Monday, September 2, 2013

നേഴ്സുമാരുടെ മിനിമം വേതനഘടന അട്ടിമറിക്കാന്‍ സര്‍ക്കാരിന്റെ ഒത്താശ

സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ക്കായി വ്യവസായ അനുബന്ധ സമിതി (ഐആര്‍സി) തീരുമാനിച്ച പുതുക്കിയ മിനിമം വേതനഘടന അട്ടിമറിക്കാന്‍ സര്‍ക്കാരിന്റെതന്നെ ഒത്താശ. വേതനഘടന പുതുക്കിയതുസംബന്ധിച്ച വിശദ വിവരങ്ങള്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഇതുമൂലം നേഴ്സുമാര്‍ പരാതിപ്പെട്ടാല്‍പോലും ഐആര്‍സി തീരുമാനങ്ങള്‍ ആശുപത്രി മാനേജ്മെന്റ് നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ലേബര്‍ ഓഫീസര്‍മാര്‍ക്ക് കഴിയില്ല. അവകാശങ്ങള്‍ നിഷേധിക്കാനും ഇതേത്തുടര്‍ന്ന് നേഴ്സിങ്മേഖലയില്‍ വന്‍ പ്രക്ഷോഭം ഉണ്ടാകാനും സാധ്യത ഒരുക്കുന്നതാണ് സര്‍ക്കാര്‍ നടപടി.

ഏപ്രിലില്‍ ചേര്‍ന്ന ഐആര്‍സിയാണ് പുതുക്കിയ മിനിമം വേതനഘടന ശുപാര്‍ശ ചെയ്തത്. ആശുപത്രികളെ കിടക്കകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വിഭാഗമായി തിരിച്ചാണ് ശമ്പളം നിശ്ചയിച്ചത്. എല്ലാ വിഭാഗത്തിനും 8975 രൂപയാണ് അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചത്. അലവന്‍സില്‍ മാത്രമാണ് വ്യത്യാസം. 21 മുതല്‍ 100 വരെ കിടക്കയുള്ള ആശുപത്രികള്‍ അഞ്ച് ശതമാനം, 101 മുതല്‍ 300 വരെ കിടക്ക ഉള്ളവ 12, 301 മുതല്‍ 500 വരെയുള്ളവ 15, 501 മുതല്‍ 800 വരെയുള്ളവ 20, 801ന് മുകളിലുള്ളവ 30 ശതമാനം എന്നിങ്ങനെയാണ് അലവന്‍സ് നല്‍കേണ്ടത്. ആശുപത്രികളെ വിവിധ വിഭാഗങ്ങളായി രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് ഐആര്‍സി തീരുമാനം എടുത്തിരുന്നു. എന്നാല്‍ വിവിധ ചികിത്സാവിഭാഗങ്ങളെ പ്രത്യേകം ആശുപത്രികളാക്കി സര്‍ക്കാരും ആശുപത്രി മാനേജ്മെന്റുകളും ഒത്തുകളിച്ചു. ഇതോടെ സൂപ്പര്‍ സ്പെഷ്യാലിറ്റി, മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ക്കും സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കും ഓരോ ചികിത്സാവിഭാഗത്തെയും പ്രത്യേകം ആശുപത്രിയാക്കാനാണ് അവസരം കിട്ടിയത്. ഫലത്തില്‍ ഇവയ്ക്കും പരമാവധി 15 ശതമാനംവരെ അലവന്‍സ് നല്‍കിയാല്‍ മതിയെന്ന അവസ്ഥയാണ് വന്നുചേര്‍ന്നത്.

കിടക്കകളുടെ എണ്ണത്തിലും സര്‍ക്കാര്‍ ഒത്താശയോടെ തിരിമറി നടത്തി. ജനറല്‍ വാര്‍ഡുകളിലെ മൂന്നു കിടക്ക ഒരെണ്ണമായി കണക്കാക്കുമെന്നാണ് വ്യവസ്ഥ ചെയ്തത്. ഒരു മുറിയില്‍ മറയില്ലാതെ അഞ്ചു കിടക്ക ഇട്ടതിനെയാണ് ജനറല്‍ വാര്‍ഡായി കണക്കാക്കുക. ഈ വ്യവസ്ഥയും വന്‍കിട ആശുപത്രികള്‍ക്ക് ശമ്പളം കുറയ്ക്കാന്‍ സഹായകമാണ്. ജോലിസമയം എട്ടു മണിക്കൂര്‍ വീതമുള്ള മൂന്നു ഷിഫ്റ്റാക്കണമെന്ന നിര്‍ദേശവും പാലിച്ചിട്ടില്ല. നേഴ്സുമാരെ ട്രെയ്നികളായി നിയമിക്കാന്‍ പാടില്ലെന്ന് നേഴ്സിങ് കൗണ്‍സില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്്. എന്നാല്‍ ഇതിനെ മറികടന്ന് ഒരുവര്‍ഷം പരീശീലനം ആകാമെന്ന് മന്ത്രി വി എസ് ശിവകുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതുമൂലം പല സ്വകാര്യ ആശുപത്രിയിലും 90 ശതമാനംവരെ ട്രെയ്നി നേഴ്സുമാര്‍ ജോലി ചെയ്യുന്നുണ്ട്. വ്യാപകമായി നടത്തിയ സമരങ്ങളിലൂടെ കേരളത്തിലെ നേഴ്സുമാര്‍ നേടിയെടുത്ത ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നടത്തുന്ന തിരിമറികളിലൂടെ നഷ്ടപ്പെടുമെന്ന സ്ഥിതിയാണ്.
(അഞ്ജുനാഥ്)

deshabhimani

No comments:

Post a Comment