Monday, September 2, 2013

സൗജന്യ യൂണിഫോറം: 16 ലക്ഷം കുട്ടികളെ പദ്ധതിയില്‍നിന്ന് ഒഴിവാക്കുന്നു

സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സൗജന്യ യൂണിഫോറം വിതരണപദ്ധതിയില്‍നിന്ന് 16 ലക്ഷം കുട്ടികളെ ഒഴിവാക്കുന്നത് സാമൂഹ്യ വേര്‍തിരിവുകള്‍ രൂക്ഷമാക്കും. ഒന്നു മുതല്‍ എട്ടുവരെയുള്ള പെണ്‍കുട്ടികള്‍ക്കും അതേ ക്ലാസിലെ ബിപിഎല്‍ കുടുംബങ്ങളില്‍നിന്നുള്ള ആണ്‍കുട്ടികള്‍ക്കും മാത്രമായി യൂണിഫോറം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇതേ ക്ലാസുകളിലെ പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികളെപ്പറ്റി പരാമര്‍ശം ഇല്ലെങ്കിലും അവരെ ബിപിഎല്‍ ആയി കണക്കാക്കാന്‍ സാധ്യതയുണ്ടെന്ന് ആശ്വസിക്കാം. 2695 ഹൈസ്കൂളുകളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന നാലരലക്ഷം കുട്ടികളില്‍ ഒരു ലക്ഷത്തിലധികം കുട്ടികള്‍ ബിപിഎല്‍ എന്ന തരത്തില്‍ യൂണിഫോം പദ്ധതിയില്‍ നിന്നൊഴിവാക്കപ്പെടും. 2769 യുപി സ്കൂളുകളിലെ 12 ലക്ഷം കുട്ടികളില്‍ മൂന്നു ലക്ഷവും 6507 എല്‍പി സ്കൂളുകളില്‍ പഠിക്കുന്ന 11 ലക്ഷത്തോളം കുട്ടികളില്‍ രണ്ടു ലക്ഷം പേരും ഇത്തരത്തില്‍ ഒഴിവാക്കപ്പെടും. ഒമ്പത്, 10 ക്ലാസുകളിലെ പത്തുലക്ഷം കുട്ടികള്‍ പദ്ധതിക്ക് പുറത്താണ്.

സ്കൂളുകളില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന തുണികള്‍ കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കി നേരിട്ട് വാങ്ങുന്നതിനാല്‍ പൊതുവിപണിയില്‍ ലഭ്യമാകുകയുമില്ല. ഒഴിവാക്കപ്പെടുന്ന കുട്ടികള്‍ സ്വാഭാവികമായും മറ്റ് ഉയര്‍ന്നതരം തുണികളിലേക്ക് തിരിയും. ഇവര്‍ ഉയര്‍ന്ന നിലവാരത്തിലുള്ള തുണി ഉപയോഗിച്ച് പാന്റ്സും ചുരിദാറും ഓവര്‍ക്കോട്ടുമൊക്കെയായി വിലസുമ്പോള്‍ പാവപ്പെട്ട കുട്ടികള്‍ സര്‍ക്കാര്‍ നല്‍കുന്ന പരിമിതമായ അളവിലുള്ള തുണി ഉപയോഗിച്ച് നിക്കറും അരപ്പാവാടയുമായി പിന്നോക്കം പോവുകയും ചെയ്യും. ഇത് കുട്ടികളില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കുമെന്ന് രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു.

പൊതുവിദ്യാലയങ്ങള്‍ അതത് സ്ഥാപനങ്ങളുടെ താല്‍പര്യത്തിനനുസരിച്ച യൂണിഫോമുകളാണ് ആദ്യകാലം മുതല്‍ തെരഞ്ഞെടുത്തിരുന്നത്. കാക്കി, വെള്ള, പച്ച തുടങ്ങിയ ആദ്യകാല നിറങ്ങള്‍ പില്‍ക്കാലത്ത് വ്യത്യസ്ത നിറങ്ങള്‍ക്കും ചെക്കിനും വഴിമാറി. നിക്കറിനും അരപ്പാവടയ്ക്കും പകരം പാന്റ്സും ചുരിദാറും ഓവര്‍ക്കോട്ടുമൊക്കെ സ്ഥാനംപിടിച്ചു. പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളിലും വലിയ മാറ്റംവന്നു. വിദ്യാലയങ്ങള്‍ സ്വന്തം നിലയില്‍ നടപ്പാക്കിയിരുന്ന യൂണിഫോം പദ്ധതി കഴിഞ്ഞവര്‍ഷമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. കുട്ടിയൊന്നിന് 400 രൂപ വീതം പ്രഥമാധ്യാപകര്‍ക്ക് നല്‍കി അവര്‍ മുഖാന്തരമാണ് പദ്ധതി നടപ്പാക്കിയത്. ഈ തുകയോടൊപ്പം പിടിഎ ഫണ്ടും ഉപയോഗിച്ച് രണ്ടു ജോഡി തുണി വീതം എല്ലാ കുട്ടികള്‍ക്കും നല്‍കുകയാണ് ചെയ്തത്. എന്നാല്‍, 22 ലക്ഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നേരിട്ട് യൂണിഫോം നല്‍കുന്ന തരത്തിലാണ് ഈ വര്‍ഷം പദ്ധതി തയ്യാറാക്കിയത്. പദ്ധതിക്ക് പിന്നില്‍ കോടികളുടെ അഴിമതി സാധ്യതാ ആരോപണവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. നല്ലൊരു പങ്ക് വിദ്യാര്‍ഥികളെ ഒഴിവാക്കി നടപ്പാക്കുന്ന യൂണിഫോറം വിതരണ പദ്ധതി ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് അധ്യാപകരുടെ മറ്റൊരു പരാതി. ഇതോടൊപ്പം കഴിഞ്ഞ വര്‍ഷത്തേതു പോലെ പ്രഥമാധ്യാപകരിലൂടെ പദ്ധതി നടപ്പാക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്.
(ജോര്‍ജ് വര്‍ഗീസ്)

deshabhimani

No comments:

Post a Comment