Monday, September 2, 2013

നിയമന നിരോധം: സെക്രട്ടറിയറ്റിലെ 10 സെക്ഷനുകള്‍ നിര്‍ത്തുന്നു

നിയമന നിരോധന നടപടികള്‍ക്ക് ആക്കം കൂട്ടി സെക്രട്ടറിയറ്റില്‍ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിലെ 10 സെക്ഷനുകള്‍ ഇല്ലാതാക്കുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ഡയറക്ടറേറ്റുകളുടെയും ഇന്‍സ്പക്ടറേറ്റുകളുടെയും കമീഷണറേറ്റുകളുടെയും ചുമതലയുള്ള പ്രവൃത്തിപഠന സംഘങ്ങളെയാണ് പിരിച്ചുവിടുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റിനെ (ഐഎംജി) ഈ ചുമതല ഏല്‍പ്പിക്കും. ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് പുനര്‍വിന്യസിക്കും. പുതിയ തസ്തികകളും ഓഫീസുകളും സൃഷ്ടിക്കരുതെന്ന ധനവകുപ്പ് ഉത്തരവിനു പിന്നാലെയാണ് സുപ്രധാന വകുപ്പില്‍ത്തന്നെ സര്‍ക്കാര്‍ കൈവയ്ക്കുന്നത്. മറ്റ് വകുപ്പുകളിലേക്കും നടപടി നീങ്ങുന്നതോടെ പുതിയ നിയമനങ്ങള്‍ നിലയ്ക്കും. കാല്‍ലക്ഷം തസ്തികകള്‍ക്ക് ഉടന്‍ കോടാലി വീഴുമെന്ന കാര്യം ദേശാഭിമാനി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

42 ഭരണവകുപ്പുകളിലായി 86 ഡയറക്ടറേറ്റുകളും കമീഷണറേറ്റുകളും ഇന്‍സ്പക്ടറേറ്റുകളുമാണ് ഉദ്യേഗസ്ഥ ഭരണപരിഷ്കാര വകുപ്പിനുള്ളത്. വകുപ്പില്‍ 15 പ്രവൃത്തിപഠന സംഘങ്ങളുള്ളതില്‍ അഞ്ചെണ്ണം നിലനിര്‍ത്തിയാല്‍ മതിയെന്നാണ് തീരുമാനം. ഇത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ താളം തെറ്റിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. 1955ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി, സയന്റഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ചട്ടപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഐഎംജിക്ക് ഔദ്യോഗിക അധികാരങ്ങളൊന്നുമില്ല. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന ചുമതല ഐഎംജിക്കാണ്. പ്രവൃത്തിപഠന സംഘങ്ങളുടെ ജോലികൂടി അവരെ ഏല്‍പ്പിക്കുന്നത് അശാസ്ത്രീയമാണെന്നും ഭാവിയില്‍ ഈ ചുമതലകള്‍ പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കപ്പെടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്രത്തില്‍ പ്രവൃത്തിപഠന സംഘങ്ങള്‍ തുടരുമ്പോഴാണ് സംസ്ഥാനത്തിന്റെ തലതിരിഞ്ഞ സമീപനം. പ്രവൃത്തിപഠന സംഘങ്ങള്‍ പിരിച്ചുവിടാനുള്ള നീക്കത്തിന് തുടക്കമിട്ടത് കഴിഞ്ഞ ഡിസംബറിലാണ്. പുതിയ തസ്തികകളും ഓഫീസുകളും സൃഷ്ടിക്കരുതെന്ന ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് പുറത്തുവന്നതോടെ നീക്കം സജീവമായി. സംഘടനകളുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജപ്പെട്ടതോടെയാണ് പിരിച്ചുവിടല്‍ ഉറപ്പായത്.

ആര്‍ സാംബന്‍ deshabhimani

No comments:

Post a Comment