Tuesday, July 2, 2013

യുഡിഎഫ് സംഘര്‍ഷം മൂര്‍ച്ഛിച്ചു; ഉഭയകക്ഷിയോഗം മാറ്റി

സോളാര്‍ കുംഭകോണത്തിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ് രാഷ്ട്രീയം കലങ്ങിമറിയുന്നു. ചൊവ്വാഴ്ച നടത്താനിരുന്ന യുഡിഎഫ് ഉഭയകക്ഷി യോഗം തീയതി നിശ്ചയിക്കാതെ മാറ്റി. സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിന്തുണയ്ക്കുന്ന മുസ്ലിംലീഗിനെ പ്രഹരിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല രംഗത്തെത്തിയതോടെ കോണ്‍ഗ്രസ്-ലീഗ് സംഘര്‍ഷം നിയന്ത്രണാതീതമാവുകയാണ്. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ മന്ത്രിസഭാ യോഗത്തില്‍നിന്ന് ലീഗ് മന്ത്രിമാര്‍ വിട്ടുനില്‍ക്കണമെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടെങ്കിലും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിയോജിച്ചതിനാല്‍ തീരുമാനമെടുക്കാന്‍ ലീഗിനായില്ല.

ചൊവ്വാഴ്ച രാവിലെ മുസ്ലിംലീഗുമായും ഉച്ചയ്ക്കുശേഷം കേരളകോണ്‍ഗ്രസ് എമ്മുമായും ഉഭയകക്ഷി ചര്‍ച്ച നടത്താനായിരുന്നു യുഡിഎഫ് തീരുമാനം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു ഘടകകക്ഷികളുമായും ചര്‍ച്ചനടത്തി ഭരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പരിഹാരം തോടാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍, ചര്‍ച്ചയ്ക്കുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ്ബഷീര്‍ അറിച്ചതിനെത്തുടര്‍ന്ന് യോഗം തല്‍ക്കാലം ഉപേക്ഷിച്ചു. ലീഗ് ബന്ധം ഭാവിയില്‍ ദോഷംചെയ്യുമെന്ന മുന്‍ കെപിസിസി അധ്യക്ഷന്‍ സി കെ ഗോവിന്ദന്‍നായരുടെ വീക്ഷണം ശരിവയ്ക്കുന്നതാണ് ഇന്നത്തെ അനുഭവമെന്ന് ചെന്നിത്തല പ്രസംഗിച്ചതിനെതിരെ ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും ഇ അഹമ്മദും സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനെ ഫോണില്‍ പരാതി അറിയിച്ചിരുന്നു. പ്രശ്നത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടാമെന്നും അറിയിച്ചു. എന്നിട്ടും വഴങ്ങാതെയാണ് യുഡിഎഫ് യോഗം ലീഗ് ബഹിഷ്കരിക്കുന്നത്.

ഇതില്‍ ഐ ഗ്രൂപ്പ് പ്രതിഷേധത്തിലാണ്. കോണ്‍ഗ്രസിന്റെ പടിത്തിണ്ണയിലേ ലീഗിന് കിടക്കാന്‍ ഇടമുള്ളൂവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല ലീഗെന്നും മറ്റൊരു വഴിയില്ലെന്ന് കരുതേണ്ടെന്നുമാണ് ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ മറുപടി. കോണ്‍ഗ്രസും ലീഗും രണ്ടു പാര്‍ടിയും രണ്ടു പൈതൃകമാണെന്നും മിനമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് യോജിപ്പെന്നും ഡല്‍ഹിയില്‍ ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ച് ചെന്നിത്തലയുടെ നിലപാടിന് പിന്തുണയേകി.

ഭരണത്തില്‍ ലീഗിന്റെ അപ്രമാദിത്തം വരുത്തിയ വിനയും സമീപകാലസംഭവങ്ങളും സോണിയയെയും ഹൈക്കമാന്‍ഡ് നേതാക്കളെയും ധരിപ്പിക്കാന്‍ കെ മുരളീധരന്‍ ഡല്‍ഹിയില്‍ ചൊവ്വാഴ്ച എത്തും. മുരളീധരന്‍ ഐ ഗ്രൂപ്പിന്റെ ഭാഗമായതോടെ ഐക്ക് കരുത്ത് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ആര്യാടനെയും കെ മുരളീധരനെയും നിയന്ത്രിച്ചില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്ന മുന്നറിയിപ്പ് യൂത്ത്ലീഗ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ലീഗിന്റെ നേതൃയോഗം ചേര്‍ന്ന് തുടര്‍നടപടിയെപ്പറ്റി ആലോചിക്കുമെന്ന് ഇ ടി മുഹമ്മദ്ബഷീര്‍ മാധ്യമങ്ങളെ അറിയിച്ചു. ലീഗിനെ കരിവാരിത്തേയ്ക്കുന്ന സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ ഇടപെടില്ലെന്നും മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കുന്ന നിലപാട് ലീഗ് സ്വീകരിക്കില്ലെന്നും ബഷീര്‍ പറഞ്ഞു.

ലീഗ് ചെണ്ടയല്ല: കെപിഎ മജീദ്

മലപ്പുറം: ആര്‍ക്കുകൊട്ടിപോകാവുന്ന ചെണ്ടയല്ല ലീഗെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. ലീഗിന് മറ്റൊരിടമില്ലെന്ന് കരുതരുത്. കേരളത്തില്‍ ലീ ഗിെ ന്‍റ വില നന്നായി അറിയാവുന്ന ആളാണ് കെ മുരളീധരന്‍. കേരളത്തില്‍ ഒരു കക്ഷിക്കും ഒറ്റക്ക് ഭരിക്കാനാവില്ലെന്നും മജീദ് പറഞ്ഞു. കഴിഞ്ഞ ദിവസം കെപിസിസി ജനറല്‍ സെക്രട്ടറി രമേശ് ചെന്നിത്തലയും കെ മുരളീധരനും ലീഗിനെതിരെ നിലപാടെടുത്തിരുന്നു.

മുസ്ലിംലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്നു: ചെറിയാന്‍ ഫിലിപ്പ്

കുടത്തില്‍നിന്ന് കോണ്‍ഗ്രസ് തുറന്നുവിട്ട മുസ്ലിംലീഗ് എന്ന വര്‍ഗീയ ദുര്‍ഭൂതം തങ്ങളെ തന്നെ വിഴുങ്ങാന്‍ ശ്രമിക്കുന്നത് കൊണ്ടാണ് ലീഗ് കോണ്‍ഗ്രസിന് ബാധ്യതയായി തീര്‍ന്നതെന്ന് ചെറിയാന്‍ ഫിലിപ്പ്. ചത്തകുതിരയെന്ന് ജവാഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ച മുസ്ലിംലീഗിന് കേന്ദ്രമന്ത്രിസ്ഥാനവും കേരളത്തില്‍ അഞ്ച് മന്ത്രിസ്ഥാനവും നല്‍കി പുതുജീവന്‍ കൊടുത്തത് കോണ്‍ഗ്രസാണ്. ഇന്ത്യാവിഭജനത്തിന് ഇടയാക്കിയ മുഹമ്മദാലി ജിന്നയുടെ മുസ്ലിം ലീഗിന്റെ പിന്തുടര്‍ച്ചയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ഒരു വര്‍ഗീയകക്ഷിയാണ് എന്ന നിലപാടാണ് നെഹ്റുവും സി കെ ഗോവിന്ദന്‍നായരും സ്വീകരിച്ചിരുന്നത്. മുസ്ലിം എന്ന മതനാമത്തോടെയുള്ള ഒരു രാഷ്ട്രീയകക്ഷിക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകാരം നല്‍കിയത് ജനപ്രാതിനിധ്യനിയമത്തിനും ഇന്ത്യന്‍ ഭരണഘടനയ്ക്കും വിരുദ്ധമാണെന്ന് ചെറിയാന്‍ ഫിലിപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment