Sunday, December 30, 2012
സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ് 30.12.2012
സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി യോഗം ഡിസംബര്‍ 29, 30 തീയതികളില്‍ കോടിയേരി ബാലകൃഷ്‌ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഭൂമിക്ക് വേണ്ടിയുള്ള ഭൂരഹിതരുടെ ദീര്‍ഘനാളത്തെ ആവശ്യം മുന്‍നിര്‍ത്തി 2013 ജനുവരി 1 മുതല്‍ സംസ്ഥാനത്ത് ഭൂസമരം ആരംഭിക്കുകയാണ്. കര്‍ഷകര്‍, കര്‍ഷകതൊഴിലാളികള്‍, ആദിവാസികള്‍, പട്ടികജാതി ജനവിഭാഗങ്ങളും ചേര്‍ന്നാണ് ഈ സമരത്തിന് നേതൃത്വം നല്‍കുന്നത്. വിതരണം ചെയ്യപ്പെടാത്ത മിച്ചഭൂമി ചൂണ്ടിക്കാണിച്ചുകൊണ്ടും, നെല്‍വയല്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടി നികത്തുന്നതിനെതിരായും ആരംഭിക്കുന്ന സമരത്തില്‍, പതിനായിരക്കണക്കിന് വളണ്ടിയര്‍മാര്‍ അണിനിരക്കും. പിറന്ന മണ്ണില്‍ ജീവിക്കുന്നതിനായി പാവപ്പെട്ട ജനങ്ങള്‍ ഒന്നുചേര്‍ന്ന് നടത്തുന്ന ഈ സമരം വിജയിപ്പിക്കാന്‍ സി.പി.ഐ (എം) സംസ്ഥാനകമ്മിറ്റി എല്ലാ കേരളീയരോടും അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വളര്‍ച്ചക്ക് നിര്‍ണായക പങ്ക് വഹിച്ച നടപടിയായിരുന്നു ഭൂപരിഷ്‌കരണ നിയമനിര്‍മ്മാണം. ഇത് ജന്മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ടിയും, കര്‍ഷകപ്രസ്ഥാനവും നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങളുടെ ഉല്‍പന്നമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളാണ് ഇതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തിയത്. എന്നാല്‍ ഈ നിയമങ്ങളെ അട്ടിമറിക്കുന്നതിനും മിച്ചഭൂമി പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്നത് തടയുന്നതിനുമാണ് വലതുപക്ഷ ശക്തികള്‍ ശ്രമിച്ചത്. മാത്രമല്ല ജനക്ഷേമകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സര്‍ക്കാരിനെ അട്ടിമറിക്കുന്ന നടപടിയും ഇവര്‍ സ്വീകരിക്കുകയും ചെയ്‌തു.
എന്നാല്‍ ഈ നിയമം പ്രാവര്‍ത്തികമാക്കാനുള്ള സുശക്തമായ പോരാട്ടം കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി 1967 ലെ ഇ.എം.എസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണനിയമം നടപ്പിലാക്കുന്നതിനും, കുടികിടപ്പവകാശം നേടിയെടുക്കുന്നതിനും 1970-കളില്‍ വീറുറ്റ സമരം നടത്തേണ്ടിവന്നു. കൊടിയമര്‍ദ്ദനങ്ങളെയും, അടിച്ചമര്‍ത്തലിനെയും നേരിട്ടുകൊണ്ടാണ് ആ സമരം വിജയിപ്പിക്കാനായത്.
കേരളത്തിന്റെ സമരചരിത്രത്തില്‍ ഉജ്ജ്വലമായി ജ്വലിച്ചുനില്‍ക്കുന്ന ആ സമരത്തിന്റെ തുടര്‍ച്ചയാണ് ജനുവരി 1 മുതല്‍ ആരംഭിക്കുന്ന ഭൂസമരം. ഏകദേശം മൂന്നുലക്ഷത്തോളം കുടുംബങ്ങളാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഭൂരഹിതരായിട്ടുള്ളത്. അവരില്‍ ഭൂരിഭാഗവും പട്ടികജാതി-പട്ടികവര്‍ഗവിഭാഗത്തില്‍പെട്ട പാവപ്പെട്ടവരാണ്. അവര്‍ക്കെല്ലാം കിടപ്പാടം നല്‍കാന്‍ മാത്രം ഭൂമി സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. എന്നിട്ടും മിച്ചഭൂമി തിരിമറി നടത്താനും, നിയമം മൂലം ഇവ ഇല്ലാതാക്കാനും, വന്‍കിടക്കാര്‍ക്ക് വന്‍തോതില്‍ അനധികൃതമായി ഭൂമി കൈവശം വെക്കാനും ഉതകുന്ന നടപടികളാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കശുമാവ് പ്ലാന്റേഷനെ ഭൂപരിധിയില്‍ നിന്നൊഴിവാക്കാനും തോട്ടങ്ങളുടെ അഞ്ചുശതമാനം ഭൂമി ടൂറിസം പദ്ധതികള്‍ക്കുപയോഗിക്കാനും അനുമതി നല്‍കാനുമുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടികള്‍ ഇതിന് ഉത്തമദൃഷ്‌ടാന്തമാണ്.
ഭക്ഷ്യധാന്യമായ അരിയുല്‍പാദനത്തില്‍ ഗണ്യമായ കുറവുള്ള സംസ്ഥാനത്ത് അവശേഷിക്കുന്ന നെല്‍പാടങ്ങള്‍ സംരക്ഷിക്കാനും കൂടിയാണ് 2008-ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ``നെല്‍വയല്‍-തണ്ണീര്‍തട സംരക്ഷണനിയമം കൊണ്ടുവന്നത്. സംസ്ഥാനത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനും ഈ നിയമം ലക്ഷ്യം വെക്കുന്നു. എന്നാല്‍ നെല്‍വയല്‍-തണ്ണീര്‍തട സംരക്ഷണനിയമത്തെ അട്ടിമറിക്കാനും വന്‍തോതില്‍ നെല്‍പാടങ്ങള്‍ നികത്താനും യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. എമര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ട് മുന്നോട്ടുവെച്ച പല പദ്ധതികളും നെല്‍പാടങ്ങള്‍ നികത്താനും, വനഭൂമി കയ്യടക്കാനും ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഇതിനെതിരെ വ്യാപകമായ എതിര്‍പ്പ് എല്ലാ മേഖലയില്‍ നിന്നും ഉയര്‍ന്നു വരികയുണ്ടായി. ചുരുക്കത്തില്‍ സംസ്ഥാന താല്‍പര്യത്തേക്കാള്‍ കള്ളപ്പണക്കാരുടേയും കോര്‍പ്പറേറ്റുകളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെ ചെറുത്ത് പരാജയപ്പെടുത്താന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.
യുവജനരംഗത്തെ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും യുവാക്കള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളെ ആസ്‌പദമാക്കി കേന്ദ്ര-സംസ്ഥാനസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യുവജനങ്ങളെ ഒന്നിച്ചണിനിരത്താനും ഉതകുന്ന `യുവജനരേഖ സംസ്ഥാനകമ്മിറ്റി അംഗീകരിച്ചു. കേരളത്തിലെ കരുത്തുറ്റ യുവജനസംഘടനയാണ് ഡി.വൈ.എഫ്.ഐ. തൊഴിലില്ലായ്‌മക്കെതിരായും തൊഴിലില്ലായ്‌മ വേതനത്തിനായും മുമ്പ് കെ.എസ്.വൈ.എഫിന്റേയും തുടര്‍ന്ന് ഡി.വൈ.എഫ്.ഐയുടേയും നേതൃത്വത്തില്‍ നടന്ന യുവജനപ്രക്ഷോഭങ്ങള്‍ കേരളത്തിലെ സമരപോരാട്ടങ്ങളുടെ ചരിത്രത്തിലെ അവിസ്‌മരണീയമായ സംഭവങ്ങളാണ്. അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ തന്നെ പോലീസിന്റെ കൊടിയ മര്‍ദ്ദനങ്ങളേയും പീഡനങ്ങളേയും നേരിട്ടുകൊണ്ട് യുവജനപ്രസ്ഥാനം മുന്നോട്ട് നീങ്ങുകയാണ്. എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി ഉപയോഗിക്കുന്നതിന്റെ വിപത്തിനതിരെ ഡി.വൈ.എഫ്.ഐ നടത്തിയ നിയമപോരാട്ടവും ഇരകളെ സഹായിക്കാന്‍ നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനവും ലോകശ്രദ്ധ നേടിയ പ്രവര്‍ത്തനങ്ങളാണ്.
നവലിബറല്‍ നയങ്ങള്‍ മുന്നോട്ട് വെക്കുന്ന ജീവിത വീക്ഷണങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കുകയും അവരുടെ പ്രത്യാശകളെ മുഴുവനും തകര്‍ക്കുകയും ചെയ്യുകയാണ്. തൊഴിലില്ലായ്‌മയുടെ വളര്‍ച്ച, സ്ഥിരം ജോലിക്ക് പകരം തുച്ഛമായ വേതനം ലഭിക്കുന്ന കരാര്‍, താല്‍ക്കാലിക ജോലികളുടെ വളര്‍ച്ച, പുതുതായി നിയമിക്കപ്പെടുന്നവര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുന്ന നയങ്ങള്‍ ഇവയെല്ലാം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് യുവാക്കളെയാണ്. ഈ സാഹചര്യത്തില്‍ നവ-ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരായ പോരാട്ടങ്ങളിലൂടെ മാത്രമേ യുവാക്കളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവൂ. അതുകൊണ്ട് ഇത്തരം നയങ്ങള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ യുവാക്കള്‍ അണിചേരേണ്ടതുണ്ട്. യുവജനതയെ വര്‍ഗീയ-തീവ്രവാദ-ജാതീയ ചേരികളിലാക്കി ഭിന്നിപ്പിക്കാനും, അവര്‍ക്കിടയില്‍ അരാഷ്‌ട്രീയബോധം വളര്‍ത്താനും സംഘടിത ശ്രമം നടക്കുന്ന കാലമാണിത്. അതോടൊപ്പം പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, വിവിധ രൂപത്തിലുള്ള ജനസേവനം, മതനിരപേക്ഷ മാനവിക സംസ്‌കാരത്തിനായുള്ള പ്രവര്‍ത്തനം എന്നിവയെ ആസ്‌പദമാക്കി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തനം കൂടുതല്‍ കരുത്തുറ്റതാക്കുക എന്നതാണ് യുവജനരേഖ ലക്ഷ്യം വെക്കുന്നത്.
സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ അട്ടിമറിച്ച് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി 8 മുതല്‍ അനിശ്ചിതകാല പണിമുടക്കിന് തീരുമാനിച്ചിരിക്കുകയാണ്. നിയമനനിരോധനവും ജീവനക്കാരുടെ എണ്ണം കുറയ്‌ക്കലും നടപ്പിലാക്കാനും ശ്രമം നടക്കുന്നു. 2004 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പങ്കാളിത്ത പെന്‍ഷന്‍ ഇടതുപക്ഷ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ബംഗാള്‍, കേരളം, ത്രിപുര സര്‍ക്കാരുകള്‍ നടപ്പിലാക്കിയിരുന്നില്ല. കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ജനവിരുദ്ധ നയങ്ങളും നിര്‍ബാധം നടപ്പിലാക്കുന്നതിനാണ് ശ്രമിക്കുന്നത്. ജീവനക്കാരുടേയും തൊഴിലാളികളുടേയും അവകാശങ്ങള്‍ കവരുന്ന നിലപാടാണ് എക്കാലത്തും യു.ഡി.എഫ് സര്‍ക്കാരുകള്‍ കൈക്കൊണ്ടിട്ടുള്ളത്. ഈ നയത്തിനെതിരെ ജീവനക്കാരും അധ്യാപകരും യോജിച്ച് നടത്തുന്ന പണിമുടക്ക് സമരത്തിന് പിന്തുണ നല്‍കാന്‍ പാര്‍ടി അഭ്യര്‍ത്ഥിക്കുന്നു.
സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ദേശവ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സന്ദര്‍ഭമാണിത്. ഡല്‍ഹിയില്‍ ഒരു പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ക്രൂരമായി പീഡിപ്പിക്കപ്പെടുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്‌ത സംഭവം, രാജ്യമാകെ കടുത്ത പ്രതിഷേധവും അമര്‍ഷവും ഉയര്‍ന്നുവരാനിടയാക്കി. സ്‌ത്രീപീഡനത്തില്‍ കേരളവും ഒട്ടും പിന്നിലല്ല. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ 1661 ബലാത്സംഗങ്ങള്‍ നടന്നതായി നിയമസഭയില്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഈ കാലയളവില്‍ പ്രായപൂര്‍ത്തിയാവാത്ത 199 പെണ്‍കുട്ടികളും പീഡനത്തിനിരയായി. യു.ഡി.എഫ് ഭരണത്തില്‍ നിയമവാഴ്‌ച തകര്‍ന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. റൗഡികളില്‍ നിന്നും നീചന്മാരായ നരാധമന്മാരില്‍ നിന്നും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കാന്‍ കഴിയാത്ത യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിന് അപമാനകരമാണ്. സ്‌ത്രീകള്‍ക്ക് തീവണ്ടി യാത്രപോലും ചെയ്യാനാവാത്ത സ്ഥിതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
സംസ്ഥാനത്ത് നിയമവാഴ്‌ച സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരിന്റെ സകല സന്നാഹങ്ങളും രാഷ്‌ട്രീയ പ്രതിയോഗികളെ നേരിടാനും കള്ളക്കേസില്‍ കുടുക്കാനുമാണ് ഉപയോഗിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന സംഭവങ്ങളുടെ പേരില്‍ കേസ് ചുമത്തപ്പെട്ടവരെ നിര്‍ബന്ധിച്ചും പീഡിപ്പിച്ചും മൊഴികള്‍ തട്ടിയുണ്ടാക്കുന്നതിനാണ് പോലീസ് പരിശ്രമിക്കുന്നത്. എന്നിട്ട് അതിന്റെ പേരില്‍ സി.പി.ഐ (എം) നേതാക്കളേയും പ്രവര്‍ത്തകരേയും കള്ളകേസുകളില്‍ കുടുക്കി ജയിലിലടക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു എന്നതുകൊണ്ട് ആരും കുറ്റവാളിയായി തീരുന്നില്ല. എന്നിട്ടും പ്രതിചേര്‍ക്കപ്പെട്ട് ദീര്‍ഘനാളായി ജയിലില്‍ കഴിയുന്ന സി.പി.ഐ (എം)ന്റെ ഉത്തരവാദപ്പെട്ട നേതാക്കള്‍ സമര്‍പ്പിക്കുന്ന ജാമ്യഹര്‍ജികള്‍ തള്ളുന്നതിനാണ് കോടതികള്‍ ശ്രമിക്കുന്നത്. വലതുപക്ഷ മാധ്യമങ്ങള്‍ എഴുതി വിടുന്ന നിറം പിടിപ്പിച്ച നുണകള്‍ അടങ്ങുന്ന വാര്‍ത്തകളെ ഉദ്ധരിച്ചുകൊണ്ട് ചില കോടതികള്‍ നടത്തുന്ന പ്രതികരണങ്ങള്‍ മനുഷ്യാവകാശത്തിന്റെ നഗ്നമായ ലംഘനമാണ്. ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന അതിക്രമങ്ങളില്‍ നിന്ന്, പൗരന്മാര്‍ക്ക് നീതി നല്‍കാനും അവരുടെ മനുഷ്യാവകാശം സംരക്ഷിക്കാനും നീതിന്യായ കോടതികള്‍ക്ക് ചുമതലയുണ്ട്.
അവശ്യവസ്‌തുക്കളുടെ അതിരൂക്ഷമായ വിലക്കയറ്റം മൂലം സംസ്ഥാനത്തെ ജനങ്ങള്‍ പൊറുതി മുട്ടുകയാണ്. പൊതുവിതരണം ആകെ താറുമാറായി. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്‌തുക്കള്‍ പൂഴ്‌ത്തിവെപ്പ് നടത്തുന്നത് തടയാനും സര്‍ക്കാരിന് കഴിയുന്നില്ല. പവര്‍കട്ടും, വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവും, പാല്‍, വെള്ളം, യാത്രാനിരക്കുകള്‍ എന്നിവയിലുണ്ടായ വര്‍ദ്ധനവും കുടുംബ ബജറ്റുകളെ താളം തെറ്റിച്ചിരിക്കുകയാണ്. സാമൂഹ്യസുരക്ഷാ പദ്ധതികളാവട്ടെ ഒന്നിനുപുറകെ ഒന്നായി അട്ടിമറിക്കപ്പെടുകയുമാണ്. ഇത്തരത്തില്‍ സംസ്ഥാനം നേടിയെടുത്ത എല്ലാ നേട്ടങ്ങളും തകര്‍ക്കുന്ന നടപടികളാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ജനങ്ങള്‍ സന്നദ്ധരാവണം.
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എം.ബി. രാജേഷിനെ പാര്‍ടി സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായി തീരുമാനിച്ചു.
തിരുവനന്തപുരം
30.12.2012
Subscribe to:
Post Comments (Atom)
No comments:
Post a Comment