Sunday, December 30, 2012

എച്ച്എംഎല്‍ ഭൂമിയില്‍ ഒന്നിന് വളണ്ടിയര്‍മാര്‍ പ്രവേശിക്കും


കല്‍പ്പറ്റ: സംസ്ഥാനമാകെ അലയടിച്ചുയരുന്ന ഭൂസമരത്തിന്റെ ഭാഗമായി വയനാട്ടിലും ജനുവരി ഒന്നിന് വളണ്ടിയര്‍മാര്‍ ഭൂമിയില്‍ പ്രവേശിക്കും. പാട്ടക്കാലാവധി കഴിഞ്ഞിട്ടും എച്ച്എംഎല്‍ അനധികൃതമായി കൈവശംവെക്കുന്ന ചുണ്ടേലിലെ എസ്റ്റേറ്റിലേക്കാണ് മാര്‍ച്ച്ചെയ്യുക. തുടര്‍ന്ന് അറസ്റ്റ്വരിച്ച് ജയിലിലേക്ക് പോകും. തുടര്‍ന്ന് ജനുവരി 10വരെ സമരം തുടരുമെന്ന് ഭൂസംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍ എം വേലായുധനും ജനറല്‍ കണ്‍വീനര്‍ സുരേഷ് താളൂരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുക, ഭൂപരിഷ്കരണനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക, തണ്ണീര്‍ത്തട-വയല്‍ സംരക്ഷണ നിയമം അട്ടിമറിക്കാതിരിക്കുക, പാട്ടക്കാലാവധി തീര്‍ന്ന തോട്ടങ്ങള്‍ ഏറ്റെടുക്കുക, മുഴുവന്‍ കൈവശ കര്‍ഷകര്‍ക്കും പട്ടയം നല്‍കുക എന്നീ ആവശ്യമുന്നയിച്ചാണ് സമരം. സംസ്ഥാനത്താകെ നാലുലക്ഷത്തോളം പേര്‍ ഭൂരഹിതരാണ്. വയനാട് ജില്ലയില്‍ പട്ടികവര്‍ഗക്കാരുള്‍പ്പെടെ 30000 ഓളം പേര്‍ ഭൂരഹിതരായുണ്ട്. ഇവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നീക്കവും ഉണ്ടാകുന്നില്ല. മാത്രമല്ല കേരളത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കിയ ഭൂപരിഷ്ക്കരണ നിയമത്തില്‍ വെള്ളം ചേര്‍ത്ത് ഭൂമാഫിയക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണ് സര്‍ക്കാര്‍. ആദിവാസികളുടെ പ്രശ്നം പരിഹരിക്കാന്‍ ക്രിയാത്മകമായ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. എച്ച്എംഎല്‍ പോലെയുള്ള വന്‍കിട ഭൂപ്രഭുക്കള്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെക്കുന്നത് പിടിച്ചെടുക്കണം എന്ന ആവശ്യത്തോടും സര്‍ക്കാര്‍ മുഖം തിരിഞ്ഞുനില്‍ക്കുകയാണ്. ഭൂമിയെ എമര്‍ജിങ് കേരളയില്‍ വില്‍പ്പനച്ചരക്കാക്കി മാറ്റി ഭൂമാഫിയകള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കര്‍ഷകസംഘം, കെഎസ്കെടിയു, ആദിവാസി ക്ഷേമസമിതി, പട്ടികജാതി ക്ഷേമസമിതി എന്നീ സംഘടനകള്‍ ചേര്‍ന്ന് ഭൂസംരക്ഷണസമിതി രൂപീകരിച്ച് ഭൂസമരത്തിന് ഒരുങ്ങുന്നത്.

ചുണ്ടേലിലുള്ള എച്ച്എംഎല്‍ ഭൂമിയില്‍ പ്രവേശിച്ച് അറസ്റ്റ് വരിക്കല്‍ സമരം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ ഉദ്ഘാടനംചെയ്യും. സി കെ ശശീന്ദ്രന്‍, പി എ മുഹമ്മദ് എന്നിവര്‍ സംസാരിക്കും. കിസാന്‍സഭ കേന്ദ്രകമ്മിറ്റിയംഗം പി കൃഷ്ണപ്രസാദ് ആദ്യദിവസം സമരത്തിന് നേതൃത്വം നല്‍കൂം. എകെഎസ് ജില്ലാപ്രസിഡന്റ് സീതാബാലന്‍, കെഎസ്കെടിയു നേതാക്കളായ എ ടി ഉഷ, എം ഡി സെബാസ്റ്റ്യന്‍, വി വി രാജന്‍, പികെഎസ് ജില്ലാസെക്രട്ടറി എം സി ചന്ദ്രന്‍ എന്നിവരും ആദ്യദിവസം അറസ്റ്റുവരിക്കും. പിന്നീടുള്ള ദിവസങ്ങളില്‍ വിവിധ ഏരിയകളില്‍നിന്നുള്ള വളണ്ടിയര്‍മാര്‍ സമരത്തില്‍ അണിനിരക്കും. രണ്ടിന് വൈത്തിരി, തുടര്‍ന്ന് കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി, പനമരം, പുല്‍പ്പള്ളി എന്നിങ്ങനെയാണ് വളണ്ടിയര്‍മാര്‍ എത്തുക. വളണ്ടിയര്‍മാരുടെ റിക്രൂട്ട്മെന്റ് പൂര്‍ത്തിയായി. 31ന് വില്ലേജ് കേന്ദ്രങ്ങളില്‍ വളണ്ടിയര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കും. രാത്രിയോടെ കേന്ദ്രീകരിച്ച് ജനുവരി ഒന്നിന് ഭൂമിയില്‍ പ്രവേശിക്കും. സര്‍ക്കാര്‍ സമീപനം അനുകൂലമല്ലെങ്കില്‍ 11മുതല്‍ ആറ് ഏരിയാ കേന്ദ്രങ്ങളില്‍ കുടില്‍കെട്ടി സമരം തുടങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു. ഭൂസംരക്ഷണസമിതി കണ്‍വീനര്‍മാരായ പി വാസുദേവന്‍, എം സി ചന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 301212

അരങ്ങിലെ അമ്മയുടെ ഓര്‍മകളില്‍ സിന്ദൂര"മാല" ചാര്‍ത്തി മകള്‍


വടകര: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം നടന്ന ചരിത്രമാണ് "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകത്തിനുള്ളത്. മലയാള നാടക ചരിത്രത്തിന് പുതിയ ഏടുകള്‍ സമ്മാനിച്ച ആ നാടകത്തിലെ ഒരോ കഥാപാത്രവും ഓര്‍മയില്‍ ഇന്നും അഗ്നിജ്വാല പടര്‍ത്തുമ്പോള്‍ അരങ്ങിലെ അമ്മയെ ഓര്‍ത്തെടുക്കുകയാണ് മടപ്പള്ളി ഗവ. കോളേജിലെ ഇംഗ്ലീഷ് അധ്യാപികയും നര്‍ത്തകിയുമായ ഡോ. ചിത്രാഗംഗാധരന്‍.

കൊല്ലം ചവറ തട്ടാശേരിയിലെ സുദര്‍ശന ഓലക്കൊട്ടകയിലെ നാടകത്തിന്റെ ആദ്യ അവതരണം മുതല്‍ അരങ്ങില്‍ മാലയായി ജീവിച്ച കെപിഎസി സുധര്‍മയുടെ മകളാണ് ചിത്ര. കലയും രാഷ്ട്രീയവും ഒന്നായിരുന്ന കാലത്ത് അരങ്ങില്‍ സമരബോധത്തിന്റെ തെളിച്ചം പകര്‍ന്ന സുധര്‍മയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്പോള്‍ ചിത്രക്ക് കുറ്റപ്പെടുത്തലോ പരാതിയോ ഇല്ല. സങ്കടം മാത്രം. നാടകത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷികാഘോഷത്തിലായിരുന്നു ആദ്യമായി നാടകം കണ്ടത്. അന്ന് അമ്മ മാലയുടെ വേഷമിട്ടു. അമ്പതുകളില്‍ കേരളം കണ്ട മാലയായിരുന്നില്ല അത്. പക്ഷെ യുവത്വത്തിലെ അമ്മയുടെ മാല എന്റെ മനസ്സിലുണ്ട്. ചിത്ര ഓര്‍ക്കുന്നു. സുധര്‍മയെന്നത് നാടകത്തിലെ പേരാണ്. യഥാര്‍ഥ പേര് ജെ ഗോമതിയെന്നായിരുന്നു. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയായ ഗോമതിക്ക് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നാടകത്തില്‍ അഭിനയിക്കുന്നതിന് ഒരു മറവേണമായിരുന്നു. അതായിരുന്നു സുധര്‍മ.

തിരുവനന്തപുരം മ്യൂസിക് അക്കാദമിയില്‍ നിന്ന് ഗാനഭൂഷണം പാസായി സര്‍ക്കാര്‍ സ്കൂളില്‍ സംഗീത അധ്യാപികയായ കാലത്താണ് അമ്മ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" നാടകത്തില്‍ അഭിനയിച്ചത്. നാടകത്തില്‍ അഭിനയിക്കരുതെന്ന് സര്‍ക്കാര്‍ വിലക്കുകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. അടിയന്തരാവശ്യത്തിന് പോലും അവധി അനുവദിച്ചില്ല. ശിക്ഷാനടപടിയുടെ ഭാഗമായി പലപ്പോഴും സ്ഥലം മാറ്റി. ദിവസവും നാടകമുണ്ടായിരുന്നു അന്ന്. രാത്രി നാടകം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ നേരം പുലര്‍ന്നിരിക്കും. പിന്നെ കുളിച്ച് ഒരോട്ടമാണ് സ്കൂളിലേക്ക്. വൈകിട്ട് വീണ്ടും നാടകസ്ഥലത്തേക്ക്. ഉറക്കം നാടകവണ്ടിയിലായിരുന്നു. കുളിക്കാനും ഭക്ഷണം കഴിക്കാനും ഉറങ്ങാനും കഴിയാതെ അമ്മയുടെ ആരോഗ്യം ക്ഷയിച്ചു. ഗ്രീന്‍റൂമില്‍ കിടത്തി ഗ്ലൂക്കോസ് കുത്തിവെച്ച് അഭിനയിച്ച അപൂര്‍വ അനുഭവവും അമ്മയ്ക്കുണ്ടായിട്ടുണ്ട്. തുടര്‍ച്ചയായ അഭിനയം അമ്മയെ രോഗിയുമാക്കി. 1995 ജനുവരിയിലായിരുന്നു അമ്മ മരിക്കുന്നത്. അടിയുറച്ച കമ്യൂണിസ്റ്റായിരുന്നു അമ്മ.
(ടി രാജന്‍)

deshabhimani 301212

സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്‌ 30.12.2012


സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി യോഗം ഡിസംബര്‍ 29, 30 തീയതികളില്‍ കോടിയേരി ബാലകൃഷ്‌ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.

ഭൂമിക്ക്‌ വേണ്ടിയുള്ള ഭൂരഹിതരുടെ ദീര്‍ഘനാളത്തെ ആവശ്യം മുന്‍നിര്‍ത്തി 2013 ജനുവരി 1 മുതല്‍ സംസ്ഥാനത്ത്‌ ഭൂസമരം ആരംഭിക്കുകയാണ്‌. കര്‍ഷകര്‍, കര്‍ഷകതൊഴിലാളികള്‍, ആദിവാസികള്‍, പട്ടികജാതി ജനവിഭാഗങ്ങളും ചേര്‍ന്നാണ്‌ ഈ സമരത്തിന്‌ നേതൃത്വം നല്‍കുന്നത്‌. വിതരണം ചെയ്യപ്പെടാത്ത മിച്ചഭൂമി ചൂണ്ടിക്കാണിച്ചുകൊണ്ടും, നെല്‍വയല്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടി നികത്തുന്നതിനെതിരായും ആരംഭിക്കുന്ന സമരത്തില്‍, പതിനായിരക്കണക്കിന്‌ വളണ്ടിയര്‍മാര്‍ അണിനിരക്കും. പിറന്ന മണ്ണില്‍ ജീവിക്കുന്നതിനായി പാവപ്പെട്ട ജനങ്ങള്‍ ഒന്നുചേര്‍ന്ന്‌ നടത്തുന്ന ഈ സമരം വിജയിപ്പിക്കാന്‍ സി.പി.ഐ (എം) സംസ്ഥാനകമ്മിറ്റി എല്ലാ കേരളീയരോടും അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വളര്‍ച്ചക്ക്‌ നിര്‍ണായക പങ്ക്‌ വഹിച്ച നടപടിയായിരുന്നു ഭൂപരിഷ്‌കരണ നിയമനിര്‍മ്മാണം. ഇത്‌ ജന്മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയും, കര്‍ഷകപ്രസ്ഥാനവും നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങളുടെ ഉല്‍പന്നമായിരുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളാണ്‌ ഇതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തിയത്‌. എന്നാല്‍ ഈ നിയമങ്ങളെ അട്ടിമറിക്കുന്നതിനും മിച്ചഭൂമി പാവങ്ങള്‍ക്ക്‌ വിതരണം ചെയ്യുന്നത്‌ തടയുന്നതിനുമാണ്‌ വലതുപക്ഷ ശക്തികള്‍ ശ്രമിച്ചത്‌. മാത്രമല്ല ജനക്ഷേമകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ സര്‍ക്കാരിനെ അട്ടിമറിക്കുന്ന നടപടിയും ഇവര്‍ സ്വീകരിക്കുകയും ചെയ്‌തു.

എന്നാല്‍ ഈ നിയമം പ്രാവര്‍ത്തികമാക്കാനുള്ള സുശക്തമായ പോരാട്ടം കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി 1967 ലെ ഇ.എം.എസ്‌ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണനിയമം നടപ്പിലാക്കുന്നതിനും, കുടികിടപ്പവകാശം നേടിയെടുക്കുന്നതിനും 1970-കളില്‍ വീറുറ്റ സമരം നടത്തേണ്ടിവന്നു. കൊടിയമര്‍ദ്ദനങ്ങളെയും, അടിച്ചമര്‍ത്തലിനെയും നേരിട്ടുകൊണ്ടാണ്‌ ആ സമരം വിജയിപ്പിക്കാനായത്‌.

കേരളത്തിന്റെ സമരചരിത്രത്തില്‍ ഉജ്ജ്വലമായി ജ്വലിച്ചുനില്‍ക്കുന്ന ആ സമരത്തിന്റെ തുടര്‍ച്ചയാണ്‌ ജനുവരി 1 മുതല്‍ ആരംഭിക്കുന്ന ഭൂസമരം. ഏകദേശം മൂന്നുലക്ഷത്തോളം കുടുംബങ്ങളാണ്‌ സംസ്ഥാനത്ത്‌ ഇപ്പോള്‍ ഭൂരഹിതരായിട്ടുള്ളത്‌. അവരില്‍ ഭൂരിഭാഗവും പട്ടികജാതി-പട്ടികവര്‍ഗവിഭാഗത്തില്‍പെട്ട പാവപ്പെട്ടവരാണ്‌. അവര്‍ക്കെല്ലാം കിടപ്പാടം നല്‍കാന്‍ മാത്രം ഭൂമി സംസ്ഥാനത്ത്‌ നിലനില്‍ക്കുന്നുണ്ട്‌. എന്നിട്ടും മിച്ചഭൂമി തിരിമറി നടത്താനും, നിയമം മൂലം ഇവ ഇല്ലാതാക്കാനും, വന്‍കിടക്കാര്‍ക്ക്‌ വന്‍തോതില്‍ അനധികൃതമായി ഭൂമി കൈവശം വെക്കാനും ഉതകുന്ന നടപടികളാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. കശുമാവ്‌ പ്ലാന്റേഷനെ ഭൂപരിധിയില്‍ നിന്നൊഴിവാക്കാനും തോട്ടങ്ങളുടെ അഞ്ചുശതമാനം ഭൂമി ടൂറിസം പദ്ധതികള്‍ക്കുപയോഗിക്കാനും അനുമതി നല്‍കാനുമുള്ള യു.ഡി.എഫ്‌ സര്‍ക്കാരിന്റെ നടപടികള്‍ ഇതിന്‌ ഉത്തമദൃഷ്‌ടാന്തമാണ്‌.

ഭക്ഷ്യധാന്യമായ അരിയുല്‍പാദനത്തില്‍ ഗണ്യമായ കുറവുള്ള സംസ്ഥാനത്ത്‌ അവശേഷിക്കുന്ന നെല്‍പാടങ്ങള്‍ സംരക്ഷിക്കാനും കൂടിയാണ്‌ 2008-ല്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ``നെല്‍വയല്‍-തണ്ണീര്‍തട സംരക്ഷണനിയമം കൊണ്ടുവന്നത്‌. സംസ്ഥാനത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനും ഈ നിയമം ലക്ഷ്യം വെക്കുന്നു. എന്നാല്‍ നെല്‍വയല്‍-തണ്ണീര്‍തട സംരക്ഷണനിയമത്തെ അട്ടിമറിക്കാനും വന്‍തോതില്‍ നെല്‍പാടങ്ങള്‍ നികത്താനും യു.ഡി.എഫ്‌ സര്‍ക്കാര്‍ ശ്രമിക്കുകയാണ്‌. എമര്‍ജിംഗ്‌ കേരളയുമായി ബന്ധപ്പെട്ട്‌ മുന്നോട്ടുവെച്ച പല പദ്ധതികളും നെല്‍പാടങ്ങള്‍ നികത്താനും, വനഭൂമി കയ്യടക്കാനും ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഇതിനെതിരെ വ്യാപകമായ എതിര്‍പ്പ്‌ എല്ലാ മേഖലയില്‍ നിന്നും ഉയര്‍ന്നു വരികയുണ്ടായി. ചുരുക്കത്തില്‍ സംസ്ഥാന താല്‍പര്യത്തേക്കാള്‍ കള്ളപ്പണക്കാരുടേയും കോര്‍പ്പറേറ്റുകളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ഇതിനെ ചെറുത്ത്‌ പരാജയപ്പെടുത്താന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.

യുവജനരംഗത്തെ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും യുവാക്കള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളെ ആസ്‌പദമാക്കി കേന്ദ്ര-സംസ്ഥാനസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യുവജനങ്ങളെ ഒന്നിച്ചണിനിരത്താനും ഉതകുന്ന `യുവജനരേഖ സംസ്ഥാനകമ്മിറ്റി അംഗീകരിച്ചു. കേരളത്തിലെ കരുത്തുറ്റ യുവജനസംഘടനയാണ്‌ ഡി.വൈ.എഫ്‌.ഐ. തൊഴിലില്ലായ്‌മക്കെതിരായും തൊഴിലില്ലായ്‌മ വേതനത്തിനായും മുമ്പ്‌ കെ.എസ്‌.വൈ.എഫിന്റേയും തുടര്‍ന്ന്‌ ഡി.വൈ.എഫ്‌.ഐയുടേയും നേതൃത്വത്തില്‍ നടന്ന യുവജനപ്രക്ഷോഭങ്ങള്‍ കേരളത്തിലെ സമരപോരാട്ടങ്ങളുടെ ചരിത്രത്തിലെ അവിസ്‌മരണീയമായ സംഭവങ്ങളാണ്‌. അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ തന്നെ പോലീസിന്റെ കൊടിയ മര്‍ദ്ദനങ്ങളേയും പീഡനങ്ങളേയും നേരിട്ടുകൊണ്ട്‌ യുവജനപ്രസ്ഥാനം മുന്നോട്ട്‌ നീങ്ങുകയാണ്‌. എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി ഉപയോഗിക്കുന്നതിന്റെ വിപത്തിനതിരെ ഡി.വൈ.എഫ്‌.ഐ നടത്തിയ നിയമപോരാട്ടവും ഇരകളെ സഹായിക്കാന്‍ നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനവും ലോകശ്രദ്ധ നേടിയ പ്രവര്‍ത്തനങ്ങളാണ്‌.

നവലിബറല്‍ നയങ്ങള്‍ മുന്നോട്ട്‌ വെക്കുന്ന ജീവിത വീക്ഷണങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കുകയും അവരുടെ പ്രത്യാശകളെ മുഴുവനും തകര്‍ക്കുകയും ചെയ്യുകയാണ്‌. തൊഴിലില്ലായ്‌മയുടെ വളര്‍ച്ച, സ്ഥിരം ജോലിക്ക്‌ പകരം തുച്ഛമായ വേതനം ലഭിക്കുന്ന കരാര്‍, താല്‍ക്കാലിക ജോലികളുടെ വളര്‍ച്ച, പുതുതായി നിയമിക്കപ്പെടുന്നവര്‍ക്ക്‌ പെന്‍ഷന്‍ നിഷേധിക്കുന്ന നയങ്ങള്‍ ഇവയെല്ലാം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്‌ യുവാക്കളെയാണ്‌. ഈ സാഹചര്യത്തില്‍ നവ-ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരായ പോരാട്ടങ്ങളിലൂടെ മാത്രമേ യുവാക്കളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാനാവൂ. അതുകൊണ്ട്‌ ഇത്തരം നയങ്ങള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ യുവാക്കള്‍ അണിചേരേണ്ടതുണ്ട്‌. യുവജനതയെ വര്‍ഗീയ-തീവ്രവാദ-ജാതീയ ചേരികളിലാക്കി ഭിന്നിപ്പിക്കാനും, അവര്‍ക്കിടയില്‍ അരാഷ്‌ട്രീയബോധം വളര്‍ത്താനും സംഘടിത ശ്രമം നടക്കുന്ന കാലമാണിത്‌. അതോടൊപ്പം പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, വിവിധ രൂപത്തിലുള്ള ജനസേവനം, മതനിരപേക്ഷ മാനവിക സംസ്‌കാരത്തിനായുള്ള പ്രവര്‍ത്തനം എന്നിവയെ ആസ്‌പദമാക്കി ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തനം കൂടുതല്‍ കരുത്തുറ്റതാക്കുക എന്നതാണ്‌ യുവജനരേഖ ലക്ഷ്യം വെക്കുന്നത്‌.

സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ അട്ടിമറിച്ച്‌ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനുള്ള യു.ഡി.എഫ്‌ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി 8 മുതല്‍ അനിശ്ചിതകാല പണിമുടക്കിന്‌ തീരുമാനിച്ചിരിക്കുകയാണ്‌. നിയമനനിരോധനവും ജീവനക്കാരുടെ എണ്ണം കുറയ്‌ക്കലും നടപ്പിലാക്കാനും ശ്രമം നടക്കുന്നു. 2004 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പങ്കാളിത്ത പെന്‍ഷന്‍ ഇടതുപക്ഷ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ബംഗാള്‍, കേരളം, ത്രിപുര സര്‍ക്കാരുകള്‍ നടപ്പിലാക്കിയിരുന്നില്ല. കേരളത്തില്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ജനവിരുദ്ധ നയങ്ങളും നിര്‍ബാധം നടപ്പിലാക്കുന്നതിനാണ്‌ ശ്രമിക്കുന്നത്‌. ജീവനക്കാരുടേയും തൊഴിലാളികളുടേയും അവകാശങ്ങള്‍ കവരുന്ന നിലപാടാണ്‌ എക്കാലത്തും യു.ഡി.എഫ്‌ സര്‍ക്കാരുകള്‍ കൈക്കൊണ്ടിട്ടുള്ളത്‌. ഈ നയത്തിനെതിരെ ജീവനക്കാരും അധ്യാപകരും യോജിച്ച്‌ നടത്തുന്ന പണിമുടക്ക്‌ സമരത്തിന്‌ പിന്തുണ നല്‍കാന്‍ പാര്‍ടി അഭ്യര്‍ത്ഥിക്കുന്നു.

സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ദേശവ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സന്ദര്‍ഭമാണിത്‌. ഡല്‍ഹിയില്‍ ഒരു പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ക്രൂരമായി പീഡിപ്പിക്കപ്പെടുകയും തുടര്‍ന്ന്‌ മരണപ്പെടുകയും ചെയ്‌ത സംഭവം, രാജ്യമാകെ കടുത്ത പ്രതിഷേധവും അമര്‍ഷവും ഉയര്‍ന്നുവരാനിടയാക്കി. സ്‌ത്രീപീഡനത്തില്‍ കേരളവും ഒട്ടും പിന്നിലല്ല. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ 1661 ബലാത്സംഗങ്ങള്‍ നടന്നതായി നിയമസഭയില്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്‌. ഈ കാലയളവില്‍ പ്രായപൂര്‍ത്തിയാവാത്ത 199 പെണ്‍കുട്ടികളും പീഡനത്തിനിരയായി. യു.ഡി.എഫ്‌ ഭരണത്തില്‍ നിയമവാഴ്‌ച തകര്‍ന്നുവെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. റൗഡികളില്‍ നിന്നും നീചന്മാരായ നരാധമന്മാരില്‍ നിന്നും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കാന്‍ കഴിയാത്ത യു.ഡി.എഫ്‌ സര്‍ക്കാര്‍ കേരളത്തിന്‌ അപമാനകരമാണ്‌. സ്‌ത്രീകള്‍ക്ക്‌ തീവണ്ടി യാത്രപോലും ചെയ്യാനാവാത്ത സ്ഥിതിയാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌.

സംസ്ഥാനത്ത്‌ നിയമവാഴ്‌ച സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരിന്റെ സകല സന്നാഹങ്ങളും രാഷ്‌ട്രീയ പ്രതിയോഗികളെ നേരിടാനും കള്ളക്കേസില്‍ കുടുക്കാനുമാണ്‌ ഉപയോഗിക്കുന്നത്‌. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നടന്ന സംഭവങ്ങളുടെ പേരില്‍ കേസ്‌ ചുമത്തപ്പെട്ടവരെ നിര്‍ബന്ധിച്ചും പീഡിപ്പിച്ചും മൊഴികള്‍ തട്ടിയുണ്ടാക്കുന്നതിനാണ്‌ പോലീസ്‌ പരിശ്രമിക്കുന്നത്‌. എന്നിട്ട്‌ അതിന്റെ പേരില്‍ സി.പി.ഐ (എം) നേതാക്കളേയും പ്രവര്‍ത്തകരേയും കള്ളകേസുകളില്‍ കുടുക്കി ജയിലിലടക്കുന്ന നടപടികളാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു എന്നതുകൊണ്ട്‌ ആരും കുറ്റവാളിയായി തീരുന്നില്ല. എന്നിട്ടും പ്രതിചേര്‍ക്കപ്പെട്ട്‌ ദീര്‍ഘനാളായി ജയിലില്‍ കഴിയുന്ന സി.പി.ഐ (എം)ന്റെ ഉത്തരവാദപ്പെട്ട നേതാക്കള്‍ സമര്‍പ്പിക്കുന്ന ജാമ്യഹര്‍ജികള്‍ തള്ളുന്നതിനാണ്‌ കോടതികള്‍ ശ്രമിക്കുന്നത്‌. വലതുപക്ഷ മാധ്യമങ്ങള്‍ എഴുതി വിടുന്ന നിറം പിടിപ്പിച്ച നുണകള്‍ അടങ്ങുന്ന വാര്‍ത്തകളെ ഉദ്ധരിച്ചുകൊണ്ട്‌ ചില കോടതികള്‍ നടത്തുന്ന പ്രതികരണങ്ങള്‍ മനുഷ്യാവകാശത്തിന്റെ നഗ്നമായ ലംഘനമാണ്‌. ഭരണകൂടത്തിന്റെ ഭാഗത്ത്‌ നിന്നുണ്ടാകുന്ന അതിക്രമങ്ങളില്‍ നിന്ന്‌, പൗരന്മാര്‍ക്ക്‌ നീതി നല്‍കാനും അവരുടെ മനുഷ്യാവകാശം സംരക്ഷിക്കാനും നീതിന്യായ കോടതികള്‍ക്ക്‌ ചുമതലയുണ്ട്‌.

അവശ്യവസ്‌തുക്കളുടെ അതിരൂക്ഷമായ വിലക്കയറ്റം മൂലം സംസ്ഥാനത്തെ ജനങ്ങള്‍ പൊറുതി മുട്ടുകയാണ്‌. പൊതുവിതരണം ആകെ താറുമാറായി. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്‌തുക്കള്‍ പൂഴ്‌ത്തിവെപ്പ്‌ നടത്തുന്നത്‌ തടയാനും സര്‍ക്കാരിന്‌ കഴിയുന്നില്ല. പവര്‍കട്ടും, വൈദ്യുതി ചാര്‍ജ്ജ്‌ വര്‍ദ്ധനവും, പാല്‍, വെള്ളം, യാത്രാനിരക്കുകള്‍ എന്നിവയിലുണ്ടായ വര്‍ദ്ധനവും കുടുംബ ബജറ്റുകളെ താളം തെറ്റിച്ചിരിക്കുകയാണ്‌. സാമൂഹ്യസുരക്ഷാ പദ്ധതികളാവട്ടെ ഒന്നിനുപുറകെ ഒന്നായി അട്ടിമറിക്കപ്പെടുകയുമാണ്‌. ഇത്തരത്തില്‍ സംസ്ഥാനം നേടിയെടുത്ത എല്ലാ നേട്ടങ്ങളും തകര്‍ക്കുന്ന നടപടികളാണ്‌ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്‌. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന്‌ ജനങ്ങള്‍ സന്നദ്ധരാവണം.

ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എം.ബി. രാജേഷിനെ പാര്‍ടി സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായി തീരുമാനിച്ചു.

തിരുവനന്തപുരം
30.12.2012

യുവതിയുടെ മൃതദേഹം സംസ്കരിച്ചു


ബസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ മൃതദേഹം ഞായറാഴ്ച പുലര്‍ച്ചെ സംസ്കരിച്ചു. രാവിലെ 7.30ഓടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. യുവതി താമസിച്ചിരുന്ന ദ്വാരകയിലെ മഹാവീര്‍ എന്‍ക്ലേവ്സിനു (സെക്ടര്‍ 24) സമീപത്തെ ശ്മശാനത്തിലായിരുന്നു സംസ്കാരം. പുലര്‍ച്ചെ മൂന്നരയോടെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സോണിയാ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. സംസ്കാരചടങ്ങില്‍ ബന്ധുക്കള്‍ക്കൊപ്പം ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ആഭ്യന്തരസഹമന്ത്രി ആര്‍പിഎന്‍ സിങ് എന്നിവര്‍ പങ്കെടുത്തു. ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയിലെ ചാനലുകള്‍ സംസ്കാരം ടെലികാസ്റ്റ് ചെയ്യേണ്ടന്ന് തീരുമാനിച്ചിരുന്നു.

ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ രാജ്യത്താകെ രോഷം ജ്വലിപ്പിച്ച് ഡല്‍ഹിയില്‍ കൊടുംക്രൂരതയ്ക്ക് ഇരയായ പെണ്‍കുട്ടി ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ഡിസംബര്‍ 16നു രാത്രി തലസ്ഥാന നഗരമധ്യത്തില്‍, ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന് വിധേയയായ ഇരുപത്തിമൂന്നുകാരി ജീവിതത്തിനും മരണത്തിനുമിടയില്‍ 13 ദിവസം പൊരുതിയാണ് അന്ത്യശ്വാസം വലിച്ചത്. മരണമറിഞ്ഞതോടെ രാജ്യമൊട്ടുക്കും വ്യാപകമായ പ്രതിഷേധം കത്തിപ്പടര്‍ന്നു. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടം ഇന്ത്യന്‍ ജനത ഏറ്റെടുക്കുന്നതിന്റെ നാന്ദിയായാണ് രാജ്യത്തെ ഗ്രാമനഗരങ്ങളില്‍ പ്രതിഷേധം വ്യാപകമായത്. സ്ത്രീത്വത്തിനും മാനവികതയ്ക്കുമെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് ഹൃദയമുള്ളവരെല്ലാം പ്രതിജ്ഞ ചെയ്തു.

മാതാപിതാക്കളും സിംഗപ്പൂരിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും മരണസമയത്ത് പെണ്‍കുട്ടിയുടെ അടുത്തുണ്ടായിരുന്നു. എട്ട് വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം നില മെച്ചപ്പെടുത്താന്‍ എല്ലാ ശ്രമവും നടത്തിയെങ്കിലും അവള്‍ സമാധാനത്തോടെ കടന്നുപോയെന്ന് ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെവിന്‍ ലോ പ്രസ്താവനയില്‍ പറഞ്ഞു. വ്യാഴാഴ്ച മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ നില രണ്ടുദിവസമായി തീരെ മോശമായിരുന്നു. തലച്ചോറിലും ഗുരുതരമായി പരിക്കേറ്റിരുന്ന പെണ്‍കുട്ടിയുടെ പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായി. പെണ്‍കുട്ടിയുടെ ചേതന അതിശക്തമായി പോരാടിയെങ്കിലും ശരീരത്തിനേറ്റ കടുത്ത ആഘാതങ്ങളും ക്ഷതവും മറികടക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു. മൗണ്ട് ആശുപത്രിയില്‍ നിന്ന് മൃതദേഹം സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ മറ്റു നടപടിക്രമം പൂര്‍ത്തിയാക്കി.

അറസ്റ്റിലായ ആറു പ്രതികളെ ഇതിനിടെ റിമാന്‍ഡു ചെയ്തു. നേരത്തെ വധശ്രമം, സംഘം ചേര്‍ന്ന് ബലാത്സംഗം, കൊള്ള തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. പെണ്‍കുട്ടി മരിച്ചതോടെ കൊലക്കുറ്റം കൂടി ചുമത്തി. വിചാരണ ജനുവരി അഞ്ചിന് പ്രത്യേക കോടതിയില്‍ ആരംഭിക്കും. രാജ്യത്ത് ദിവസവും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുവെന്ന ഗുരുതരമായ പ്രശ്നം ഗൗരവമായി പരിഗണിക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ അഭൂതപൂര്‍വമായ ജനകീയപ്രതിഷേധത്തെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. എല്ലാ തടസ്സവും നീക്കി രാഷ്ട്രപതി ഭവനു മുന്നില്‍വരെ പ്രക്ഷോഭകരെത്തി. തുടര്‍ന്ന് രണ്ട് അന്വേഷണ കമീഷനുകളെ നിയമിച്ചു. ജസ്റ്റിസ് ജെ എസ് വര്‍മ കമീഷന്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം നേരിടുന്നതിനുള്ള നിയമഭേദഗതിയും നടപടികളും സംബന്ധിച്ച നിര്‍ദേശം നല്‍കും. ജസ്റ്റിസ് ഉഷ മെഹ്റ കമീഷന്‍ ഡല്‍ഹി കൂട്ടബലാത്സംഗം സംബന്ധിച്ചും അന്വേഷിക്കും.
(വി ജയിന്&വംഷ)

ഡല്‍ഹിയില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്

ന്യൂഡല്‍ഹി: 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ട ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം തുടരുന്നു. നിരോധനാജ്ഞ അവഗണിച്ച് ശക്തമായ പ്രതിഷേധമുയര്‍ത്തിയതോടെ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറാന്‍ സമരക്കാര്‍ ശ്രമിച്ചതാണ് ലാത്തിച്ചാര്‍ജിനിടയാക്കിയത്. അവധി ദിനമായ ഞായറാഴ്ചയും ജന്തര്‍ മന്ദറില്‍ നൂറുകണക്കിന് യുവജനങ്ങളാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. രാവിലെ മുതല്‍ ജന്ദര്‍ മന്ദറിലേക്ക് ജനങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു. പ്രതിഷേധം അക്രമാസക്തമാവാതിരിക്കാന്‍ കനത്ത സുരക്ഷഡല്‍ഹിയില്‍ ഒരുക്കിയിട്ടുണ്ട്.

രാവിലെ പ്രതിഷേധം സമാധാന പരമായിരുന്നു. എന്നാല്‍ ഉച്ചയോടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും പ്രതിഷേധം തുടര്‍ന്നതാണ് സംഘര്‍ഷത്തിനിടയാക്കിയത്. എത്ര ബാരിക്കേഡുകള്‍ തീര്‍ത്താലും മെട്രോ സ്റ്റേഷനുകള്‍ അടച്ചാലും സമാധാനപരമായ പ്രക്ഷോഭം തുടരുമെന്ന് പ്രക്ഷോഭകള്‍ പറഞ്ഞു. കൂട്ടബലാല്‍സംഗത്തില്‍ പെട്ടെന്ന് നീതി നടപ്പാക്കണമെന്നും സ്ത്രീകളുടെ സുരക്ഷയ്ക്കായി കര്‍ശന നിയമങ്ങള്‍ നടപ്പാക്കണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം. തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കും വരെ പ്രക്ഷോഭം തുടരുമെന്ന നിലപാടിലാണ് പ്രതിഷേധിക്കുന്നവര്‍.

ബലാത്സംഗത്തിനിരയായി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച പെണ്‍കുട്ടിക്ക് നീതി വേണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു യുവജനതയുടെ പ്രതിഷേധം. മുദ്രാവാക്യം വിളികളും മറ്റും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ശക്തമായ പ്രതിഷേധമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സെന്‍ട്രല്‍ ഡല്‍ഹിയിലെ പത്ത് മെട്രോ സ്റ്റേഷനുകള്‍ ഞായറാഴ്ചയും അടച്ചിട്ടിരിക്കുകയാണ്. ഡല്‍ഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കനത്ത സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

deshabhimani

ലീഗ് ചതിയന്മാരെന്ന് യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസിന്റേത് രാഷ്ട്രീയ വഞ്ചനയെന്ന് യൂത്ത്ലീഗ്


മുക്കം: യുഡിഎഫ് ഭരണത്തിലുള്ള മുക്കം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്സ്ഥനത്തെച്ചൊല്ലി യുഡിഎഫില്‍ പോര് മുറുകി. കോണ്‍ഗ്രസിനുവേണ്ടി യൂത്ത് കോണ്‍ഗ്രസും ലീഗിനുവേണ്ടി യൂത്ത്ലീഗും പരസ്യമായി രംഗത്തെത്തി. ഇതിനിടെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രസിഡന്റ്സ്ഥാനം ലീഗിന് നല്‍കണമെന്ന അഭിപ്രായവുമായി രംഗത്തുണ്ട്. പഞ്ചായത്ത് യുഡിഎഫ് കണ്‍വീനര്‍ ലീഗിലെ എ എം അബ്ദുള്ളക്ക് പ്രസിഡന്റ്സ്ഥാനം നല്‍കുന്നതിനെതിരെ ലീഗിലെ ഒരു വിഭാഗവും രംഗത്തിറങ്ങിയിട്ടുണ്ട്.

ബാങ്ക്പ്രസിഡന്റ്സ്ഥാനം കോണ്‍ഗ്രസിനുതന്നെ ലഭിക്കണമെന്നും കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പ്രസിഡന്റ്സ്ഥാനം ലഭിക്കാനായി യുഡിഎഫ് ധാരണ ലംഘിച്ച് ഡിഐസിയുമായി രഹസ്യ ധാരണ ഉണ്ടാക്കി കോണ്‍ഗ്രസിനെ ലീഗ് ചതിച്ചതായും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലീഗിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ട്പോവാനാവില്ലെന്നും ലീഗിന് പ്രസിഡന്റ്സ്ഥാനം തുടര്‍ന്ന് നല്‍കുന്നതിനെതിരെ തെരുവിലിറങ്ങുമെന്നും അവര്‍ പറഞ്ഞു. ലീഗിന്റെ ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ നടത്തിയ ഗൂഢാലോചനയുടെ ഫലമായി കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കോണ്‍ഗ്രസിന് നഷ്ടമായ ഒന്നര വര്‍ഷം ഇപ്പോള്‍ ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. യുഡിഎഫ് പ്രവര്‍ത്തകരെ വഞ്ചിച്ച ലീഗ് നേതാവ് എ എം അബ്ദുള്ളയെ യുഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നും മണ്ഡലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ദിലീപ്ഖാന്‍, സജീഷ് മുത്തേരി, ജുനൈദ് പാണ്ഡികശാല, ബഷീര്‍ തെച്ച്യാട്, പ്രഭാകരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ലീഗ് നേതാക്കളും ഡിഐസിയുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ രേഖകളും യുത്തുകോണ്‍ഗ്രസുകാര്‍ വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി. പ്രസിഡന്റ്സ്ഥാനം ലീഗിന് നല്‍കണമെന്ന ധാരണ നടപ്പാക്കാത്തത് രാഷ്ട്രീയ വഞ്ചനയാണെന്നും ലീഗിന് അവകാശപ്പെട്ടത് ഔദാര്യമല്ലെന്നും പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിലവിലെ ഭരണസമിതിയുടെ കാലാവധി തീരാന്‍ 11 മാസം ശേഷിക്കേ പ്രസിഡന്റ്സ്ഥാനത്തെച്ചൊല്ലി മുക്കത്തെ യുഡിഎഫില്‍ പോര് മുറുകുകയാണ്.

deshabhimani

ആള്‍ദൈവങ്ങളുടെ പിടിയില്‍ യുവജനശക്തി അകപ്പെടരുത്


യുവജനങ്ങളുടെ ചലനാത്മകതയെ നാടിനെ മുന്നോട്ടുനയിക്കാനുള്ള ഇന്ധനമാക്കി മാറ്റാന്‍ കഴിയണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ച യുവജനരേഖ നിര്‍ദേശിച്ചു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച രേഖയെ ആസ്പദമാക്കി ചര്‍ച്ച നടന്നു. കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനാണ്. യോഗം ഞായറാഴ്ചയും തുടരും.

വിപ്ലവം നയിക്കേണ്ടത് യുവജനശക്തിയാണെന്നത് തെറ്റായ നിലപാടാണ്. തൊഴിലാളി വര്‍ഗ നേതൃത്വത്തില്‍ ഉറച്ച കര്‍ഷക സഖ്യത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടേണ്ട ഒന്നാണ് വിപ്ലവം. അതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയും. വിപ്ലവ മുന്നേറ്റത്തിനുള്ള പശ്ചാത്തല സൗകര്യമൊരുക്കാനും അതിനുള്ള രാഷ്ട്രീയാന്തരീക്ഷം വളര്‍ത്താനും യുവജന സംഘടന ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. യുവജനങ്ങളുടെ ചലനാത്മകത പ്രതിവിപ്ലവശക്തികള്‍ ദുരുപയോഗപ്പെടുത്തുന്നുണ്ട്. ഇതു തടയണം. ആത്മീയതയുടെയും ആള്‍ദൈവങ്ങളുടെയും പിടിയില്‍ യുവാക്കള്‍ അകപ്പെടുന്നതും ജാതിമത സംഘടനകളുടെ പിന്നില്‍ അണിനിരക്കുന്നതും നാടിന് ഗുണകരമല്ലെന്ന് രേഖ ചൂണ്ടിക്കാട്ടി.

ആറുപതിറ്റാണ്ടിലധികം കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാഹിത്യ-വൈജ്ഞാനിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ വേര്‍പാടില്‍ സംസ്ഥാന കമ്മിറ്റി അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെയും തുടര്‍ന്ന് സിപിഐ എമ്മിന്റെയും അചഞ്ചലനായ സൈദ്ധാന്തിക പോരാളിയും പ്രചാരകനുമായിരുന്നു പി ജി. പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. മാര്‍ക്സിസ്റ്റ് ചിന്തകന്‍, നിരൂപകന്‍, നിയമസഭാ സാമാജികന്‍, പത്രാധിപര്‍, പ്രഭാഷകന്‍, പരിഭാഷകന്‍, ചരിത്രകാരന്‍, ഗ്രന്ഥകാരന്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍ എന്നിങ്ങനെ വിശേഷണങ്ങളിലൊതുങ്ങാത്ത വ്യക്തിത്വമായിരുന്നു പി ജിയുടേത്. ദേശാഭിമാനി പത്രാധിപരായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. പി ജിയുടെ വേര്‍പാട് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും പുരോഗമനപ്രസ്ഥാനത്തിനും അപരിഹാര്യമായ നഷ്ടമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റി മുന്‍ അംഗവും ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ എസ് മോഹനന്‍നായര്‍, ഇടുക്കി ജില്ലാ കമ്മിറ്റി മുന്‍ അംഗം ടി ആര്‍ ശശിധരന്‍, ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും തകഴി ഏരിയ സെക്രട്ടറിയുമായിരുന്ന ഡി മണിച്ചന്‍, അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന തലശ്ശേരിയിലെ പി വി കുഞ്ഞിരാമന്‍, പാര്‍ടി മുന്‍ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി അംഗമായിരുന്ന വി വാസുദേവന്‍, കെഎസ്കെടിയു മുന്‍ കൊല്ലം ജില്ലാ സെക്രട്ടറിയും സിപിഐ എം ചവറ ഏരിയ കമ്മിറ്റി അംഗവുമായ കെ എന്‍ ചെല്ലപ്പന്‍, കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി എന്‍ രാമകൃഷ്ണപിള്ള, മുന്‍ തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം എം ബേബി, മുന്‍ ചാരുംമൂട് ഏരിയ കമ്മിറ്റി അംഗം ജി അയ്യപ്പപ്പണിക്കര്‍, കൊല്ലം ഏരിയ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്‍ ഏരിയ സെക്രട്ടറിയുമായ പി ആര്‍ രാജമ്മ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. എന്‍ജിഒ യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഐ എം മലപ്പുറം ഏരിയ സെക്രട്ടറിയുമായിരുന്ന ആര്‍ രാമചന്ദ്രന്‍, പാലിയം സമരസേനാനിയും സിപിഐ എം മുന്‍ എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കെ കെ എസ് മണി, തുടന്നൂര്‍ ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി വി വാമദേവന്‍, പ്രമുഖ അഭിഭാഷകനും കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവും മുന്‍ തളിപ്പറമ്പ് എംഎല്‍എയുമായ അഡ്വ. കെ പി രാഘവപൊതുവാള്‍, അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ എറണാകുളം ജില്ലാ കമ്മിറ്റി അംഗമായിരുന്ന സുബ്രഹ്മണ്യന്‍, പുന്നപ്ര-വയലാര്‍ സമരസേനാനി കെ കെ കമലാക്ഷി, പുന്നപ്രവയലാര്‍ സമരസേനാനിയും എഴുത്തുകാരനുമായ സി സി ജോസഫ്, സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കര്‍ഷകസംഘം പ്രവര്‍ത്തകനുമായ തൃക്കരിപ്പൂര്‍ ഒളവറയിലെ ഓലക്കാരന്‍ അമ്പു, മുന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്റാള്‍, ലോകപ്രശസ്ത സിത്താറിസ്റ്റ് പണ്ഡിറ്റ് രവിശങ്കര്‍, പ്രമുഖ അഭിഭാഷകനും തിരുവനന്തപുരം ജില്ലയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ പിരപ്പന്‍കോട് ശ്രീധരന്‍നായര്‍, സിപിഐ എം കേന്ദ്ര കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും ദീര്‍ഘകാലം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച കെ മാധവന്‍, പ്രമുഖ ചലച്ചിത്ര-നാടക നടന്‍ ജഗന്നാഥന്‍ എന്നിവരുടെ നിര്യാണത്തിലും സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

deshabhimani 301212

അവള്‍ ഇനി ജ്വാല : തലകുനിക്കുക


 ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ രാജ്യത്താകെ രോഷം ജ്വലിപ്പിച്ച് ഡല്‍ഹിയില്‍ കൊടുംക്രൂരതയ്ക്ക് ഇരയായ പെണ്‍കുട്ടി ഓര്‍മയായി. ഡിസംബര്‍ 16നു രാത്രി തലസ്ഥാന നഗരമധ്യത്തില്‍, ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന് വിധേയയായ ഇരുപത്തിമൂന്നുകാരി ജീവിതത്തിനും മരണത്തിനുമിടയില്‍ 13 ദിവസം പൊരുതി അന്ത്യശ്വാസം വലിച്ചു. സിംഗപ്പൂരില്‍ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.15നാണ് മരണം.

മരണമറിഞ്ഞതോടെ രാജ്യമൊട്ടുക്കും വ്യാപകമായ പ്രതിഷേധം കത്തിപ്പടര്‍ന്നു. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടം ഇന്ത്യന്‍ ജനത ഏറ്റെടുക്കുന്നതിന്റെ നാന്ദിയായാണ് രാജ്യത്തെ ഗ്രാമനഗരങ്ങളില്‍ പ്രതിഷേധം വ്യാപകമായത്. സ്ത്രീത്വത്തിനും മാനവികതയ്ക്കുമെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് ഹൃദയമുള്ളവരെല്ലാം പ്രതിജ്ഞ ചെയ്തു. ശനിയാഴ്ച അര്‍ധരാത്രി പ്രത്യേക വിമാനത്തില്‍ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു. മാതാപിതാക്കളും സിംഗപ്പൂരിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും മരണസമയത്ത് പെണ്‍കുട്ടിയുടെ അടുത്തുണ്ടായിരുന്നു. എട്ട് വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം നില മെച്ചപ്പെടുത്താന്‍ എല്ലാ ശ്രമവും നടത്തിയെങ്കിലും അവള്‍ സമാധാനത്തോടെ കടന്നുപോയെന്ന് ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെവിന്‍ ലോ പ്രസ്താവനയില്‍ പറഞ്ഞു.

വ്യാഴാഴ്ച മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ നില രണ്ടുദിവസമായി തീരെ മോശമായിരുന്നു. തലച്ചോറിലും ഗുരുതരമായി പരിക്കേറ്റിരുന്ന പെണ്‍കുട്ടിയുടെ പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായി. പെണ്‍കുട്ടിയുടെ ചേതന അതിശക്തമായി പോരാടിയെങ്കിലും ശരീരത്തിനേറ്റ കടുത്ത ആഘാതങ്ങളും ക്ഷതവും മറികടക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു. മൗണ്ട് ആശുപത്രിയില്‍ നിന്ന് മൃതദേഹം സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ മറ്റു നടപടിക്രമം പൂര്‍ത്തിയാക്കി.

സുഹൃത്തിനൊപ്പം സിനിമ കണ്ട് മുനിര്‍ക്ക-പാലം റൂട്ടിലോടുന്ന ചാര്‍ട്ടേഡ് ബസില്‍ മടങ്ങവെയാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. ബസിലുണ്ടായിരുന്ന ആറുപേര്‍ ആദ്യം മോശമായി പെരുമാറുകയും അതിനെ ചോദ്യം ചെയ്ത സുഹൃത്തിനെ ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ചുവീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ചെറുത്തുനിന്നപ്പോള്‍ മര്‍ദ്ദിക്കുകയും ആന്തരാവയവങ്ങളില്‍ ഇരുമ്പുകമ്പി കുത്തിയിറക്കുകയും ചെയ്തു. അവശയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും പാലത്തിനടുത്ത മഹിപല്‍പുരില്‍ റോഡരികിലേക്ക് വലിച്ചെറിഞ്ഞു. നാട്ടുകാരില്‍ ചിലര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി ഇരുവരെയും സഫ്ദര്‍ജങ് ആശുപത്രിയില്‍ എത്തിച്ചു. അണുബാധയെത്തുടര്‍ന്ന് വന്‍കുടലും ആമാശയത്തിന്റെ ഒരു ഭാഗവും നീക്കം ചെയ്തിരുന്നു. ഇടയ്ക്ക് നില മെച്ചപ്പെടുകയും മജിസ്ട്രേട്ടിന് മൊഴിനല്‍കുകയും ചെയ്തിരുന്നു. അണുബാധ പടരുകയും പ്രധാന അവയവങ്ങള്‍ നിഷ്ക്രിയമാകുകയും ചെയ്തശേഷമാണ് വിദഗ്ധചികിത്സയ്ക്കായി പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയത്.

അറസ്റ്റിലായ ആറു പ്രതികളെ ഇതിനിടെ റിമാന്‍ഡു ചെയ്തു. നേരത്തെ വധശ്രമം, സംഘം ചേര്‍ന്ന് ബലാത്സംഗം, കൊള്ള തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. പെണ്‍കുട്ടി മരിച്ചതോടെ കൊലക്കുറ്റം കൂടി ചുമത്തി. വിചാരണ ജനുവരി അഞ്ചിന് പ്രത്യേക കോടതിയില്‍ ആരംഭിക്കും. രാജ്യത്ത് ദിവസവും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുവെന്ന ഗുരുതരമായ പ്രശ്നം ഗൗരവമായി പരിഗണിക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ അഭൂതപൂര്‍വമായ ജനകീയപ്രതിഷേധത്തെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. എല്ലാ തടസ്സവും നീക്കി രാഷ്ട്രപതി ഭവനു മുന്നില്‍വരെ പ്രക്ഷോഭകരെത്തി. തുടര്‍ന്ന് രണ്ട് അന്വേഷണ കമീഷനുകളെ നിയമിച്ചു. ജസ്റ്റിസ് ജെ എസ് വര്‍മ കമീഷന്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം നേരിടുന്നതിനുള്ള നിയമഭേദഗതിയും നടപടികളും സംബന്ധിച്ച നിര്‍ദേശം നല്‍കും. ജസ്റ്റിസ് ഉഷ മെഹ്റ കമീഷന്‍ ഡല്‍ഹി കൂട്ടബലാത്സംഗം സംബന്ധിച്ചും അന്വേഷിക്കും.
(വി ജയിന്‍)

ഡല്‍ഹിയില്‍ നിരോധനാജ്ഞ, പ്രതികള്‍ക്കെതിരെ കൊലക്കുറ്റം

കൂട്ട ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചതിന്റെ പശ്ചാത്തലത്തില്‍ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പെണ്‍കുട്ടി മരിച്ച സാഹചര്യത്തില്‍ കടുത്ത പ്രതിഷേധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം അധികൃതര്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. രാഷ്ട്രപതിഭവന്‍, പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കമുള്ള മന്ത്രാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന റെയ്സീന കുന്ന്, ഇന്ത്യാഗേറ്റ്, ജന്തര്‍മന്തര്‍ തുടങ്ങിയിടത്തെല്ലാം വന്‍സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യാഗേറ്റ് പരിസരത്തേക്ക് ജനങ്ങളെത്തുന്നത് തടയാന്‍ പത്ത് മെട്രോ സ്റ്റേഷനുകള്‍ രാവിലെ മുതല്‍ അടച്ചിട്ടു. ജന്ദര്‍മന്ദറിലെത്തിയ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെ ജനക്കൂട്ടം തടഞ്ഞു. പ്രതിഷേധത്തെത്തുടര്‍ന്ന് അവര്‍ മടങ്ങിപ്പോയി. പ്രധാനമന്ത്രിയും സോണിയാഗാന്ധിയും അനുശോചിച്ചു. രാജ്യമെങ്ങും കടുത്ത പ്രതിഷേധം നടക്കുകയാണ്. കേരളത്തിലും വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു. ഫേസ്ബുക്കിലൂടെയും മറ്റും പതിനായിരങ്ങള്‍ അമര്‍ഷവും ദു:ഖവും രേഖപ്പെടുത്തി.

പെണ്‍കുട്ടിയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച വൈകീട്ട് നാലോടെ ഇന്ത്യയിലെത്തിക്കും. ഇന്ത്യന്‍ സ്ഥാനപതി ഡോ. ടിസിഎ രാഘവനാണ് ഇക്കാര്യം അറിയിച്ചത്. സിംഗപ്പൂരിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വേഗം ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടി മരിച്ചതോടെ കേസിലെ പ്രതികളായവര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. സിംഗപ്പൂരിലെ ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടടക്കമുള്ള ഔദ്യോഗിക രേഖകള്‍ ലഭിച്ചു കഴിഞ്ഞാല്‍ പൊലീസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും. കൊലപാതകശ്രമം, തെളിവ് നശിപ്പിക്കല്‍, തട്ടികൊണ്ടുപോകല്‍, കൂട്ടബലാല്‍സംഗം, പ്രകൃതിവിരുദ്ധ കൃത്യം എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതികളായ ആറ് പേരെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തു. ബലാല്‍സംഗത്തിന് ഇരയായ യുവതിക്ക് നീതി ലഭ്യമാക്കണമെന്നും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച വന്‍ ജനകീയപ്രക്ഷോഭത്തിനാണ് തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചത്. പൊലീസും പ്രക്ഷോഭകരും നിരവധി തരണ ഏറ്റമുട്ടിയിരുന്നു. സംഘര്‍ഷത്തിനിടെ ഒരു പൊലീസുകാരന്‍ മരിച്ചു ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.

നിരോധനാജ്ഞ വകവയ്ക്കാതെ ജനം തെരുവിലിറങ്ങി

കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചതിലുള്ള ജനരോഷം നേരിടാന്‍ ഡല്‍ഹി നഗരം പൊലീസിനെയും അര്‍ധസേനയെയുംകൊണ്ട് നിറച്ചു. ഇന്ത്യാഗേറ്റടക്കം നഗരഹൃദയഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചു. നഗരത്തില്‍ നിരോധനാജ്ഞ നടപ്പാക്കി. 10 മെട്രോ റെയില്‍ സ്റ്റേഷനുകള്‍ അടച്ചു. എന്നാല്‍, സര്‍ക്കാരിന്റെ എല്ലാ സന്നാഹങ്ങളെയും നേരിട്ട് ജനം തെരുവിലിറങ്ങി. രാവിലെമുതല്‍ വിദ്യാര്‍ഥികളും സ്ത്രീകളും യുവജനങ്ങളുമടക്കം ജന്തര്‍മന്ദറിലേക്ക് ഒഴുകി.

22നും 23നും വിജയ് ചൗക്കിലും ഇന്ത്യാ ഗേറ്റിലും നടന്ന പ്രതിഷേധം സര്‍ക്കാരിനെയും പൊലീസിനെയും പ്രതിസന്ധിയിലാക്കിയിരുന്നു. ശനിയാഴ്ച ജന്തര്‍മന്ദറിലെത്തിയ ജനക്കൂട്ടം പ്രകോപനമൊന്നുമുണ്ടാക്കിയില്ല. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുഃഖം പ്രകടിപ്പിക്കുകമാത്രമാണ് ചെയ്തത്.

ഉച്ചയ്ക്കുശേഷം വിവിധ വനിതാസംഘടനകളുടെ ആഭിമുഖ്യത്തില്‍ മണ്ഡിഹൗസില്‍നിന്ന് മൗനജാഥ ആരംഭിച്ചു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഡല്‍ഹി സംസ്ഥാന സെക്രട്ടറി സേബ ഫറൂഖി, ജ്യോത്സ്ന ചാറ്റര്‍ജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വൃന്ദ കാരാട്ട് സംസാരിച്ചു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും ജന്തര്‍മന്ദറിലെത്തി. അരവിന്ദ് കെജ്രിവാളും സംഘവും ജന്തര്‍മന്ദറിലെ പരിപാടികളില്‍ പങ്കെടുത്തു. രാത്രിയായിട്ടും കടുത്ത തണുപ്പിനെ അവഗണിച്ച് ജന്തര്‍മന്ദറില്‍ ജനങ്ങള്‍ നിന്നിരുന്നു.

ഷീല ദീക്ഷിതിന് എതിരെ ജനരോഷം

കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ ജനരോഷം. ശനിയാഴ്ച ഉച്ചയ്ക്കുശേഷം ജന്തര്‍മന്ദറിലെത്തിയപ്പോഴാണ് ജനങ്ങള്‍ ഷീല ദീക്ഷിതിനെതിരെ മുദ്രാവാക്യം മുഴക്കിയത്. ജനങ്ങളുടെ പ്രതിഷേധത്തിനിടയിലും മെഴുകുതിരി കത്തിച്ച് ഷീല ദീക്ഷിത് ആദരാഞ്ജലി അര്‍പ്പിച്ചു. ജനങ്ങളുടെ പ്രതിഷേധ മുദ്രാവാക്യം ശക്തമായതോടെ പൊലീസ് സംരക്ഷണത്തോടെ അവര്‍ തിരിച്ചുപോയി.

കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ: പ്രധാനമന്ത്രി, സോണിയ

ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. കേസില്‍ എത്രയുംവേഗം വിചാരണ നടത്തി തീര്‍പ്പുകല്‍പ്പിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. പെണ്‍കുട്ടി എത്രയുംവേഗം സുഖംപ്രാപിക്കട്ടെയെന്ന് ഇരുവരും ആശംസിച്ചു. എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസിന്റെ രൂപീകരണ വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. കുറ്റവാളികളെ നിയമത്തിനുമുന്നിലെത്തിക്കുകയും പരമാവധി ശിക്ഷ ലഭ്യമാക്കുകയും ചെയ്യുകയെന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സാധ്യമായ എല്ലാ ചികിത്സയും പെണ്‍കുട്ടിക്ക് നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.


സര്‍ക്കാര്‍ നിലപാട് അടിയന്തരാവസ്ഥയുടെ ആവര്‍ത്തനം: പിണറായി

തിരു: ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി അനാസ്ഥ കാണിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ നേരിട്ട രീതി അടിയന്തരാവസ്ഥയുടെ ആവര്‍ത്തനമാണ്. സംഭവം ഗൗരവമായി കൈകാര്യം ചെയ്യുന്നതിനുപകരം തെറ്റായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. രാജ്യമാകെ ഉയര്‍ന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. സര്‍ക്കാര്‍ അമിതാധികാര പ്രവണതയാണ് കാണിച്ചത്. ആരും റോഡില്‍ ഇറങ്ങാന്‍ പാടില്ലെന്ന നിലപാട് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതാണ്.

പീഡനം നടന്ന ബസ് നിരവധി ചെക്ക്പോസ്റ്റുകള്‍ കടന്നുപോയിട്ടും പരിശോധിച്ചില്ല. പെണ്‍കുട്ടിയെ ചികിത്സയ്ക്ക് വിദേശത്ത് കൊണ്ടുപോയതിലും രാഷ്ട്രീയമുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശയോ നിര്‍ദേശമോ ഇല്ലാതെയാണ് തീരുമാനമെടുത്തതെന്ന് ഡോക്ടര്‍മാര്‍തന്നെ വ്യക്തമാക്കിയിരിക്കയാണ്. ഡല്‍ഹിയിലെ നടപടികള്‍ കാണുമ്പോള്‍ അടിയന്തരാവസ്ഥയുടെ പ്രേതം ബാധിച്ചുവെന്ന് തോന്നുകയാണ്. ഈ ഭരണത്തില്‍ സ്ത്രീത്വത്തിന് രക്ഷയില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒഴിയുകയാണ് വേണ്ടത്- പിണറായി പറഞ്ഞു. ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാലിനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രധാനമന്ത്രി എങ്ങനെ അഭിമാനത്തോടെ തുടരും: വിഎസ്

രാജ്യത്ത് സ്ത്രീകള്‍ സ്ത്രീപീഡനങ്ങളും സ്ത്രീകളെ അപമാനിക്കുന്ന സംഭവങ്ങളും കൂടിവരുമ്പോള്‍ പ്രധാനമന്ത്രിക്ക് എങ്ങനെ അഭിമാനത്തോടെ അധികാരത്തില്‍ തുടരാന്‍ കഴിയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി മരിച്ച സംഭവത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ബംഗളൂരുവിലും കൊല്‍ക്കത്തയിലും പ്രതിഷേധം

ബംഗളൂരു: ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ യുവതിയുടെ മരണത്തില്‍ ബംഗളൂരുവിലും പ്രതിഷേധം അലയടിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നിവയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാള്‍ പരിസരത്ത് പ്രതിഷേധ മാര്‍ച്ചും അനുശോചനയോഗവും ചേര്‍ന്നു. ഐടി രംഗത്തെ കൂട്ടായ്മയായ "ഇതി"യുടെ നേതൃത്വത്തിലും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു. മരണവിവരം പുറത്തുവന്നതോടെ നഗരത്തിലെ വിവിധ കോളേജുകളില്‍നിന്ന് വിദ്യാര്‍ഥികള്‍ രാവിലെമുതല്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഫ്രീഡം പാര്‍ക്കില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മെഴുകുതിരിയേന്തി നൂറുകണക്കിനു പേര്‍ പ്രതിഷേധിച്ചു. കൊല്‍ക്കത്തയിലും പ്രതിഷേധം ആളിക്കത്തി. ഇടതുമുന്നണി കൊല്‍ക്കത്ത ജില്ലാകമ്മിറ്റി, എസ്എഫ്ഐ, ഡിവൈഎഫ്ഐ, അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷന്‍ എന്നിവര്‍ വിവിധ ഭാഗങ്ങളില്‍ മൗനജാഥകള്‍ നടത്തി. കുറ്റക്കാര്‍ക്ക് ഉടനടി കടുത്ത ശിക്ഷ നല്‍കണമെന്നും ഇത്തരം കുറ്റങ്ങള്‍ തടയാന്‍ കര്‍ശനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകള്‍ ഏന്തിയായിരുന്നു പ്രകടനം.

പെണ്‍കുട്ടി ബല്ലിയ സ്വദേശി

കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടി ഉത്തര്‍പ്രദേശിലെ ബല്ലിയ സ്വദേശി. പെണ്‍കുട്ടിയുടെ പേരും വിവരങ്ങളും ചിത്രവും പ്രസിദ്ധീകരിച്ച് തങ്ങളെ കൂടുതല്‍ അപമാനിക്കരുതെന്ന് മാതാപിതാക്കള്‍ അഭ്യര്‍ഥിച്ചതുകൊണ്ട് മാധ്യമങ്ങള്‍ അവ പ്രസിദ്ധീകരിച്ചില്ല. കുട്ടിക്കാലത്തുതന്നെ പഠനത്തില്‍ മികവു പുലര്‍ത്തിയ കുട്ടിയെ കുടുംബത്തിന്റെ സാമ്പത്തികശേഷി മോശമാണെങ്കിലും മാതാപിതാക്കള്‍ കഷ്ടപ്പെട്ട് ഉപരിപഠനത്തിനയക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് മാധ്യമങ്ങള്‍ പ്രതീകാത്മകമായി ഇതിനകം പല പേരുകളും നല്‍കിയിട്ടുണ്ട്. അമാനത്ത്, നിര്‍ഭയ, ജാഗൃതി, ജ്യോതി തുടങ്ങിയ പേരുകള്‍. പക്ഷേ പേരില്ലാതെതന്നെ രാജ്യത്തെ ജനകോടികളുടെ മനസ്സില്‍ അവള്‍ ഇടം നേടി. ബല്ലിയയിലെ ഗ്രാമത്തില്‍ ജനങ്ങള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ദുഃഖം അറിയിച്ചു. സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

deshabhimani 301212