Sunday, December 30, 2012

അരങ്ങിലെ അമ്മയുടെ ഓര്‍മകളില്‍ സിന്ദൂര"മാല" ചാര്‍ത്തി മകള്‍


വടകര: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം നടന്ന ചരിത്രമാണ് "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകത്തിനുള്ളത്. മലയാള നാടക ചരിത്രത്തിന് പുതിയ ഏടുകള്‍ സമ്മാനിച്ച ആ നാടകത്തിലെ ഒരോ കഥാപാത്രവും ഓര്‍മയില്‍ ഇന്നും അഗ്നിജ്വാല പടര്‍ത്തുമ്പോള്‍ അരങ്ങിലെ അമ്മയെ ഓര്‍ത്തെടുക്കുകയാണ് മടപ്പള്ളി ഗവ. കോളേജിലെ ഇംഗ്ലീഷ് അധ്യാപികയും നര്‍ത്തകിയുമായ ഡോ. ചിത്രാഗംഗാധരന്‍.

കൊല്ലം ചവറ തട്ടാശേരിയിലെ സുദര്‍ശന ഓലക്കൊട്ടകയിലെ നാടകത്തിന്റെ ആദ്യ അവതരണം മുതല്‍ അരങ്ങില്‍ മാലയായി ജീവിച്ച കെപിഎസി സുധര്‍മയുടെ മകളാണ് ചിത്ര. കലയും രാഷ്ട്രീയവും ഒന്നായിരുന്ന കാലത്ത് അരങ്ങില്‍ സമരബോധത്തിന്റെ തെളിച്ചം പകര്‍ന്ന സുധര്‍മയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്പോള്‍ ചിത്രക്ക് കുറ്റപ്പെടുത്തലോ പരാതിയോ ഇല്ല. സങ്കടം മാത്രം. നാടകത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷികാഘോഷത്തിലായിരുന്നു ആദ്യമായി നാടകം കണ്ടത്. അന്ന് അമ്മ മാലയുടെ വേഷമിട്ടു. അമ്പതുകളില്‍ കേരളം കണ്ട മാലയായിരുന്നില്ല അത്. പക്ഷെ യുവത്വത്തിലെ അമ്മയുടെ മാല എന്റെ മനസ്സിലുണ്ട്. ചിത്ര ഓര്‍ക്കുന്നു. സുധര്‍മയെന്നത് നാടകത്തിലെ പേരാണ്. യഥാര്‍ഥ പേര് ജെ ഗോമതിയെന്നായിരുന്നു. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയായ ഗോമതിക്ക് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നാടകത്തില്‍ അഭിനയിക്കുന്നതിന് ഒരു മറവേണമായിരുന്നു. അതായിരുന്നു സുധര്‍മ.

തിരുവനന്തപുരം മ്യൂസിക് അക്കാദമിയില്‍ നിന്ന് ഗാനഭൂഷണം പാസായി സര്‍ക്കാര്‍ സ്കൂളില്‍ സംഗീത അധ്യാപികയായ കാലത്താണ് അമ്മ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" നാടകത്തില്‍ അഭിനയിച്ചത്. നാടകത്തില്‍ അഭിനയിക്കരുതെന്ന് സര്‍ക്കാര്‍ വിലക്കുകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. അടിയന്തരാവശ്യത്തിന് പോലും അവധി അനുവദിച്ചില്ല. ശിക്ഷാനടപടിയുടെ ഭാഗമായി പലപ്പോഴും സ്ഥലം മാറ്റി. ദിവസവും നാടകമുണ്ടായിരുന്നു അന്ന്. രാത്രി നാടകം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ നേരം പുലര്‍ന്നിരിക്കും. പിന്നെ കുളിച്ച് ഒരോട്ടമാണ് സ്കൂളിലേക്ക്. വൈകിട്ട് വീണ്ടും നാടകസ്ഥലത്തേക്ക്. ഉറക്കം നാടകവണ്ടിയിലായിരുന്നു. കുളിക്കാനും ഭക്ഷണം കഴിക്കാനും ഉറങ്ങാനും കഴിയാതെ അമ്മയുടെ ആരോഗ്യം ക്ഷയിച്ചു. ഗ്രീന്‍റൂമില്‍ കിടത്തി ഗ്ലൂക്കോസ് കുത്തിവെച്ച് അഭിനയിച്ച അപൂര്‍വ അനുഭവവും അമ്മയ്ക്കുണ്ടായിട്ടുണ്ട്. തുടര്‍ച്ചയായ അഭിനയം അമ്മയെ രോഗിയുമാക്കി. 1995 ജനുവരിയിലായിരുന്നു അമ്മ മരിക്കുന്നത്. അടിയുറച്ച കമ്യൂണിസ്റ്റായിരുന്നു അമ്മ.
(ടി രാജന്‍)

deshabhimani 301212

No comments:

Post a Comment