ കോടതിയുടെ അനുമതി കൂടാതെ ഹൈക്കോടതി രജിസ്ട്രി നമ്പര്‍ചെയ്ത് ക്രമവിരുദ്ധമായി ബെഞ്ചില്‍ എത്തിക്കുകയായിരുന്നു. വിഎസിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ്, അഭിഭാഷകരായ ടി ബി ഹൂദ്, വി മനു എന്നിവര്‍ ഹാജരായി.
deshabhimani
Labels:
കോടതി,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ പ്രതിയാക്കിയ ഭൂമിദാനക്കേസിലെ ഹൈക്കോടതി വിധികളും നിരീക്ഷണങ്ങളും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് മര്‍മത്ത് കിട്ടിയ പ്രഹരം. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേചെയ്തെങ്കിലും ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും എതിരെയുള്ള കോടതി നിരീക്ഷണത്തിന്റെ ആഘാതം കുറയുന്നില്ല. കോടതിയെ മാനിക്കുന്ന ഭരണക്കാരായിരുന്നെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിയോ അല്ലെങ്കില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സ്ഥാനമൊഴിയലോ നടന്നേനേ. അത്ര കടുത്ത കുറ്റാരോപണമാണ് സംസ്ഥാന സര്‍ക്കാരിനെതിരെ 54 പേജുള്ള വിധിന്യായത്തില്‍ ഹൈക്കോടതി നിരത്തിയത്.
ReplyDelete