Thursday, December 6, 2012

അരിവില 43 രൂപവരെയായി


പൊതുവിതരണ സംവിധാനം നിശ്ചലമായതിനെത്തുടര്‍ന്ന്  സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ അരിവിലയില്‍ റെക്കോഡ് കുതിപ്പ്. ബ്രാന്റഡ് മട്ട അരിയുടെ വില മൊത്തവിപണിയില്‍ 10 രൂപവരെ ഉയര്‍ന്ന് 41 രൂപയിലെത്തി. ഇതിന്റെ ചില്ലറ വില്‍പ്പന വില 43 രൂപവരെയാകും. എല്ലാത്തരം അരിയുടെയും വില അഞ്ചുരൂപവരെ കൂടിയിട്ടുണ്ട്. റേഷന്‍കടയും മാവേലി സ്റ്റോറും കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനശാലകളും ശൂന്യമായതോടെയാണ് അരിവില കുതിച്ചത്.

രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം ചാലക്കമ്പോളത്തില്‍ 30-31 രൂപയായിരുന്ന ബ്രാന്റഡ് അരിവില വ്യാഴാഴ്ച 41 രൂപയായി. ചില്ലറ വില 43ഉം. സാധാരണ മട്ടഅരിക്കും 36 രൂപവരെ വിലയുണ്ട്. കഴിഞ്ഞയാഴ്ച 31 രൂപയായിരുന്നു ചാലയില്‍ ഇതിന്റെ വില. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള അരിവരവ് നിലച്ചതാണ് അരിവിലയുടെ കുതിപ്പിനു കാരണമായി മൊത്തവ്യാപാരികള്‍ പറയുന്നത്. കര്‍ണാടകത്തില്‍ നെല്ലിന്റെ വില ഉയര്‍ന്നത് വന്‍കിട അരിക്കമ്പനികളെ ബാധിച്ചിട്ടുണ്ട്. കിലോയ്ക്ക് 10 രൂപയായിരുന്ന നെല്ലിന് ഇപ്പോള്‍ 24.50 രൂപവരെ വന്‍കിട മില്ലുകാര്‍ നല്‍കേണ്ടിവരുന്നു. ഇത് എല്ലാ ബ്രാന്റഡ് അരിയുടെയും വില കുത്തനെ വര്‍ധിക്കാന്‍ ഇടയാക്കി. ആന്ധ്രയില്‍നിന്നുള്ള അരിയുടെ വരവ് കുറഞ്ഞത് ജയ, കുറുവ തുടങ്ങിയ ഇനങ്ങളുടെ വിലയും ഉയരാന്‍ ഇടയാക്കുന്നു. ഇവയുടെ മൊത്തവില രണ്ടു രൂപയോളം വര്‍ധിച്ച് 31 രൂപവരെ എത്തിയിട്ടുണ്ട്.

ലോറിവാടകയിലെ വര്‍ധനയും അരിവിലയില്‍ പ്രതിഫലിക്കുന്നു. വില കുതിച്ചതോടെ അരിയുടെ പൂഴ്ത്തിവയ്പും സജീവമായി.ഇത് വില വീണ്ടും ഉയരാന്‍ ഇടയാക്കും. പരിശോധന പൂര്‍ണമായി നിലച്ചതും വിപണിയെ പൊള്ളിക്കുന്നു. പൊതുവിപണിയില്‍ നടത്തുന്ന റെയ്ഡിന്റെ കണക്ക് എല്ലാമാസവും താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്കും അവര്‍ സിവില്‍ സപ്ലൈസ് കമീഷണര്‍ക്കും കൈമാറണം. എന്നാല്‍, അനൂപ് ജേക്കബ് മന്ത്രിയായതിനുശേഷം സംസ്ഥാനത്ത് ഒറ്റ പരിശോധനപോലും നടന്നിട്ടില്ല. സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായമാകെ സ്തംഭിച്ചിരിക്കുകയാണ്. എഎവൈ കാര്‍ഡുകാര്‍ക്കുള്ള അരിമാത്രമാണ് റേഷന്‍കടകളിലുള്ളത്. എപിഎല്‍-ബിപിഎല്‍ കാര്‍ഡുകാര്‍ക്കുള്ള സ്റ്റോക്ക് ഇനിയും എടുത്തിട്ടില്ല. മണ്ണെണ്ണയും എത്താത്തതിനാല്‍ റേഷന്‍കടകള്‍ കാലി. മാവേലി സ്റ്റോറുകളില്‍ ശരാശരി രണ്ടാഴ്ച കൂടുമ്പോഴാണ് അരിയെത്തുന്നത്. പത്തുചാക്ക് അരിയാണ് പരമാവധി നല്‍കുക. രണ്ടു മണിക്കൂറിനുള്ളില്‍ അത് തീരും. നഗരങ്ങളിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍പോലും സബ്സിഡി അരി കിട്ടുന്നില്ല.

deshabhimani 071212

1 comment:

  1. പൊതുവിതരണ സംവിധാനം നിശ്ചലമായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ അരിവിലയില്‍ റെക്കോഡ് കുതിപ്പ്. ബ്രാന്റഡ് മട്ട അരിയുടെ വില മൊത്തവിപണിയില്‍ 10 രൂപവരെ ഉയര്‍ന്ന് 41 രൂപയിലെത്തി. ഇതിന്റെ ചില്ലറ വില്‍പ്പന വില 43 രൂപവരെയാകും. എല്ലാത്തരം അരിയുടെയും വില അഞ്ചുരൂപവരെ കൂടിയിട്ടുണ്ട്. റേഷന്‍കടയും മാവേലി സ്റ്റോറും കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനശാലകളും ശൂന്യമായതോടെയാണ് അരിവില കുതിച്ചത്.

    ReplyDelete