'ആളുവില കല്ലുവില' എന്നാണല്ലോ ചൊല്ല്. വി കെ കൃഷ്ണമേനോന്‍ ഐക്യരാഷ്ട്രസഭയുടെ മുമ്പാകെ ഏഴരമണിക്കൂര്‍ പ്രസംഗിച്ചാല്‍ എങ്ങനിരിക്കും. ആ റിക്കാര്‍ഡുഭേദിക്കാന്‍ എ കെ ആന്റണിയെ പറഞ്ഞയച്ചാലോ! ഐക്യരാഷ്ട്രസഭയാകെ ആ പ്രസംഗം കേട്ട് ചിരിച്ചു തലയറയും. ഇന്നസെന്റ് ഒരു സിനിമയില്‍ തിലകന്റെ പൂമുഖത്തെത്തി 'നിന്നെക്കൊണ്ടു ഞാന്‍ ഖ, ങ, ഛ, ക്ഷ, ണ്ണ എന്ന് മൂക്കുകൊണ്ടെഴുതിക്കുമെടാ പട്ടീ' എന്നു പറഞ്ഞിട്ട് തിലകന്‍ എണീക്കുന്നതോടെ പ്രാണരക്ഷാര്‍ഥം കാടുവാരുന്ന രംഗം പോലെയായിരിക്കും ആന്റണിയുടെ പാടവം.
ആന പിണ്ഡമിടുന്നതുകണ്ട് അതുപോലെയാകണമെന്ന് ആടിനു തോന്നിപ്പോയാലോ. പരമകഷ്ടമായിരിക്കും. സോളാര്‍ തട്ടിപ്പ് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കും എന്ന് മുഖ്യമന്ത്രി മൊഴിഞ്ഞപ്പോഴാണ് പഴയ ചൊല്ലുകള്‍ ഓര്‍ത്തുപോയത്. കോടതിയോടായാലും പറയേണ്ടവന്‍ പറയേണ്ടതുപോലെ പറഞ്ഞാല്‍ കോടതിക്കു കാര്യം നന്നേ ബോധ്യമാവും. കല്ലുവാതുക്കല്‍ മദ്യദുരന്തം നടന്നകാലം. ലാളിത്യബിംബമായ സി പി ഐ നേതാവ് ഇ ചന്ദ്രശേഖരന്‍ നായരായിരുന്നു അന്ന് നിയമമന്ത്രി.
മദ്യദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സിറ്റിംഗ് ജസ്റ്റിസിനെ വിട്ടുതരണമെന്ന് അദ്ദേഹം ഹൈക്കോടതിയോട് അപേക്ഷിച്ചു. വല്ലാത്ത ബുദ്ധിമുട്ടാണെന്നും ന്യായാധിപക്ഷാമം കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണെന്നും കോടതി അറിയിച്ചു. മന്ത്രി ചന്ദ്രശേഖരന്‍ നായര്‍ ചീഫ് ജസ്റ്റിസ് കെ കെ ഉഷയെ നേരിട്ടു കണ്ട് ചര്‍ച്ചകള്‍ നടത്തി. ജസ്റ്റിസുമാരുടെ ക്ഷാമം മന്ത്രിക്കും ബോധ്യപ്പെട്ടു. ഒടുവില്‍ ഇരുവരും ചേര്‍ന്ന് ഒരു മാര്‍ഗം കണ്ടെത്തി. അയലത്തെ കര്‍ണാടകയില്‍ ന്യായാധിപക്ഷാമംരൂക്ഷമല്ല. അവിടെനിന്നും മലയാളിയായ ജസ്റ്റിസ് മോഹന്‍ കുമാറിനെ വിട്ടുകിട്ടും. മന്ത്രി ചന്ദ്രശേഖരന്‍ നായര്‍ നേരിട്ട് ചീഫ് ജസ്റ്റിസിനെകണ്ട് സംസാരിച്ചാല്‍ സംഗതി ഉറപ്പെന്ന് ചീഫ് ജസ്റ്റിസ് ഉഷ ഉപദേശിച്ചു.
കേരളാ ഹൈക്കോടതിയിലെ ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ കയ്യോടെ കൈക്കൊണ്ടശേഷം ചന്ദ്രശേഖരന്‍ നായര്‍ നേരേ ബംഗളൂരുവിലേക്ക് വണ്ടികയറി. കര്‍ണാടക ചീഫ്ജസ്റ്റിസിനെ കണ്ട് ആവശ്യം അറിയിച്ചു. മന്ത്രി ചന്ദ്രശേഖരന്‍ നായരുടെ 'കണ്‍വിന്‍സിംഗ്' ആയ സംഭാഷണവും നിയമപാണ്ഡിത്യവും കേട്ട ചീഫ് ജസ്റ്റിസ് അന്നുതന്നെ മോഹന്‍കുമാറിനെ കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ് അന്വേഷണ കമ്മിഷനായി വിട്ടുകൊടുക്കാന്‍ ഉത്തരവായി.
സോളാര്‍ കുംഭകോണം അന്വേഷിക്കാന്‍ ഒരു സിറ്റിംഗ് ജഡ്ജിയെ വിട്ടുതരണമെന്ന് ഉമ്മന്‍ചാണ്ടി കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുളാ ചെല്ലൂരിനു കത്തെഴുതി. ജസ്റ്റിസ് കെ കെ ഉഷയെപോലെ അവരും വനിതാ ചീഫ് ജസ്റ്റിസ്, ഒന്നര ലക്ഷം കേസുകെട്ടുകളുടെ മലമുകളിലിരിക്കുന്ന ഹൈക്കോടതി ഉമ്മന്‍ചാണ്ടിക്കു മറുപടി നല്‍കി. മേലാല്‍ ഈ ആവശ്യവുമായി ഹൈക്കോടതിയുടെ ഏരിയയിലെങ്ങാനും കണ്ടാല്‍ തട്ടി അകത്താക്കിക്കളയുമെന്ന്! കോടതി ഒന്നുകൂടി മനസില്‍ പറഞ്ഞുവത്രേ; ഉമ്മന്‍ചാണ്ടി കുളിച്ചാല്‍ ചന്ദ്രശേഖരന്‍ നായരാകുമോ എന്ന്!
കാക്കകുളിച്ചാല്‍ കൊക്കാകില്ല എന്ന് ഇത്തരുണത്തില്‍ പറയാമെങ്കിലും 'സിറ്റിംഗ്' ജഡ്ജിയെക്കൊണ്ടുതന്നെ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന ഉമ്മന്‍ചാണ്ടിയുടെ വാശി ഇതാ, നടക്കാന്‍ പോകുന്നു! 'സിറ്റിംഗ് ജഡ്ജി' എന്നാല്‍ 'ഇരിക്കുന്ന ജഡ്ജി'യെന്നാണ് അര്‍ഥമെന്ന് പന്ന്യനും പിണറായിക്കും ചന്ദ്രചൂഡനും അറിയാതെ പോയതിന് ഉമ്മന്‍ചാണ്ടിയെ പഴിച്ചാലോ. തൊണ്ണൂറും നൂറുമായി കട്ടപ്പുറത്ത് ഇരിക്കുന്ന എത്രയോ അടുത്തൂണ്‍പറ്റിയ 'സിറ്റിംഗ് ജഡ്ജിമാര്‍' കേരളത്തിലുണ്ടെന്ന കാര്യം ഇവര്‍ക്കറിയുമോ!
ആരെങ്കിലും എടുത്തിരുത്തിയാല്‍ ഒരിടത്ത് ഇരുന്നുകൊള്ളും. ഇത്തരക്കാരെ 'ഇരിപ്പില്‍ തിട്ടമായവന്‍' എന്നാണ് പഴമലയാളത്തില്‍ പറയുക. ഒരേയിരിപ്പില്‍ നിന്നു മാറ്റിയിരുത്തണമെങ്കില്‍ രണ്ടുചുമട്ടു തൊഴിലാളികളെത്തണം. അവിടെയും അതേ ഇരിപ്പായിരിക്കും. ഇവരെയാണ് 'സിറ്റിംഗ് ജഡ്ജി'മാര്‍ എന്നു പറയുക! ഇവരിലൊരാളെ കട്ടപ്പുറത്ത് നിന്ന് ചുമന്ന് അന്വേഷണ കമ്മിഷന്റെ കസേരയില്‍ വാഴിച്ചിരുത്തിയാല്‍ ലക്ഷണമൊത്ത 'സിറ്റിംഗ് ജഡ്ജി'യാകും. പന്ന്യനും പിണറായിക്കും ചന്ദ്രചൂഡനും ഈ ജഡ്ജി 'സിറ്റിംഗ് ജഡ്ജി' അല്ലെന്നു പറയാനാവുമോ എന്ന് ഉമ്മന്‍ചാണ്ടി വെല്ലുവിളിക്കുന്നു!
ഇത്തരമൊരു 'ഇരിപ്പന്‍ ജഡ്ജി'യെ പണ്ട് ഒരുവെടിവെയ്പു കേസില്‍ അന്വേഷണ കമ്മിഷനായി നിയമിച്ച കാര്യം ദേവികയ്ക്ക് ഓര്‍മയുണ്ട്. പ്രായം തൊണ്ണൂറിനടുത്ത്. കാഴ്ചശക്തി കമ്മി, കേള്‍വിക്കുറവാണെങ്കില്‍ അതിലേറെ പരിതാപകരം. കമ്മിഷന്റെ കസേരയില്‍ നിന്നും എടുത്ത് കാറില്‍ കയറ്റിയാലും സിറ്റിംഗ്! വെടിവെയ്പ് കഴിഞ്ഞ് അഞ്ചാറുമാസം കഴിഞ്ഞ് 'സിറ്റിംഗ് ജഡ്ജി' വെടിവയ്പു നടന്ന സ്ഥലത്തെത്തുന്നു. വഴിനീളെ കമ്മിഷനു മൂത്രമൊഴിക്കണം. കമ്മിഷന്‍ പരിവാരങ്ങള്‍ ചുമന്നു റോഡില്‍ കൊണ്ടുവന്ന് ഇരുത്തും. മൂത്രമൊഴിക്കലും സിറ്റിംഗ് ആയിത്തന്നെ!
സംഭവസ്ഥലത്തെത്തിയ 'സിറ്റിംഗ് ജഡ്ജി' കാഴ്ചനശിച്ച കണ്ണുകള്‍ വട്ടം പിടിച്ചു. ഒന്നും കാണാന്‍ വയ്യ, സര്‍വത്ര പുകപടലം, 'ഓണറബിള്‍ സിറ്റിംഗ്' പരിവാരങ്ങളോടു ചോദിച്ചു, 'ആകെ പുകമയമാണല്ലോ. ഇന്നും വെടിവെയ്പുണ്ടായോ?' ഇല്ലസര്‍, എന്നു പരിവാരങ്ങളുടെ മറുപടി. പക്ഷേ ഈ പുകയോ എന്ന് ന്യായാധിപന്റെ ന്യായമായ ചോദ്യം! പരിവാരങ്ങള്‍ വായ്‌പൊത്തി ചിരിയടക്കി. ഉടന്‍തന്നെ തിരിച്ചു വണ്ടിയിലേക്ക് ചുമന്നെഴുന്നള്ളത്ത്!
മാസങ്ങള്‍ കഴിഞ്ഞ് സിറ്റിംഗ് ജഡ്ജിയുടെ അന്വേഷണ റിപ്പോര്‍ട്ടുവന്നു. ഇതിനിടെ 'സിറ്റിംഗ് ജഡ്ജി'ക്ക് ചെല്ലും ചെലവും ചെല്ലവും മുറുക്കാനുമടക്കം ഖജനാവില്‍ നിന്ന് തുലഞ്ഞതു കോടികള്‍.
വെടിവെയ്പു നിലയ്ക്കാത്തതിനാല്‍ സംഭവസ്ഥലത്ത് ഉയര്‍ന്ന പുകച്ചുരുളുകള്‍ മൂലം ഒന്നും കാണാന്‍ കഴിഞ്ഞില്ല എന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്! സോളാര്‍ കേസന്വേഷണത്തിലെ കട്ടപ്പുറത്തെ 'ഇരിപ്പന്‍ ജഡ്ജി'യും എവിടെയോ എണ്ണയും കുഴമ്പുമിട്ട് എണ്ണത്തോണിയില്‍ ഇരിപ്പുണ്ട്. ചാര്‍ജെടുത്താല്‍ ദിവംഗതനാകുന്നതിനു മുമ്പ് ഒരു റിപ്പോര്‍ട്ടും വരും. ഏതു സരിത, ഏതു ശാലു, എവിടത്തെ ബിജു എന്നീ ചോദ്യങ്ങള്‍ അതിലുണ്ടാവുമെന്ന ഊഹവും പരക്കുന്നു.നിര്‍ദിഷ്ട അന്വേഷണ കമ്മിഷന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ കയറ്റുമെന്നും ഉറപ്പ്! സരിത, ശാലു എന്നിങ്ങനെ രണ്ടു പയ്യന്മാരെ പെണ്ണുങ്ങളായി ആള്‍മാറാട്ടം നടത്തി കമ്മിഷന്‍ മുമ്പാകെ ഹാജരാക്കിയതിന് സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിക്കുമെന്നും തീര്‍ച്ച. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അവസാന പേജില്‍ കോര്‍പറേറ്റ് പരസ്യങ്ങളില്‍ കാണുന്നതുപോലെ ഭൂതക്കണ്ണാടി വെച്ചുമാത്രം കാണാവുന്ന നക്ഷത്ര ചിഹ്നമിട്ട ഒരു വാചകമുണ്ടാകും; 'കമ്മിഷനു കാഴ്ചശക്തിയും കേള്‍വിക്കുറവുമുള്ളതിനാല്‍ അന്വേഷണ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ക്കും ശുപാര്‍ശകള്‍ക്കും നിയമസാധുത ഉണ്ടായിരിക്കുന്നതല്ല' എന്ന്. 'സിറ്റിംഗ് ജഡ്ജി'യുടെ കാര്യം ഉമ്മന്‍ചാണ്ടിക്കല്ലേ അറിയൂ.
പന്ന്യനും പിണറായിക്കും 'സിറ്റിംഗി'ന്റെ ഒറിജിനല്‍ അര്‍ഥമറിയാത്തതിന് താനെന്തുവേണം എന്ന് പുതുപ്പള്ളി പുഷ്യരാഗം ചോദിച്ചാല്‍ ഉത്തരം മുട്ടുകയേയുള്ളൂ!
ദേവിക janayugom
No comments:
Post a Comment