Sunday, December 30, 2012

ആള്‍ദൈവങ്ങളുടെ പിടിയില്‍ യുവജനശക്തി അകപ്പെടരുത്


യുവജനങ്ങളുടെ ചലനാത്മകതയെ നാടിനെ മുന്നോട്ടുനയിക്കാനുള്ള ഇന്ധനമാക്കി മാറ്റാന്‍ കഴിയണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ച യുവജനരേഖ നിര്‍ദേശിച്ചു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച രേഖയെ ആസ്പദമാക്കി ചര്‍ച്ച നടന്നു. കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനാണ്. യോഗം ഞായറാഴ്ചയും തുടരും.

വിപ്ലവം നയിക്കേണ്ടത് യുവജനശക്തിയാണെന്നത് തെറ്റായ നിലപാടാണ്. തൊഴിലാളി വര്‍ഗ നേതൃത്വത്തില്‍ ഉറച്ച കര്‍ഷക സഖ്യത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടേണ്ട ഒന്നാണ് വിപ്ലവം. അതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയും. വിപ്ലവ മുന്നേറ്റത്തിനുള്ള പശ്ചാത്തല സൗകര്യമൊരുക്കാനും അതിനുള്ള രാഷ്ട്രീയാന്തരീക്ഷം വളര്‍ത്താനും യുവജന സംഘടന ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. യുവജനങ്ങളുടെ ചലനാത്മകത പ്രതിവിപ്ലവശക്തികള്‍ ദുരുപയോഗപ്പെടുത്തുന്നുണ്ട്. ഇതു തടയണം. ആത്മീയതയുടെയും ആള്‍ദൈവങ്ങളുടെയും പിടിയില്‍ യുവാക്കള്‍ അകപ്പെടുന്നതും ജാതിമത സംഘടനകളുടെ പിന്നില്‍ അണിനിരക്കുന്നതും നാടിന് ഗുണകരമല്ലെന്ന് രേഖ ചൂണ്ടിക്കാട്ടി.

ആറുപതിറ്റാണ്ടിലധികം കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാഹിത്യ-വൈജ്ഞാനിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ വേര്‍പാടില്‍ സംസ്ഥാന കമ്മിറ്റി അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെയും തുടര്‍ന്ന് സിപിഐ എമ്മിന്റെയും അചഞ്ചലനായ സൈദ്ധാന്തിക പോരാളിയും പ്രചാരകനുമായിരുന്നു പി ജി. പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. മാര്‍ക്സിസ്റ്റ് ചിന്തകന്‍, നിരൂപകന്‍, നിയമസഭാ സാമാജികന്‍, പത്രാധിപര്‍, പ്രഭാഷകന്‍, പരിഭാഷകന്‍, ചരിത്രകാരന്‍, ഗ്രന്ഥകാരന്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍ എന്നിങ്ങനെ വിശേഷണങ്ങളിലൊതുങ്ങാത്ത വ്യക്തിത്വമായിരുന്നു പി ജിയുടേത്. ദേശാഭിമാനി പത്രാധിപരായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. പി ജിയുടെ വേര്‍പാട് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും പുരോഗമനപ്രസ്ഥാനത്തിനും അപരിഹാര്യമായ നഷ്ടമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റി മുന്‍ അംഗവും ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ എസ് മോഹനന്‍നായര്‍, ഇടുക്കി ജില്ലാ കമ്മിറ്റി മുന്‍ അംഗം ടി ആര്‍ ശശിധരന്‍, ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും തകഴി ഏരിയ സെക്രട്ടറിയുമായിരുന്ന ഡി മണിച്ചന്‍, അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന തലശ്ശേരിയിലെ പി വി കുഞ്ഞിരാമന്‍, പാര്‍ടി മുന്‍ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി അംഗമായിരുന്ന വി വാസുദേവന്‍, കെഎസ്കെടിയു മുന്‍ കൊല്ലം ജില്ലാ സെക്രട്ടറിയും സിപിഐ എം ചവറ ഏരിയ കമ്മിറ്റി അംഗവുമായ കെ എന്‍ ചെല്ലപ്പന്‍, കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി എന്‍ രാമകൃഷ്ണപിള്ള, മുന്‍ തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം എം ബേബി, മുന്‍ ചാരുംമൂട് ഏരിയ കമ്മിറ്റി അംഗം ജി അയ്യപ്പപ്പണിക്കര്‍, കൊല്ലം ഏരിയ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്‍ ഏരിയ സെക്രട്ടറിയുമായ പി ആര്‍ രാജമ്മ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. എന്‍ജിഒ യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഐ എം മലപ്പുറം ഏരിയ സെക്രട്ടറിയുമായിരുന്ന ആര്‍ രാമചന്ദ്രന്‍, പാലിയം സമരസേനാനിയും സിപിഐ എം മുന്‍ എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കെ കെ എസ് മണി, തുടന്നൂര്‍ ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി വി വാമദേവന്‍, പ്രമുഖ അഭിഭാഷകനും കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവും മുന്‍ തളിപ്പറമ്പ് എംഎല്‍എയുമായ അഡ്വ. കെ പി രാഘവപൊതുവാള്‍, അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ എറണാകുളം ജില്ലാ കമ്മിറ്റി അംഗമായിരുന്ന സുബ്രഹ്മണ്യന്‍, പുന്നപ്ര-വയലാര്‍ സമരസേനാനി കെ കെ കമലാക്ഷി, പുന്നപ്രവയലാര്‍ സമരസേനാനിയും എഴുത്തുകാരനുമായ സി സി ജോസഫ്, സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കര്‍ഷകസംഘം പ്രവര്‍ത്തകനുമായ തൃക്കരിപ്പൂര്‍ ഒളവറയിലെ ഓലക്കാരന്‍ അമ്പു, മുന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്റാള്‍, ലോകപ്രശസ്ത സിത്താറിസ്റ്റ് പണ്ഡിറ്റ് രവിശങ്കര്‍, പ്രമുഖ അഭിഭാഷകനും തിരുവനന്തപുരം ജില്ലയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ പിരപ്പന്‍കോട് ശ്രീധരന്‍നായര്‍, സിപിഐ എം കേന്ദ്ര കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും ദീര്‍ഘകാലം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച കെ മാധവന്‍, പ്രമുഖ ചലച്ചിത്ര-നാടക നടന്‍ ജഗന്നാഥന്‍ എന്നിവരുടെ നിര്യാണത്തിലും സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

deshabhimani 301212

No comments:

Post a Comment