Monday, September 2, 2013

വിലക്കയറ്റം: ജനം സഹിക്കണം

വിലക്കയറ്റനിയന്ത്രണ നടപടികള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ വിളിച്ച ഉന്നതതലയോഗം പ്രഹസനമായി. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് മാത്രമാണ് പങ്കെടുത്തത്. പെട്ടെന്ന് വിളിച്ച യോഗമായതിനാലാണ് മറ്റു മന്ത്രിമാര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്തതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. പണം അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ട ധനമന്ത്രിയും സഹകരണ, കൃഷി മന്ത്രിമാരും യോഗത്തിന് എത്തിയില്ല. പകരം, ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. വിപണി ഇടപെടലിനായി 60 കോടികൂടി അനുവദിക്കാന്‍ തീരുമാനിച്ചതായി മന്ത്രി അനൂപ് ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, മുമ്പ് അനുവദിച്ച തുകപോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഇനിയും കൈമാറത്ത തുകയടക്കം 135 കോടി അനുവദിക്കുമെന്നാണ് പ്രഖ്യാപനം.

ഓണക്കാലത്തെ പൊള്ളുന്ന വിലക്കയറ്റം തടയാന്‍ ഇത് പര്യാപ്തമാകില്ല. പതിമൂന്നിന സബ്സിഡിസാധനങ്ങളില്‍ മൂന്നിനങ്ങള്‍മാത്രമേ മാവേലിസ്റ്റോറുകളില്‍ എത്തുന്നുള്ളൂ. അരിയും പഞ്ചസാരയും മുളകും ഒഴികെയുള്ള ഇനങ്ങള്‍ക്ക് കടുത്തക്ഷാമമാണ്. പൊതുവിപണിയില്‍ പൊള്ളുന്ന വിലയായതിനാല്‍ അരി വാങ്ങാന്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍, എല്ലാവര്‍ക്കും സബ്സിഡി നിരക്കില്‍ അരികൊടുക്കാന്‍ കഴിയുന്നുമില്ല. കണ്‍സ്യൂമര്‍ഫെഡിന്റെ വിപണനകേന്ദ്രങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. 390 കോടി രൂപയാണ് കണ്‍സ്യൂമര്‍ഫെഡിന് സര്‍ക്കാര്‍ നല്‍കാനുള്ളത്. വിപണിയില്‍ സര്‍ക്കാര്‍നടപടികളാകെ നിശ്ചലമാണ്. പ്രഖ്യാപിച്ച പണം കൈമാറാത്തതിനാല്‍ സപ്ലൈകോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും വില്‍പ്പനശാലകള്‍ ഫലപ്രദമല്ല. 20 ലക്ഷം കുടുംബങ്ങള്‍ക്ക് വിതരണംചെയ്യേണ്ട ഓണക്കിറ്റിന് അരിയില്ല. സ്കൂള്‍കുട്ടികളുടെ ഉച്ചക്കഞ്ഞിക്കുള്ള അരി ബിപിഎല്‍ കിറ്റിലേക്ക് വകമാറ്റി നല്‍കി പ്രതിസന്ധി മറികടക്കാനാണ് നീക്കം. എഫ്സിഐയില്‍ പണം അടയ്ക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് വൈകിയതാണ് പ്രതിസന്ധിക്ക് കാരണം. ഓരോമേഖലയ്ക്കുമുള്ള അലോട്ട്മെന്റ നിശ്ചയിച്ചുള്ള അറിയിപ്പുകളും വൈകി. സ്കൂള്‍കുട്ടികളുടെ ഉച്ചക്കഞ്ഞിക്കുള്ള അരിയാണ് വിതരണത്തിന്റെ ഉദ്ഘാടനദിനം ബിപിഎല്‍ കിറ്റില്‍ നല്‍കിയത്. ഇത് തുടര്‍ന്നാല്‍, സ്കൂളുകളിലെ ഉച്ചക്കഞ്ഞിവിതരണം മുടങ്ങും.

സര്‍ക്കാര്‍ അലംഭാവത്തെ വിമര്‍ശിച്ച് കെ മുരളീധരന്‍ എംഎല്‍എ രംഗത്തെത്തി. വിലക്കയറ്റം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് ഗൗരവമുള്ളതാണെന്ന് മുരളീധരന്‍ പറഞ്ഞു. വിലക്കയറ്റം ആഗോളപ്രതിഭാസമാണെന്നു പറഞ്ഞിട്ട് കാര്യമില്ല. ഭക്ഷ്യവകുപ്പിന് വേണ്ടത്ര ഫണ്ടുകള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലുറപ്പുപദ്ധതി തൊഴിലാളികള്‍ക്ക് ഇത്തവണ ബോണസ് നല്‍കേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞവര്‍ഷം ആയിരം രൂപയാണ് സ്ത്രീത്തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത്. ഈ തുക ഇനി ആരംഭിക്കാന്‍ പോകുന്ന പെന്‍ഷന്‍പദ്ധതിയിലേക്ക് മാറ്റുമെന്ന് മന്ത്രി കെ സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

deshabhimani

തിണ്ണമിടുക്ക് നല്ലതിനല്ല

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ കരിങ്കൊടിയുമായി ആളുകള്‍ പോകുന്നത് വ്യക്തിപരമായ വിരോധമോ രാഷ്ട്രീയ പകയോ തീര്‍ക്കാനല്ല. സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ടാണ് ജനകീയ പ്രതിഷേധം. ഉമ്മന്‍ചാണ്ടിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും എന്ന ആവശ്യം യുഡിഎഫ് സംവിധാനത്തെയോ അതിന് ഇന്ന് നിയമസഭയിലുള്ള ഭൂരിപക്ഷത്തെയോ അട്ടിമറിക്കാനുള്ളതല്ല എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഉമ്മന്‍ചാണ്ടി രാജിവച്ചാല്‍ വേറെ മുഖ്യമന്ത്രി യുഡിഎഫില്‍നിന്നു വരുന്നതില്‍ പ്രതിപക്ഷം ഒരഭിപ്രായവും പറഞ്ഞിട്ടില്ല; എതിര്‍പ്പുന്നയിച്ചിട്ടുമില്ല. നിലവില്‍ ഒരു വന്‍ തട്ടിപ്പുകേസ് പുറത്തുവന്നിരിക്കുന്നു. ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ ഓഫീസിനും അതിലുള്ള പങ്കാളിത്തം മറച്ചുവയ്ക്കാനാവാത്ത വിധം തെളിഞ്ഞിരിക്കുന്നു. ദുര്‍ബല വകുപ്പുകള്‍ ചുമത്തിയും തെളിവുകള്‍ നശിപ്പിച്ചും കുറ്റവാളികളെ രക്ഷിച്ചുമാണ് അതിലെ പൊലീസന്വേഷണം മുന്നോട്ടുപോകുന്നത്. സംസ്ഥാനത്തിന് നഷ്ടമുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ച് കേസിന്റെ ഗൗരവം കുറയ്ക്കാന്‍ മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നു.

 ഉമ്മന്‍ചാണ്ടിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ട് നടന്ന സെക്രട്ടറിയറ്റ് ഉപരോധം കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞുതുളുമ്പിയ രോഷത്തിന്റെ പ്രതിഫലനമായിരുന്നു. ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനത്തോടെ ഉപരോധ സമരം അവസാനിച്ചുവെങ്കിലും ആ അന്വേഷണം ഹൈക്കോടതി സിറ്റിങ് ജഡ്ജി തന്നെ നടത്തണം, അന്വേഷണഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ചൊഴിയണം എന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി സംശയമില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. മഹാഭൂരിപക്ഷം ജനങ്ങളും പ്രതിപക്ഷം ഒന്നടങ്കവും സ്വന്തം പാര്‍ടിയിലും മുന്നണിയിലുമുള്ളവര്‍തന്നെയും ഉയര്‍ത്തുന്ന ആവശ്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുകയാണ് ഉമ്മന്‍ചാണ്ടി. അന്വേഷണം അടിമുടി പ്രഹസനമാക്കാനാണ് ശ്രമം തുടരുന്നത്. ആ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികള്‍ ജനാധിപത്യപരമായ പ്രതിഷേധത്തിന്റെ വേദിയായിമാറുന്നത്.

അങ്ങനെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന ധാര്‍ഷ്ട്യമാണ് തുടക്കംമുതല്‍ ഉമ്മന്‍ചാണ്ടിയെ നയിക്കുന്നത്. ലാത്തിയും ഗ്രനേഡും കണ്ണീര്‍വാതകവും ജലപീരങ്കിയും കൊണ്ട് ജനവികാരത്തെ നേരിട്ട പൊലീസ്, ഒരു ഘട്ടത്തില്‍ പ്രതിപക്ഷ നേതാവിനുനേരെവരെ ഗ്രനേഡ് പ്രയോഗിച്ചു. ഒരുതരത്തിലുള്ള മര്‍ദനമുറകളും എല്‍ഡിഎഫിന്റെ സമരശക്തിയെ തളര്‍ത്താന്‍ പര്യാപ്തമല്ല എന്ന് അനുദിനം വ്യക്തമാകുന്നു. ഉമ്മന്‍ചാണ്ടിക്ക് ജനരോഷം ഭയന്ന് പൊതുപരിപാടികളില്‍നിന്ന് ഒളിച്ചോടേണ്ടിവരുന്നു. ജനങ്ങളുടെ കണ്ണുവെട്ടിച്ച് രഹസ്യവഴികളിലൂടെ ചടങ്ങുകളിലെത്തേണ്ടിവരുന്നു. ഇത് സമരംചെയ്യുന്ന ജനങ്ങളുടെ കുഴപ്പമല്ല- ആ സമരത്തിന് കാരണഭൂതനായ ഉമ്മന്‍ചാണ്ടിയുടെ അധികാരക്കൊതിയുടെ ഫലമാണ്. യുഡിഎഫിനെ നയിക്കുന്ന പി പി തങ്കച്ചനും കോണ്‍ഗ്രസിനെ നയിക്കുന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും എന്തുകൊണ്ട് ഉമ്മന്‍ചാണ്ടിക്കുവേണ്ടി ശക്തമായി വാദിക്കാന്‍ കഴിയുന്നില്ല എന്നതില്‍തന്നെ യഥാര്‍ഥ വസ്തുതകള്‍ വായിച്ചെടുക്കാം.

തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ജനങ്ങള്‍ കരുതുന്ന; തട്ടിപ്പു സംഘത്തിന്റെ സംരക്ഷകനായി മാറിയ ഒരാള്‍ നിയമത്തിനുമുന്നില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നതുവരെ അധികാരത്തില്‍നിന്നൊഴിയണം എന്ന ന്യായമായ ആവശ്യത്തെ സ്ഥിരബുദ്ധിയുള്ള ആര്‍ക്കും തള്ളിക്കളയാനാവില്ല. മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് നീതിനിഷ്ഠമായ അന്വേഷണം നടത്തിയാല്‍ തീര്‍ക്കാവുന്ന പ്രശ്നം, ജനങ്ങളെ സമരത്തിലേക്ക് നയിച്ചും പൊലീസിനെ അതിക്രമത്തിന് നിയോഗിച്ചും കൂടുതല്‍ വഷളാക്കുന്നതിന്റെ ഒന്നാമത്തെ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കുതന്നെയാണ്. അത് മനസിലാക്കിയതുകൊണ്ടാണ്, മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ വേറെയും ഉണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ക്കുതന്നെ പറയേണ്ടിവന്നത്.

ഈ ചുവരെഴുത്ത് വായിക്കാനറിയാത്ത കുറെപ്പേര്‍ ഇപ്പോഴും കോണ്‍ഗ്രസിലും യുഡിഎഫിലും ഉമ്മന്‍ചാണ്ടിയെ അനുകൂലിച്ച് കണ്ണടച്ചിരുട്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. അത്തരക്കാരാണ് ഞായറാഴ്ച മഞ്ചേരിയില്‍, എല്‍ഡിഎഫ് പ്രതിഷേധത്തിനുനേരെ ആക്രമണോത്സുകതയോടെ തിരിഞ്ഞത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ എല്‍ഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തതിനുപുറമെ യുഡിഎഫുകാര്‍ സംഘടിച്ച് ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. നിലമ്പൂരില്‍ ലീഗുകാര്‍ സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസിനുനേരെയും ദേശാഭിമാനി സബ് ബ്യൂറോയ്ക്കു നേരെയും കല്ലെറിഞ്ഞു. ഇത് പുതിയ രീതിയാണ്. സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെ കല്ലെറിയാനും ആക്രമിക്കാനും ആളെവിട്ടത് കോണ്‍ഗ്രസിന്റെ ചില സമുന്നത നേതാക്കളായിരുന്നു എന്നത് ഇതിനോട് ചേര്‍ത്തുവായിക്കണം.

സംസ്ഥാനം ഭരിക്കുന്ന മുന്നണിയുടെ നേതൃത്വം സ്വന്തം അണികളെ തെരുവിലേക്ക് കെട്ടഴിച്ചു വിടുന്നു; അവര്‍ പൊലീസിനൊപ്പം ചേര്‍ന്ന് ജനങ്ങളെയും ജനപ്രതിനിധികളെയും ആക്രമിക്കുന്നു. നിയമസമാധാനം പാലിക്കാന്‍ ഉത്തരവാദിത്തമുള്ളവര്‍ കലാപത്തിന് തിരികൊളുത്തുന്നു എന്നാണിതിനര്‍ഥം. ഇത്തരം ആക്രമണങ്ങളെ തള്ളിപ്പറയാന്‍ യുഡിഎഫ്- ഭരണ നേതൃത്വം തയ്യാറായിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. തിണ്ണമിടുക്കുകൊണ്ട് പ്രതിപക്ഷ പ്രക്ഷോഭം തകര്‍ക്കാമെന്നും അങ്ങനെ ഉമ്മന്‍ചാണ്ടിയെ രക്ഷിച്ചുകളയാമെന്നും കരുതുന്നവരെ അല്‍പ്പബുദ്ധികളെന്നുപോലും വിശേഷിപ്പിക്കാനാവില്ല. തനിക്ക് യാത്രചെയ്യാനും ജനങ്ങള്‍ക്കിടയിലിറങ്ങാനും പൊലീസും പട്ടാളവും ഗുണ്ടാപ്പടയും വേണമെന്ന് ഉമ്മന്‍ചാണ്ടി കരുതുന്നുണ്ടെങ്കില്‍, അതിലേക്ക് നയിച്ച സാഹചര്യത്തെയാണ് യുഡിഎഫ് ചികിത്സിക്കേണ്ടത്. നാടിനും ജനങ്ങള്‍ക്കും ബാധ്യതയായി തുടരാതെ ഇറങ്ങിപ്പോകാന്‍ മുഖത്തുനോക്കി പറയാനുള്ള ചങ്കൂറ്റമാണവര്‍ കാണിക്കേണ്ടത്. അല്ലാതെ, അനുയായികളെ കല്ലും കവണയും കൊടുത്തു പറഞ്ഞുവിട്ടാല്‍ സമരത്തിനെത്തുന്നവര്‍ അതുകണ്ട് ഭയന്ന് പിന്മാറിക്കൊള്ളും എന്ന് കരുതരുത്. ആക്രമിക്കാനെത്തുന്ന ഹിംസ്രമൃഗങ്ങളോട് സമാധാന സിദ്ധാന്തമല്ല ഉരുവിടേണ്ടത് എന്നാണ് ഗാന്ധിജിപോലും പറഞ്ഞിട്ടുള്ളത്. ജനാധിപത്യപരമായി സംഘടിപ്പിക്കുന്ന സമരത്തെ കൈയൂക്കുകൊണ്ട് നേരിടാനെത്തുന്ന ഗുണ്ടാപ്പട സമാധാന സൂക്തങ്ങളാകും കേള്‍ക്കുക എന്ന വ്യാമോഹമരുത്. കൈയൂക്കുകൊണ്ടുള്ള കളി ജനാധിപത്യമല്ല എന്ന തിരിച്ചറിവ് യുഡിഎഫ് നേതൃത്വത്തിനുണ്ടായാല്‍ അത്രയും നല്ലത്.

deshabhimani editorial 030913

ബുധനാഴ്ച വാഹന പണിമുടക്ക്

പെട്രോള്‍-ഡീസല്‍-ഗ്യാസ് വില കുത്തനെ ഉയര്‍ത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി ബുധനാഴ്ച മോട്ടോര്‍ വാഹന തൊഴിലാളികൾ പണിമുടക്കും.ബസുള്‍പ്പടെയുള്ള മോട്ടോര്‍ വാഹനങ്ങള്‍ പണിമുടക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ബസ്, കാര്‍, ലോറി, ഓട്ടോറിക്ഷ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ സരവീസ് നടത്തില്ല. കൊച്ചിയില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന തൊഴിലാളി സംഘടനകളുടെ സംയുക്ത ഐക്യവേദി നേതൃത്വ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഏറ്റവും ഉയര്‍ന്ന് 116 ഡോളര്‍ വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വീണ്ടും വില വര്‍ദ്ധിപ്പിക്കുവാന്‍ കേന്ദ്രം ഒരുങ്ങുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പലപ്പോഴായി 30 ശതമാനത്തിലധികം വില വര്‍ദ്ധിപ്പിച്ചതിനു പിന്നാലെയാണ് വീണ്ടും വില വര്‍ദ്ധിപ്പിക്കുവാനുള്ള നീക്കം നടക്കുന്നത്. നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.പാല്‍-ആംബുലന്‍സ്-പത്രം എന്നീ സ്ഥാപനങ്ങളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പണിമുടക്ക് വിജയിപ്പിക്കാന്‍ എല്ലാ തൊഴിലാളികളോടും ട്രേഡ് യൂണിയനുകള്‍ അഭ്യര്‍ത്ഥിച്ചു. എഐടിയുസി നേതാവ് ഉദയഭാനുവിന്റെ അധ്യക്ഷതയില്‍ ഗംഗോത്രി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സിഐടിയു സംസ്ഥാന ജനറല്‍സെക്രട്ടറി എളമരം കരീം, ട്രഷറര്‍ കെ എം സുധാകരന്‍,വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ എ അലി അക്ബര്‍(സിഐടിയു), ജോയ് ജോസഫ്(എഐടിയുസി), കെ കെ ഇബ്രാഹിംകുട്ടി,(ഐഎന്‍ടിയുസി),അഹമ്മദ്കുട്ടി ഉണ്ണിക്കുളം, രഘുനാഥ് പനവേലി(എസ്ടിയു), കെ ഗംഗാധരന്‍, ആര്‍രഘുരാജ് (ബിഎംഎസ്), എസ് സത്യവാന്‍((യുടിയുസി), മനയത്ത് ചന്ദ്രന്‍(എച്ച്എംഎസ്), എസ് സീതിലാല്‍(എഐയുടിയുസി) എന്നിവര്‍ പങ്കെടുത്തു.

deshabhimani

108 ആംബുലന്‍സ് കരാര്‍ പുതുക്കി നല്‍കരുത്: വി എസ്

അഴിമതി ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നേരിടുന്ന സികില്‍സ ഹെല്‍ത്ത് കെയര്‍ എന്ന കമ്പനിക്ക് 108 ആംബുലന്‍സ് സര്‍വീസ് കരാര്‍ പുതുക്കി നല്‍കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കരാര്‍ വ്യവസ്ഥകളിലെ പഴുതുകള്‍ മുതലെടുത്ത് 108 ആംബുലന്‍സുകള്‍ അധികദൂരം ഓടിച്ചതായി രേഖകളുണ്ടാക്കി വലിയതോതില്‍ അഴിമതി നടത്തിയതിന്റെ പേരിലാണ് സികില്‍സ ഹെല്‍ത്ത് കെയര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നത്. പ്രതിപക്ഷനേതാവെന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫിമേത്തര്‍, കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണ എന്നിവര്‍ക്ക് പങ്കാളിത്തമുള്ളതാണ് സികില്‍സ ഹെല്‍ത്ത് കെയര്‍. നിലവില്‍ ഇവരുടെ കരാര്‍ കാലാവധി ഒക്ടോബര്‍ 15-ന് തീരുകയാണ്. പുതിയ സ്ഥാപനത്തിന് 108 ആംബുലന്‍സ് സര്‍വീസ് നല്‍കുന്നതിന് ടെണ്ടര്‍ വിളിക്കാനുള്ള സമയമായെങ്കിലും അത് ചെയ്യുന്നില്ല. അതു ചെയ്യാതിരിക്കുന്നത് "സികില്‍സ"യ്ക്ക് തന്നെ കരാര്‍ തുടര്‍ന്നും നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.

അഴിമതിയുടെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന സ്ഥാപനത്തിന് വീണ്ടും കരാര്‍ നല്‍കാനുളള നീക്കം ദുരുപദിഷ്ടമാണ്. ഇത് അവസാനിപ്പിക്കണം. പുതിയ ടെണ്ടര്‍ വിളിക്കുകയും, കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് പോലുള്ള പൊതുമേഖലാ സ്ഥാപനത്തെ ഇതിന്റെ ചുമതല ഏല്‍പ്പിക്കുകയുമാണ് വേണ്ടത്. കെ.എം.എസ്.സി.എല്‍ ന് 108 ആംബുലന്‍സിന്റെ നടത്തിപ്പിനാവശ്യമുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങണ്‍ളുണ്‍മുണ്ട്. ജീവന്‍രക്ഷാ മരുന്നുകളും അറ്റകുറ്റപ്പണിക്കായി സ്വന്തമായി വര്‍ക്ക്ഷോപ്പുമുണ്ട്. ഇവര്‍ ചെയ്യേണ്ട ജോലിയാണ് ഇപ്പോള്‍ സ്വകാര്യ കമ്പനിയെക്കൊണ്ട് ചെയ്യിക്കുന്നത്. ഇപ്പോള്‍ ജനനി സുരക്ഷ, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് എന്നിവയും ഇതേ കമ്പനിയെ ഏല്‍പ്പിക്കാന്‍ നീക്കം നടക്കുന്നതായി ആക്ഷേപമുണ്ട്. ഇതും അവസാനിണ്‍പ്പിക്കണമന്ന് വി.എസ്. പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani

സലിംരാജിന്റെ കേസില്‍സര്‍ക്കാരിനെതിരെ വീണ്ടും കോടതി

കൊച്ചി: സലിംരാജിനെതിരായ ഭൂമിതട്ടിപ്പ് കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിലെത്തിയ സര്‍ക്കാര്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തതിനാലാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.

രജിസ്ട്രേഷന്‍ വകുപ്പിന്റെ കൈവശമുള്ള രേഖകളാണ് ആവശ്യപ്പെട്ടത്. ഒരു മിനിറ്റിൽ ഹാജരാക്കാവുന്നതേയുള്ളൂ. സര്‍ക്കാരിന്റെ കയ്യിലുള്ള രേഖകള്‍ ഹാജരാക്കാന്‍ ഇത്രപ്രയാസമെന്തെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുളാ ചെല്ലൂരും ജ. കെ വിനോദ് ചന്ദ്രനും അടങ്ങിയ ബെഞ്ച് ചോദിച്ചു. സര്‍ക്കാര്‍ സാധാരണ വ്യവഹാരിയെപോലെ പെരുമാറുകയാണ്-കോടതി പറഞ്ഞു.

രജിസ്ട്രേഷന്‍ വകുപ്പില്‍ നിന്നുള്ള രേഖകളുടെ ഇംഗ്ലീഷ് പകര്‍പ്പ് ഹാജരാക്കാതിരുന്നതാണ് കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്. രേഖകള്‍ നാളെത്തന്നെ സമര്‍പ്പിക്കാനുംകോടതി നിര്‍ദേശം നല്‍കി.

സലിംരാജിന്റെ ടെലിഫോണ്‍ രേഖകള്‍ ഹാജരാക്കാന്‍ നേരത്തേ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ തന്നെ അപ്പീലിനുപോയത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ആ അപ്പീല്‍ പരിഗണിക്കുമ്പോഴാണ് ഇപ്പോള്‍ കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.

സോളാര്‍ കേസിന് സിറ്റിങ് ജഡ്ജി: വീണ്ടും കത്തയച്ചു

തിരു: സോളാര്‍ തട്ടിപ്പ്കേസില്‍ നടത്തുന്ന ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കത്തയച്ചു. മുമ്പ് ഈ ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ അയച്ച കത്തിന് സിറ്റിങ് ജഡ്ജിയെ വിട്ടു നല്‍കാനാകില്ലെന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് മറുപടി നല്‍കിയത്.

എന്നാല്‍ ഇത്രയും വിവാദമായ കേസ് സിറ്റിങ് ജഡ്ജിതന്നെ അന്വേഷിക്കണമെന്ന് എല്‍ഡിഎഫ് വീണ്ടും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് വീണ്ടും കത്തയച്ചത്. സര്‍ക്കാര്‍ ഫലപ്രദമായി ഇടപ്പെട്ടാല്‍ സിറ്റിങ്് ജഡ്ജിയെ തന്നെ ലഭിക്കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞിരുന്നു.

അതേ സമയം അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ട പരിഗണനാ വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തും. കഴിഞ്ഞ ചൊവ്വാഴ്ചയിലെ മന്ത്രിസഭായോഗത്തിന്ശേഷം പരിഗണനാവിഷയങ്ങള്‍ പ്രഖ്യപിക്കുമെന്നായിരുന്നെങ്കിലും തീരുമാനമാകാത്തതിനാല്‍ അതുണ്ടായില്ല. മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും അല്ലാതെയുള്ള അന്വേഷണം പ്രഹസനമാകുമെന്ന് പ്രതിപക്ഷം ആദ്യമെ വ്യക്തമാക്കിയിട്ടുള്ളതാണ്.

deshabhimani

പ്രശ്നപരിഹാരം കൊള്ളയടിയോ?

ധനകാര്യ- സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ജനങ്ങള്‍ താങ്ങണമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ലോക്സഭയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞതിനു തൊട്ടുപിന്നാലെ പെട്രോള്‍വില ലിറ്ററിന് 2.35 രൂപയും ഡീസലിന് 50 പൈസയും വര്‍ധിപ്പിച്ചിരിക്കുന്നു. പാചക വാതകത്തിനും മണ്ണെണ്ണയ്ക്കും വില കൂട്ടുമെന്നും പെട്രോള്‍- ഡീസല്‍ വില ഇവിടെ നില്‍ക്കാന്‍ പോകുന്നില്ലെന്നും വ്യക്തമായിരിക്കുന്നു. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാല്‍ വീണ്ടും വിലവര്‍ധനയുണ്ടാകും. ഡീസലിന് അഞ്ചു രൂപവരെയും പാചകവാതക സിലിണ്ടറിന് 50 രൂപയും മണ്ണെണ്ണ ലിറ്ററിന് രണ്ടുരൂപയും കൂട്ടണമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ആവശ്യം. വിലക്കയറ്റം റെക്കോഡ് തലത്തിലേക്കുയരുകയും ജനജീവിതം സങ്കല്‍പ്പാതീതമായ പതനത്തിലേക്ക് തെന്നിമാറുകയുംചെയ്യുന്ന ഘട്ടമാണിത്. ഈ ഘട്ടത്തിലും സാധാരണ ജനങ്ങളെ കൊള്ളയടിച്ച് "പ്രതിസന്ധി ശമിപ്പിക്കുക" എന്ന മാര്‍ഗമേ യുപിഎ സര്‍ക്കാര്‍ സ്വീകരിക്കുന്നുള്ളൂ.

ഇന്ന് വില വര്‍ധിപ്പിക്കാന്‍ പറയുന്ന കാരണം ഉപ്പുകൂട്ടാതെ വിഴുങ്ങിയാല്‍ നാളത്തെ അവസ്ഥ കൂടുതല്‍ ഭയാനകമാകും. സിറിയയെ ആക്രമിക്കാന്‍ അമേരിക്ക ഒരുക്കം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അമേരിക്കന്‍ സാമ്രാജ്യത്വം പശ്ചിമേഷ്യയില്‍ അസ്ഥിരീകരണത്തിന്റെ വിത്തുകള്‍ പാകി മുളപ്പിക്കുന്നു. അത് എണ്ണവിപണിയെ സാരമായി ബാധിക്കുന്ന മറ്റൊരു വിഷയമായി മാറും. ഇറാനെ ലാക്കാക്കിയുള്ള നീക്കങ്ങള്‍, ഇറാഖിലെ ശമിക്കാത്ത സംഘര്‍ഷം, സിറിയക്കെതിരായ യുദ്ധനീക്കം, അതിനെതിരെ വളരുന്ന വികാരം- ആഗോള സാമ്പത്തികക്കുഴപ്പത്തിനൊപ്പം മുതലാളിത്തം പുതിയ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. എണ്ണ ഉല്‍പ്പാദനത്തെയും വിതരണത്തെയും മാത്രമല്ല, ഇറക്കുമതിചെയ്യുന്ന രാഷ്ട്രങ്ങളെയാകെ ഇത് രൂക്ഷസ്വഭാവത്തില്‍ ബാധിക്കും.

നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ജനവിരുദ്ധ മുഖത്തിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ വിലവര്‍ധന. ആഗോളക്കുത്തകകളുടെ ഊഹക്കച്ചവടത്തിന്റെ ഭാഗവുമാണത്. വില വര്‍ധിപ്പിച്ചില്ലെങ്കില്‍ ഭീമമായ സബ്സിഡിത്തുക സര്‍ക്കാരിന് താങ്ങാനാവില്ല എന്നാണ് പെട്രോളിയംമന്ത്രി വീരപ്പമൊയ്ലി പറയുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ധിക്കുമ്പോള്‍ കൈ നനയാതെ മീന്‍പിടിക്കുന്നവരാണ് നാട്ടിലെ എണ്ണയുല്‍പ്പാദകര്‍. അവര്‍ക്ക് അങ്ങനെകിട്ടുന്ന അനര്‍ഹമായ ലാഭം പിടിച്ചെടുത്ത് പൊതുവിപണിയിലെ ഡീസല്‍- പെട്രോള്‍ വില കുറയ്ക്കുക എന്നത് ആര്‍ക്കും മനസിലാക്കാനാവുന്ന യുക്തിപൂര്‍വകമായ നടപടിയാണ്. എന്നാല്‍, ഇന്ധന വിലവര്‍ധനയുടെ കൂറ്റന്‍ ലാഭം റിലയന്‍സ് പോലുള്ള കമ്പനികള്‍ക്ക് യഥേഷ്ടം കുന്നുകൂട്ടാന്‍ അവസരമൊരുക്കി, സാധാരണ ജനങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്നതിന് വാശികാണിക്കുകയാണ് സര്‍ക്കാര്‍. ഇത് നയത്തിന്റെ പ്രശ്നമാണ്. ആ നയങ്ങള്‍ക്കെതിരെയാണ് സമരം വേണ്ടത്. ജനങ്ങളെ മറന്ന് കോര്‍പറേറ്റുകളെ പുല്‍കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ സന്ധിയില്ലാത്ത സമരത്തിന്റെ പ്രസക്തിയും അവിടെയാണ്.

കേന്ദ്ര യുപിഎ സര്‍ക്കാര്‍ തുടരുന്ന അതേ നയമാണ് കേരളം ഭരിക്കുന്ന യുഡിഎഫിന്റേതും. ആ യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍തന്നെ വിലക്കയറ്റത്തിന്റെ രൂക്ഷതയെയും അത് നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് സംഭവിച്ച പരാജയത്തെയും സ്വീകരിക്കേണ്ട നടപടികളെയും കുറിച്ച് പരസ്യമായി ആശങ്കപ്പെടുകയാണ്. യുഡിഎഫിലും കോണ്‍ഗ്രസിലും നിലനില്‍ക്കുന്ന ആഭ്യന്തരപ്രശ്നങ്ങളുടെ ഭാഗമായ നീക്കമാകാം ഇത്. ഉമ്മന്‍ചാണ്ടി എന്ന അനര്‍ഹനായ നേതാവിനെ തുറന്നുകാട്ടാനുള്ള ശ്രമവുമാകാം. എന്നാല്‍, അത്തരം ലക്ഷ്യങ്ങള്‍ക്കുപരിയായി, ഒരേ ചേരിയില്‍നിന്ന് ഭരണപക്ഷവും പ്രതിപക്ഷവും കളിക്കുക എന്ന പരിഹാസ്യ രാഷ്ട്രീയത്തിനുമപ്പുറം രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ച പ്രശ്നങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊള്ളുന്നില്ല എന്നാണ് ചെന്നിത്തല ഉമ്മന്‍ചാണ്ടിക്കയച്ച കത്തില്‍ പറയുന്നത്. വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിര്‍ത്തേണ്ട സര്‍ക്കാര്‍ ഓണത്തിന് രണ്ടാഴ്ചമാത്രം ശേഷിക്കെ ഒരു ശ്രമവും നടത്തിയില്ല; കരിഞ്ചന്തയും പൂഴ്ത്തിവയ്പും കൃത്രിമവിലക്കയറ്റവും ജനജീവിതം അതീവ ദുസ്സഹമാക്കിത്തീര്‍ത്തിരിക്കുന്നു എന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. അനിഷേധ്യമായ വസ്തുതയാണിത്.

"ആഗോള പ്രതിഭാസം" എന്ന ന്യായീകരണവുമായി രാജ്യത്താകെ വിലക്കയറ്റം കടിഞ്ഞാണില്ലാതെ കുതിക്കുന്നതിന് യുപിഎ സര്‍ക്കാര്‍ കാര്‍മികത്വം വഹിക്കുമ്പോള്‍, ചെയ്യാന്‍കഴിയുന്ന ഒന്നും ചെയ്യാതെ കൂടുതല്‍ വിലക്കയറ്റത്തിലേക്കും ദുരിതത്തിലേക്കും കേരളീയരെ നയിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ഏതെങ്കിലും വ്യക്തികളല്ല- കോണ്‍ഗ്രസ് എന്ന പാര്‍ടിയാണ്, അതിന്റെ നയങ്ങളാണ് ഈ അവസ്ഥയ്ക്കുത്തരവാദി. സംസ്ഥാന സര്‍ക്കാരിനെ ഇടപെടുവിച്ച് വില പിടിച്ചുനിര്‍ത്തുന്നതിനൊപ്പം കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ മുന്നേറ്റത്തില്‍ അണിചേരാനുള്ള ആര്‍ജവമാണ് ജനനന്മ കാംക്ഷിക്കുന്നവര്‍ കാണിക്കേണ്ടത്. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളൊന്നും ചെയ്യാതെ ഓണവിപണിയെ കൊള്ളലാഭക്കാര്‍ക്ക് എറിഞ്ഞുകൊടുത്ത്, എല്ലാം ശ്രദ്ധിച്ചുകൊള്ളണമെന്ന് ജനപ്രതിനിധികളോട് ആവശ്യപ്പെടുന്ന മുഖ്യമന്ത്രി അതിലൂടെ സ്വന്തം കഴിവുകേടാണ് കഴുത്തില്‍ കെട്ടിത്തൂക്കിയത്. പൊതുവിതരണ സമ്പ്രദായവും വിപണിയിലെ ഇടപെടലും മറന്നുപോയ സംസ്ഥാനവും റിലയന്‍സിന് വിടുപണിചെയ്യുന്ന കേന്ദ്രവും ജനശത്രുക്കളുടെ പട്ടികയില്‍തന്നെ. സര്‍ക്കാരിന്റെ നിഷ്ക്രിയതക്കെതിരായ വിമര്‍ശം കേന്ദ്ര യുപിഎ നയങ്ങള്‍ക്കെതിരെയും ഉയര്‍ത്തിയാലാണ്, ജനവിരുദ്ധ നവലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്നാലാണ് ചെന്നിത്തലയുടെ ഇത്തരം ഇടപെടലുകള്‍ മതിക്കപ്പെടുക. ഇന്ധന വിലവര്‍ധനയുടെയും സാര്‍വത്രികമായ വിലക്കയറ്റത്തിന്റെയും ദുരന്തം പേറുന്ന ജനങ്ങളെ അണിനിരത്തി രാജ്യത്താകെ ഉയരുന്ന പ്രക്ഷോഭത്തില്‍നിന്ന് സാധാരണ കോണ്‍ഗ്രസുകാര്‍ക്കും മാറിനില്‍ക്കാനാവില്ല; അവര്‍ ജനങ്ങളോട് പരിപൂര്‍ണ ശത്രുത പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍.

deshabhimani editorial

അണ്‍ എയ്ഡഡ് കോഴ്സുകള്‍ എയ്ഡഡാക്കാന്‍ മാനേജ്മെന്റുകളുടെ അണിയറനീക്കം

സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളിലെ അണ്‍ എയ്ഡഡ് കോഴ്സുകള്‍ എയ്ഡഡാക്കി മാറ്റുന്നതിനായി മാനേജ്മെന്റുകള്‍ സര്‍ക്കാരില്‍ സമ്മര്‍ദം തുടങ്ങി. എയ്ഡഡ് കോളേജുകളില്‍ പുതിയ കോഴ്സുകള്‍ക്ക് അനുമതി നല്‍കാനുള്ള മന്ത്രിസഭാതീരുമാനത്തിന്റെ ചുവടുപിടിച്ചാണ് നീക്കം.

സംസ്ഥാനത്തെ 161 എയ്ഡഡ് കോളേജുകളില്‍ പുതിയ ഓരോ കോഴ്സ് വീതം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് കണ്‍വീനറും മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു, പി ജെ ജോസഫ് എന്നിവര്‍ അംഗങ്ങളുമായ മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. എന്നാല്‍, എയ്ഡഡ് കോളേജുകളിലെ അണ്‍ എയ്ഡഡ് കോഴ്സുകള്‍ എയ്ഡഡ് ആക്കണമെന്ന മാനേജ്മെന്റുകളുടെ അപേക്ഷ മന്ത്രിസഭായോഗം തള്ളിയതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സര്‍വകലാശാല അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അണ്‍ എയ്ഡഡ് കോഴ്സുകള്‍ എയ്ഡഡാക്കി മാറ്റാന്‍ അനുവദിക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഈ തീരുമാനം തിരുത്തുന്നതിനുള്ള അണിയറനീക്കങ്ങളാണ് മാനേജ്മെന്റുകള്‍ നടത്തുന്നത്. മന്ത്രിസഭാതീരുമാനം അറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ നല്‍കിയ പട്ടികയില്‍ 12 കോളേജുകളിലെ അണ്‍ എയ്ഡഡ് കോഴ്സുകള്‍ എയ്ഡഡാക്കിയതായി രേഖപ്പെടുത്തിയിരുന്നു. ഇത് വിവാദമായതോടെ മന്ത്രിസഭാതീരുമാനം ഒരു സാഹചര്യത്തിലും മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഇതിനുപിന്നാലെയാണ് മാനേജ്മെന്റുകള്‍ സര്‍ക്കാരിലും യുഡിഎഫ് നേതൃത്വത്തിലും സമ്മര്‍ദം ചെലുത്താന്‍ തുടങ്ങിയത്. മന്ത്രിസഭാതീരുമാനം നടപ്പാകുന്നതോടെ നഷ്ടത്തിലാകുന്ന ക്രിസ്ത്യന്‍ മാനേജ്മെന്റുകളാണ് ഇതില്‍ ഭൂരിഭാഗവും.

മന്ത്രിസഭാതീരുമാനത്തില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ ഔദ്യോഗികമായി സമീപിക്കുക എന്നതാണ് അണിയറയില്‍ ആരംഭിച്ച ആദ്യനീക്കം. കോളേജുകളുടെ അപേക്ഷയില്‍ സര്‍വകലാശാലകള്‍ ശുപാര്‍ശചെയ്ത 161 എയ്ഡഡ് കോളേജുകളിലാണ് പുതിയ കോഴ്സുകള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. അണ്‍ എയ്ഡഡ് കോഴ്സുകള്‍ എയ്ഡഡാക്കി മാറ്റാന്‍ അനുവദിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം കോളേജുകളില്‍ കോഴ്സ് നടത്താനുള്ള സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാല നിരാകരിച്ചത്. പുതിയ കോഴ്സുകള്‍ അനുവദിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരില്‍നിന്ന് അനുകൂലനിലപാട് സമ്പാദിച്ച് സര്‍വകലാശാലാതീരുമാനം മറികടക്കാമെന്നാണ് മാനേജ്മെന്റുകളുടെ കണക്കുകൂട്ടല്‍. പുതിയ കോഴ്സുകളില്‍ ഈ വര്‍ഷംതന്നെ അഡ്മിഷന്‍ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്താനാണ് മാനേജ്മെന്റുകളുടെ തീരുമാനം.

deshabhimani