Monday, July 1, 2013

സോളാര്‍കേസ് നിര്‍ണായക വഴിത്തിരിവില്‍

സോളാര്‍ കുംഭകോണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി അനിവാര്യമാക്കുന്ന നിയമനടപടികള്‍ നിര്‍ണായക ഘട്ടത്തിലേക്ക്. പക്ഷേ, അന്വേഷണവും നിയമനടപടികളും അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടിസംഘം നിഗൂഢമായ നീക്കങ്ങളിലാണ്. സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കിയ കോന്നി സ്വദേശി ശ്രീധരന്‍നായരുടെ സ്വകാര്യ അന്യായ കേസ് തിങ്കളാഴ്ച സുപ്രധാന വഴിത്തിരിവിലായി. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും നല്‍കിയ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് 40 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാരന്‍ നല്‍കിയ അന്യായത്തില്‍ തിരുത്തല്‍ ഇല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ പ്രദീപ്കുമാര്‍ പത്തനംതിട്ട ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ തിങ്കളാഴ്ച വ്യക്തമാക്കിയതോടെ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ പങ്കാളിത്തം പകല്‍പോലെ തെളിഞ്ഞിരിക്കുകയാണ്.

മുഖ്യമന്ത്രിയെപ്പറ്റി ഒറിജിനല്‍ പെറ്റിഷനില്‍ പരാതിക്കാന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ബോധ്യമായത് കോടതിയില്‍ സൂക്ഷിക്കുന്ന രേഖ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ്. "മുഖ്യമന്ത്രിയോട്" എന്ന ഭാഗം വ്യാജമായി ചേര്‍ത്തതല്ല, പരാതിക്കാരന്‍ സമര്‍പ്പിച്ച അസ്സല്‍ പരാതിയില്‍ ഉള്ളതാണ്. പരാതിക്കാരന്റെ അഭിഭാഷകന്‍ സോണി പി ഭാസ്കര്‍ സമര്‍പ്പിച്ച നാലുകോപ്പിയിലെ ഒറിജിനല്‍, ജുഡീഷ്യല്‍ മജിസ്ട്രേട്ട് സാക്ഷ്യപ്പെടുത്തി കോടതിയില്‍ സൂക്ഷിക്കുകയും മറ്റുള്ളവ പൊലീസിന് തുടര്‍നടപടിക്കായി അയച്ചുകൊടുക്കുകയുംചെയ്തു. കേസിലെ പ്രഥമാന്വേഷണ വിവരങ്ങള്‍ അടങ്ങുന്ന പൊലീസ് ഡയറി കോടതി ഉത്തരവുപ്രകാരം ചൊവ്വാഴ്ച പൊലീസ് ഹാജരാക്കുമ്പോള്‍ മജിസ്ട്രേട്ടിന്റെ പക്കലുള്ള പരാതിതന്നെയാണ് കേസ് ഡയറിയിലുള്ളതെന്ന് ബോധ്യമായാല്‍ കര്‍ക്കശ നിയമനടപടികളിലേക്ക് കേസ് നീങ്ങാം.

പരാതിക്കാരനായ ശ്രീധരന്‍നായര്‍ ക്വാറി ഉടമയും അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനുമാണ്. കോണ്‍ഗ്രസുകാരനായ എറണാകുളം ജില്ലയിലെ ഒരു മന്ത്രി നേരിട്ട് ഇടപെട്ട് നാല്‍പ്പതിനു പകരം 60 ലക്ഷം രൂപ തിങ്കളാഴ്ച രാത്രി എത്തിക്കാമെന്നും കോടതിയില്‍ ഹാജരായി പരാതി പിന്‍വലിക്കണമെന്നും പരാതിക്കാരനോട് ആവശ്യപ്പെട്ടിരിക്കയാണ്. പക്ഷേ, പരാതി കോടതിയില്‍ സമര്‍പ്പിച്ചത് മജിസ്ട്രേട്ടിനു മുന്നില്‍ ശ്രീധരന്‍നായര്‍ സത്യവാചകം ചൊല്ലിയശേഷമാണ്. അതുകൊണ്ട് കോടതിയില്‍ എത്തി ശ്രീധരന്‍നായര്‍ പരാതി പിന്‍വലിച്ചാലും രാജ്യത്തെ ബാധിക്കുന്ന പൊതുതാല്‍പ്പര്യമുള്ള വിഷയമായതിനാല്‍ കോടതിക്ക് നിയമാനുസൃതമായ നിലപാട് സ്വീകരിക്കാം. ക്രിമിനല്‍ നടപടി നിയമത്തിലെ 156(3) വകുപ്പുപ്രകാരം സമര്‍പ്പിച്ച പരാതിയില്‍ പൊലീസ് നടപടി ഇതിനകം തുടങ്ങുകയും ജോപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായി ജയിലില്‍ ആകുകയും ചെയ്തു. അത് അട്ടിമറിക്കാനാണ് ഉമ്മന്‍ചാണ്ടിയും സംഘവും ഇറങ്ങിയിരിക്കുന്നത്.

ഐപിസി 420 വകുപ്പു പ്രകാരമുള്ള വഞ്ചനാകേസായതിനാല്‍ പരാതിക്കാരന്‍ പിന്‍വാങ്ങിയാല്‍ കേസ് ചിലപ്പോള്‍ അവസാനമുണ്ടാകുമെന്നു കരുതിയാണ് 60 ലക്ഷം രൂപയുടെ ചാക്കുകെട്ടുമായി ഒരു മന്ത്രിതന്നെ ഇറങ്ങിയിരിക്കുന്നത്. ഇത് വിജയിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ തെളിവെടുപ്പും ഉമ്മന്‍ചാണ്ടിയെ പൊലീസ് ചോദ്യംചെയ്യുന്നതും ഒഴിവാക്കാമെന്ന് ഇവര്‍ കരുതുന്നു. ജയിലില്‍ കഴിയുന്ന ജോപ്പനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യലും തെളിവെടുപ്പും നടത്തേണ്ട കടമ സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിനുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയിലേക്ക് നീണ്ട അന്വേഷണം തടയുന്നതിന് ഉമ്മന്‍ചാണ്ടിക്ക് കൂട്ടായിരിക്കുകയാണ് എഡിജിപി ഹേമചന്ദ്രന്‍ നയിക്കുന്ന അന്വേഷണസംഘം. സോളാര്‍ തട്ടിപ്പിലെ ഒന്നും രണ്ടും പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിതാനായരെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടും ജോപ്പനെ വിട്ടുകിട്ടാന്‍ പൊലീസ് ആവശ്യപ്പെടാത്തത് മുഖ്യമന്ത്രിസ്ഥാനത്ത് ഉമ്മന്‍ചാണ്ടി തുടരുന്നതുകൊണ്ടാണ്.
(ആര്‍ എസ് ബാബു)

ശ്രീധരന്‍നായര്‍-മുഖ്യമന്ത്രി കൂടിക്കാഴ്ച: സരിതയുടെ ഇ-മെയില്‍ പുറത്ത്

സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതാ എസ് നായരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബന്ധം സ്ഥാപിക്കുന്ന രേഖ പുറത്ത്. പരാതിക്കാരനായ ശ്രീധരന്‍ നായര്‍ക്ക് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചുകൊണ്ട് സരിത അയച്ച ഇ-മെയിലാണ് പുറത്തായത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സോളാര്‍ തട്ടിപ്പെന്ന് വ്യക്തമാക്കുന്നതാണ് ഇ-മെയിലിലെ പരാമര്‍ശങ്ങള്‍. 2012 ജൂലൈ അഞ്ചിനാണ് ലക്ഷ്മി എസ് നായര്‍ എന്ന പേരില്‍ സരിത ശ്രീധരന്‍നായര്‍ക്ക് ഇ-മെയില്‍ അയച്ചത്. ജൂലൈ ഒമ്പതിന് രാത്രി എട്ടു മണിക്ക് മുഖ്യമന്ത്രിയെ കാണാന്‍ അവസരമൊരുക്കിയെന്നാണ് മെയിലില്‍ പറയുന്നത്. കമ്പനി സിഇഒയുമായുള്ള കൂടിക്കാഴ്ച 2012 ജുലൈ 13നാണെന്നും മെയിലില്‍ പറയുന്നു. ആദ്യഗഡുവായ 25 ലക്ഷം രൂപ കിട്ടിയതായുള്ള രസീതും ഇ-മെയിലായി നല്‍കിയിട്ടുണ്ട്. പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ മൂന്ന് മെഗാവാട്ട് സോളാര്‍ മെഗാ പവര്‍ പ്ലാന്റ് പ്രൊജക്ടിനുള്ള ആദ്യഗഡുവായാണ് തുക കൈപ്പറ്റിയതെന്നും മെയിലില്‍ പറയുന്നു.

മുഖ്യമന്ത്രിയാണ് പ്രതിയെന്ന് ജോപ്പന്റെ അഭിഭാഷകന്‍

പത്തനംതിട്ട: സോളാര്‍തട്ടിപ്പുകേസില്‍ ശ്രീധരന്‍നായര്‍ കോടതിയില്‍ നല്‍കിയ പരാതിപ്രകാരം മുഖ്യമന്ത്രിയാണ് പ്രതിയെന്നും ടെന്നി ജോപ്പന്റെ പേര് പരാമര്‍ശിക്കുന്നില്ലെന്നും ജോപ്പന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ജോപ്പന്റെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി (രണ്ട്) വാദം തുടങ്ങുമ്പോഴാണ് അഭിഭാഷകന്‍ ജി എം ഇടിക്കുള ഇക്കാര്യം പറഞ്ഞത്. വാദം ചൊവ്വാഴ്ചയും തുടരും. തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണനയ്ക്കെടുത്തപ്പോള്‍ പരാതിയില്‍ തിരുത്ത് വരുത്തിയിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

കേസ്ഡയറി ഹാജരാക്കിയിട്ടേ വാദം നടത്താനാകൂ എന്നും ബോധിപ്പിച്ചു. എന്നാല്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇത് നിഷേധിച്ചു. പരാതിയില്‍ തിരുത്തല്‍ നടത്തിയിട്ടില്ലെന്നും കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായിരുന്നെന്നും ഇത് ഹര്‍ജി കോടതിയില്‍ കിട്ടുമ്പോഴേ ഉണ്ടായിരുന്നതാണെന്നും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ പ്രദീപ്കുമാര്‍ വിശദീകരിച്ചു. വാദം തുടങ്ങിയാല്‍ ഇനിയും തിരുത്തലുകള്‍ ഉണ്ടാകുമെന്നതിനാല്‍ കേസ് ഡയറി ഹാജരാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു. യഥാര്‍ഥ പ്രതി മുഖ്യമന്ത്രിയാണെന്നും നക്ഷത്രദോഷംകൊണ്ടാണ് ജോപ്പന്‍ ജയിലില്‍ കിടക്കുന്നതെന്നും ഇടിക്കുള പറഞ്ഞു. കേസ് ഡയറി ഹാജരാക്കിയശേഷം ചൊവ്വാഴ്ച പകല്‍ രണ്ടരയ്ക്ക് വാദം കേള്‍ക്കുമെന്ന് മജിസ്ട്രേട്ട് മുഹമ്മദ് റേസ് ഉത്തരവിട്ടു.

deshabhimani

No comments:

Post a Comment