Sunday, December 30, 2012

അവള്‍ ഇനി ജ്വാല : തലകുനിക്കുക


 ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ രാജ്യത്താകെ രോഷം ജ്വലിപ്പിച്ച് ഡല്‍ഹിയില്‍ കൊടുംക്രൂരതയ്ക്ക് ഇരയായ പെണ്‍കുട്ടി ഓര്‍മയായി. ഡിസംബര്‍ 16നു രാത്രി തലസ്ഥാന നഗരമധ്യത്തില്‍, ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന് വിധേയയായ ഇരുപത്തിമൂന്നുകാരി ജീവിതത്തിനും മരണത്തിനുമിടയില്‍ 13 ദിവസം പൊരുതി അന്ത്യശ്വാസം വലിച്ചു. സിംഗപ്പൂരില്‍ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.15നാണ് മരണം.

മരണമറിഞ്ഞതോടെ രാജ്യമൊട്ടുക്കും വ്യാപകമായ പ്രതിഷേധം കത്തിപ്പടര്‍ന്നു. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടം ഇന്ത്യന്‍ ജനത ഏറ്റെടുക്കുന്നതിന്റെ നാന്ദിയായാണ് രാജ്യത്തെ ഗ്രാമനഗരങ്ങളില്‍ പ്രതിഷേധം വ്യാപകമായത്. സ്ത്രീത്വത്തിനും മാനവികതയ്ക്കുമെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് ഹൃദയമുള്ളവരെല്ലാം പ്രതിജ്ഞ ചെയ്തു. ശനിയാഴ്ച അര്‍ധരാത്രി പ്രത്യേക വിമാനത്തില്‍ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു. മാതാപിതാക്കളും സിംഗപ്പൂരിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും മരണസമയത്ത് പെണ്‍കുട്ടിയുടെ അടുത്തുണ്ടായിരുന്നു. എട്ട് വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം നില മെച്ചപ്പെടുത്താന്‍ എല്ലാ ശ്രമവും നടത്തിയെങ്കിലും അവള്‍ സമാധാനത്തോടെ കടന്നുപോയെന്ന് ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെവിന്‍ ലോ പ്രസ്താവനയില്‍ പറഞ്ഞു.

വ്യാഴാഴ്ച മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ നില രണ്ടുദിവസമായി തീരെ മോശമായിരുന്നു. തലച്ചോറിലും ഗുരുതരമായി പരിക്കേറ്റിരുന്ന പെണ്‍കുട്ടിയുടെ പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായി. പെണ്‍കുട്ടിയുടെ ചേതന അതിശക്തമായി പോരാടിയെങ്കിലും ശരീരത്തിനേറ്റ കടുത്ത ആഘാതങ്ങളും ക്ഷതവും മറികടക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു. മൗണ്ട് ആശുപത്രിയില്‍ നിന്ന് മൃതദേഹം സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ മറ്റു നടപടിക്രമം പൂര്‍ത്തിയാക്കി.

സുഹൃത്തിനൊപ്പം സിനിമ കണ്ട് മുനിര്‍ക്ക-പാലം റൂട്ടിലോടുന്ന ചാര്‍ട്ടേഡ് ബസില്‍ മടങ്ങവെയാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. ബസിലുണ്ടായിരുന്ന ആറുപേര്‍ ആദ്യം മോശമായി പെരുമാറുകയും അതിനെ ചോദ്യം ചെയ്ത സുഹൃത്തിനെ ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ചുവീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ചെറുത്തുനിന്നപ്പോള്‍ മര്‍ദ്ദിക്കുകയും ആന്തരാവയവങ്ങളില്‍ ഇരുമ്പുകമ്പി കുത്തിയിറക്കുകയും ചെയ്തു. അവശയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും പാലത്തിനടുത്ത മഹിപല്‍പുരില്‍ റോഡരികിലേക്ക് വലിച്ചെറിഞ്ഞു. നാട്ടുകാരില്‍ ചിലര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി ഇരുവരെയും സഫ്ദര്‍ജങ് ആശുപത്രിയില്‍ എത്തിച്ചു. അണുബാധയെത്തുടര്‍ന്ന് വന്‍കുടലും ആമാശയത്തിന്റെ ഒരു ഭാഗവും നീക്കം ചെയ്തിരുന്നു. ഇടയ്ക്ക് നില മെച്ചപ്പെടുകയും മജിസ്ട്രേട്ടിന് മൊഴിനല്‍കുകയും ചെയ്തിരുന്നു. അണുബാധ പടരുകയും പ്രധാന അവയവങ്ങള്‍ നിഷ്ക്രിയമാകുകയും ചെയ്തശേഷമാണ് വിദഗ്ധചികിത്സയ്ക്കായി പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയത്.

അറസ്റ്റിലായ ആറു പ്രതികളെ ഇതിനിടെ റിമാന്‍ഡു ചെയ്തു. നേരത്തെ വധശ്രമം, സംഘം ചേര്‍ന്ന് ബലാത്സംഗം, കൊള്ള തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. പെണ്‍കുട്ടി മരിച്ചതോടെ കൊലക്കുറ്റം കൂടി ചുമത്തി. വിചാരണ ജനുവരി അഞ്ചിന് പ്രത്യേക കോടതിയില്‍ ആരംഭിക്കും. രാജ്യത്ത് ദിവസവും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുവെന്ന ഗുരുതരമായ പ്രശ്നം ഗൗരവമായി പരിഗണിക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ അഭൂതപൂര്‍വമായ ജനകീയപ്രതിഷേധത്തെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. എല്ലാ തടസ്സവും നീക്കി രാഷ്ട്രപതി ഭവനു മുന്നില്‍വരെ പ്രക്ഷോഭകരെത്തി. തുടര്‍ന്ന് രണ്ട് അന്വേഷണ കമീഷനുകളെ നിയമിച്ചു. ജസ്റ്റിസ് ജെ എസ് വര്‍മ കമീഷന്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം നേരിടുന്നതിനുള്ള നിയമഭേദഗതിയും നടപടികളും സംബന്ധിച്ച നിര്‍ദേശം നല്‍കും. ജസ്റ്റിസ് ഉഷ മെഹ്റ കമീഷന്‍ ഡല്‍ഹി കൂട്ടബലാത്സംഗം സംബന്ധിച്ചും അന്വേഷിക്കും.
(വി ജയിന്‍)

ഡല്‍ഹിയില്‍ നിരോധനാജ്ഞ, പ്രതികള്‍ക്കെതിരെ കൊലക്കുറ്റം

കൂട്ട ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചതിന്റെ പശ്ചാത്തലത്തില്‍ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പെണ്‍കുട്ടി മരിച്ച സാഹചര്യത്തില്‍ കടുത്ത പ്രതിഷേധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം അധികൃതര്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. രാഷ്ട്രപതിഭവന്‍, പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കമുള്ള മന്ത്രാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന റെയ്സീന കുന്ന്, ഇന്ത്യാഗേറ്റ്, ജന്തര്‍മന്തര്‍ തുടങ്ങിയിടത്തെല്ലാം വന്‍സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യാഗേറ്റ് പരിസരത്തേക്ക് ജനങ്ങളെത്തുന്നത് തടയാന്‍ പത്ത് മെട്രോ സ്റ്റേഷനുകള്‍ രാവിലെ മുതല്‍ അടച്ചിട്ടു. ജന്ദര്‍മന്ദറിലെത്തിയ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെ ജനക്കൂട്ടം തടഞ്ഞു. പ്രതിഷേധത്തെത്തുടര്‍ന്ന് അവര്‍ മടങ്ങിപ്പോയി. പ്രധാനമന്ത്രിയും സോണിയാഗാന്ധിയും അനുശോചിച്ചു. രാജ്യമെങ്ങും കടുത്ത പ്രതിഷേധം നടക്കുകയാണ്. കേരളത്തിലും വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു. ഫേസ്ബുക്കിലൂടെയും മറ്റും പതിനായിരങ്ങള്‍ അമര്‍ഷവും ദു:ഖവും രേഖപ്പെടുത്തി.

പെണ്‍കുട്ടിയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച വൈകീട്ട് നാലോടെ ഇന്ത്യയിലെത്തിക്കും. ഇന്ത്യന്‍ സ്ഥാനപതി ഡോ. ടിസിഎ രാഘവനാണ് ഇക്കാര്യം അറിയിച്ചത്. സിംഗപ്പൂരിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വേഗം ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടി മരിച്ചതോടെ കേസിലെ പ്രതികളായവര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. സിംഗപ്പൂരിലെ ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടടക്കമുള്ള ഔദ്യോഗിക രേഖകള്‍ ലഭിച്ചു കഴിഞ്ഞാല്‍ പൊലീസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും. കൊലപാതകശ്രമം, തെളിവ് നശിപ്പിക്കല്‍, തട്ടികൊണ്ടുപോകല്‍, കൂട്ടബലാല്‍സംഗം, പ്രകൃതിവിരുദ്ധ കൃത്യം എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതികളായ ആറ് പേരെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തു. ബലാല്‍സംഗത്തിന് ഇരയായ യുവതിക്ക് നീതി ലഭ്യമാക്കണമെന്നും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച വന്‍ ജനകീയപ്രക്ഷോഭത്തിനാണ് തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചത്. പൊലീസും പ്രക്ഷോഭകരും നിരവധി തരണ ഏറ്റമുട്ടിയിരുന്നു. സംഘര്‍ഷത്തിനിടെ ഒരു പൊലീസുകാരന്‍ മരിച്ചു ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.

നിരോധനാജ്ഞ വകവയ്ക്കാതെ ജനം തെരുവിലിറങ്ങി

കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചതിലുള്ള ജനരോഷം നേരിടാന്‍ ഡല്‍ഹി നഗരം പൊലീസിനെയും അര്‍ധസേനയെയുംകൊണ്ട് നിറച്ചു. ഇന്ത്യാഗേറ്റടക്കം നഗരഹൃദയഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചു. നഗരത്തില്‍ നിരോധനാജ്ഞ നടപ്പാക്കി. 10 മെട്രോ റെയില്‍ സ്റ്റേഷനുകള്‍ അടച്ചു. എന്നാല്‍, സര്‍ക്കാരിന്റെ എല്ലാ സന്നാഹങ്ങളെയും നേരിട്ട് ജനം തെരുവിലിറങ്ങി. രാവിലെമുതല്‍ വിദ്യാര്‍ഥികളും സ്ത്രീകളും യുവജനങ്ങളുമടക്കം ജന്തര്‍മന്ദറിലേക്ക് ഒഴുകി.

22നും 23നും വിജയ് ചൗക്കിലും ഇന്ത്യാ ഗേറ്റിലും നടന്ന പ്രതിഷേധം സര്‍ക്കാരിനെയും പൊലീസിനെയും പ്രതിസന്ധിയിലാക്കിയിരുന്നു. ശനിയാഴ്ച ജന്തര്‍മന്ദറിലെത്തിയ ജനക്കൂട്ടം പ്രകോപനമൊന്നുമുണ്ടാക്കിയില്ല. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുഃഖം പ്രകടിപ്പിക്കുകമാത്രമാണ് ചെയ്തത്.

ഉച്ചയ്ക്കുശേഷം വിവിധ വനിതാസംഘടനകളുടെ ആഭിമുഖ്യത്തില്‍ മണ്ഡിഹൗസില്‍നിന്ന് മൗനജാഥ ആരംഭിച്ചു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഡല്‍ഹി സംസ്ഥാന സെക്രട്ടറി സേബ ഫറൂഖി, ജ്യോത്സ്ന ചാറ്റര്‍ജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വൃന്ദ കാരാട്ട് സംസാരിച്ചു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും ജന്തര്‍മന്ദറിലെത്തി. അരവിന്ദ് കെജ്രിവാളും സംഘവും ജന്തര്‍മന്ദറിലെ പരിപാടികളില്‍ പങ്കെടുത്തു. രാത്രിയായിട്ടും കടുത്ത തണുപ്പിനെ അവഗണിച്ച് ജന്തര്‍മന്ദറില്‍ ജനങ്ങള്‍ നിന്നിരുന്നു.

ഷീല ദീക്ഷിതിന് എതിരെ ജനരോഷം

കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ ജനരോഷം. ശനിയാഴ്ച ഉച്ചയ്ക്കുശേഷം ജന്തര്‍മന്ദറിലെത്തിയപ്പോഴാണ് ജനങ്ങള്‍ ഷീല ദീക്ഷിതിനെതിരെ മുദ്രാവാക്യം മുഴക്കിയത്. ജനങ്ങളുടെ പ്രതിഷേധത്തിനിടയിലും മെഴുകുതിരി കത്തിച്ച് ഷീല ദീക്ഷിത് ആദരാഞ്ജലി അര്‍പ്പിച്ചു. ജനങ്ങളുടെ പ്രതിഷേധ മുദ്രാവാക്യം ശക്തമായതോടെ പൊലീസ് സംരക്ഷണത്തോടെ അവര്‍ തിരിച്ചുപോയി.

കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ: പ്രധാനമന്ത്രി, സോണിയ

ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. കേസില്‍ എത്രയുംവേഗം വിചാരണ നടത്തി തീര്‍പ്പുകല്‍പ്പിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. പെണ്‍കുട്ടി എത്രയുംവേഗം സുഖംപ്രാപിക്കട്ടെയെന്ന് ഇരുവരും ആശംസിച്ചു. എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസിന്റെ രൂപീകരണ വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. കുറ്റവാളികളെ നിയമത്തിനുമുന്നിലെത്തിക്കുകയും പരമാവധി ശിക്ഷ ലഭ്യമാക്കുകയും ചെയ്യുകയെന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സാധ്യമായ എല്ലാ ചികിത്സയും പെണ്‍കുട്ടിക്ക് നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.


സര്‍ക്കാര്‍ നിലപാട് അടിയന്തരാവസ്ഥയുടെ ആവര്‍ത്തനം: പിണറായി

തിരു: ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി അനാസ്ഥ കാണിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ നേരിട്ട രീതി അടിയന്തരാവസ്ഥയുടെ ആവര്‍ത്തനമാണ്. സംഭവം ഗൗരവമായി കൈകാര്യം ചെയ്യുന്നതിനുപകരം തെറ്റായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. രാജ്യമാകെ ഉയര്‍ന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. സര്‍ക്കാര്‍ അമിതാധികാര പ്രവണതയാണ് കാണിച്ചത്. ആരും റോഡില്‍ ഇറങ്ങാന്‍ പാടില്ലെന്ന നിലപാട് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതാണ്.

പീഡനം നടന്ന ബസ് നിരവധി ചെക്ക്പോസ്റ്റുകള്‍ കടന്നുപോയിട്ടും പരിശോധിച്ചില്ല. പെണ്‍കുട്ടിയെ ചികിത്സയ്ക്ക് വിദേശത്ത് കൊണ്ടുപോയതിലും രാഷ്ട്രീയമുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശയോ നിര്‍ദേശമോ ഇല്ലാതെയാണ് തീരുമാനമെടുത്തതെന്ന് ഡോക്ടര്‍മാര്‍തന്നെ വ്യക്തമാക്കിയിരിക്കയാണ്. ഡല്‍ഹിയിലെ നടപടികള്‍ കാണുമ്പോള്‍ അടിയന്തരാവസ്ഥയുടെ പ്രേതം ബാധിച്ചുവെന്ന് തോന്നുകയാണ്. ഈ ഭരണത്തില്‍ സ്ത്രീത്വത്തിന് രക്ഷയില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒഴിയുകയാണ് വേണ്ടത്- പിണറായി പറഞ്ഞു. ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാലിനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രധാനമന്ത്രി എങ്ങനെ അഭിമാനത്തോടെ തുടരും: വിഎസ്

രാജ്യത്ത് സ്ത്രീകള്‍ സ്ത്രീപീഡനങ്ങളും സ്ത്രീകളെ അപമാനിക്കുന്ന സംഭവങ്ങളും കൂടിവരുമ്പോള്‍ പ്രധാനമന്ത്രിക്ക് എങ്ങനെ അഭിമാനത്തോടെ അധികാരത്തില്‍ തുടരാന്‍ കഴിയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി മരിച്ച സംഭവത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ബംഗളൂരുവിലും കൊല്‍ക്കത്തയിലും പ്രതിഷേധം

ബംഗളൂരു: ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ യുവതിയുടെ മരണത്തില്‍ ബംഗളൂരുവിലും പ്രതിഷേധം അലയടിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നിവയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാള്‍ പരിസരത്ത് പ്രതിഷേധ മാര്‍ച്ചും അനുശോചനയോഗവും ചേര്‍ന്നു. ഐടി രംഗത്തെ കൂട്ടായ്മയായ "ഇതി"യുടെ നേതൃത്വത്തിലും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു. മരണവിവരം പുറത്തുവന്നതോടെ നഗരത്തിലെ വിവിധ കോളേജുകളില്‍നിന്ന് വിദ്യാര്‍ഥികള്‍ രാവിലെമുതല്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഫ്രീഡം പാര്‍ക്കില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മെഴുകുതിരിയേന്തി നൂറുകണക്കിനു പേര്‍ പ്രതിഷേധിച്ചു. കൊല്‍ക്കത്തയിലും പ്രതിഷേധം ആളിക്കത്തി. ഇടതുമുന്നണി കൊല്‍ക്കത്ത ജില്ലാകമ്മിറ്റി, എസ്എഫ്ഐ, ഡിവൈഎഫ്ഐ, അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷന്‍ എന്നിവര്‍ വിവിധ ഭാഗങ്ങളില്‍ മൗനജാഥകള്‍ നടത്തി. കുറ്റക്കാര്‍ക്ക് ഉടനടി കടുത്ത ശിക്ഷ നല്‍കണമെന്നും ഇത്തരം കുറ്റങ്ങള്‍ തടയാന്‍ കര്‍ശനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകള്‍ ഏന്തിയായിരുന്നു പ്രകടനം.

പെണ്‍കുട്ടി ബല്ലിയ സ്വദേശി

കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടി ഉത്തര്‍പ്രദേശിലെ ബല്ലിയ സ്വദേശി. പെണ്‍കുട്ടിയുടെ പേരും വിവരങ്ങളും ചിത്രവും പ്രസിദ്ധീകരിച്ച് തങ്ങളെ കൂടുതല്‍ അപമാനിക്കരുതെന്ന് മാതാപിതാക്കള്‍ അഭ്യര്‍ഥിച്ചതുകൊണ്ട് മാധ്യമങ്ങള്‍ അവ പ്രസിദ്ധീകരിച്ചില്ല. കുട്ടിക്കാലത്തുതന്നെ പഠനത്തില്‍ മികവു പുലര്‍ത്തിയ കുട്ടിയെ കുടുംബത്തിന്റെ സാമ്പത്തികശേഷി മോശമാണെങ്കിലും മാതാപിതാക്കള്‍ കഷ്ടപ്പെട്ട് ഉപരിപഠനത്തിനയക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് മാധ്യമങ്ങള്‍ പ്രതീകാത്മകമായി ഇതിനകം പല പേരുകളും നല്‍കിയിട്ടുണ്ട്. അമാനത്ത്, നിര്‍ഭയ, ജാഗൃതി, ജ്യോതി തുടങ്ങിയ പേരുകള്‍. പക്ഷേ പേരില്ലാതെതന്നെ രാജ്യത്തെ ജനകോടികളുടെ മനസ്സില്‍ അവള്‍ ഇടം നേടി. ബല്ലിയയിലെ ഗ്രാമത്തില്‍ ജനങ്ങള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ദുഃഖം അറിയിച്ചു. സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

deshabhimani 301212

No comments:

Post a Comment