Sunday, December 30, 2012

എച്ച്എംഎല്‍ ഭൂമിയില്‍ ഒന്നിന് വളണ്ടിയര്‍മാര്‍ പ്രവേശിക്കും


കല്‍പ്പറ്റ: സംസ്ഥാനമാകെ അലയടിച്ചുയരുന്ന ഭൂസമരത്തിന്റെ ഭാഗമായി വയനാട്ടിലും ജനുവരി ഒന്നിന് വളണ്ടിയര്‍മാര്‍ ഭൂമിയില്‍ പ്രവേശിക്കും. പാട്ടക്കാലാവധി കഴിഞ്ഞിട്ടും എച്ച്എംഎല്‍ അനധികൃതമായി കൈവശംവെക്കുന്ന ചുണ്ടേലിലെ എസ്റ്റേറ്റിലേക്കാണ് മാര്‍ച്ച്ചെയ്യുക. തുടര്‍ന്ന് അറസ്റ്റ്വരിച്ച് ജയിലിലേക്ക് പോകും. തുടര്‍ന്ന് ജനുവരി 10വരെ സമരം തുടരുമെന്ന് ഭൂസംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍ എം വേലായുധനും ജനറല്‍ കണ്‍വീനര്‍ സുരേഷ് താളൂരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുക, ഭൂപരിഷ്കരണനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക, തണ്ണീര്‍ത്തട-വയല്‍ സംരക്ഷണ നിയമം അട്ടിമറിക്കാതിരിക്കുക, പാട്ടക്കാലാവധി തീര്‍ന്ന തോട്ടങ്ങള്‍ ഏറ്റെടുക്കുക, മുഴുവന്‍ കൈവശ കര്‍ഷകര്‍ക്കും പട്ടയം നല്‍കുക എന്നീ ആവശ്യമുന്നയിച്ചാണ് സമരം. സംസ്ഥാനത്താകെ നാലുലക്ഷത്തോളം പേര്‍ ഭൂരഹിതരാണ്. വയനാട് ജില്ലയില്‍ പട്ടികവര്‍ഗക്കാരുള്‍പ്പെടെ 30000 ഓളം പേര്‍ ഭൂരഹിതരായുണ്ട്. ഇവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നീക്കവും ഉണ്ടാകുന്നില്ല. മാത്രമല്ല കേരളത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കിയ ഭൂപരിഷ്ക്കരണ നിയമത്തില്‍ വെള്ളം ചേര്‍ത്ത് ഭൂമാഫിയക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണ് സര്‍ക്കാര്‍. ആദിവാസികളുടെ പ്രശ്നം പരിഹരിക്കാന്‍ ക്രിയാത്മകമായ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. എച്ച്എംഎല്‍ പോലെയുള്ള വന്‍കിട ഭൂപ്രഭുക്കള്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെക്കുന്നത് പിടിച്ചെടുക്കണം എന്ന ആവശ്യത്തോടും സര്‍ക്കാര്‍ മുഖം തിരിഞ്ഞുനില്‍ക്കുകയാണ്. ഭൂമിയെ എമര്‍ജിങ് കേരളയില്‍ വില്‍പ്പനച്ചരക്കാക്കി മാറ്റി ഭൂമാഫിയകള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കര്‍ഷകസംഘം, കെഎസ്കെടിയു, ആദിവാസി ക്ഷേമസമിതി, പട്ടികജാതി ക്ഷേമസമിതി എന്നീ സംഘടനകള്‍ ചേര്‍ന്ന് ഭൂസംരക്ഷണസമിതി രൂപീകരിച്ച് ഭൂസമരത്തിന് ഒരുങ്ങുന്നത്.

ചുണ്ടേലിലുള്ള എച്ച്എംഎല്‍ ഭൂമിയില്‍ പ്രവേശിച്ച് അറസ്റ്റ് വരിക്കല്‍ സമരം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ ഉദ്ഘാടനംചെയ്യും. സി കെ ശശീന്ദ്രന്‍, പി എ മുഹമ്മദ് എന്നിവര്‍ സംസാരിക്കും. കിസാന്‍സഭ കേന്ദ്രകമ്മിറ്റിയംഗം പി കൃഷ്ണപ്രസാദ് ആദ്യദിവസം സമരത്തിന് നേതൃത്വം നല്‍കൂം. എകെഎസ് ജില്ലാപ്രസിഡന്റ് സീതാബാലന്‍, കെഎസ്കെടിയു നേതാക്കളായ എ ടി ഉഷ, എം ഡി സെബാസ്റ്റ്യന്‍, വി വി രാജന്‍, പികെഎസ് ജില്ലാസെക്രട്ടറി എം സി ചന്ദ്രന്‍ എന്നിവരും ആദ്യദിവസം അറസ്റ്റുവരിക്കും. പിന്നീടുള്ള ദിവസങ്ങളില്‍ വിവിധ ഏരിയകളില്‍നിന്നുള്ള വളണ്ടിയര്‍മാര്‍ സമരത്തില്‍ അണിനിരക്കും. രണ്ടിന് വൈത്തിരി, തുടര്‍ന്ന് കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി, പനമരം, പുല്‍പ്പള്ളി എന്നിങ്ങനെയാണ് വളണ്ടിയര്‍മാര്‍ എത്തുക. വളണ്ടിയര്‍മാരുടെ റിക്രൂട്ട്മെന്റ് പൂര്‍ത്തിയായി. 31ന് വില്ലേജ് കേന്ദ്രങ്ങളില്‍ വളണ്ടിയര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കും. രാത്രിയോടെ കേന്ദ്രീകരിച്ച് ജനുവരി ഒന്നിന് ഭൂമിയില്‍ പ്രവേശിക്കും. സര്‍ക്കാര്‍ സമീപനം അനുകൂലമല്ലെങ്കില്‍ 11മുതല്‍ ആറ് ഏരിയാ കേന്ദ്രങ്ങളില്‍ കുടില്‍കെട്ടി സമരം തുടങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു. ഭൂസംരക്ഷണസമിതി കണ്‍വീനര്‍മാരായ പി വാസുദേവന്‍, എം സി ചന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 301212

No comments:

Post a Comment