Monday, September 2, 2013

സുര്‍ജിത് സ്മാരക ഫണ്ട് വിജയിപ്പിക്കുക: സിപിഐ എം

ജീവിതം മുഴുവന്‍ ജനങ്ങള്‍ക്കുവേണ്ടി പോരാടിയ സ. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ സ്മരണാര്‍ഥം ഡല്‍ഹിയില്‍ നിര്‍മിക്കുന്ന സ്മാരകത്തിനായി 8, 9 തീയതികളില്‍ കേരളത്തില്‍ നടക്കുന്ന ഫണ്ട് പിരിവ് വിജയിപ്പിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. രാഷ്ട്രീയ പഠനകേന്ദ്രം എന്ന നിലയില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തിലുള്ള സ്മാരകമാണ് നിര്‍മിക്കുന്നത്. ധനമൂലധനശക്തികള്‍ ജനവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഇന്നത്തെ കാലത്ത് അതിനെതിരെയുള്ള പ്രതിരോധസ്തംഭമാകുന്ന സ്മാരകം ജനകീയ രാഷ്ട്രീയത്തിന്റെ പ്രചോദനകേന്ദ്രമാകും.

ഭഗത്സിങ്ങിന്റെ രാഷ്ട്രീയാശയങ്ങളില്‍ ആകര്‍ഷിക്കപ്പെട്ട് പൊതുരംഗത്തിറങ്ങിയ സുര്‍ജിത്തിന്റെ ജീവിതം ത്യാഗനിര്‍ഭരവും സമരതീക്ഷ്ണവുമായിരുന്നു. വിദ്യാര്‍ഥിയായിരിക്കെ 16-ാം വയസ്സില്‍ സ്വാതന്ത്ര്യസമരഭടനായി ഹോഷിയാര്‍പുരിലെ കോടതി കെട്ടിടത്തിനു മുകളിലെ ബ്രിട്ടീഷ് പതാക യൂണിയന്‍ ജാക്ക് വലിച്ചുകീറി ദേശീയപതാകയുയര്‍ത്തിയ ധീര പോരാളിയായ സുര്‍ജിത് അന്നത്തെ അതേ ധീരതയും രാജ്യസ്നേഹവും ജീവിതത്തിലുടനീളം ഉയര്‍ത്തിപ്പിടിച്ച ഉജ്വല വിപ്ലവകാരിയായിരുന്നു.

1940-41 കാലത്ത് ബ്രിട്ടീഷുകാര്‍ കമ്യൂണിസ്റ്റ് വേട്ട നടത്തിയപ്പോള്‍ സുര്‍ജിത്തിനെ അറസ്റ്റ് ചെയ്ത് ആഴമുള്ള ഇടുങ്ങിയ ഒരു നിലവറയില്‍ അടച്ചു. വെളിച്ചത്തിന്റെ കണികപോലും എത്താത്ത കാരാഗൃഹവാസത്തിനിടയില്‍ കണ്ണിന്റെ കാഴ്ചയ്ക്ക് മങ്ങലേറ്റു. പത്തുവര്‍ഷം ജയിലറകള്‍ക്കുള്ളിലായിരുന്ന സഖാവ് എട്ടുവര്‍ഷം ഒളിവുജീവിതവും നയിച്ചു. തീക്ഷ്ണമായ അനുഭവങ്ങളിലൂടെ ഉയര്‍ന്ന് കിസാന്‍സഭയുടെ സ്ഥാപകനേതാവായി. വലതുപക്ഷ വ്യതിയാനത്തിനെതിരെ വിപ്ലവകരമായ ചുമതലകള്‍ നിര്‍വഹിച്ച് സിപിഐ എമ്മിനെ ബഹുജന വിപ്ലവപ്പാര്‍ടിയാക്കി വളര്‍ത്തിയെടുത്തു. കേന്ദ്രകമ്മിറ്റിയംഗമായും പിബി അംഗമായും ജനറല്‍സെക്രട്ടറിയായും പാര്‍ടിയെ നയിച്ചു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സാര്‍വദേശീയതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനും ലോകത്തെ മറ്റു കമ്യൂണിസ്റ്റ് പാര്‍ടികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനും സുര്‍ജിത് നേതൃത്വം നല്‍കി. സിപിഐ എം രൂപം കൊടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സുര്‍ജിത് ഒട്ടേറെ രാഷ്ട്രീയ പ്രതിസന്ധിയെ ധീരമായി നേരിട്ട് പാര്‍ടിക്ക് ഇന്ത്യന്‍രാഷ്ട്രീയത്തില്‍ സുപ്രധാനസ്ഥാനം നേടിക്കൊടുക്കാന്‍ നിര്‍ണായക പങ്കുവഹിച്ചു.

ജനതയെ ആകമാനം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച സുര്‍ജിത്തിന്റെ ഓര്‍മ ജ്വലിപ്പിക്കുന്നവിധം നിര്‍മിക്കുന്ന സ്മാരകത്തിന് കൈയയച്ച് സംഭാവനചെയ്യണമെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment