Tuesday, July 2, 2013

തെളിവുപോരെന്ന തിരുവഞ്ചൂരിന്റെ വാദം പരിഹാസ്യം

ബിജു രാധാകൃഷ്ണന്‍ നയിച്ച സോളാര്‍ തട്ടിപ്പ് സംഘത്തിന്റെ കോടിക്കണക്കിന് രൂപ ചെലവഴിച്ചത് നര്‍ത്തകി ശാലു മേനോന്‍. ബിജുവിന്റെ ബിനാമിയായി രണ്ടു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ശാലുവിനെതിരെ കൂടുതല്‍ അന്വേഷണത്തിന് തെളിവില്ലെന്നാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നത്. കൂടുതല്‍ തെളിവുണ്ടെങ്കിലെ അന്വേഷണ സംഘത്തിന് ശാലുവിനെ അറസ്റ്റ് ചെയ്യാനാകൂവെന്നാണ് തിരുവഞ്ചൂരിന്റെ വാദം. ശാലുവിനെതിരെ തമ്പാനൂര്‍ പൊലീസിലുള്ള പരാതിയും ആഭ്യന്തരമന്ത്രി അറിഞ്ഞില്ലെന്ന് നടിക്കുന്നു. ബിജുവുമായി അടുപ്പമുണ്ടെന്ന് ശാലു തന്നെ സമ്മതിച്ചിട്ടും വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചിട്ടും കണ്ണടയ്ക്കുകയാണ് അന്വേഷണ സംഘം.

രണ്ടു വര്‍ഷമായി ബിജു ചങ്ങനാശ്ശേരിയിലെ രണ്ട് റിസോര്‍ട്ടുകളിലായി പല ആഴ്ചകള്‍ താമസിച്ചിട്ടുണ്ട്. ശാലുവും ഇവിടെ നിത്യസന്ദര്‍ശകയായിരുന്നു. തന്റെ 20 ലക്ഷം രൂപ ബിജു തട്ടിച്ചെടുത്തുവെന്ന് കാണിച്ച് ബിജു രാധാകൃഷ്ണന്‍ ഒളിവിലിരിക്കെ ശാലു ചങ്ങനാശ്ശേരി പൊലീസില്‍ പരാതി നല്‍കി. ഈ കേസന്വേഷണ ചുമതലയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയെന്ന് കോട്ടയം ജില്ലാ പൊലീസ് ചീഫ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും ഈ പരാതിയെ കുറിച്ച് അന്വേഷണമില്ല. 20 ലക്ഷം രൂപ ബിജു പറ്റിച്ചുവെന്ന കേസില്‍ അന്വേഷണം നടക്കാത്തതില്‍ ശാലുവിനും "പരാതിയില്ല". ഈ പണം എവിടെ നിന്ന് കിട്ടിയെന്ന പൊലീസിന്റെ ചോദ്യത്തിനും മറുപടിയുണ്ടായില്ല. ബിജുവിന്റെ തട്ടിപ്പ് സംബന്ധിച്ച അന്വേഷണം തന്നിലേക്കും നീളുന്നതായി ആദ്യഘട്ടത്തില്‍ തന്നെ മനസ്സിലാക്കിയ ശാലു "നിരപരാധിത്വം" തെളിയിക്കാനായി നടത്തിയ നാടകമായിരുന്ന ഈ പരാതി. ആഡംബര വീട്, കാറുകള്‍, നൃത്ത വിദ്യാലയങ്ങള്‍ എന്നിവയെല്ലാം ബിജുവിനെ പരിചയപ്പെട്ടതിനുശേഷമാണ് സ്വന്തമാക്കാനായാതെന്ന് ശാലു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
(എസ് മനോജ്)

ചിത്രങ്ങള്‍ പൊലീസ് കൊണ്ടുപോയി: ഫോട്ടോഗ്രാഫര്‍

കോട്ടയം: ശാലുമേനോന്റെ ഗൃഹപ്രവേശ ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും പങ്കെടുത്തതിന് തെളിവായുള്ള ചിത്രങ്ങള്‍ പൊലീസ് എടുത്തു കൊണ്ടുപോയതായി ഫോട്ടോഗ്രാഫറുടെ സ്ഥിരീകരണം. അമ്പലപ്പുഴ സിഐയും ചങ്ങനാശേരി സിഐയുമാണ് ഇവ കൊണ്ടുപോയതെന്ന് ചങ്ങനാശേരി സ്വദേശിയായ ഫോട്ടോഗ്രാഫര്‍ സണ്ണി വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ചാനലിനോടാണ് ഫോട്ടോഗ്രാഫര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇരുവരും പങ്കെടുത്ത ചിത്രങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പലരും വരാറുണ്ടെന്നും അതിനാല്‍ ഇവ മടക്കിത്തരണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ചിത്രം ആവശ്യമുള്ളവരെ തങ്ങളുടെ അടുക്കലേക്ക് വിട്ടാല്‍ മതിയെന്നും സിഐമാര്‍ പറഞ്ഞതായി ഫോട്ടോഗ്രാഫര്‍ പറയുന്നു. തിരുവഞ്ചൂര്‍ ശാലുവിന്റെ വീട്ടില്‍ നിന്ന് കരിക്ക് കുടിച്ചും കൊടിക്കുന്നില്‍ ഭക്ഷണം കഴിച്ചുമാണ് മടങ്ങിയത്. ചടങ്ങിന്റെ എണ്ണൂറോളം ചിത്രങ്ങള്‍ അന്ന് എടുത്തിരുന്നു. ഇത് ആല്‍ബമാക്കി ശാലുവിന് നല്‍കി. പിന്നീട് ആവശ്യമില്ലാതിരുന്നതിനാല്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്ഡിസ്ക്കില്‍ നിന്ന് ചിത്രങ്ങള്‍ നീക്കിയതായും സണ്ണി പറഞ്ഞു.

ജോലി വാഗ്ദാനം ചെയ്ത് തോമസ് കുരുവിള 2.75 കോടി പിരിച്ചു

കോട്ടയം: സര്‍വേവകുപ്പില്‍ തസ്തിക സൃഷ്ടിച്ച് ജോലി നല്‍കാമെന്നുപറഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ "പാവം പയ്യന്‍" തോമസ് കുരുവിള 2.75 കോടി പിരിച്ചു. കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 545 ഉദ്യോഗാര്‍ഥികളില്‍ നിന്നാണ് പണം വാങ്ങിയത്. മുന്‍കൂറായി അഞ്ചുലക്ഷം വീതം നല്‍കാനും ബാക്കി അഡൈ്വസ് മെമ്മോ കിട്ടിയശേഷവും എന്നായിരുന്നു കരാര്‍. മൂന്ന് ജില്ലകളിലും ഇടനിലക്കാരെ നിയോഗിച്ചിരുന്നു. കോട്ടയത്ത് തോമസ് കുരുവിളയുടെ സംക്രാന്തിയിലെ അയല്‍വാസിയായിരുന്നു ഇടനിലക്കാരന്‍. ഭൂമിയും ആഭരണങ്ങളും പണയപ്പെടുത്തിയ പണം നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു ഉദ്യോഗാര്‍ഥികള്‍. ഇതിനിടയില്‍ റാങ്ക്ലിസ്റ്റിന്റെ കാലാവധിയും അവസാനിച്ചു. സോളാര്‍തട്ടിപ്പ് വാര്‍ത്തകള്‍ വന്നതോടെയാണ് തോമസ് കുരുവിള ഡല്‍ഹിയിലുണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ അറിയുന്നത്. അവര്‍ ഇടനിലക്കാരെ സമീപിച്ച് ജോലി തട്ടിപ്പിന് തങ്ങളും കേസ് കൊടുക്കുമെന്ന് അറിയിച്ചു. ഇതോടെ തോമസ് കുരുവിള ഇടപെട്ട് ഒരാഴ്ചക്കുള്ളില്‍ പണം മടക്കി നല്‍കി. പണം തിരിച്ചുകിട്ടിയതിനാല്‍ പരാതി നല്‍കിയില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. അഞ്ചുകോടി തട്ടിയെടുക്കാനായിരുന്നു ലക്ഷ്യം.

deshabhimani

അന്ത്യനാളുകളില്‍ ശ്രീവിദ്യ ഗണേഷിനെ വല്ലാതെ ഭയപ്പെട്ടിരുന്നു

അന്ത്യനാളുകളില്‍ കെ ബി ഗണേഷ്‌കുമാറിനെ തന്റെ സഹോദരി ശ്രീവിദ്യ വല്ലാതെ ഭയപ്പെട്ടിരുന്നുവെന്ന് സഹോദരന്‍ എ ശങ്കര്‍ രാമന്റെ വെളിപ്പെടുത്തല്‍.
കാന്‍സര്‍ മൂര്‍ഛിച്ച് രോഗശയ്യയില്‍ കഴിയുമ്പോഴും ശ്രീവിദ്യ ഗണേഷിന്റെ വീട്ടുതടങ്കലിലായിരുന്നു. രോഗം മൂര്‍ധന്യാവസ്ഥയിലെത്തിയതറിഞ്ഞ് താന്‍ ശ്രീവിദ്യയെ വിളിച്ചിരുന്നു. താനും കുടുംബവും അങ്ങോട്ട് പുറപ്പെടുന്നുവെന്ന് പറഞ്ഞപ്പോള്‍ ''അരുതേ, ഇങ്ങോട്ട് വരരുതേ. എന്റെ ഇപ്പോഴത്തെ സ്ഥിതി അതാണ്. എന്നോട് തെല്ലെങ്കിലും സ്‌നേഹമുണ്ടെങ്കില്‍ ഇപ്പോള്‍ വരരുത്''. ശ്രീവിദ്യ തന്നോട് കേണപേക്ഷിച്ച കാര്യം ഫോണിലൂടെ വെളിപ്പെടുത്തുമ്പോള്‍ ശങ്കര്‍ രാമന്റെ വാക്കുകള്‍ ഗദ്ഗദത്താല്‍ മുറിയുന്നു.

താനും ഭാര്യ വിജയലക്ഷ്മിയുമൊത്ത് ശ്രീവിദ്യയെ ചികിത്സിക്കുന്ന ഡോക്ടറെയെങ്കിലും കണ്ട് രോഗാവസ്ഥയെക്കുറിച്ച് തിരക്കട്ടേ എന്നാരാഞ്ഞപ്പോള്‍ അവള്‍ അതും വിലക്കി. നിങ്ങള്‍ വന്നാലും ഡോക്ടറെപ്പോലും കാണാന്‍ അനുവദിക്കില്ലെന്ന് ശ്രീവിദ്യ പറഞ്ഞപ്പോള്‍ മരണത്തെ മുഖാമുഖം കാണുമ്പോഴും അവളില്‍ മരണഭയത്തേക്കാള്‍ മറ്റെന്തോ ഭയം കുടിയിരിപ്പുണ്ടെന്നു ബോധ്യപ്പെട്ടുവെന്ന് ശങ്കരരാമന്‍ പറയുന്നു.

സഹോദരന്റെ രണ്ടുമക്കള്‍ക്ക് അഞ്ച്‌ലക്ഷം രൂപ വീതവും പരിചാരകരായ ദമ്പതികള്‍ക്ക് ഒരോ ലക്ഷം രൂപവീതവും നല്‍കണമെന്ന് വില്‍പത്രത്തില്‍ ശ്രീവിദ്യ നിര്‍ദേശിക്കുന്നു. അതിനുള്ള പണം ബാങ്ക് നിക്ഷേപമായിതന്നെയുള്ളതിനാല്‍ വില്‍പത്രത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സഹോദരി ചുമതലപ്പെടുത്തിയ ഗണേഷിന് ആ തുക നല്‍കാവുന്നതേയുള്ളൂ. എങ്കിലും വില്‍പത്രത്തിലെ ശ്രീവിദ്യയുടെ അന്ത്യാഭിലാഷം ഏഴു വര്‍ഷത്തോളമായിട്ടും നിറവേറ്റാത്തത് തന്റെ സഹോദരിയുടെ സ്മരണയോടുള്ള തികഞ്ഞ അനാദരവാണെന്ന് ശങ്കരരാമന്‍ ഓര്‍മ്മിപ്പിക്കുന്നു.

തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ് ഇലിപ്പോട്ടു റോഡിലെ 'സായി' എന്ന തന്റെ വീടും ചെന്നൈ അഭിരാമപുരം സുബ്രഹ്മണ്യ അയ്യര്‍ റോഡിലെ ഫഌറ്റും തന്റെ സ്വര്‍ണമടക്കമുള്ള സര്‍വ ജംഗമവസ്തുക്കളും വിറ്റുകിട്ടുന്ന തുക എങ്ങനെ വിനിയോഗിക്കണമെന്നും വില്‍പത്രത്തില്‍ പറയുന്നുണ്ട്. ഈ തുക പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന നിയമപരമായി രൂപീകരിക്കുന്ന ട്രസ്റ്റ് വഴിയാണ് വിനിയോഗിക്കേണ്ടത്. സംഗീതത്തിലും നൃത്തത്തിലും പ്രതിഭകളായ നിര്‍ധനരായ കുട്ടികളെ പഠിപ്പിക്കാന്‍ ഒരു സ്‌കൂള്‍ തുടങ്ങണം. അംഗീകൃത വിദ്യാലയങ്ങളില്‍ നൃത്തവും സംഗീതവും പഠിക്കുന്ന കുട്ടികള്‍ക്കു ധനസഹായം രോഗാതുരായ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ധനസഹായം എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കേണ്ടത്.

ഇതിനായി തിരുവനന്തപുരം വഴുതയ്ക്കാട് ടാഗോര്‍ നഗറില്‍ ഗണേഷ് നിവാസില്‍ താമസിക്കുന്ന ആര്‍ ബാലകൃഷ്ണപിള്ള മകന്‍ കെ ബി ഗണേഷ്‌കുമാറിനെ ചുമതലപ്പെടുത്തുന്നുവെന്നും വില്‍പത്രത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വില്‍പത്രത്തില്‍ പോലും തനിക്കു സംശയമുണ്ടെന്ന് ശങ്കര്‍രാമന്‍ പറയുന്നു.

പക്ഷേ ശ്രീവിദ്യയുടെ കോടികള്‍ വിലവരുന്ന സ്ഥാവരജംഗമ സ്വത്തുക്കള്‍ തട്ടിയെടുത്ത ഗണേഷ് വില്‍പത്രത്തിലെ വ്യവസ്ഥകളൊന്നും പാലിക്കാതെ കടുത്ത നിയമലംഘനമാണ് നടത്തിയിരിക്കുന്നത്. ശ്രീവിദ്യ അന്ത്യനാളുകള്‍ ചെലവഴിച്ച വസതി ഗണേഷിന്റെ കൈവശത്തിലാണ്. അവര്‍ നടത്തി വന്ന നൃത്തസംഗീത വിദ്യാലയത്തിന്റെ ബോര്‍ഡ് ഇപ്പോഴും ആ വീട്ടിലെ നിശബ്ദതയില്‍ തൂങ്ങിക്കിടപ്പുണ്ട്. ചെന്നൈയിലെ ഫഌറ്റ് തമിഴ്‌നാട് അഡ്വക്കേറ്റ് ജനറലായിരുന്ന ഭരത് രാമന്റെ ജൂനിയറായ അഡ്വ. ഉമാശങ്കറിനു ഭാരിച്ച വാടകയ്ക്ക് നല്‍കി. ആ വാടകയും ഗണേഷ് കൈപ്പറ്റുന്നുവെന്ന് ശങ്കര്‍രാമന്‍ വെളിപ്പെടുത്തി.

ശാസ്തമംഗലം സബ് രജിസ്ട്രാര്‍ വി എസ് വില്‍ഫ്രഡിനു മുമ്പാകെയായിരുന്നു വില്‍പത്രം 2006 ഓഗസ്റ്റ് 17 ന് രജിസ്റ്റര്‍ ചെയ്തത്. നിയമപരമായി രജിസ്റ്റര്‍ ചെയ്ത ഒരു വില്‍പത്രം നടപ്പാക്കാതെ നിയമലംഘനം നടത്തുന്നത് മുന്‍മന്ത്രിയും നിയമനിര്‍മാണസഭയിലെ അംഗവുമായ ഗണേഷ്‌കുമാറാണെന്നത് ഗുരുതരമായ ഒരു കുറ്റകൃത്യമാണെന്ന് ശങ്കര്‍രാമന്‍ കുറ്റപ്പെടുത്തി. നിയമസഭാംഗമെന്ന നിലയില്‍ നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനം കൂടിയാണിത്. ഭരണഘടനയും നിയമവ്യവസ്ഥകളും നഗ്നമായി ലംഘിച്ച ഗണേഷ്‌കുമാര്‍ താനയച്ച വക്കീല്‍ നോട്ടീസുകള്‍ക്ക് പോലും മറുപടി നല്‍കിയിട്ടില്ല. ഭരണഘടനയ്ക്കും നീതിന്യായ വ്യവസ്ഥകള്‍ക്കും മേലേ പറന്നു നടക്കുന്ന ഗണേഷിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്തുണ നല്‍കുന്നത് തന്നെയും കുടുംബത്തെയും ഞെട്ടിക്കുന്നു. ശ്രീവിദ്യയുടെ അന്ത്യാഭിലാഷങ്ങളെപ്പോലും ചവിട്ടിമെതിക്കുന്ന ഗണേഷിന്റെയും മുഖ്യമന്ത്രിയുടെയും നിയമലംഘനത്തിനെതിരെ താന്‍ കോടതിയെ സമീപിക്കുമെന്നും ശങ്കര്‍ റാം 'ജനയുഗ' ത്തോട് വെളിപ്പെടുത്തി.

കെ രംഗനാഥ് janayugom

പാണക്കാട് തങ്ങളെ അവഹേളിച്ച് യൂത്ത് കോണ്‍. ഫെയ്സ്ബുക് പേജ്

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളെ കഴുതയായി ചിത്രീകരിച്ച് യൂത്ത് കോണ്‍ഗ്രസ്. ഫെയ്സ്ബുക്കില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജായ "ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കേരള- ഐവൈസി കേരള"യിലാണ് പാണക്കാട് തങ്ങളെയും മറ്റ് ലീഗ് നേതാക്കളെയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തത്. കിടന്നുറങ്ങുന്ന കഴുതയുടെ തലയില്‍ കോമാളിത്തൊപ്പി വച്ച് "പാണക്കാടന്‍ ഉറങ്ങുകയാണ്. ആരും ശല്യം ചെയ്യരുത്, എന്തെങ്കിലും ഉണ്ടെങ്കില്‍ നാളെ പറയും. മൂരികള്‍ കിടന്നുറങ്ങൂ എന്നാണ് അടിക്കുറിപ്പ് നല്‍കിയത്.

സ്ത്രീകള്‍ വയലില്‍ ഫുട്ബോള്‍ കളിക്കുന്ന ചിത്രത്തിനത്തുള്ള മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ ആത്മഗതം ഇങ്ങനെ: ഗോളി ആയി നില്‍ക്കാന്‍ ആളെ ആവശ്യമുണ്ടോ ആവോ? ചാരിവയ്ക്കാന്‍ ഒരു ചുവരില്ലെങ്കില്‍ നിങ്ങള്‍ എവിടെ പോകും? അഹന്തയും ഭീഷണിയും കോണ്‍ഗ്രസിനോട് വേണ്ട- എന്നാണ് അടുത്ത പോസ്റ്റ്. ചുവരില്‍ ഒരു കോണി ചാരിവച്ച ചിത്രം ഇതോടൊപ്പം നല്‍കി. മുസ്ലിംലീഗ് ഇന്നെടുത്ത കടുത്ത തീരുമാനം- രമേശ് സാഹിബ് എന്ത് പറഞ്ഞാലും ഭരണത്തില്‍നിന്നും ഇറങ്ങില്ല. രമേശ് തിരുത്തിയില്ലെങ്കിലും ഞങ്ങളെ തുടരാന്‍ അനുവദിക്കുക. ബിര്യാണി വിചാരിച്ചപോലെ നന്നായില്ല, അതുകൊണ്ട് കുക്കിന്റെ പേരില്‍ നടപടി എടുക്കും. ജൂലൈ നാലിന്റെ അടിയന്തരയോഗത്തില്‍ ബിരിയാണി വയ്ക്കുന്നത് ഞമ്മന്റെ സമുദായക്കാരനായിരിക്കണം. തുടങ്ങിയ അവഹേളന പോസ്റ്റുകള്‍ നിറയുന്നു.

"മൂരികള്‍ യുഡിഎഫ് വിടുന്നു- തീരുമാനം ജൂലൈ നാലിന്-ഹഹഹ. തുടരാതെ എവിടെ പോകാന്‍?" "നമ്മളിതുപോലെ എത്ര നാടകം കണ്ടതാ." "ലീഗ് ബാധ്യതയാണെന്ന് രമേശ്. എത്ര ആട്ടി ഓടിച്ചാലും മൂരികള്‍ക്ക് നാണമില്ല." "ലീഗിന് കടുത്ത അമര്‍ഷം- നാണംകെട്ടാലും തളരില്ല മക്കളേ. അഭിമാനമല്ല, അധികാരമാണ് വലുത്..." ഇങ്ങനെ നീളുന്നു ലീഗിനെതിരായ പോസ്റ്റുകള്‍. തൃശൂര്‍- മലപ്പുറം റോഡില്‍ മൂരികള്‍ കിടക്കുന്ന ചിത്രത്തിനുള്ളത് രമേശിനെ തടയുമെന്ന അടിക്കുറിപ്പ്. ഈ പേജില്‍ യുഡിഎഫ് അനുകൂല പോസ്റ്റുകള്‍മാത്രമാണുള്ളത്. രമേശിന്റെ പ്രസംഗവും തുടര്‍ന്ന് ലീഗ് പ്രതികരണവും വന്നശേഷമാണ് ലീഗിനെതിരെ സൈബര്‍ ആക്രമണം. രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കളുടെ ചിത്രത്തോടെ പ്രവര്‍ത്തിക്കുന്ന പേജില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസുമുണ്ട്.

deshabhimani

യുഡിഎഫ് സംഘര്‍ഷം മൂര്‍ച്ഛിച്ചു; ഉഭയകക്ഷിയോഗം മാറ്റി

സോളാര്‍ കുംഭകോണത്തിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ് രാഷ്ട്രീയം കലങ്ങിമറിയുന്നു. ചൊവ്വാഴ്ച നടത്താനിരുന്ന യുഡിഎഫ് ഉഭയകക്ഷി യോഗം തീയതി നിശ്ചയിക്കാതെ മാറ്റി. സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിന്തുണയ്ക്കുന്ന മുസ്ലിംലീഗിനെ പ്രഹരിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല രംഗത്തെത്തിയതോടെ കോണ്‍ഗ്രസ്-ലീഗ് സംഘര്‍ഷം നിയന്ത്രണാതീതമാവുകയാണ്. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ മന്ത്രിസഭാ യോഗത്തില്‍നിന്ന് ലീഗ് മന്ത്രിമാര്‍ വിട്ടുനില്‍ക്കണമെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടെങ്കിലും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിയോജിച്ചതിനാല്‍ തീരുമാനമെടുക്കാന്‍ ലീഗിനായില്ല.

ചൊവ്വാഴ്ച രാവിലെ മുസ്ലിംലീഗുമായും ഉച്ചയ്ക്കുശേഷം കേരളകോണ്‍ഗ്രസ് എമ്മുമായും ഉഭയകക്ഷി ചര്‍ച്ച നടത്താനായിരുന്നു യുഡിഎഫ് തീരുമാനം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു ഘടകകക്ഷികളുമായും ചര്‍ച്ചനടത്തി ഭരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പരിഹാരം തോടാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍, ചര്‍ച്ചയ്ക്കുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ്ബഷീര്‍ അറിച്ചതിനെത്തുടര്‍ന്ന് യോഗം തല്‍ക്കാലം ഉപേക്ഷിച്ചു. ലീഗ് ബന്ധം ഭാവിയില്‍ ദോഷംചെയ്യുമെന്ന മുന്‍ കെപിസിസി അധ്യക്ഷന്‍ സി കെ ഗോവിന്ദന്‍നായരുടെ വീക്ഷണം ശരിവയ്ക്കുന്നതാണ് ഇന്നത്തെ അനുഭവമെന്ന് ചെന്നിത്തല പ്രസംഗിച്ചതിനെതിരെ ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും ഇ അഹമ്മദും സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനെ ഫോണില്‍ പരാതി അറിയിച്ചിരുന്നു. പ്രശ്നത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടാമെന്നും അറിയിച്ചു. എന്നിട്ടും വഴങ്ങാതെയാണ് യുഡിഎഫ് യോഗം ലീഗ് ബഹിഷ്കരിക്കുന്നത്.

ഇതില്‍ ഐ ഗ്രൂപ്പ് പ്രതിഷേധത്തിലാണ്. കോണ്‍ഗ്രസിന്റെ പടിത്തിണ്ണയിലേ ലീഗിന് കിടക്കാന്‍ ഇടമുള്ളൂവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല ലീഗെന്നും മറ്റൊരു വഴിയില്ലെന്ന് കരുതേണ്ടെന്നുമാണ് ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ മറുപടി. കോണ്‍ഗ്രസും ലീഗും രണ്ടു പാര്‍ടിയും രണ്ടു പൈതൃകമാണെന്നും മിനമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് യോജിപ്പെന്നും ഡല്‍ഹിയില്‍ ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ച് ചെന്നിത്തലയുടെ നിലപാടിന് പിന്തുണയേകി.

ഭരണത്തില്‍ ലീഗിന്റെ അപ്രമാദിത്തം വരുത്തിയ വിനയും സമീപകാലസംഭവങ്ങളും സോണിയയെയും ഹൈക്കമാന്‍ഡ് നേതാക്കളെയും ധരിപ്പിക്കാന്‍ കെ മുരളീധരന്‍ ഡല്‍ഹിയില്‍ ചൊവ്വാഴ്ച എത്തും. മുരളീധരന്‍ ഐ ഗ്രൂപ്പിന്റെ ഭാഗമായതോടെ ഐക്ക് കരുത്ത് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ആര്യാടനെയും കെ മുരളീധരനെയും നിയന്ത്രിച്ചില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്ന മുന്നറിയിപ്പ് യൂത്ത്ലീഗ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ലീഗിന്റെ നേതൃയോഗം ചേര്‍ന്ന് തുടര്‍നടപടിയെപ്പറ്റി ആലോചിക്കുമെന്ന് ഇ ടി മുഹമ്മദ്ബഷീര്‍ മാധ്യമങ്ങളെ അറിയിച്ചു. ലീഗിനെ കരിവാരിത്തേയ്ക്കുന്ന സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ ഇടപെടില്ലെന്നും മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കുന്ന നിലപാട് ലീഗ് സ്വീകരിക്കില്ലെന്നും ബഷീര്‍ പറഞ്ഞു.

ലീഗ് ചെണ്ടയല്ല: കെപിഎ മജീദ്

മലപ്പുറം: ആര്‍ക്കുകൊട്ടിപോകാവുന്ന ചെണ്ടയല്ല ലീഗെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. ലീഗിന് മറ്റൊരിടമില്ലെന്ന് കരുതരുത്. കേരളത്തില്‍ ലീ ഗിെ ന്‍റ വില നന്നായി അറിയാവുന്ന ആളാണ് കെ മുരളീധരന്‍. കേരളത്തില്‍ ഒരു കക്ഷിക്കും ഒറ്റക്ക് ഭരിക്കാനാവില്ലെന്നും മജീദ് പറഞ്ഞു. കഴിഞ്ഞ ദിവസം കെപിസിസി ജനറല്‍ സെക്രട്ടറി രമേശ് ചെന്നിത്തലയും കെ മുരളീധരനും ലീഗിനെതിരെ നിലപാടെടുത്തിരുന്നു.

മുസ്ലിംലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്നു: ചെറിയാന്‍ ഫിലിപ്പ്

കുടത്തില്‍നിന്ന് കോണ്‍ഗ്രസ് തുറന്നുവിട്ട മുസ്ലിംലീഗ് എന്ന വര്‍ഗീയ ദുര്‍ഭൂതം തങ്ങളെ തന്നെ വിഴുങ്ങാന്‍ ശ്രമിക്കുന്നത് കൊണ്ടാണ് ലീഗ് കോണ്‍ഗ്രസിന് ബാധ്യതയായി തീര്‍ന്നതെന്ന് ചെറിയാന്‍ ഫിലിപ്പ്. ചത്തകുതിരയെന്ന് ജവാഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ച മുസ്ലിംലീഗിന് കേന്ദ്രമന്ത്രിസ്ഥാനവും കേരളത്തില്‍ അഞ്ച് മന്ത്രിസ്ഥാനവും നല്‍കി പുതുജീവന്‍ കൊടുത്തത് കോണ്‍ഗ്രസാണ്. ഇന്ത്യാവിഭജനത്തിന് ഇടയാക്കിയ മുഹമ്മദാലി ജിന്നയുടെ മുസ്ലിം ലീഗിന്റെ പിന്തുടര്‍ച്ചയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ഒരു വര്‍ഗീയകക്ഷിയാണ് എന്ന നിലപാടാണ് നെഹ്റുവും സി കെ ഗോവിന്ദന്‍നായരും സ്വീകരിച്ചിരുന്നത്. മുസ്ലിം എന്ന മതനാമത്തോടെയുള്ള ഒരു രാഷ്ട്രീയകക്ഷിക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകാരം നല്‍കിയത് ജനപ്രാതിനിധ്യനിയമത്തിനും ഇന്ത്യന്‍ ഭരണഘടനയ്ക്കും വിരുദ്ധമാണെന്ന് ചെറിയാന്‍ ഫിലിപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

മുഖ്യമന്ത്രി അവാര്‍ഡ് തിരിച്ചേല്‍പ്പിച്ച് കേരളത്തോട് മാപ്പു ചോദിക്കുക

മുഖ്യമന്ത്രി കൈപ്പറ്റിയ അന്താരാഷ്ട്ര അവാര്‍ഡിനെ കുറിച്ച് ഞങ്ങള്‍ വീണ്ടും എഴുതുകയാണ്. അദ്ദേഹം ബഹ്‌റൈനില്‍ അവാര്‍ഡ് സ്വീകരിച്ച ജൂണ്‍ 28 ന് പുറത്തിറങ്ങിയ ജനയുഗത്തില്‍ ഞങ്ങള്‍ ഇതേക്കുറിച്ച് എഴുതുകയുണ്ടായി. 'അന്താരാഷ്ട്ര അവാര്‍ഡ് കൊണ്ട് കളങ്കം മൂടിവയ്ക്കാനാവില്ല' എന്ന തലക്കെട്ടിലായിരുന്നു പ്രസ്തുത മുഖപ്രസംഗം. ജൂണ്‍ 29 ന് 'ശുദ്ധ തട്ടിപ്പ്' എന്ന തലക്കെട്ടില്‍ ഈ ലോകപുരസ്‌ക്കാരലബ്ധിയുടെ പൊള്ളത്തരം ഞങ്ങള്‍ മറനീക്കി കാണിച്ചു. സത്യത്തിന്റെ മുഖം സ്വര്‍ണപാത്രം കൊണ്ടുമൂടിവയ്ക്കാന്‍ തുനിഞ്ഞിറങ്ങിയ മുഖ്യമന്ത്രിയും പരിവാരങ്ങളുമാകട്ടെ തങ്ങള്‍ അകപ്പെട്ട നാണക്കേടില്‍ നിന്ന് പുറത്തുകടക്കാനുള്ള ഉപാധിയായാണ് ഐക്യരാഷ്ട്രസഭയെ ഉപയോഗിക്കപ്പെടുത്തിയത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടിക്കണക്കിനു രൂപയാണ് ഈ പ്രതിഛായാ പുനര്‍നിര്‍മാണത്തിനുവേണ്ടി അവര്‍ വാരിക്കോരി ചെലവഴിച്ചത്. ആ പിടച്ചിലിന്റെ പുറകിലെ ഉള്ളുകള്ളികള്‍ ജനങ്ങള്‍ക്കു മനസിലാകും. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലും യു എന്‍ സംവിധാനങ്ങള്‍ മുഴുവനും ഈ ലോകോത്തര അവാര്‍ഡ് ജേതാവിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നു എന്ന മട്ടിലാണ് ഇവിടെ പ്രചാരവേല സംഘടിപ്പിക്കപ്പെട്ടത്. വസ്തുതകളുമായി അതിനു യാതൊരു  ബന്ധവുമില്ലായിരുന്നു.

യു എന്‍ സംവിധാനത്തില്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍മാര്‍ പത്തുമുപ്പതുപേരുണ്ട്. അവരില്‍ ഒരാളില്‍ നിന്നാണ് കേരളാ മുഖ്യമന്ത്രിയടക്കം നിരവധിപേര്‍ ഈ ബഹുമതി ഏറ്റുവാങ്ങിയത്. അതില്‍ രണ്ടുപേര്‍ ഇന്ത്യാക്കാരുമായിരുന്നു. എന്നാല്‍ അവരുടെ സംസ്ഥാനങ്ങളിലൊന്നും അവാര്‍ഡിന്റെ പേരിലുള്ള കൊട്ടിഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇവിടെയാകട്ടെ പ്രതിഛായാ നിര്‍മാണത്തില്‍ പ്രാവീണ്യം നേടിയ മുഖ്യമന്ത്രിയും സംഘവും ചേര്‍ന്ന് കാട്ടിക്കൂട്ടാന്‍ ഒന്നും  ബാക്കിയുണ്ടായിരുന്നില്ല. അഴിമതിയുടെ ചളിക്കുണ്ടില്‍ മുങ്ങിത്താഴുന്ന മുഖ്യമന്ത്രി അഴിമതി തടഞ്ഞതിന്റെ പേരിലാണ് അവാര്‍ഡ് തരപ്പെടുത്തിയത്. അത് ആഘോഷമാക്കാന്‍ അവര്‍ക്കു പലതുകൊണ്ടും ആവേശം കൂടുമല്ലോ. അവാര്‍ഡുമായി മടങ്ങി എത്തിയ മുഖ്യമന്ത്രിക്കു നാടുനീളെ സ്വീകരണ മേളകള്‍ സംഘടിപ്പിക്കാന്‍ ഉത്സാഹ കമ്മിറ്റികളുണ്ടായി. അവിടെയെല്ലാം രാജാവ് നഗ്നനാണെന്നു വിളിച്ചു പറഞ്ഞ നാടിന്റെ താരുണ്യങ്ങളെ പൊലീസ് മൃഗീയമായി തല്ലിച്ചതച്ചു.

കഥയില്ലാത്ത ഒരവാര്‍ഡിന്റെ പേരിലാണ് ഉമ്മന്‍ചാണ്ടിയും സംഘവും ഈ കോലാഹലങ്ങളെല്ലാം നടത്തിയത്. പൊതുസേവന അവാര്‍ഡിനുള്ള ഐക്യരാഷ്ട്ര സഭയുടെ നിബന്ധനകളും ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ചേര്‍ന്ന് ഈ അവാര്‍ഡ് പിടിച്ചുപറ്റിയത്. അങ്ങനെയൊന്ന് കൈക്കലാക്കാന്‍ അവര്‍ക്ക് അത്യാവശ്യമുണ്ടായിരുന്നെങ്കിലും അതിനു ഐക്യരാഷ്ട്ര സഭയെത്തന്നെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്തത്. എല്ലാത്തരം തട്ടിപ്പിന്റെയും ഹെഡ് ഓഫീസായ ആ ഓഫീസ് ഐക്യരാഷ്ട്ര സഭയെ വരെ വഞ്ചിക്കാന്‍ മടിച്ചില്ലെന്നും തെളിഞ്ഞിരിക്കുന്നു. ''നാമനിര്‍ദേശം ചെയ്യുന്നതും ചെയ്യപ്പെടുന്നതും ഒരേ സ്ഥാപനം തന്നെയാണെങ്കില്‍ അത്തരം നാമനിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലെ'' ന്നാണ് ഐക്യരാഷ്ട്രസഭാ നിബന്ധനകള്‍ അസന്നിഗ്ധമായി പറയുന്നത്. ഇവിടെ നാമനിര്‍ദേശം ചെയ്യപ്പെടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസും നാമനിര്‍ദേശം ചെയ്യുന്നത് കേരളാ ഗവണ്‍മെന്റുമായിരുന്നു. രണ്ടിന്റെയും തലവന്റെ പേര് ഉമ്മന്‍ചാണ്ടി എന്നും! എന്നിട്ടും ഇവ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന അതിവിചിത്രവാദത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ അവാര്‍ഡിനുവേണ്ടി ഉഴറി നടന്നത്.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഇപ്രകാരം 'അവാര്‍ഡിതനാകുന്ന' തെന്നാണ്. സെക്രട്ടേറിയറ്റിലെ കേരളാ ഗീബല്‍സുമാര്‍ വിളിച്ചുകൂവുന്നത്. അവരുടെ തൊലിക്കട്ടിയുടെ കാഠിന്യം അറിയണമെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനൊപ്പം ഇക്കുറി അവാര്‍ഡുവാങ്ങിയ പദ്ധതികളെ/സ്ഥാപനങ്ങളെക്കുറിച്ചു കൂടി മനസിലാക്കിയാല്‍ മതിയാകും. (1) ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ 'സ്വാവലംബന്‍' പദ്ധതി. (2) കേന്ദ്രസര്‍ക്കാരിന്റെ ഗ്രാമീണ കുടില്‍ വ്യവസായ വകുപ്പിന്റെ 'ഗ്രാമീന്‍ ഹട്ട്' പദ്ധതി! ഉത്തര്‍പ്രദേശിലെ ഒരു ജില്ലാ ആരോഗ്യസമിതി സംഘടിപ്പിച്ച 'ആരോഗ്യം' പദ്ധതിക്കും, ഗുജറാത്തിലെ ഒരു ജില്ലാകുടിവെള്ള പദ്ധതിക്കും ആന്ധ്രാപ്രദേശിലെ ഒരു ഇലക്‌ട്രോണിക്‌സ് സംഭരണ പദ്ധതിക്കും അടക്കം ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങള്‍ക്ക് പൊതുജന സേവന സ്ഥാപനങ്ങള്‍ക്കുള്ള ഈ അവാര്‍ഡ് മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചുവെന്ന കാര്യം ഉമ്മന്‍ചാണ്ടിക്കു നിഷേധിക്കാനാവില്ല. എന്നാല്‍ സര്‍ക്കാരിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്മാര്‍ കൈപ്പറ്റിപോന്ന ഈ 'ചെറിയ' സമ്മാനം ഒരു സംസ്ഥാന മുഖ്യമന്ത്രി ഭൂഗോള സംഭവമാക്കി മാറ്റിയത് യു എന്‍ വൃത്തങ്ങളെത്തന്നെ  അമ്പരപ്പിച്ചിട്ടുണ്ടാകും.

ഒരുകാര്യംകൂടി കേരളം അറിയേണ്ടതാണ്. ഏഷ്യാ-പസഫിക് മേഖലയിലെ അവാര്‍ഡിനാണ് കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് മേല്‍പ്പറഞ്ഞ കൗശലങ്ങളിലൂടെ അര്‍ഹത നേടിയത്. യൂറോപ്പ്-ഉത്തര അമേരിക്കന്‍ മേഖലയില്‍ നിന്ന് ഈ വര്‍ഷം അവാര്‍ഡ് നേടിയത് ഇറ്റലിയാണ്. ബാലപീഡനത്തിനും അഴിമതിക്കും കോടതി കയറേണ്ടിവന്ന സില്‍വിയോ ബേറുല്‍സ്‌കോണിയുടെ രാജ്യം! ഇങ്ങനെയുള്ള ഒരവാര്‍ഡ് ഭൂഷണമായി കരുതുന്നതുകൊണ്ടാകാം മുഖ്യമന്ത്രിയുടെ ഓഫീസിനെ സംസ്ഥാന ഗവണ്‍മെന്റ് ശുപാര്‍ശ ചെയ്തത്. അത് എങ്ങനെയും കിട്ടിയേ തീരു എന്ന പതനത്തിലെത്തിയതുകൊണ്ടാകാം രണ്ടും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രിയും സംഘവും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അല്‍പമെങ്കിലും അന്തസ് ബാക്കിയുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇപ്പോള്‍ ചെയ്യേണ്ടത് ഇതാണ്: കൃത്രിമ മാര്‍ഗത്തിലൂടെ കൈക്കലാക്കിയ ഈ വളരെ ചെറിയ അവാര്‍ഡ് തിരിച്ചേല്‍പ്പിക്കുക. എന്നിട്ട് കേരളത്തോട് മാപ്പ് ചോദിക്കുക.

janayugom editorial

ഹൈവേകളില്‍ ടോള്‍നിരക്ക് കുത്തനെ കൂട്ടി

പുരകത്തുമ്പോള്‍ വാഴവെട്ട് എന്ന മട്ടില്‍ സംസ്ഥാനം വിവാദ കൊടുങ്കാറ്റികളില്‍ ആടിയുലയുന്ന തക്കം നോക്കി സംസ്ഥാനത്തെ സ്റ്റേറ്റ് ഹൈവേകളിലെ ടോള്‍   നിരക്ക് കുത്തനെ കൂട്ടി. മൂന്നിരട്ടിയോളം വരുന്ന വര്‍ധനയാണ് ഇന്നലെ മുതല്‍ നടപ്പാക്കിയത്. വായ്ക്കം മുറഞ്ഞപുഴ പാലത്തിലാണ് ഇന്നലെ മുതല്‍ പുതുക്കിയ വര്‍ധന നടപ്പാക്കിയത്. എസ് ആര്‍ ഒ-301-13  തിയതി 11-4-2013 എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ടോള്‍ നിരക്ക് കൂട്ടിയത്.

ചെറിയവാഹനങ്ങളുടെ ടോള്‍ നിരക്ക് മൂന്നര രൂപയില്‍ നിന്നും എട്ട് രൂപയാക്കി വര്‍ധിപ്പിച്ചു. ഇരുവശവും യാത്ര ചെയ്യുന്നതിന് ഇപ്പോള്‍ നല്‍കിയരുന്നത് 4.50 രൂപ. എന്നാല്‍ ഇന്നലെ മുതല്‍ 15 രൂപ നല്‍കേണ്ട ഗതികേടിലാണ്  ജനങ്ങള്‍. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തുനിന്നും എം സി റോഡ് വഴി കാസര്‍കോഡെത്താന്‍ 320 രൂപ നല്‍കണം. ട്രെയിന്‍ യാത്ര ചെയ്യാന്‍ ഇതിനേക്കാള്‍ കുറഞ്ഞ തുക മതി. ദേശീയപാത വഴി കാസര്‍കോഡെത്താന്‍ ഇപ്പോള്‍ 285 രൂപ നല്‍കണം.

ഇതിനിടെ പാവപ്പെട്ട ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി അഞ്ച് കോടി രൂപയില്‍ കൂടുതല്‍ ചെലവുള്ള പാലങ്ങളില്‍ മാത്രമേ ടോള്‍ പിരിക്കുള്ളുവെന്നായിരുന്നു വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും വീമ്പിളക്കിയത്. എന്നാല്‍ ഇതൊക്കെ പൊള്ളയാമെന്ന് വ്യക്തമാക്കുന്ന വിധത്തിലാണ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചത്. ഇതിനിടെ ടോള്‍ വര്‍ധനക്കെതിരെ സിപി ഐയും എ ഐ വൈ എഫും പ്രിതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്നലെ വൈക്കം മുറിഞ്ഞപുഴയില്‍ ജനങ്ങള്‍ റോഡ് ഉപരോധിച്ചു. സര്‍ക്കാരിന്റെ ടോള്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് അവരുടെ തീരുമാനം.

janayugom

Monday, July 1, 2013

സോളാര്‍കേസ് നിര്‍ണായക വഴിത്തിരിവില്‍

സോളാര്‍ കുംഭകോണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി അനിവാര്യമാക്കുന്ന നിയമനടപടികള്‍ നിര്‍ണായക ഘട്ടത്തിലേക്ക്. പക്ഷേ, അന്വേഷണവും നിയമനടപടികളും അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടിസംഘം നിഗൂഢമായ നീക്കങ്ങളിലാണ്. സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കിയ കോന്നി സ്വദേശി ശ്രീധരന്‍നായരുടെ സ്വകാര്യ അന്യായ കേസ് തിങ്കളാഴ്ച സുപ്രധാന വഴിത്തിരിവിലായി. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും നല്‍കിയ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് 40 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാരന്‍ നല്‍കിയ അന്യായത്തില്‍ തിരുത്തല്‍ ഇല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ പ്രദീപ്കുമാര്‍ പത്തനംതിട്ട ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ തിങ്കളാഴ്ച വ്യക്തമാക്കിയതോടെ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ പങ്കാളിത്തം പകല്‍പോലെ തെളിഞ്ഞിരിക്കുകയാണ്.

മുഖ്യമന്ത്രിയെപ്പറ്റി ഒറിജിനല്‍ പെറ്റിഷനില്‍ പരാതിക്കാന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ബോധ്യമായത് കോടതിയില്‍ സൂക്ഷിക്കുന്ന രേഖ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ്. "മുഖ്യമന്ത്രിയോട്" എന്ന ഭാഗം വ്യാജമായി ചേര്‍ത്തതല്ല, പരാതിക്കാരന്‍ സമര്‍പ്പിച്ച അസ്സല്‍ പരാതിയില്‍ ഉള്ളതാണ്. പരാതിക്കാരന്റെ അഭിഭാഷകന്‍ സോണി പി ഭാസ്കര്‍ സമര്‍പ്പിച്ച നാലുകോപ്പിയിലെ ഒറിജിനല്‍, ജുഡീഷ്യല്‍ മജിസ്ട്രേട്ട് സാക്ഷ്യപ്പെടുത്തി കോടതിയില്‍ സൂക്ഷിക്കുകയും മറ്റുള്ളവ പൊലീസിന് തുടര്‍നടപടിക്കായി അയച്ചുകൊടുക്കുകയുംചെയ്തു. കേസിലെ പ്രഥമാന്വേഷണ വിവരങ്ങള്‍ അടങ്ങുന്ന പൊലീസ് ഡയറി കോടതി ഉത്തരവുപ്രകാരം ചൊവ്വാഴ്ച പൊലീസ് ഹാജരാക്കുമ്പോള്‍ മജിസ്ട്രേട്ടിന്റെ പക്കലുള്ള പരാതിതന്നെയാണ് കേസ് ഡയറിയിലുള്ളതെന്ന് ബോധ്യമായാല്‍ കര്‍ക്കശ നിയമനടപടികളിലേക്ക് കേസ് നീങ്ങാം.

പരാതിക്കാരനായ ശ്രീധരന്‍നായര്‍ ക്വാറി ഉടമയും അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനുമാണ്. കോണ്‍ഗ്രസുകാരനായ എറണാകുളം ജില്ലയിലെ ഒരു മന്ത്രി നേരിട്ട് ഇടപെട്ട് നാല്‍പ്പതിനു പകരം 60 ലക്ഷം രൂപ തിങ്കളാഴ്ച രാത്രി എത്തിക്കാമെന്നും കോടതിയില്‍ ഹാജരായി പരാതി പിന്‍വലിക്കണമെന്നും പരാതിക്കാരനോട് ആവശ്യപ്പെട്ടിരിക്കയാണ്. പക്ഷേ, പരാതി കോടതിയില്‍ സമര്‍പ്പിച്ചത് മജിസ്ട്രേട്ടിനു മുന്നില്‍ ശ്രീധരന്‍നായര്‍ സത്യവാചകം ചൊല്ലിയശേഷമാണ്. അതുകൊണ്ട് കോടതിയില്‍ എത്തി ശ്രീധരന്‍നായര്‍ പരാതി പിന്‍വലിച്ചാലും രാജ്യത്തെ ബാധിക്കുന്ന പൊതുതാല്‍പ്പര്യമുള്ള വിഷയമായതിനാല്‍ കോടതിക്ക് നിയമാനുസൃതമായ നിലപാട് സ്വീകരിക്കാം. ക്രിമിനല്‍ നടപടി നിയമത്തിലെ 156(3) വകുപ്പുപ്രകാരം സമര്‍പ്പിച്ച പരാതിയില്‍ പൊലീസ് നടപടി ഇതിനകം തുടങ്ങുകയും ജോപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായി ജയിലില്‍ ആകുകയും ചെയ്തു. അത് അട്ടിമറിക്കാനാണ് ഉമ്മന്‍ചാണ്ടിയും സംഘവും ഇറങ്ങിയിരിക്കുന്നത്.

ഐപിസി 420 വകുപ്പു പ്രകാരമുള്ള വഞ്ചനാകേസായതിനാല്‍ പരാതിക്കാരന്‍ പിന്‍വാങ്ങിയാല്‍ കേസ് ചിലപ്പോള്‍ അവസാനമുണ്ടാകുമെന്നു കരുതിയാണ് 60 ലക്ഷം രൂപയുടെ ചാക്കുകെട്ടുമായി ഒരു മന്ത്രിതന്നെ ഇറങ്ങിയിരിക്കുന്നത്. ഇത് വിജയിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ തെളിവെടുപ്പും ഉമ്മന്‍ചാണ്ടിയെ പൊലീസ് ചോദ്യംചെയ്യുന്നതും ഒഴിവാക്കാമെന്ന് ഇവര്‍ കരുതുന്നു. ജയിലില്‍ കഴിയുന്ന ജോപ്പനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യലും തെളിവെടുപ്പും നടത്തേണ്ട കടമ സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിനുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയിലേക്ക് നീണ്ട അന്വേഷണം തടയുന്നതിന് ഉമ്മന്‍ചാണ്ടിക്ക് കൂട്ടായിരിക്കുകയാണ് എഡിജിപി ഹേമചന്ദ്രന്‍ നയിക്കുന്ന അന്വേഷണസംഘം. സോളാര്‍ തട്ടിപ്പിലെ ഒന്നും രണ്ടും പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിതാനായരെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടും ജോപ്പനെ വിട്ടുകിട്ടാന്‍ പൊലീസ് ആവശ്യപ്പെടാത്തത് മുഖ്യമന്ത്രിസ്ഥാനത്ത് ഉമ്മന്‍ചാണ്ടി തുടരുന്നതുകൊണ്ടാണ്.
(ആര്‍ എസ് ബാബു)

ശ്രീധരന്‍നായര്‍-മുഖ്യമന്ത്രി കൂടിക്കാഴ്ച: സരിതയുടെ ഇ-മെയില്‍ പുറത്ത്

സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതാ എസ് നായരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബന്ധം സ്ഥാപിക്കുന്ന രേഖ പുറത്ത്. പരാതിക്കാരനായ ശ്രീധരന്‍ നായര്‍ക്ക് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചുകൊണ്ട് സരിത അയച്ച ഇ-മെയിലാണ് പുറത്തായത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സോളാര്‍ തട്ടിപ്പെന്ന് വ്യക്തമാക്കുന്നതാണ് ഇ-മെയിലിലെ പരാമര്‍ശങ്ങള്‍. 2012 ജൂലൈ അഞ്ചിനാണ് ലക്ഷ്മി എസ് നായര്‍ എന്ന പേരില്‍ സരിത ശ്രീധരന്‍നായര്‍ക്ക് ഇ-മെയില്‍ അയച്ചത്. ജൂലൈ ഒമ്പതിന് രാത്രി എട്ടു മണിക്ക് മുഖ്യമന്ത്രിയെ കാണാന്‍ അവസരമൊരുക്കിയെന്നാണ് മെയിലില്‍ പറയുന്നത്. കമ്പനി സിഇഒയുമായുള്ള കൂടിക്കാഴ്ച 2012 ജുലൈ 13നാണെന്നും മെയിലില്‍ പറയുന്നു. ആദ്യഗഡുവായ 25 ലക്ഷം രൂപ കിട്ടിയതായുള്ള രസീതും ഇ-മെയിലായി നല്‍കിയിട്ടുണ്ട്. പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ മൂന്ന് മെഗാവാട്ട് സോളാര്‍ മെഗാ പവര്‍ പ്ലാന്റ് പ്രൊജക്ടിനുള്ള ആദ്യഗഡുവായാണ് തുക കൈപ്പറ്റിയതെന്നും മെയിലില്‍ പറയുന്നു.

മുഖ്യമന്ത്രിയാണ് പ്രതിയെന്ന് ജോപ്പന്റെ അഭിഭാഷകന്‍

പത്തനംതിട്ട: സോളാര്‍തട്ടിപ്പുകേസില്‍ ശ്രീധരന്‍നായര്‍ കോടതിയില്‍ നല്‍കിയ പരാതിപ്രകാരം മുഖ്യമന്ത്രിയാണ് പ്രതിയെന്നും ടെന്നി ജോപ്പന്റെ പേര് പരാമര്‍ശിക്കുന്നില്ലെന്നും ജോപ്പന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ജോപ്പന്റെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി (രണ്ട്) വാദം തുടങ്ങുമ്പോഴാണ് അഭിഭാഷകന്‍ ജി എം ഇടിക്കുള ഇക്കാര്യം പറഞ്ഞത്. വാദം ചൊവ്വാഴ്ചയും തുടരും. തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണനയ്ക്കെടുത്തപ്പോള്‍ പരാതിയില്‍ തിരുത്ത് വരുത്തിയിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

കേസ്ഡയറി ഹാജരാക്കിയിട്ടേ വാദം നടത്താനാകൂ എന്നും ബോധിപ്പിച്ചു. എന്നാല്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇത് നിഷേധിച്ചു. പരാതിയില്‍ തിരുത്തല്‍ നടത്തിയിട്ടില്ലെന്നും കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായിരുന്നെന്നും ഇത് ഹര്‍ജി കോടതിയില്‍ കിട്ടുമ്പോഴേ ഉണ്ടായിരുന്നതാണെന്നും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ പ്രദീപ്കുമാര്‍ വിശദീകരിച്ചു. വാദം തുടങ്ങിയാല്‍ ഇനിയും തിരുത്തലുകള്‍ ഉണ്ടാകുമെന്നതിനാല്‍ കേസ് ഡയറി ഹാജരാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു. യഥാര്‍ഥ പ്രതി മുഖ്യമന്ത്രിയാണെന്നും നക്ഷത്രദോഷംകൊണ്ടാണ് ജോപ്പന്‍ ജയിലില്‍ കിടക്കുന്നതെന്നും ഇടിക്കുള പറഞ്ഞു. കേസ് ഡയറി ഹാജരാക്കിയശേഷം ചൊവ്വാഴ്ച പകല്‍ രണ്ടരയ്ക്ക് വാദം കേള്‍ക്കുമെന്ന് മജിസ്ട്രേട്ട് മുഹമ്മദ് റേസ് ഉത്തരവിട്ടു.

deshabhimani