വിലക്കയറ്റനിയന്ത്രണ നടപടികള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ വിളിച്ച ഉന്നതതലയോഗം പ്രഹസനമായി. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് മാത്രമാണ് പങ്കെടുത്തത്. പെട്ടെന്ന് വിളിച്ച യോഗമായതിനാലാണ് മറ്റു മന്ത്രിമാര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്തതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. പണം അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ട ധനമന്ത്രിയും സഹകരണ, കൃഷി മന്ത്രിമാരും യോഗത്തിന് എത്തിയില്ല. പകരം, ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. വിപണി ഇടപെടലിനായി 60 കോടികൂടി അനുവദിക്കാന്‍ തീരുമാനിച്ചതായി മന്ത്രി അനൂപ് ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, മുമ്പ് അനുവദിച്ച തുകപോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഇനിയും കൈമാറത്ത തുകയടക്കം 135 കോടി അനുവദിക്കുമെന്നാണ് പ്രഖ്യാപനം.
ഓണക്കാലത്തെ പൊള്ളുന്ന വിലക്കയറ്റം തടയാന്‍ ഇത് പര്യാപ്തമാകില്ല. പതിമൂന്നിന സബ്സിഡിസാധനങ്ങളില്‍ മൂന്നിനങ്ങള്‍മാത്രമേ മാവേലിസ്റ്റോറുകളില്‍ എത്തുന്നുള്ളൂ. അരിയും പഞ്ചസാരയും മുളകും ഒഴികെയുള്ള ഇനങ്ങള്‍ക്ക് കടുത്തക്ഷാമമാണ്. പൊതുവിപണിയില്‍ പൊള്ളുന്ന വിലയായതിനാല്‍ അരി വാങ്ങാന്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍, എല്ലാവര്‍ക്കും സബ്സിഡി നിരക്കില്‍ അരികൊടുക്കാന്‍ കഴിയുന്നുമില്ല. കണ്‍സ്യൂമര്‍ഫെഡിന്റെ വിപണനകേന്ദ്രങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. 390 കോടി രൂപയാണ് കണ്‍സ്യൂമര്‍ഫെഡിന് സര്‍ക്കാര്‍ നല്‍കാനുള്ളത്. വിപണിയില്‍ സര്‍ക്കാര്‍നടപടികളാകെ നിശ്ചലമാണ്. പ്രഖ്യാപിച്ച പണം കൈമാറാത്തതിനാല്‍ സപ്ലൈകോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും വില്‍പ്പനശാലകള്‍ ഫലപ്രദമല്ല. 20 ലക്ഷം കുടുംബങ്ങള്‍ക്ക് വിതരണംചെയ്യേണ്ട ഓണക്കിറ്റിന് അരിയില്ല. സ്കൂള്‍കുട്ടികളുടെ ഉച്ചക്കഞ്ഞിക്കുള്ള അരി ബിപിഎല്‍ കിറ്റിലേക്ക് വകമാറ്റി നല്‍കി പ്രതിസന്ധി മറികടക്കാനാണ് നീക്കം. എഫ്സിഐയില്‍ പണം അടയ്ക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് വൈകിയതാണ് പ്രതിസന്ധിക്ക് കാരണം. ഓരോമേഖലയ്ക്കുമുള്ള അലോട്ട്മെന്റ നിശ്ചയിച്ചുള്ള അറിയിപ്പുകളും വൈകി. സ്കൂള്‍കുട്ടികളുടെ ഉച്ചക്കഞ്ഞിക്കുള്ള അരിയാണ് വിതരണത്തിന്റെ ഉദ്ഘാടനദിനം ബിപിഎല്‍ കിറ്റില്‍ നല്‍കിയത്. ഇത് തുടര്‍ന്നാല്‍, സ്കൂളുകളിലെ ഉച്ചക്കഞ്ഞിവിതരണം മുടങ്ങും.
സര്‍ക്കാര്‍ അലംഭാവത്തെ വിമര്‍ശിച്ച് കെ മുരളീധരന്‍ എംഎല്‍എ രംഗത്തെത്തി. വിലക്കയറ്റം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് ഗൗരവമുള്ളതാണെന്ന് മുരളീധരന്‍ പറഞ്ഞു. വിലക്കയറ്റം ആഗോളപ്രതിഭാസമാണെന്നു പറഞ്ഞിട്ട് കാര്യമില്ല. ഭക്ഷ്യവകുപ്പിന് വേണ്ടത്ര ഫണ്ടുകള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലുറപ്പുപദ്ധതി തൊഴിലാളികള്‍ക്ക് ഇത്തവണ ബോണസ് നല്‍കേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞവര്‍ഷം ആയിരം രൂപയാണ് സ്ത്രീത്തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത്. ഈ തുക ഇനി ആരംഭിക്കാന്‍ പോകുന്ന പെന്‍ഷന്‍പദ്ധതിയിലേക്ക് മാറ്റുമെന്ന് മന്ത്രി കെ സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment