Monday, September 2, 2013

കരാപ്പുഴ പദ്ധതി കരിമ്പട്ടികയിലേക്ക് ശുപാര്‍ശചെയ്ത കമ്പനിക്ക്

കോടികള്‍ വെള്ളത്തിലാക്കിയ കരാപ്പുഴ ജലസേചന പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ വീണ്ടും, കരിമ്പട്ടികയില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത കരാറുകാരന്. അഴിമതിയും കെടുകാര്യസ്ഥതയുംമൂലം കുപ്രസിദ്ധി നേടിയ ചന്ദ്രഗിരി കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് കാരാപ്പുഴയില്‍ നടപ്പാക്കുന്ന രണ്ടരക്കോടിയുടെ പുതിയ പ്രവൃത്തികളുടെ കരാര്‍ നല്‍കിയത്. ഈ കരാറുകാരന്‍ നേരത്തെ ഏറ്റെടുത്ത് നടത്തിയ മണ്ണണ നിര്‍മാണത്തിലെ അപാകതമൂലം ഇടിഞ്ഞ് തകര്‍ന്നിട്ടുണ്ട്. ഇത്വഴിയുള്ള ചോര്‍ച്ച തടയാനും ഡാം ടോപ്പ് റോഡ് നിര്‍മാണവുമാണ് വീണ്ടും ഈ കമ്പനിക്ക് തന്നെ നല്‍കിയിരിക്കുന്നത്. ഇതിന് പിന്നില്‍ ഉന്നതതല രാഷ്ട്രീയ ഇടപെടലുണ്ട്. കണ്ണൂരിലെ ജലസേചന വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനിയര്‍ ഓഫീസില്‍നിന്ന് കമ്പനിക്ക് വര്‍ക്ക് എഗ്രിമെന്റ് വെക്കാനുള്ള സെലക്ഷന്‍ നോട്ടീസ് അയച്ചു. ഏഴ് ദിവസത്തിനകം എഗ്രിമെന്റ് വെച്ച് പ്രവൃത്തി ആരംഭിക്കാനാണ് നിര്‍ദേശം. അണക്കെട്ടിന് മുകളില്‍ ഇന്റര്‍ലോക്ക് പതിക്കാന്‍ 1.97 കോടി രൂപയും ഡാമിലെ ചോര്‍ച്ച തടയാന്‍ 55 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

വയനാട്ടില്‍ ഈ കമ്പനി നടത്തിയ പ്രവൃത്തികളെല്ലാം വിവാദത്തിലാണ്. കാരാപ്പുഴ പദ്ധതി ലക്ഷ്യം കാണാതെ പോയത് ഈ കരാറുകാരനും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ വെട്ടിപ്പും അഴിമതിയും മൂലമാണെന്ന് ആരോപണമുണ്ടായിരുന്നു. ഈ കമ്പനി ഏറ്റെടുത്ത പടിഞ്ഞാറത്തറയിലെ ബാണാസുരസാഗര്‍ ജലസേചന പദ്ധതിയും പിഎംജിഎസ്വൈ റോഡ് പ്രവൃത്തിയും വന്‍ വിവാദത്തിലാണ്. ബാണാസുരസാഗര്‍ കനാല്‍ നിര്‍മാണത്തിനിടെ മൂന്ന് തൊഴിലാളികള്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചിരുന്നു. കാരാപ്പുഴയില്‍ അക്വഡക്ട് തകര്‍ന്ന്വീണ് മറ്റൊരു തൊഴിലാളിയും മരിച്ചു. നിര്‍മാണത്തിലെ അപാകതമൂലമാണ് ഈ രണ്ട് അപകടങ്ങളും നടന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള കമീഷന്‍ പ്രവൃത്തിയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തുകയും കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താതെ സഹായിച്ചതാണ് കരാറുകാരന് ഈ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയത്. മുട്ടില്‍ പഞ്ചായത്തിലെ വാഴവറ്റയില്‍ അണക്കെട്ട് നിര്‍മിച്ച് നാല് പഞ്ചായത്തുകളിലെ 8721 ഹെക്ടര്‍ ഭൂമിയില്‍ കൃഷിക്ക് വെള്ളമെത്തിക്കാന്‍ 1976ലാണ് കാരാപ്പുഴ പദ്ധതി ആരംഭിച്ചത്. 7.6 കോടി രൂപ ചെലവ് പ്രതീക്ഷിച്ച് നിര്‍മാണം തുടങ്ങിയ പദ്ധതിക്ക് ഇതുവരെ 288 കോടി ചെലവാക്കി. പദ്ധതി പൂര്‍ത്തിയാക്കാന്‍ 153 കോടി കൂടി ഇനിയും വേണം. കരാപ്പുഴയില്‍ ചന്ദ്രഗിരി കമ്പനി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറ്റെടുത്ത് എഗ്രിമെന്റ് വെച്ച പതിനൊന്നോളം പദ്ധതികള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല.
(പി ഒ ഷീജ)

deshabhimani

No comments:

Post a Comment