Tuesday, July 2, 2013

അന്ത്യനാളുകളില്‍ ശ്രീവിദ്യ ഗണേഷിനെ വല്ലാതെ ഭയപ്പെട്ടിരുന്നു

അന്ത്യനാളുകളില്‍ കെ ബി ഗണേഷ്‌കുമാറിനെ തന്റെ സഹോദരി ശ്രീവിദ്യ വല്ലാതെ ഭയപ്പെട്ടിരുന്നുവെന്ന് സഹോദരന്‍ എ ശങ്കര്‍ രാമന്റെ വെളിപ്പെടുത്തല്‍.
കാന്‍സര്‍ മൂര്‍ഛിച്ച് രോഗശയ്യയില്‍ കഴിയുമ്പോഴും ശ്രീവിദ്യ ഗണേഷിന്റെ വീട്ടുതടങ്കലിലായിരുന്നു. രോഗം മൂര്‍ധന്യാവസ്ഥയിലെത്തിയതറിഞ്ഞ് താന്‍ ശ്രീവിദ്യയെ വിളിച്ചിരുന്നു. താനും കുടുംബവും അങ്ങോട്ട് പുറപ്പെടുന്നുവെന്ന് പറഞ്ഞപ്പോള്‍ ''അരുതേ, ഇങ്ങോട്ട് വരരുതേ. എന്റെ ഇപ്പോഴത്തെ സ്ഥിതി അതാണ്. എന്നോട് തെല്ലെങ്കിലും സ്‌നേഹമുണ്ടെങ്കില്‍ ഇപ്പോള്‍ വരരുത്''. ശ്രീവിദ്യ തന്നോട് കേണപേക്ഷിച്ച കാര്യം ഫോണിലൂടെ വെളിപ്പെടുത്തുമ്പോള്‍ ശങ്കര്‍ രാമന്റെ വാക്കുകള്‍ ഗദ്ഗദത്താല്‍ മുറിയുന്നു.

താനും ഭാര്യ വിജയലക്ഷ്മിയുമൊത്ത് ശ്രീവിദ്യയെ ചികിത്സിക്കുന്ന ഡോക്ടറെയെങ്കിലും കണ്ട് രോഗാവസ്ഥയെക്കുറിച്ച് തിരക്കട്ടേ എന്നാരാഞ്ഞപ്പോള്‍ അവള്‍ അതും വിലക്കി. നിങ്ങള്‍ വന്നാലും ഡോക്ടറെപ്പോലും കാണാന്‍ അനുവദിക്കില്ലെന്ന് ശ്രീവിദ്യ പറഞ്ഞപ്പോള്‍ മരണത്തെ മുഖാമുഖം കാണുമ്പോഴും അവളില്‍ മരണഭയത്തേക്കാള്‍ മറ്റെന്തോ ഭയം കുടിയിരിപ്പുണ്ടെന്നു ബോധ്യപ്പെട്ടുവെന്ന് ശങ്കരരാമന്‍ പറയുന്നു.

സഹോദരന്റെ രണ്ടുമക്കള്‍ക്ക് അഞ്ച്‌ലക്ഷം രൂപ വീതവും പരിചാരകരായ ദമ്പതികള്‍ക്ക് ഒരോ ലക്ഷം രൂപവീതവും നല്‍കണമെന്ന് വില്‍പത്രത്തില്‍ ശ്രീവിദ്യ നിര്‍ദേശിക്കുന്നു. അതിനുള്ള പണം ബാങ്ക് നിക്ഷേപമായിതന്നെയുള്ളതിനാല്‍ വില്‍പത്രത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സഹോദരി ചുമതലപ്പെടുത്തിയ ഗണേഷിന് ആ തുക നല്‍കാവുന്നതേയുള്ളൂ. എങ്കിലും വില്‍പത്രത്തിലെ ശ്രീവിദ്യയുടെ അന്ത്യാഭിലാഷം ഏഴു വര്‍ഷത്തോളമായിട്ടും നിറവേറ്റാത്തത് തന്റെ സഹോദരിയുടെ സ്മരണയോടുള്ള തികഞ്ഞ അനാദരവാണെന്ന് ശങ്കരരാമന്‍ ഓര്‍മ്മിപ്പിക്കുന്നു.

തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ് ഇലിപ്പോട്ടു റോഡിലെ 'സായി' എന്ന തന്റെ വീടും ചെന്നൈ അഭിരാമപുരം സുബ്രഹ്മണ്യ അയ്യര്‍ റോഡിലെ ഫഌറ്റും തന്റെ സ്വര്‍ണമടക്കമുള്ള സര്‍വ ജംഗമവസ്തുക്കളും വിറ്റുകിട്ടുന്ന തുക എങ്ങനെ വിനിയോഗിക്കണമെന്നും വില്‍പത്രത്തില്‍ പറയുന്നുണ്ട്. ഈ തുക പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന നിയമപരമായി രൂപീകരിക്കുന്ന ട്രസ്റ്റ് വഴിയാണ് വിനിയോഗിക്കേണ്ടത്. സംഗീതത്തിലും നൃത്തത്തിലും പ്രതിഭകളായ നിര്‍ധനരായ കുട്ടികളെ പഠിപ്പിക്കാന്‍ ഒരു സ്‌കൂള്‍ തുടങ്ങണം. അംഗീകൃത വിദ്യാലയങ്ങളില്‍ നൃത്തവും സംഗീതവും പഠിക്കുന്ന കുട്ടികള്‍ക്കു ധനസഹായം രോഗാതുരായ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ധനസഹായം എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കേണ്ടത്.

ഇതിനായി തിരുവനന്തപുരം വഴുതയ്ക്കാട് ടാഗോര്‍ നഗറില്‍ ഗണേഷ് നിവാസില്‍ താമസിക്കുന്ന ആര്‍ ബാലകൃഷ്ണപിള്ള മകന്‍ കെ ബി ഗണേഷ്‌കുമാറിനെ ചുമതലപ്പെടുത്തുന്നുവെന്നും വില്‍പത്രത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വില്‍പത്രത്തില്‍ പോലും തനിക്കു സംശയമുണ്ടെന്ന് ശങ്കര്‍രാമന്‍ പറയുന്നു.

പക്ഷേ ശ്രീവിദ്യയുടെ കോടികള്‍ വിലവരുന്ന സ്ഥാവരജംഗമ സ്വത്തുക്കള്‍ തട്ടിയെടുത്ത ഗണേഷ് വില്‍പത്രത്തിലെ വ്യവസ്ഥകളൊന്നും പാലിക്കാതെ കടുത്ത നിയമലംഘനമാണ് നടത്തിയിരിക്കുന്നത്. ശ്രീവിദ്യ അന്ത്യനാളുകള്‍ ചെലവഴിച്ച വസതി ഗണേഷിന്റെ കൈവശത്തിലാണ്. അവര്‍ നടത്തി വന്ന നൃത്തസംഗീത വിദ്യാലയത്തിന്റെ ബോര്‍ഡ് ഇപ്പോഴും ആ വീട്ടിലെ നിശബ്ദതയില്‍ തൂങ്ങിക്കിടപ്പുണ്ട്. ചെന്നൈയിലെ ഫഌറ്റ് തമിഴ്‌നാട് അഡ്വക്കേറ്റ് ജനറലായിരുന്ന ഭരത് രാമന്റെ ജൂനിയറായ അഡ്വ. ഉമാശങ്കറിനു ഭാരിച്ച വാടകയ്ക്ക് നല്‍കി. ആ വാടകയും ഗണേഷ് കൈപ്പറ്റുന്നുവെന്ന് ശങ്കര്‍രാമന്‍ വെളിപ്പെടുത്തി.

ശാസ്തമംഗലം സബ് രജിസ്ട്രാര്‍ വി എസ് വില്‍ഫ്രഡിനു മുമ്പാകെയായിരുന്നു വില്‍പത്രം 2006 ഓഗസ്റ്റ് 17 ന് രജിസ്റ്റര്‍ ചെയ്തത്. നിയമപരമായി രജിസ്റ്റര്‍ ചെയ്ത ഒരു വില്‍പത്രം നടപ്പാക്കാതെ നിയമലംഘനം നടത്തുന്നത് മുന്‍മന്ത്രിയും നിയമനിര്‍മാണസഭയിലെ അംഗവുമായ ഗണേഷ്‌കുമാറാണെന്നത് ഗുരുതരമായ ഒരു കുറ്റകൃത്യമാണെന്ന് ശങ്കര്‍രാമന്‍ കുറ്റപ്പെടുത്തി. നിയമസഭാംഗമെന്ന നിലയില്‍ നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനം കൂടിയാണിത്. ഭരണഘടനയും നിയമവ്യവസ്ഥകളും നഗ്നമായി ലംഘിച്ച ഗണേഷ്‌കുമാര്‍ താനയച്ച വക്കീല്‍ നോട്ടീസുകള്‍ക്ക് പോലും മറുപടി നല്‍കിയിട്ടില്ല. ഭരണഘടനയ്ക്കും നീതിന്യായ വ്യവസ്ഥകള്‍ക്കും മേലേ പറന്നു നടക്കുന്ന ഗണേഷിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്തുണ നല്‍കുന്നത് തന്നെയും കുടുംബത്തെയും ഞെട്ടിക്കുന്നു. ശ്രീവിദ്യയുടെ അന്ത്യാഭിലാഷങ്ങളെപ്പോലും ചവിട്ടിമെതിക്കുന്ന ഗണേഷിന്റെയും മുഖ്യമന്ത്രിയുടെയും നിയമലംഘനത്തിനെതിരെ താന്‍ കോടതിയെ സമീപിക്കുമെന്നും ശങ്കര്‍ റാം 'ജനയുഗ' ത്തോട് വെളിപ്പെടുത്തി.

കെ രംഗനാഥ് janayugom

No comments:

Post a Comment