Thursday, December 6, 2012
പുനരന്വേഷണം: നിയമ പ്രത്യാഘാതം ഗുരുതരം; സാക്ഷികള്‍ക്കെതിരെ നടപടി അനിവാര്യമാകും
കെ ടി ജയകൃഷ്ണന്‍ വധക്കേസ് പുനരന്വേഷിക്കാനുള്ള തീരുമാനം ദൂരവ്യാപക നിയമപ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിചാരണ നടത്തി ശിക്ഷ വിധിച്ച കേസില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പുനരന്വേഷണം നടത്താനുള്ള തീരുമാനം സര്‍ക്കാരിനും ബിജെപി നേതൃത്വത്തിനും ഒരുപോലെ തിരിച്ചടിയാവുമെന്ന് നിയമവൃത്തങ്ങള്‍ വിലയിരുത്തി. വിചാരണക്കോടതിമുമ്പാകെ സാക്ഷി പറഞ്ഞവര്‍ക്കെതിരെ പുനരന്വേഷണം നിയമനടപടി അനിവര്യമാക്കും.
പ്രധാനമായും വിദ്യാര്‍ഥികളായ സാക്ഷികളുടെ മൊഴി കണക്കിലെടുത്താണ് തലശേരി അഡീഷണല്‍ സെഷന്‍സ് (അതിവേഗം-2) കോടതി സിപിഐ എം പ്രവര്‍ത്തകരായ അഞ്ചുപേരെ 2006 ആഗസ്ത് 26ന് വധശിക്ഷക്ക് വിധിച്ചത്. 2005 മെയ് 27ന് ഹൈക്കോടതിയും ശിക്ഷ ശരിവച്ചു. സുപ്രീംകോടതിവരെയെത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇവര്‍ തൂക്കുകയറില്‍നിന്ന് രക്ഷപ്പെട്ടത്. പരമോന്നത നീതിപീഠത്തെ സമീപിക്കാന്‍ കഴിവില്ലാത്തവരായിരുന്നെങ്കില്‍ നിരപരാധികളായ അഞ്ച് മനുഷ്യജീവന്‍ ഇതിനകം തൂക്കിലേറ്റപ്പെടുമായിരുന്നു. കളവാണെന്ന് അറിഞ്ഞുകൊണ്ട് മൊഴി നല്‍കി നിരപരാധിയായ ഒരാളെ വധശിക്ഷക്ക് വിധേയമാക്കിയാല്‍ മൊഴിനല്‍കിയ ആള്‍ക്കും അതേശിക്ഷ നല്‍കാമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 194ാം വകുപ്പില്‍ ഇക്കാര്യം വ്യക്തമായി പ്രതിപാദിക്കുന്നുണ്ടെന്ന് അഭിഭാഷകരായ വിനോദ്കുമാര്‍ചമ്പളോനും കെ അജിത്ത്കുമാറും പറഞ്ഞു. വ്യാജമൊഴിയുടെ അടിസ്ഥാനത്തില്‍ നിരപരാധിയെ തൂക്കിലേറ്റിയാല്‍ സാക്ഷിക്ക് ജീവപര്യന്തം തടവോ പത്തുവര്‍ഷംവരെ കഠിനതടവോ വിധിക്കാനും വ്യവസ്ഥയുണ്ട്. കള്ളസാക്ഷി പറയാന്‍ പ്രേരിപ്പിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്. 109 വകുപ്പ് പ്രകാരം പ്രേരണക്കുറ്റത്തിനും ഇവരെ പ്രതിചേര്‍ക്കാം. ജയകൃഷ്ണന്‍ വധക്കേസില്‍ നിരപരാധികള്‍ക്ക് വധശിക്ഷ വിധിക്കാന്‍ കാരണക്കാരായ സാക്ഷികളെ കാത്തിരിക്കുന്നതും കടുത്ത ശിക്ഷയാണ്. ഇതിന് വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചവരും നിയമത്തിന് മുന്നില്‍ മറുപടിപറയേണ്ടിവരും. നാടക റിഹേഴ്സല്‍പോലെ മോക്കോര്‍ട്ട് നടത്തിയാണ് കുട്ടികളെ കള്ളസാക്ഷി പറയിക്കാനും മറ്റും പഠിപ്പിച്ചത്. സര്‍ക്കാരിന്റെ പുനരന്വേഷണ തീരുമാനം കള്ളസാക്ഷിപറഞ്ഞവരെ മാത്രമല്ല, അതിന് കൂട്ടുനിന്നവരെയും ഭയപ്പെടുത്തുന്നു. വിചാരണക്കോടതിമുമ്പാകെ സാക്ഷി പറഞ്ഞ അന്നത്തെ കുട്ടികള്‍ പലരും ഇപ്പോള്‍ വിവാഹം കഴിഞ്ഞ് കുടുംബസമേതം ജീവിക്കുന്നവരാണ്. അവരെയെല്ലാം നിയമനടപടിയിലേക്ക് വലിച്ചിഴക്കുന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ തീരുമാനം.
ഒരു കേസില്‍ രണ്ട് വിചാരണ നിയമവിരുദ്ധമാണെന്ന് അഡ്വ. കെ വിശ്വന്‍ പറഞ്ഞു. പുതിയ പ്രതികള്‍ വരുമ്പോള്‍ പുതിയ സാക്ഷികളെയും ഹാജരാക്കേണ്ടിവരും. സര്‍ക്കാര്‍ തീരുമാനം ഒരുപാട് നിയമപ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. തലശേരി രണ്ടാം അതിവേഗകോടതി ജഡ്ജിയായിരുന്ന പി വി ചന്ദ്രദാസാണ് അഞ്ചുപേരെയും വധശിക്ഷക്ക് വിധിച്ചത്. പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ എത്രത്തോളം ദുര്‍ബലമായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു വിധി. ഞങ്ങള്‍ നിരപരാധികളാണെന്ന് ശിക്ഷക്ക് തൊട്ടുമുമ്പും കുറ്റാരോപിതരായ അഞ്ചുപേരും കോടതിയില്‍ വ്യക്തമാക്കിയെങ്കിലും അതൊന്നും അന്ന് നീതിപീഠം ചെവിക്കൊണ്ടില്ല. വധശിക്ഷക്ക് വിധിക്കപ്പെട്ട മൊകേരിയിലെ എ പ്രദീപനും പാട്യത്തെ സുന്ദരനും കൂരാറയിലെ ദിനേശ്ബാബുവും കെ കെ അനില്‍കുമാറും ഷാജിയും തൂക്കുകയറിനുകീഴെ ഏകാന്തതടവിലായിരുന്നു മാസങ്ങളോളം. ഇവര്‍ അനുഭവിച്ച മാനസിക പീഡനം വിവരണാതീതം. അക്ഷരാര്‍ഥത്തില്‍ മരണം കാത്തുകിടക്കുകയായിരുന്നു. ഇതിന് ആര് സമാധാനം പറയുമെന്ന ചോദ്യംകൂടി ഇപ്പോള്‍ ഉയരുന്നുണ്ട്. നിരപരാധികളെ മാനസികമായി പീഡിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കേസില്‍ സുപ്രീംകോടതിയാണ് നാലുപേരെ വെറുതെവിടുകയും ഒരാളുടെ ശിക്ഷ ജീവപര്യന്തമാക്കുകയും ചെയ്തത്.
(പി ദിനേശന്‍)
deshabhimani 061212
Labels:
കോടതി
Subscribe to:
Post Comments (Atom)
No comments:
Post a Comment