രണ്ടു വര്‍ഷമായി ബിജു ചങ്ങനാശ്ശേരിയിലെ രണ്ട് റിസോര്‍ട്ടുകളിലായി പല ആഴ്ചകള്‍ താമസിച്ചിട്ടുണ്ട്. ശാലുവും ഇവിടെ നിത്യസന്ദര്‍ശകയായിരുന്നു. തന്റെ 20 ലക്ഷം രൂപ ബിജു തട്ടിച്ചെടുത്തുവെന്ന് കാണിച്ച് ബിജു രാധാകൃഷ്ണന്‍ ഒളിവിലിരിക്കെ ശാലു ചങ്ങനാശ്ശേരി പൊലീസില്‍ പരാതി നല്‍കി. ഈ കേസന്വേഷണ ചുമതലയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയെന്ന് കോട്ടയം ജില്ലാ പൊലീസ് ചീഫ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും ഈ പരാതിയെ കുറിച്ച് അന്വേഷണമില്ല. 20 ലക്ഷം രൂപ ബിജു പറ്റിച്ചുവെന്ന കേസില്‍ അന്വേഷണം നടക്കാത്തതില്‍ ശാലുവിനും "പരാതിയില്ല". ഈ പണം എവിടെ നിന്ന് കിട്ടിയെന്ന പൊലീസിന്റെ ചോദ്യത്തിനും മറുപടിയുണ്ടായില്ല. ബിജുവിന്റെ തട്ടിപ്പ് സംബന്ധിച്ച അന്വേഷണം തന്നിലേക്കും നീളുന്നതായി ആദ്യഘട്ടത്തില്‍ തന്നെ മനസ്സിലാക്കിയ ശാലു "നിരപരാധിത്വം" തെളിയിക്കാനായി നടത്തിയ നാടകമായിരുന്ന ഈ പരാതി. ആഡംബര വീട്, കാറുകള്‍, നൃത്ത വിദ്യാലയങ്ങള്‍ എന്നിവയെല്ലാം ബിജുവിനെ പരിചയപ്പെട്ടതിനുശേഷമാണ് സ്വന്തമാക്കാനായാതെന്ന് ശാലു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
(എസ് മനോജ്)
ചിത്രങ്ങള്‍ പൊലീസ് കൊണ്ടുപോയി: ഫോട്ടോഗ്രാഫര്‍
കോട്ടയം: ശാലുമേനോന്റെ ഗൃഹപ്രവേശ ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും പങ്കെടുത്തതിന് തെളിവായുള്ള ചിത്രങ്ങള്‍ പൊലീസ് എടുത്തു കൊണ്ടുപോയതായി ഫോട്ടോഗ്രാഫറുടെ സ്ഥിരീകരണം. അമ്പലപ്പുഴ സിഐയും ചങ്ങനാശേരി സിഐയുമാണ് ഇവ കൊണ്ടുപോയതെന്ന് ചങ്ങനാശേരി സ്വദേശിയായ ഫോട്ടോഗ്രാഫര്‍ സണ്ണി വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ചാനലിനോടാണ് ഫോട്ടോഗ്രാഫര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇരുവരും പങ്കെടുത്ത ചിത്രങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പലരും വരാറുണ്ടെന്നും അതിനാല്‍ ഇവ മടക്കിത്തരണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ചിത്രം ആവശ്യമുള്ളവരെ തങ്ങളുടെ അടുക്കലേക്ക് വിട്ടാല്‍ മതിയെന്നും സിഐമാര്‍ പറഞ്ഞതായി ഫോട്ടോഗ്രാഫര്‍ പറയുന്നു. തിരുവഞ്ചൂര്‍ ശാലുവിന്റെ വീട്ടില്‍ നിന്ന് കരിക്ക് കുടിച്ചും കൊടിക്കുന്നില്‍ ഭക്ഷണം കഴിച്ചുമാണ് മടങ്ങിയത്. ചടങ്ങിന്റെ എണ്ണൂറോളം ചിത്രങ്ങള്‍ അന്ന് എടുത്തിരുന്നു. ഇത് ആല്‍ബമാക്കി ശാലുവിന് നല്‍കി. പിന്നീട് ആവശ്യമില്ലാതിരുന്നതിനാല്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്ഡിസ്ക്കില്‍ നിന്ന് ചിത്രങ്ങള്‍ നീക്കിയതായും സണ്ണി പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്ത് തോമസ് കുരുവിള 2.75 കോടി പിരിച്ചു
കോട്ടയം: സര്‍വേവകുപ്പില്‍ തസ്തിക സൃഷ്ടിച്ച് ജോലി നല്‍കാമെന്നുപറഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ "പാവം പയ്യന്‍" തോമസ് കുരുവിള 2.75 കോടി പിരിച്ചു. കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 545 ഉദ്യോഗാര്‍ഥികളില്‍ നിന്നാണ് പണം വാങ്ങിയത്. മുന്‍കൂറായി അഞ്ചുലക്ഷം വീതം നല്‍കാനും ബാക്കി അഡൈ്വസ് മെമ്മോ കിട്ടിയശേഷവും എന്നായിരുന്നു കരാര്‍. മൂന്ന് ജില്ലകളിലും ഇടനിലക്കാരെ നിയോഗിച്ചിരുന്നു. കോട്ടയത്ത് തോമസ് കുരുവിളയുടെ സംക്രാന്തിയിലെ അയല്‍വാസിയായിരുന്നു ഇടനിലക്കാരന്‍. ഭൂമിയും ആഭരണങ്ങളും പണയപ്പെടുത്തിയ പണം നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു ഉദ്യോഗാര്‍ഥികള്‍. ഇതിനിടയില്‍ റാങ്ക്ലിസ്റ്റിന്റെ കാലാവധിയും അവസാനിച്ചു. സോളാര്‍തട്ടിപ്പ് വാര്‍ത്തകള്‍ വന്നതോടെയാണ് തോമസ് കുരുവിള ഡല്‍ഹിയിലുണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ അറിയുന്നത്. അവര്‍ ഇടനിലക്കാരെ സമീപിച്ച് ജോലി തട്ടിപ്പിന് തങ്ങളും കേസ് കൊടുക്കുമെന്ന് അറിയിച്ചു. ഇതോടെ തോമസ് കുരുവിള ഇടപെട്ട് ഒരാഴ്ചക്കുള്ളില്‍ പണം മടക്കി നല്‍കി. പണം തിരിച്ചുകിട്ടിയതിനാല്‍ പരാതി നല്‍കിയില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. അഞ്ചുകോടി തട്ടിയെടുക്കാനായിരുന്നു ലക്ഷ്യം.
deshabhimani
No comments:
Post a Comment