Monday, September 2, 2013

കരാപ്പുഴ പദ്ധതി കരിമ്പട്ടികയിലേക്ക് ശുപാര്‍ശചെയ്ത കമ്പനിക്ക്

കോടികള്‍ വെള്ളത്തിലാക്കിയ കരാപ്പുഴ ജലസേചന പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ വീണ്ടും, കരിമ്പട്ടികയില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത കരാറുകാരന്. അഴിമതിയും കെടുകാര്യസ്ഥതയുംമൂലം കുപ്രസിദ്ധി നേടിയ ചന്ദ്രഗിരി കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് കാരാപ്പുഴയില്‍ നടപ്പാക്കുന്ന രണ്ടരക്കോടിയുടെ പുതിയ പ്രവൃത്തികളുടെ കരാര്‍ നല്‍കിയത്. ഈ കരാറുകാരന്‍ നേരത്തെ ഏറ്റെടുത്ത് നടത്തിയ മണ്ണണ നിര്‍മാണത്തിലെ അപാകതമൂലം ഇടിഞ്ഞ് തകര്‍ന്നിട്ടുണ്ട്. ഇത്വഴിയുള്ള ചോര്‍ച്ച തടയാനും ഡാം ടോപ്പ് റോഡ് നിര്‍മാണവുമാണ് വീണ്ടും ഈ കമ്പനിക്ക് തന്നെ നല്‍കിയിരിക്കുന്നത്. ഇതിന് പിന്നില്‍ ഉന്നതതല രാഷ്ട്രീയ ഇടപെടലുണ്ട്. കണ്ണൂരിലെ ജലസേചന വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനിയര്‍ ഓഫീസില്‍നിന്ന് കമ്പനിക്ക് വര്‍ക്ക് എഗ്രിമെന്റ് വെക്കാനുള്ള സെലക്ഷന്‍ നോട്ടീസ് അയച്ചു. ഏഴ് ദിവസത്തിനകം എഗ്രിമെന്റ് വെച്ച് പ്രവൃത്തി ആരംഭിക്കാനാണ് നിര്‍ദേശം. അണക്കെട്ടിന് മുകളില്‍ ഇന്റര്‍ലോക്ക് പതിക്കാന്‍ 1.97 കോടി രൂപയും ഡാമിലെ ചോര്‍ച്ച തടയാന്‍ 55 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

വയനാട്ടില്‍ ഈ കമ്പനി നടത്തിയ പ്രവൃത്തികളെല്ലാം വിവാദത്തിലാണ്. കാരാപ്പുഴ പദ്ധതി ലക്ഷ്യം കാണാതെ പോയത് ഈ കരാറുകാരനും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ വെട്ടിപ്പും അഴിമതിയും മൂലമാണെന്ന് ആരോപണമുണ്ടായിരുന്നു. ഈ കമ്പനി ഏറ്റെടുത്ത പടിഞ്ഞാറത്തറയിലെ ബാണാസുരസാഗര്‍ ജലസേചന പദ്ധതിയും പിഎംജിഎസ്വൈ റോഡ് പ്രവൃത്തിയും വന്‍ വിവാദത്തിലാണ്. ബാണാസുരസാഗര്‍ കനാല്‍ നിര്‍മാണത്തിനിടെ മൂന്ന് തൊഴിലാളികള്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചിരുന്നു. കാരാപ്പുഴയില്‍ അക്വഡക്ട് തകര്‍ന്ന്വീണ് മറ്റൊരു തൊഴിലാളിയും മരിച്ചു. നിര്‍മാണത്തിലെ അപാകതമൂലമാണ് ഈ രണ്ട് അപകടങ്ങളും നടന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള കമീഷന്‍ പ്രവൃത്തിയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തുകയും കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താതെ സഹായിച്ചതാണ് കരാറുകാരന് ഈ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയത്. മുട്ടില്‍ പഞ്ചായത്തിലെ വാഴവറ്റയില്‍ അണക്കെട്ട് നിര്‍മിച്ച് നാല് പഞ്ചായത്തുകളിലെ 8721 ഹെക്ടര്‍ ഭൂമിയില്‍ കൃഷിക്ക് വെള്ളമെത്തിക്കാന്‍ 1976ലാണ് കാരാപ്പുഴ പദ്ധതി ആരംഭിച്ചത്. 7.6 കോടി രൂപ ചെലവ് പ്രതീക്ഷിച്ച് നിര്‍മാണം തുടങ്ങിയ പദ്ധതിക്ക് ഇതുവരെ 288 കോടി ചെലവാക്കി. പദ്ധതി പൂര്‍ത്തിയാക്കാന്‍ 153 കോടി കൂടി ഇനിയും വേണം. കരാപ്പുഴയില്‍ ചന്ദ്രഗിരി കമ്പനി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറ്റെടുത്ത് എഗ്രിമെന്റ് വെച്ച പതിനൊന്നോളം പദ്ധതികള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല.
(പി ഒ ഷീജ)

deshabhimani

സൗജന്യ യൂണിഫോറം: 16 ലക്ഷം കുട്ടികളെ പദ്ധതിയില്‍നിന്ന് ഒഴിവാക്കുന്നു

സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സൗജന്യ യൂണിഫോറം വിതരണപദ്ധതിയില്‍നിന്ന് 16 ലക്ഷം കുട്ടികളെ ഒഴിവാക്കുന്നത് സാമൂഹ്യ വേര്‍തിരിവുകള്‍ രൂക്ഷമാക്കും. ഒന്നു മുതല്‍ എട്ടുവരെയുള്ള പെണ്‍കുട്ടികള്‍ക്കും അതേ ക്ലാസിലെ ബിപിഎല്‍ കുടുംബങ്ങളില്‍നിന്നുള്ള ആണ്‍കുട്ടികള്‍ക്കും മാത്രമായി യൂണിഫോറം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇതേ ക്ലാസുകളിലെ പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികളെപ്പറ്റി പരാമര്‍ശം ഇല്ലെങ്കിലും അവരെ ബിപിഎല്‍ ആയി കണക്കാക്കാന്‍ സാധ്യതയുണ്ടെന്ന് ആശ്വസിക്കാം. 2695 ഹൈസ്കൂളുകളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന നാലരലക്ഷം കുട്ടികളില്‍ ഒരു ലക്ഷത്തിലധികം കുട്ടികള്‍ ബിപിഎല്‍ എന്ന തരത്തില്‍ യൂണിഫോം പദ്ധതിയില്‍ നിന്നൊഴിവാക്കപ്പെടും. 2769 യുപി സ്കൂളുകളിലെ 12 ലക്ഷം കുട്ടികളില്‍ മൂന്നു ലക്ഷവും 6507 എല്‍പി സ്കൂളുകളില്‍ പഠിക്കുന്ന 11 ലക്ഷത്തോളം കുട്ടികളില്‍ രണ്ടു ലക്ഷം പേരും ഇത്തരത്തില്‍ ഒഴിവാക്കപ്പെടും. ഒമ്പത്, 10 ക്ലാസുകളിലെ പത്തുലക്ഷം കുട്ടികള്‍ പദ്ധതിക്ക് പുറത്താണ്.

സ്കൂളുകളില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന തുണികള്‍ കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കി നേരിട്ട് വാങ്ങുന്നതിനാല്‍ പൊതുവിപണിയില്‍ ലഭ്യമാകുകയുമില്ല. ഒഴിവാക്കപ്പെടുന്ന കുട്ടികള്‍ സ്വാഭാവികമായും മറ്റ് ഉയര്‍ന്നതരം തുണികളിലേക്ക് തിരിയും. ഇവര്‍ ഉയര്‍ന്ന നിലവാരത്തിലുള്ള തുണി ഉപയോഗിച്ച് പാന്റ്സും ചുരിദാറും ഓവര്‍ക്കോട്ടുമൊക്കെയായി വിലസുമ്പോള്‍ പാവപ്പെട്ട കുട്ടികള്‍ സര്‍ക്കാര്‍ നല്‍കുന്ന പരിമിതമായ അളവിലുള്ള തുണി ഉപയോഗിച്ച് നിക്കറും അരപ്പാവാടയുമായി പിന്നോക്കം പോവുകയും ചെയ്യും. ഇത് കുട്ടികളില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കുമെന്ന് രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു.

പൊതുവിദ്യാലയങ്ങള്‍ അതത് സ്ഥാപനങ്ങളുടെ താല്‍പര്യത്തിനനുസരിച്ച യൂണിഫോമുകളാണ് ആദ്യകാലം മുതല്‍ തെരഞ്ഞെടുത്തിരുന്നത്. കാക്കി, വെള്ള, പച്ച തുടങ്ങിയ ആദ്യകാല നിറങ്ങള്‍ പില്‍ക്കാലത്ത് വ്യത്യസ്ത നിറങ്ങള്‍ക്കും ചെക്കിനും വഴിമാറി. നിക്കറിനും അരപ്പാവടയ്ക്കും പകരം പാന്റ്സും ചുരിദാറും ഓവര്‍ക്കോട്ടുമൊക്കെ സ്ഥാനംപിടിച്ചു. പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളിലും വലിയ മാറ്റംവന്നു. വിദ്യാലയങ്ങള്‍ സ്വന്തം നിലയില്‍ നടപ്പാക്കിയിരുന്ന യൂണിഫോം പദ്ധതി കഴിഞ്ഞവര്‍ഷമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. കുട്ടിയൊന്നിന് 400 രൂപ വീതം പ്രഥമാധ്യാപകര്‍ക്ക് നല്‍കി അവര്‍ മുഖാന്തരമാണ് പദ്ധതി നടപ്പാക്കിയത്. ഈ തുകയോടൊപ്പം പിടിഎ ഫണ്ടും ഉപയോഗിച്ച് രണ്ടു ജോഡി തുണി വീതം എല്ലാ കുട്ടികള്‍ക്കും നല്‍കുകയാണ് ചെയ്തത്. എന്നാല്‍, 22 ലക്ഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നേരിട്ട് യൂണിഫോം നല്‍കുന്ന തരത്തിലാണ് ഈ വര്‍ഷം പദ്ധതി തയ്യാറാക്കിയത്. പദ്ധതിക്ക് പിന്നില്‍ കോടികളുടെ അഴിമതി സാധ്യതാ ആരോപണവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. നല്ലൊരു പങ്ക് വിദ്യാര്‍ഥികളെ ഒഴിവാക്കി നടപ്പാക്കുന്ന യൂണിഫോറം വിതരണ പദ്ധതി ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് അധ്യാപകരുടെ മറ്റൊരു പരാതി. ഇതോടൊപ്പം കഴിഞ്ഞ വര്‍ഷത്തേതു പോലെ പ്രഥമാധ്യാപകരിലൂടെ പദ്ധതി നടപ്പാക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്.
(ജോര്‍ജ് വര്‍ഗീസ്)

deshabhimani

നേഴ്സുമാരുടെ മിനിമം വേതനഘടന അട്ടിമറിക്കാന്‍ സര്‍ക്കാരിന്റെ ഒത്താശ

സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ക്കായി വ്യവസായ അനുബന്ധ സമിതി (ഐആര്‍സി) തീരുമാനിച്ച പുതുക്കിയ മിനിമം വേതനഘടന അട്ടിമറിക്കാന്‍ സര്‍ക്കാരിന്റെതന്നെ ഒത്താശ. വേതനഘടന പുതുക്കിയതുസംബന്ധിച്ച വിശദ വിവരങ്ങള്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഇതുമൂലം നേഴ്സുമാര്‍ പരാതിപ്പെട്ടാല്‍പോലും ഐആര്‍സി തീരുമാനങ്ങള്‍ ആശുപത്രി മാനേജ്മെന്റ് നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ലേബര്‍ ഓഫീസര്‍മാര്‍ക്ക് കഴിയില്ല. അവകാശങ്ങള്‍ നിഷേധിക്കാനും ഇതേത്തുടര്‍ന്ന് നേഴ്സിങ്മേഖലയില്‍ വന്‍ പ്രക്ഷോഭം ഉണ്ടാകാനും സാധ്യത ഒരുക്കുന്നതാണ് സര്‍ക്കാര്‍ നടപടി.

ഏപ്രിലില്‍ ചേര്‍ന്ന ഐആര്‍സിയാണ് പുതുക്കിയ മിനിമം വേതനഘടന ശുപാര്‍ശ ചെയ്തത്. ആശുപത്രികളെ കിടക്കകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വിഭാഗമായി തിരിച്ചാണ് ശമ്പളം നിശ്ചയിച്ചത്. എല്ലാ വിഭാഗത്തിനും 8975 രൂപയാണ് അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചത്. അലവന്‍സില്‍ മാത്രമാണ് വ്യത്യാസം. 21 മുതല്‍ 100 വരെ കിടക്കയുള്ള ആശുപത്രികള്‍ അഞ്ച് ശതമാനം, 101 മുതല്‍ 300 വരെ കിടക്ക ഉള്ളവ 12, 301 മുതല്‍ 500 വരെയുള്ളവ 15, 501 മുതല്‍ 800 വരെയുള്ളവ 20, 801ന് മുകളിലുള്ളവ 30 ശതമാനം എന്നിങ്ങനെയാണ് അലവന്‍സ് നല്‍കേണ്ടത്. ആശുപത്രികളെ വിവിധ വിഭാഗങ്ങളായി രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് ഐആര്‍സി തീരുമാനം എടുത്തിരുന്നു. എന്നാല്‍ വിവിധ ചികിത്സാവിഭാഗങ്ങളെ പ്രത്യേകം ആശുപത്രികളാക്കി സര്‍ക്കാരും ആശുപത്രി മാനേജ്മെന്റുകളും ഒത്തുകളിച്ചു. ഇതോടെ സൂപ്പര്‍ സ്പെഷ്യാലിറ്റി, മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ക്കും സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കും ഓരോ ചികിത്സാവിഭാഗത്തെയും പ്രത്യേകം ആശുപത്രിയാക്കാനാണ് അവസരം കിട്ടിയത്. ഫലത്തില്‍ ഇവയ്ക്കും പരമാവധി 15 ശതമാനംവരെ അലവന്‍സ് നല്‍കിയാല്‍ മതിയെന്ന അവസ്ഥയാണ് വന്നുചേര്‍ന്നത്.

കിടക്കകളുടെ എണ്ണത്തിലും സര്‍ക്കാര്‍ ഒത്താശയോടെ തിരിമറി നടത്തി. ജനറല്‍ വാര്‍ഡുകളിലെ മൂന്നു കിടക്ക ഒരെണ്ണമായി കണക്കാക്കുമെന്നാണ് വ്യവസ്ഥ ചെയ്തത്. ഒരു മുറിയില്‍ മറയില്ലാതെ അഞ്ചു കിടക്ക ഇട്ടതിനെയാണ് ജനറല്‍ വാര്‍ഡായി കണക്കാക്കുക. ഈ വ്യവസ്ഥയും വന്‍കിട ആശുപത്രികള്‍ക്ക് ശമ്പളം കുറയ്ക്കാന്‍ സഹായകമാണ്. ജോലിസമയം എട്ടു മണിക്കൂര്‍ വീതമുള്ള മൂന്നു ഷിഫ്റ്റാക്കണമെന്ന നിര്‍ദേശവും പാലിച്ചിട്ടില്ല. നേഴ്സുമാരെ ട്രെയ്നികളായി നിയമിക്കാന്‍ പാടില്ലെന്ന് നേഴ്സിങ് കൗണ്‍സില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്്. എന്നാല്‍ ഇതിനെ മറികടന്ന് ഒരുവര്‍ഷം പരീശീലനം ആകാമെന്ന് മന്ത്രി വി എസ് ശിവകുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതുമൂലം പല സ്വകാര്യ ആശുപത്രിയിലും 90 ശതമാനംവരെ ട്രെയ്നി നേഴ്സുമാര്‍ ജോലി ചെയ്യുന്നുണ്ട്. വ്യാപകമായി നടത്തിയ സമരങ്ങളിലൂടെ കേരളത്തിലെ നേഴ്സുമാര്‍ നേടിയെടുത്ത ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നടത്തുന്ന തിരിമറികളിലൂടെ നഷ്ടപ്പെടുമെന്ന സ്ഥിതിയാണ്.
(അഞ്ജുനാഥ്)

deshabhimani

കൊല്‍ക്കത്തയില്‍ സാമ്രാജ്യത്വവിരുദ്ധ റാലി

ലോക സമാധാനദിനാചരണത്തോടനുബന്ധിച്ച് ഞായറാഴ്ച കൊല്‍ക്കത്തയില്‍ പതിനായിരങ്ങള്‍ അണിനിരന്ന സാമ്രാജ്യത്വവിരുദ്ധ റാലി നടന്നു. സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ജനകീയപ്രസ്ഥാനങ്ങളുമായി കൈകോര്‍ത്ത് പോരാടുമെന്ന് ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റാലി ആഹ്വാനംചെയ്തു.

ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റം തടയാന്‍ പോരാടുമെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യവും സാമ്പത്തിക അധികാരങ്ങളും സാമ്രാജ്യത്വശക്തികള്‍ക്ക് അടിയറവയ്ക്കാനുള്ള നീക്കത്തെ ശക്തിയായി നേരിടുമെന്നും റാലി പ്രഖ്യാപിച്ചു. സിറിയയുടെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്കയും കൂട്ടരും ഇടപെടരുത്, മൂന്നാംലോക രാജ്യങ്ങളില്‍ അമേരിക്കന്‍ അധിനിവേശം അവസാനിപ്പിക്കണം, യുപിഎ സര്‍ക്കാര്‍ അമേരിക്കന്‍ താല്‍പ്പര്യം സംരക്ഷിക്കുന്നത് ഉപേക്ഷിക്കണം, സാമ്രാജ്യത്വ അനുകൂല വിദേശനയം തള്ളണം തുടങ്ങിയ മുദ്രാവാക്യങ്ങളാണ്് റാലിയില്‍ മുഴങ്ങിയത്. മമതസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധനയങ്ങള്‍ക്കും അക്രമരാഷ്ട്രീയത്തിനുമെതിരെയും റാലി താക്കീത് നല്‍കി.

ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസു, പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര, ഇടതുമുന്നണി ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. പ്രകടനത്തിനുശേഷം നടന്ന യോഗത്തില്‍ ബിമന്‍ ബസു അധ്യക്ഷനായി. മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ, സിപിഐ സംസ്ഥാന സെക്രട്ടറി മന്‍ജു മജുംദാര്‍, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ക്ഷിതി ഗോസ്വാമി, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജയന്ത റായ് തുടങ്ങിയ വിവിധ നേതാക്കള്‍ സംസാരിച്ചു. ഉത്തര ബംഗാള്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് സിലിഗുരി നഗരത്തിലും വന്‍ പ്രകടനവും പൊതുയോഗവും നടന്നു.

ഗോപി deshabhimani

Historic Kolkata Peace Rally Protests against US Imperialism

Says No to War on Syria

The city of Kolkata came out on the street in lakhs to protest against all forms imperialist occupation in the world. The city not only has expressed its anger against imperialist upsurge across nations including India but given an alert to all ruling opportunist powers to control neoliberal policies. The city has an experience of organizing such Maha-Rally specially on 1st September to commemorate protest against imperialist occupations. Sometimes it was against Israel-US joint occupation in Palestine and Gaza Strip, sometimes it was against joint military exercise between India and US, sometimes it was against war on Iraq or sometimes it was against promoting ethnic crisis in East European countries.

Kolkata has witnessed another historic rally against all forms imperialist occupation. In particular, the rally was called on protesting certain issues of both global and national interest. The prime issues were:

i) Growing US armed control in South East Pacific Asia;
ii) Growing US intervention in Indian issues;
iii) Growing US imperialist intervention in across nations.

The rally, organized by State Left Front Committee and other Left organizations, started from Rani Rashmoni Avenue toward Deshbandhu Park, Shyambazar, North Kolkata. The rally was formally inaugurated by the Left Front Chairman Biman Basu along with other Left Front leaderships.

In his inaugural speech Biman Basu said that ‘for both external growth of imperialism and internal cooperation in India the peace rally has become very important. US imperialism has decided to attack Syria and planned to aggravate its military surveillance in the whole of Asia. We earlier witnessed that on totally false reason US invaded Iraq and almost demolished its development and sovereignty’.

The peace rally of 1st September was marked after the start of the Second World War when Germany attacked Poland. Since then the peace loving people of the world observe the day of 1st September as Anti-Imperialism day. But now United States continues to establish the similar hegemonic rule over various Asian nations. US and its allies are also in a plan to set up strong military base in Asian soil. The rally therefore has its significance to launch protest against US Militarism and Hegemony, said Biman Basu.

He also sharply criticized Indian Government for rallying with US imperialism for various internal and external issues. On US surveillance over national issues he demanded US an immediate ‘hands off’.

The issues that affect all developing nations nowadays as in terms of imperialist aggression were explained by the leaders and that became the voice of the rally. These were:

i) US, Hands off Syria;
ii) Go back US imperialism from Asia;
iii) Stop US intervention in South Asian countries;
iv) Stop Israeli Occupation in Palestine and Gaza Strip;
v) Stop US imperialist conspiracy against India;
vi) Stop US surveillance on India;
vii) Stop Central Government cooperating US surveillance on national issues;
viii) Stop US surveillance over e-mail and Internet service;
ix) Unite people against growing US intervention;
x) Reform imperialism friendly Foreign Policy;
xi) Save Indian Sovereignty from Imperialism;

The same Anti-Imperialist rally was organized in Silliguri, North Bengal where thousands of people marked their protest against imperialist expansion and occupation in developing nations including India. The rally was led by the Left Front leadership that included Ashok Bhattacharya, Jibesh Sarkar etc.

Along with Kolkata and Silliguri the Anti-Imperialism Day has been observed in different parts of the world, like, in front of White House and Times Square in US; Trafalgar Square in London where people are protesting the US plan to attack Syria.

The Kolkata Maha-Rally was marked with decorated tableaus, posters, festoons, banners roaring against US imperialism and any form of domination over third world nations.

The rally when reached Deshbandhu Park, Shyambazar had its tail at Lenin Sarani at the initial point thus gave a clear message to all associates of imperialist forces to be restrained from organizing imperialist attacks and expansions.

link

നിയമന നിരോധം: സെക്രട്ടറിയറ്റിലെ 10 സെക്ഷനുകള്‍ നിര്‍ത്തുന്നു

നിയമന നിരോധന നടപടികള്‍ക്ക് ആക്കം കൂട്ടി സെക്രട്ടറിയറ്റില്‍ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിലെ 10 സെക്ഷനുകള്‍ ഇല്ലാതാക്കുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ഡയറക്ടറേറ്റുകളുടെയും ഇന്‍സ്പക്ടറേറ്റുകളുടെയും കമീഷണറേറ്റുകളുടെയും ചുമതലയുള്ള പ്രവൃത്തിപഠന സംഘങ്ങളെയാണ് പിരിച്ചുവിടുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റിനെ (ഐഎംജി) ഈ ചുമതല ഏല്‍പ്പിക്കും. ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് പുനര്‍വിന്യസിക്കും. പുതിയ തസ്തികകളും ഓഫീസുകളും സൃഷ്ടിക്കരുതെന്ന ധനവകുപ്പ് ഉത്തരവിനു പിന്നാലെയാണ് സുപ്രധാന വകുപ്പില്‍ത്തന്നെ സര്‍ക്കാര്‍ കൈവയ്ക്കുന്നത്. മറ്റ് വകുപ്പുകളിലേക്കും നടപടി നീങ്ങുന്നതോടെ പുതിയ നിയമനങ്ങള്‍ നിലയ്ക്കും. കാല്‍ലക്ഷം തസ്തികകള്‍ക്ക് ഉടന്‍ കോടാലി വീഴുമെന്ന കാര്യം ദേശാഭിമാനി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

42 ഭരണവകുപ്പുകളിലായി 86 ഡയറക്ടറേറ്റുകളും കമീഷണറേറ്റുകളും ഇന്‍സ്പക്ടറേറ്റുകളുമാണ് ഉദ്യേഗസ്ഥ ഭരണപരിഷ്കാര വകുപ്പിനുള്ളത്. വകുപ്പില്‍ 15 പ്രവൃത്തിപഠന സംഘങ്ങളുള്ളതില്‍ അഞ്ചെണ്ണം നിലനിര്‍ത്തിയാല്‍ മതിയെന്നാണ് തീരുമാനം. ഇത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ താളം തെറ്റിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. 1955ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി, സയന്റഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ചട്ടപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഐഎംജിക്ക് ഔദ്യോഗിക അധികാരങ്ങളൊന്നുമില്ല. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന ചുമതല ഐഎംജിക്കാണ്. പ്രവൃത്തിപഠന സംഘങ്ങളുടെ ജോലികൂടി അവരെ ഏല്‍പ്പിക്കുന്നത് അശാസ്ത്രീയമാണെന്നും ഭാവിയില്‍ ഈ ചുമതലകള്‍ പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കപ്പെടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്രത്തില്‍ പ്രവൃത്തിപഠന സംഘങ്ങള്‍ തുടരുമ്പോഴാണ് സംസ്ഥാനത്തിന്റെ തലതിരിഞ്ഞ സമീപനം. പ്രവൃത്തിപഠന സംഘങ്ങള്‍ പിരിച്ചുവിടാനുള്ള നീക്കത്തിന് തുടക്കമിട്ടത് കഴിഞ്ഞ ഡിസംബറിലാണ്. പുതിയ തസ്തികകളും ഓഫീസുകളും സൃഷ്ടിക്കരുതെന്ന ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് പുറത്തുവന്നതോടെ നീക്കം സജീവമായി. സംഘടനകളുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജപ്പെട്ടതോടെയാണ് പിരിച്ചുവിടല്‍ ഉറപ്പായത്.

ആര്‍ സാംബന്‍ deshabhimani

സുര്‍ജിത് സ്മാരക ഫണ്ട് വിജയിപ്പിക്കുക: സിപിഐ എം

ജീവിതം മുഴുവന്‍ ജനങ്ങള്‍ക്കുവേണ്ടി പോരാടിയ സ. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ സ്മരണാര്‍ഥം ഡല്‍ഹിയില്‍ നിര്‍മിക്കുന്ന സ്മാരകത്തിനായി 8, 9 തീയതികളില്‍ കേരളത്തില്‍ നടക്കുന്ന ഫണ്ട് പിരിവ് വിജയിപ്പിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. രാഷ്ട്രീയ പഠനകേന്ദ്രം എന്ന നിലയില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തിലുള്ള സ്മാരകമാണ് നിര്‍മിക്കുന്നത്. ധനമൂലധനശക്തികള്‍ ജനവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഇന്നത്തെ കാലത്ത് അതിനെതിരെയുള്ള പ്രതിരോധസ്തംഭമാകുന്ന സ്മാരകം ജനകീയ രാഷ്ട്രീയത്തിന്റെ പ്രചോദനകേന്ദ്രമാകും.

ഭഗത്സിങ്ങിന്റെ രാഷ്ട്രീയാശയങ്ങളില്‍ ആകര്‍ഷിക്കപ്പെട്ട് പൊതുരംഗത്തിറങ്ങിയ സുര്‍ജിത്തിന്റെ ജീവിതം ത്യാഗനിര്‍ഭരവും സമരതീക്ഷ്ണവുമായിരുന്നു. വിദ്യാര്‍ഥിയായിരിക്കെ 16-ാം വയസ്സില്‍ സ്വാതന്ത്ര്യസമരഭടനായി ഹോഷിയാര്‍പുരിലെ കോടതി കെട്ടിടത്തിനു മുകളിലെ ബ്രിട്ടീഷ് പതാക യൂണിയന്‍ ജാക്ക് വലിച്ചുകീറി ദേശീയപതാകയുയര്‍ത്തിയ ധീര പോരാളിയായ സുര്‍ജിത് അന്നത്തെ അതേ ധീരതയും രാജ്യസ്നേഹവും ജീവിതത്തിലുടനീളം ഉയര്‍ത്തിപ്പിടിച്ച ഉജ്വല വിപ്ലവകാരിയായിരുന്നു.

1940-41 കാലത്ത് ബ്രിട്ടീഷുകാര്‍ കമ്യൂണിസ്റ്റ് വേട്ട നടത്തിയപ്പോള്‍ സുര്‍ജിത്തിനെ അറസ്റ്റ് ചെയ്ത് ആഴമുള്ള ഇടുങ്ങിയ ഒരു നിലവറയില്‍ അടച്ചു. വെളിച്ചത്തിന്റെ കണികപോലും എത്താത്ത കാരാഗൃഹവാസത്തിനിടയില്‍ കണ്ണിന്റെ കാഴ്ചയ്ക്ക് മങ്ങലേറ്റു. പത്തുവര്‍ഷം ജയിലറകള്‍ക്കുള്ളിലായിരുന്ന സഖാവ് എട്ടുവര്‍ഷം ഒളിവുജീവിതവും നയിച്ചു. തീക്ഷ്ണമായ അനുഭവങ്ങളിലൂടെ ഉയര്‍ന്ന് കിസാന്‍സഭയുടെ സ്ഥാപകനേതാവായി. വലതുപക്ഷ വ്യതിയാനത്തിനെതിരെ വിപ്ലവകരമായ ചുമതലകള്‍ നിര്‍വഹിച്ച് സിപിഐ എമ്മിനെ ബഹുജന വിപ്ലവപ്പാര്‍ടിയാക്കി വളര്‍ത്തിയെടുത്തു. കേന്ദ്രകമ്മിറ്റിയംഗമായും പിബി അംഗമായും ജനറല്‍സെക്രട്ടറിയായും പാര്‍ടിയെ നയിച്ചു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സാര്‍വദേശീയതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനും ലോകത്തെ മറ്റു കമ്യൂണിസ്റ്റ് പാര്‍ടികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനും സുര്‍ജിത് നേതൃത്വം നല്‍കി. സിപിഐ എം രൂപം കൊടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സുര്‍ജിത് ഒട്ടേറെ രാഷ്ട്രീയ പ്രതിസന്ധിയെ ധീരമായി നേരിട്ട് പാര്‍ടിക്ക് ഇന്ത്യന്‍രാഷ്ട്രീയത്തില്‍ സുപ്രധാനസ്ഥാനം നേടിക്കൊടുക്കാന്‍ നിര്‍ണായക പങ്കുവഹിച്ചു.

ജനതയെ ആകമാനം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച സുര്‍ജിത്തിന്റെ ഓര്‍മ ജ്വലിപ്പിക്കുന്നവിധം നിര്‍മിക്കുന്ന സ്മാരകത്തിന് കൈയയച്ച് സംഭാവനചെയ്യണമെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

deshabhimani

ഉമ്മന്‍ചാണ്ടി കുളിച്ചാല്‍ ചന്ദ്രശേഖരന്‍ നായരാകുമോ!

'ആളുവില കല്ലുവില' എന്നാണല്ലോ ചൊല്ല്. വി കെ കൃഷ്ണമേനോന്‍ ഐക്യരാഷ്ട്രസഭയുടെ മുമ്പാകെ ഏഴരമണിക്കൂര്‍ പ്രസംഗിച്ചാല്‍ എങ്ങനിരിക്കും. ആ റിക്കാര്‍ഡുഭേദിക്കാന്‍ എ കെ ആന്റണിയെ പറഞ്ഞയച്ചാലോ! ഐക്യരാഷ്ട്രസഭയാകെ ആ പ്രസംഗം കേട്ട് ചിരിച്ചു തലയറയും. ഇന്നസെന്റ് ഒരു സിനിമയില്‍ തിലകന്റെ പൂമുഖത്തെത്തി 'നിന്നെക്കൊണ്ടു ഞാന്‍ ഖ, ങ, ഛ, ക്ഷ, ണ്ണ എന്ന് മൂക്കുകൊണ്ടെഴുതിക്കുമെടാ പട്ടീ' എന്നു പറഞ്ഞിട്ട് തിലകന്‍ എണീക്കുന്നതോടെ പ്രാണരക്ഷാര്‍ഥം കാടുവാരുന്ന രംഗം പോലെയായിരിക്കും ആന്റണിയുടെ പാടവം.

ആന പിണ്ഡമിടുന്നതുകണ്ട് അതുപോലെയാകണമെന്ന് ആടിനു തോന്നിപ്പോയാലോ. പരമകഷ്ടമായിരിക്കും. സോളാര്‍ തട്ടിപ്പ് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കും എന്ന് മുഖ്യമന്ത്രി മൊഴിഞ്ഞപ്പോഴാണ് പഴയ ചൊല്ലുകള്‍ ഓര്‍ത്തുപോയത്. കോടതിയോടായാലും പറയേണ്ടവന്‍ പറയേണ്ടതുപോലെ പറഞ്ഞാല്‍ കോടതിക്കു കാര്യം നന്നേ ബോധ്യമാവും. കല്ലുവാതുക്കല്‍ മദ്യദുരന്തം നടന്നകാലം. ലാളിത്യബിംബമായ സി പി ഐ നേതാവ് ഇ ചന്ദ്രശേഖരന്‍ നായരായിരുന്നു അന്ന് നിയമമന്ത്രി.

മദ്യദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സിറ്റിംഗ് ജസ്റ്റിസിനെ വിട്ടുതരണമെന്ന് അദ്ദേഹം ഹൈക്കോടതിയോട് അപേക്ഷിച്ചു. വല്ലാത്ത ബുദ്ധിമുട്ടാണെന്നും ന്യായാധിപക്ഷാമം കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണെന്നും കോടതി അറിയിച്ചു. മന്ത്രി ചന്ദ്രശേഖരന്‍ നായര്‍ ചീഫ് ജസ്റ്റിസ് കെ കെ ഉഷയെ നേരിട്ടു കണ്ട് ചര്‍ച്ചകള്‍ നടത്തി. ജസ്റ്റിസുമാരുടെ ക്ഷാമം മന്ത്രിക്കും ബോധ്യപ്പെട്ടു. ഒടുവില്‍ ഇരുവരും ചേര്‍ന്ന് ഒരു മാര്‍ഗം കണ്ടെത്തി. അയലത്തെ കര്‍ണാടകയില്‍ ന്യായാധിപക്ഷാമംരൂക്ഷമല്ല. അവിടെനിന്നും മലയാളിയായ ജസ്റ്റിസ് മോഹന്‍ കുമാറിനെ വിട്ടുകിട്ടും. മന്ത്രി ചന്ദ്രശേഖരന്‍ നായര്‍ നേരിട്ട് ചീഫ് ജസ്റ്റിസിനെകണ്ട് സംസാരിച്ചാല്‍ സംഗതി ഉറപ്പെന്ന് ചീഫ് ജസ്റ്റിസ് ഉഷ ഉപദേശിച്ചു.

കേരളാ ഹൈക്കോടതിയിലെ ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ കയ്യോടെ കൈക്കൊണ്ടശേഷം ചന്ദ്രശേഖരന്‍ നായര്‍ നേരേ ബംഗളൂരുവിലേക്ക് വണ്ടികയറി. കര്‍ണാടക ചീഫ്ജസ്റ്റിസിനെ കണ്ട് ആവശ്യം അറിയിച്ചു. മന്ത്രി ചന്ദ്രശേഖരന്‍ നായരുടെ 'കണ്‍വിന്‍സിംഗ്' ആയ സംഭാഷണവും നിയമപാണ്ഡിത്യവും കേട്ട ചീഫ് ജസ്റ്റിസ് അന്നുതന്നെ മോഹന്‍കുമാറിനെ കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ് അന്വേഷണ കമ്മിഷനായി വിട്ടുകൊടുക്കാന്‍ ഉത്തരവായി.

സോളാര്‍ കുംഭകോണം അന്വേഷിക്കാന്‍ ഒരു സിറ്റിംഗ് ജഡ്ജിയെ വിട്ടുതരണമെന്ന് ഉമ്മന്‍ചാണ്ടി കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുളാ ചെല്ലൂരിനു കത്തെഴുതി. ജസ്റ്റിസ് കെ കെ ഉഷയെപോലെ അവരും വനിതാ ചീഫ് ജസ്റ്റിസ്, ഒന്നര ലക്ഷം കേസുകെട്ടുകളുടെ മലമുകളിലിരിക്കുന്ന ഹൈക്കോടതി ഉമ്മന്‍ചാണ്ടിക്കു മറുപടി നല്‍കി. മേലാല്‍ ഈ ആവശ്യവുമായി ഹൈക്കോടതിയുടെ ഏരിയയിലെങ്ങാനും കണ്ടാല്‍ തട്ടി അകത്താക്കിക്കളയുമെന്ന്! കോടതി ഒന്നുകൂടി മനസില്‍ പറഞ്ഞുവത്രേ; ഉമ്മന്‍ചാണ്ടി കുളിച്ചാല്‍ ചന്ദ്രശേഖരന്‍ നായരാകുമോ എന്ന്!

കാക്കകുളിച്ചാല്‍ കൊക്കാകില്ല എന്ന് ഇത്തരുണത്തില്‍ പറയാമെങ്കിലും 'സിറ്റിംഗ്' ജഡ്ജിയെക്കൊണ്ടുതന്നെ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന ഉമ്മന്‍ചാണ്ടിയുടെ വാശി ഇതാ, നടക്കാന്‍ പോകുന്നു! 'സിറ്റിംഗ് ജഡ്ജി' എന്നാല്‍ 'ഇരിക്കുന്ന ജഡ്ജി'യെന്നാണ് അര്‍ഥമെന്ന് പന്ന്യനും പിണറായിക്കും ചന്ദ്രചൂഡനും അറിയാതെ പോയതിന് ഉമ്മന്‍ചാണ്ടിയെ പഴിച്ചാലോ. തൊണ്ണൂറും നൂറുമായി കട്ടപ്പുറത്ത് ഇരിക്കുന്ന എത്രയോ അടുത്തൂണ്‍പറ്റിയ 'സിറ്റിംഗ് ജഡ്ജിമാര്‍' കേരളത്തിലുണ്ടെന്ന കാര്യം ഇവര്‍ക്കറിയുമോ!

ആരെങ്കിലും എടുത്തിരുത്തിയാല്‍ ഒരിടത്ത് ഇരുന്നുകൊള്ളും. ഇത്തരക്കാരെ 'ഇരിപ്പില്‍ തിട്ടമായവന്‍' എന്നാണ് പഴമലയാളത്തില്‍ പറയുക. ഒരേയിരിപ്പില്‍ നിന്നു മാറ്റിയിരുത്തണമെങ്കില്‍ രണ്ടുചുമട്ടു തൊഴിലാളികളെത്തണം. അവിടെയും അതേ ഇരിപ്പായിരിക്കും. ഇവരെയാണ് 'സിറ്റിംഗ് ജഡ്ജി'മാര്‍ എന്നു പറയുക! ഇവരിലൊരാളെ കട്ടപ്പുറത്ത് നിന്ന് ചുമന്ന് അന്വേഷണ കമ്മിഷന്റെ കസേരയില്‍ വാഴിച്ചിരുത്തിയാല്‍ ലക്ഷണമൊത്ത 'സിറ്റിംഗ് ജഡ്ജി'യാകും. പന്ന്യനും പിണറായിക്കും ചന്ദ്രചൂഡനും ഈ ജഡ്ജി 'സിറ്റിംഗ് ജഡ്ജി' അല്ലെന്നു പറയാനാവുമോ എന്ന് ഉമ്മന്‍ചാണ്ടി വെല്ലുവിളിക്കുന്നു!

ഇത്തരമൊരു 'ഇരിപ്പന്‍ ജഡ്ജി'യെ പണ്ട് ഒരുവെടിവെയ്പു കേസില്‍ അന്വേഷണ കമ്മിഷനായി നിയമിച്ച കാര്യം ദേവികയ്ക്ക് ഓര്‍മയുണ്ട്. പ്രായം തൊണ്ണൂറിനടുത്ത്. കാഴ്ചശക്തി കമ്മി, കേള്‍വിക്കുറവാണെങ്കില്‍ അതിലേറെ പരിതാപകരം. കമ്മിഷന്റെ കസേരയില്‍ നിന്നും എടുത്ത് കാറില്‍ കയറ്റിയാലും സിറ്റിംഗ്! വെടിവെയ്പ് കഴിഞ്ഞ് അഞ്ചാറുമാസം കഴിഞ്ഞ് 'സിറ്റിംഗ് ജഡ്ജി' വെടിവയ്പു നടന്ന സ്ഥലത്തെത്തുന്നു. വഴിനീളെ കമ്മിഷനു മൂത്രമൊഴിക്കണം. കമ്മിഷന്‍ പരിവാരങ്ങള്‍ ചുമന്നു റോഡില്‍ കൊണ്ടുവന്ന് ഇരുത്തും. മൂത്രമൊഴിക്കലും സിറ്റിംഗ് ആയിത്തന്നെ!
സംഭവസ്ഥലത്തെത്തിയ 'സിറ്റിംഗ് ജഡ്ജി' കാഴ്ചനശിച്ച കണ്ണുകള്‍ വട്ടം പിടിച്ചു. ഒന്നും കാണാന്‍ വയ്യ, സര്‍വത്ര പുകപടലം, 'ഓണറബിള്‍ സിറ്റിംഗ്' പരിവാരങ്ങളോടു ചോദിച്ചു, 'ആകെ പുകമയമാണല്ലോ. ഇന്നും വെടിവെയ്പുണ്ടായോ?' ഇല്ലസര്‍, എന്നു പരിവാരങ്ങളുടെ മറുപടി. പക്ഷേ ഈ പുകയോ എന്ന് ന്യായാധിപന്റെ ന്യായമായ ചോദ്യം! പരിവാരങ്ങള്‍ വായ്‌പൊത്തി ചിരിയടക്കി. ഉടന്‍തന്നെ തിരിച്ചു വണ്ടിയിലേക്ക് ചുമന്നെഴുന്നള്ളത്ത്!

മാസങ്ങള്‍ കഴിഞ്ഞ് സിറ്റിംഗ് ജഡ്ജിയുടെ അന്വേഷണ റിപ്പോര്‍ട്ടുവന്നു. ഇതിനിടെ 'സിറ്റിംഗ് ജഡ്ജി'ക്ക് ചെല്ലും ചെലവും ചെല്ലവും മുറുക്കാനുമടക്കം ഖജനാവില്‍ നിന്ന് തുലഞ്ഞതു കോടികള്‍.
വെടിവെയ്പു നിലയ്ക്കാത്തതിനാല്‍ സംഭവസ്ഥലത്ത് ഉയര്‍ന്ന പുകച്ചുരുളുകള്‍ മൂലം ഒന്നും കാണാന്‍ കഴിഞ്ഞില്ല എന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്! സോളാര്‍ കേസന്വേഷണത്തിലെ കട്ടപ്പുറത്തെ 'ഇരിപ്പന്‍ ജഡ്ജി'യും എവിടെയോ എണ്ണയും കുഴമ്പുമിട്ട് എണ്ണത്തോണിയില്‍ ഇരിപ്പുണ്ട്. ചാര്‍ജെടുത്താല്‍ ദിവംഗതനാകുന്നതിനു മുമ്പ് ഒരു റിപ്പോര്‍ട്ടും വരും. ഏതു സരിത, ഏതു ശാലു, എവിടത്തെ ബിജു എന്നീ ചോദ്യങ്ങള്‍ അതിലുണ്ടാവുമെന്ന ഊഹവും പരക്കുന്നു.നിര്‍ദിഷ്ട അന്വേഷണ കമ്മിഷന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ കയറ്റുമെന്നും ഉറപ്പ്! സരിത, ശാലു എന്നിങ്ങനെ രണ്ടു പയ്യന്മാരെ പെണ്ണുങ്ങളായി ആള്‍മാറാട്ടം നടത്തി കമ്മിഷന്‍ മുമ്പാകെ ഹാജരാക്കിയതിന് സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിക്കുമെന്നും തീര്‍ച്ച. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അവസാന പേജില്‍ കോര്‍പറേറ്റ് പരസ്യങ്ങളില്‍ കാണുന്നതുപോലെ ഭൂതക്കണ്ണാടി വെച്ചുമാത്രം കാണാവുന്ന നക്ഷത്ര ചിഹ്നമിട്ട ഒരു വാചകമുണ്ടാകും; 'കമ്മിഷനു കാഴ്ചശക്തിയും കേള്‍വിക്കുറവുമുള്ളതിനാല്‍ അന്വേഷണ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ക്കും ശുപാര്‍ശകള്‍ക്കും നിയമസാധുത ഉണ്ടായിരിക്കുന്നതല്ല' എന്ന്. 'സിറ്റിംഗ് ജഡ്ജി'യുടെ കാര്യം ഉമ്മന്‍ചാണ്ടിക്കല്ലേ അറിയൂ.

പന്ന്യനും പിണറായിക്കും 'സിറ്റിംഗി'ന്റെ ഒറിജിനല്‍ അര്‍ഥമറിയാത്തതിന് താനെന്തുവേണം എന്ന് പുതുപ്പള്ളി പുഷ്യരാഗം ചോദിച്ചാല്‍ ഉത്തരം മുട്ടുകയേയുള്ളൂ!

ദേവിക janayugom