Sunday, December 30, 2012

യുവതിയുടെ മൃതദേഹം സംസ്കരിച്ചു


ബസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ മൃതദേഹം ഞായറാഴ്ച പുലര്‍ച്ചെ സംസ്കരിച്ചു. രാവിലെ 7.30ഓടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. യുവതി താമസിച്ചിരുന്ന ദ്വാരകയിലെ മഹാവീര്‍ എന്‍ക്ലേവ്സിനു (സെക്ടര്‍ 24) സമീപത്തെ ശ്മശാനത്തിലായിരുന്നു സംസ്കാരം. പുലര്‍ച്ചെ മൂന്നരയോടെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സോണിയാ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. സംസ്കാരചടങ്ങില്‍ ബന്ധുക്കള്‍ക്കൊപ്പം ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ആഭ്യന്തരസഹമന്ത്രി ആര്‍പിഎന്‍ സിങ് എന്നിവര്‍ പങ്കെടുത്തു. ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയിലെ ചാനലുകള്‍ സംസ്കാരം ടെലികാസ്റ്റ് ചെയ്യേണ്ടന്ന് തീരുമാനിച്ചിരുന്നു.

ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ രാജ്യത്താകെ രോഷം ജ്വലിപ്പിച്ച് ഡല്‍ഹിയില്‍ കൊടുംക്രൂരതയ്ക്ക് ഇരയായ പെണ്‍കുട്ടി ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ഡിസംബര്‍ 16നു രാത്രി തലസ്ഥാന നഗരമധ്യത്തില്‍, ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന് വിധേയയായ ഇരുപത്തിമൂന്നുകാരി ജീവിതത്തിനും മരണത്തിനുമിടയില്‍ 13 ദിവസം പൊരുതിയാണ് അന്ത്യശ്വാസം വലിച്ചത്. മരണമറിഞ്ഞതോടെ രാജ്യമൊട്ടുക്കും വ്യാപകമായ പ്രതിഷേധം കത്തിപ്പടര്‍ന്നു. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടം ഇന്ത്യന്‍ ജനത ഏറ്റെടുക്കുന്നതിന്റെ നാന്ദിയായാണ് രാജ്യത്തെ ഗ്രാമനഗരങ്ങളില്‍ പ്രതിഷേധം വ്യാപകമായത്. സ്ത്രീത്വത്തിനും മാനവികതയ്ക്കുമെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് ഹൃദയമുള്ളവരെല്ലാം പ്രതിജ്ഞ ചെയ്തു.

മാതാപിതാക്കളും സിംഗപ്പൂരിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും മരണസമയത്ത് പെണ്‍കുട്ടിയുടെ അടുത്തുണ്ടായിരുന്നു. എട്ട് വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം നില മെച്ചപ്പെടുത്താന്‍ എല്ലാ ശ്രമവും നടത്തിയെങ്കിലും അവള്‍ സമാധാനത്തോടെ കടന്നുപോയെന്ന് ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെവിന്‍ ലോ പ്രസ്താവനയില്‍ പറഞ്ഞു. വ്യാഴാഴ്ച മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ നില രണ്ടുദിവസമായി തീരെ മോശമായിരുന്നു. തലച്ചോറിലും ഗുരുതരമായി പരിക്കേറ്റിരുന്ന പെണ്‍കുട്ടിയുടെ പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായി. പെണ്‍കുട്ടിയുടെ ചേതന അതിശക്തമായി പോരാടിയെങ്കിലും ശരീരത്തിനേറ്റ കടുത്ത ആഘാതങ്ങളും ക്ഷതവും മറികടക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു. മൗണ്ട് ആശുപത്രിയില്‍ നിന്ന് മൃതദേഹം സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ മറ്റു നടപടിക്രമം പൂര്‍ത്തിയാക്കി.

അറസ്റ്റിലായ ആറു പ്രതികളെ ഇതിനിടെ റിമാന്‍ഡു ചെയ്തു. നേരത്തെ വധശ്രമം, സംഘം ചേര്‍ന്ന് ബലാത്സംഗം, കൊള്ള തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. പെണ്‍കുട്ടി മരിച്ചതോടെ കൊലക്കുറ്റം കൂടി ചുമത്തി. വിചാരണ ജനുവരി അഞ്ചിന് പ്രത്യേക കോടതിയില്‍ ആരംഭിക്കും. രാജ്യത്ത് ദിവസവും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുവെന്ന ഗുരുതരമായ പ്രശ്നം ഗൗരവമായി പരിഗണിക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ അഭൂതപൂര്‍വമായ ജനകീയപ്രതിഷേധത്തെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. എല്ലാ തടസ്സവും നീക്കി രാഷ്ട്രപതി ഭവനു മുന്നില്‍വരെ പ്രക്ഷോഭകരെത്തി. തുടര്‍ന്ന് രണ്ട് അന്വേഷണ കമീഷനുകളെ നിയമിച്ചു. ജസ്റ്റിസ് ജെ എസ് വര്‍മ കമീഷന്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം നേരിടുന്നതിനുള്ള നിയമഭേദഗതിയും നടപടികളും സംബന്ധിച്ച നിര്‍ദേശം നല്‍കും. ജസ്റ്റിസ് ഉഷ മെഹ്റ കമീഷന്‍ ഡല്‍ഹി കൂട്ടബലാത്സംഗം സംബന്ധിച്ചും അന്വേഷിക്കും.
(വി ജയിന്&വംഷ)

ഡല്‍ഹിയില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്

ന്യൂഡല്‍ഹി: 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ട ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം തുടരുന്നു. നിരോധനാജ്ഞ അവഗണിച്ച് ശക്തമായ പ്രതിഷേധമുയര്‍ത്തിയതോടെ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറാന്‍ സമരക്കാര്‍ ശ്രമിച്ചതാണ് ലാത്തിച്ചാര്‍ജിനിടയാക്കിയത്. അവധി ദിനമായ ഞായറാഴ്ചയും ജന്തര്‍ മന്ദറില്‍ നൂറുകണക്കിന് യുവജനങ്ങളാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. രാവിലെ മുതല്‍ ജന്ദര്‍ മന്ദറിലേക്ക് ജനങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു. പ്രതിഷേധം അക്രമാസക്തമാവാതിരിക്കാന്‍ കനത്ത സുരക്ഷഡല്‍ഹിയില്‍ ഒരുക്കിയിട്ടുണ്ട്.

രാവിലെ പ്രതിഷേധം സമാധാന പരമായിരുന്നു. എന്നാല്‍ ഉച്ചയോടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും പ്രതിഷേധം തുടര്‍ന്നതാണ് സംഘര്‍ഷത്തിനിടയാക്കിയത്. എത്ര ബാരിക്കേഡുകള്‍ തീര്‍ത്താലും മെട്രോ സ്റ്റേഷനുകള്‍ അടച്ചാലും സമാധാനപരമായ പ്രക്ഷോഭം തുടരുമെന്ന് പ്രക്ഷോഭകള്‍ പറഞ്ഞു. കൂട്ടബലാല്‍സംഗത്തില്‍ പെട്ടെന്ന് നീതി നടപ്പാക്കണമെന്നും സ്ത്രീകളുടെ സുരക്ഷയ്ക്കായി കര്‍ശന നിയമങ്ങള്‍ നടപ്പാക്കണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം. തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കും വരെ പ്രക്ഷോഭം തുടരുമെന്ന നിലപാടിലാണ് പ്രതിഷേധിക്കുന്നവര്‍.

ബലാത്സംഗത്തിനിരയായി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച പെണ്‍കുട്ടിക്ക് നീതി വേണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു യുവജനതയുടെ പ്രതിഷേധം. മുദ്രാവാക്യം വിളികളും മറ്റും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ശക്തമായ പ്രതിഷേധമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സെന്‍ട്രല്‍ ഡല്‍ഹിയിലെ പത്ത് മെട്രോ സ്റ്റേഷനുകള്‍ ഞായറാഴ്ചയും അടച്ചിട്ടിരിക്കുകയാണ്. ഡല്‍ഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കനത്ത സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

deshabhimani

No comments:

Post a Comment