Monday, September 2, 2013

തിണ്ണമിടുക്ക് നല്ലതിനല്ല

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ കരിങ്കൊടിയുമായി ആളുകള്‍ പോകുന്നത് വ്യക്തിപരമായ വിരോധമോ രാഷ്ട്രീയ പകയോ തീര്‍ക്കാനല്ല. സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ടാണ് ജനകീയ പ്രതിഷേധം. ഉമ്മന്‍ചാണ്ടിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും എന്ന ആവശ്യം യുഡിഎഫ് സംവിധാനത്തെയോ അതിന് ഇന്ന് നിയമസഭയിലുള്ള ഭൂരിപക്ഷത്തെയോ അട്ടിമറിക്കാനുള്ളതല്ല എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഉമ്മന്‍ചാണ്ടി രാജിവച്ചാല്‍ വേറെ മുഖ്യമന്ത്രി യുഡിഎഫില്‍നിന്നു വരുന്നതില്‍ പ്രതിപക്ഷം ഒരഭിപ്രായവും പറഞ്ഞിട്ടില്ല; എതിര്‍പ്പുന്നയിച്ചിട്ടുമില്ല. നിലവില്‍ ഒരു വന്‍ തട്ടിപ്പുകേസ് പുറത്തുവന്നിരിക്കുന്നു. ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ ഓഫീസിനും അതിലുള്ള പങ്കാളിത്തം മറച്ചുവയ്ക്കാനാവാത്ത വിധം തെളിഞ്ഞിരിക്കുന്നു. ദുര്‍ബല വകുപ്പുകള്‍ ചുമത്തിയും തെളിവുകള്‍ നശിപ്പിച്ചും കുറ്റവാളികളെ രക്ഷിച്ചുമാണ് അതിലെ പൊലീസന്വേഷണം മുന്നോട്ടുപോകുന്നത്. സംസ്ഥാനത്തിന് നഷ്ടമുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ച് കേസിന്റെ ഗൗരവം കുറയ്ക്കാന്‍ മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നു.

 ഉമ്മന്‍ചാണ്ടിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ട് നടന്ന സെക്രട്ടറിയറ്റ് ഉപരോധം കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞുതുളുമ്പിയ രോഷത്തിന്റെ പ്രതിഫലനമായിരുന്നു. ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനത്തോടെ ഉപരോധ സമരം അവസാനിച്ചുവെങ്കിലും ആ അന്വേഷണം ഹൈക്കോടതി സിറ്റിങ് ജഡ്ജി തന്നെ നടത്തണം, അന്വേഷണഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ചൊഴിയണം എന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി സംശയമില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. മഹാഭൂരിപക്ഷം ജനങ്ങളും പ്രതിപക്ഷം ഒന്നടങ്കവും സ്വന്തം പാര്‍ടിയിലും മുന്നണിയിലുമുള്ളവര്‍തന്നെയും ഉയര്‍ത്തുന്ന ആവശ്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുകയാണ് ഉമ്മന്‍ചാണ്ടി. അന്വേഷണം അടിമുടി പ്രഹസനമാക്കാനാണ് ശ്രമം തുടരുന്നത്. ആ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികള്‍ ജനാധിപത്യപരമായ പ്രതിഷേധത്തിന്റെ വേദിയായിമാറുന്നത്.

അങ്ങനെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന ധാര്‍ഷ്ട്യമാണ് തുടക്കംമുതല്‍ ഉമ്മന്‍ചാണ്ടിയെ നയിക്കുന്നത്. ലാത്തിയും ഗ്രനേഡും കണ്ണീര്‍വാതകവും ജലപീരങ്കിയും കൊണ്ട് ജനവികാരത്തെ നേരിട്ട പൊലീസ്, ഒരു ഘട്ടത്തില്‍ പ്രതിപക്ഷ നേതാവിനുനേരെവരെ ഗ്രനേഡ് പ്രയോഗിച്ചു. ഒരുതരത്തിലുള്ള മര്‍ദനമുറകളും എല്‍ഡിഎഫിന്റെ സമരശക്തിയെ തളര്‍ത്താന്‍ പര്യാപ്തമല്ല എന്ന് അനുദിനം വ്യക്തമാകുന്നു. ഉമ്മന്‍ചാണ്ടിക്ക് ജനരോഷം ഭയന്ന് പൊതുപരിപാടികളില്‍നിന്ന് ഒളിച്ചോടേണ്ടിവരുന്നു. ജനങ്ങളുടെ കണ്ണുവെട്ടിച്ച് രഹസ്യവഴികളിലൂടെ ചടങ്ങുകളിലെത്തേണ്ടിവരുന്നു. ഇത് സമരംചെയ്യുന്ന ജനങ്ങളുടെ കുഴപ്പമല്ല- ആ സമരത്തിന് കാരണഭൂതനായ ഉമ്മന്‍ചാണ്ടിയുടെ അധികാരക്കൊതിയുടെ ഫലമാണ്. യുഡിഎഫിനെ നയിക്കുന്ന പി പി തങ്കച്ചനും കോണ്‍ഗ്രസിനെ നയിക്കുന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും എന്തുകൊണ്ട് ഉമ്മന്‍ചാണ്ടിക്കുവേണ്ടി ശക്തമായി വാദിക്കാന്‍ കഴിയുന്നില്ല എന്നതില്‍തന്നെ യഥാര്‍ഥ വസ്തുതകള്‍ വായിച്ചെടുക്കാം.

തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ജനങ്ങള്‍ കരുതുന്ന; തട്ടിപ്പു സംഘത്തിന്റെ സംരക്ഷകനായി മാറിയ ഒരാള്‍ നിയമത്തിനുമുന്നില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നതുവരെ അധികാരത്തില്‍നിന്നൊഴിയണം എന്ന ന്യായമായ ആവശ്യത്തെ സ്ഥിരബുദ്ധിയുള്ള ആര്‍ക്കും തള്ളിക്കളയാനാവില്ല. മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് നീതിനിഷ്ഠമായ അന്വേഷണം നടത്തിയാല്‍ തീര്‍ക്കാവുന്ന പ്രശ്നം, ജനങ്ങളെ സമരത്തിലേക്ക് നയിച്ചും പൊലീസിനെ അതിക്രമത്തിന് നിയോഗിച്ചും കൂടുതല്‍ വഷളാക്കുന്നതിന്റെ ഒന്നാമത്തെ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കുതന്നെയാണ്. അത് മനസിലാക്കിയതുകൊണ്ടാണ്, മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ വേറെയും ഉണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ക്കുതന്നെ പറയേണ്ടിവന്നത്.

ഈ ചുവരെഴുത്ത് വായിക്കാനറിയാത്ത കുറെപ്പേര്‍ ഇപ്പോഴും കോണ്‍ഗ്രസിലും യുഡിഎഫിലും ഉമ്മന്‍ചാണ്ടിയെ അനുകൂലിച്ച് കണ്ണടച്ചിരുട്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. അത്തരക്കാരാണ് ഞായറാഴ്ച മഞ്ചേരിയില്‍, എല്‍ഡിഎഫ് പ്രതിഷേധത്തിനുനേരെ ആക്രമണോത്സുകതയോടെ തിരിഞ്ഞത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ എല്‍ഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തതിനുപുറമെ യുഡിഎഫുകാര്‍ സംഘടിച്ച് ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. നിലമ്പൂരില്‍ ലീഗുകാര്‍ സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസിനുനേരെയും ദേശാഭിമാനി സബ് ബ്യൂറോയ്ക്കു നേരെയും കല്ലെറിഞ്ഞു. ഇത് പുതിയ രീതിയാണ്. സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെ കല്ലെറിയാനും ആക്രമിക്കാനും ആളെവിട്ടത് കോണ്‍ഗ്രസിന്റെ ചില സമുന്നത നേതാക്കളായിരുന്നു എന്നത് ഇതിനോട് ചേര്‍ത്തുവായിക്കണം.

സംസ്ഥാനം ഭരിക്കുന്ന മുന്നണിയുടെ നേതൃത്വം സ്വന്തം അണികളെ തെരുവിലേക്ക് കെട്ടഴിച്ചു വിടുന്നു; അവര്‍ പൊലീസിനൊപ്പം ചേര്‍ന്ന് ജനങ്ങളെയും ജനപ്രതിനിധികളെയും ആക്രമിക്കുന്നു. നിയമസമാധാനം പാലിക്കാന്‍ ഉത്തരവാദിത്തമുള്ളവര്‍ കലാപത്തിന് തിരികൊളുത്തുന്നു എന്നാണിതിനര്‍ഥം. ഇത്തരം ആക്രമണങ്ങളെ തള്ളിപ്പറയാന്‍ യുഡിഎഫ്- ഭരണ നേതൃത്വം തയ്യാറായിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. തിണ്ണമിടുക്കുകൊണ്ട് പ്രതിപക്ഷ പ്രക്ഷോഭം തകര്‍ക്കാമെന്നും അങ്ങനെ ഉമ്മന്‍ചാണ്ടിയെ രക്ഷിച്ചുകളയാമെന്നും കരുതുന്നവരെ അല്‍പ്പബുദ്ധികളെന്നുപോലും വിശേഷിപ്പിക്കാനാവില്ല. തനിക്ക് യാത്രചെയ്യാനും ജനങ്ങള്‍ക്കിടയിലിറങ്ങാനും പൊലീസും പട്ടാളവും ഗുണ്ടാപ്പടയും വേണമെന്ന് ഉമ്മന്‍ചാണ്ടി കരുതുന്നുണ്ടെങ്കില്‍, അതിലേക്ക് നയിച്ച സാഹചര്യത്തെയാണ് യുഡിഎഫ് ചികിത്സിക്കേണ്ടത്. നാടിനും ജനങ്ങള്‍ക്കും ബാധ്യതയായി തുടരാതെ ഇറങ്ങിപ്പോകാന്‍ മുഖത്തുനോക്കി പറയാനുള്ള ചങ്കൂറ്റമാണവര്‍ കാണിക്കേണ്ടത്. അല്ലാതെ, അനുയായികളെ കല്ലും കവണയും കൊടുത്തു പറഞ്ഞുവിട്ടാല്‍ സമരത്തിനെത്തുന്നവര്‍ അതുകണ്ട് ഭയന്ന് പിന്മാറിക്കൊള്ളും എന്ന് കരുതരുത്. ആക്രമിക്കാനെത്തുന്ന ഹിംസ്രമൃഗങ്ങളോട് സമാധാന സിദ്ധാന്തമല്ല ഉരുവിടേണ്ടത് എന്നാണ് ഗാന്ധിജിപോലും പറഞ്ഞിട്ടുള്ളത്. ജനാധിപത്യപരമായി സംഘടിപ്പിക്കുന്ന സമരത്തെ കൈയൂക്കുകൊണ്ട് നേരിടാനെത്തുന്ന ഗുണ്ടാപ്പട സമാധാന സൂക്തങ്ങളാകും കേള്‍ക്കുക എന്ന വ്യാമോഹമരുത്. കൈയൂക്കുകൊണ്ടുള്ള കളി ജനാധിപത്യമല്ല എന്ന തിരിച്ചറിവ് യുഡിഎഫ് നേതൃത്വത്തിനുണ്ടായാല്‍ അത്രയും നല്ലത്.

deshabhimani editorial 030913

No comments:

Post a Comment