സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളിലെ അണ്‍ എയ്ഡഡ് കോഴ്സുകള്‍ എയ്ഡഡാക്കി മാറ്റുന്നതിനായി മാനേജ്മെന്റുകള്‍ സര്‍ക്കാരില്‍ സമ്മര്‍ദം തുടങ്ങി. എയ്ഡഡ് കോളേജുകളില്‍ പുതിയ കോഴ്സുകള്‍ക്ക് അനുമതി നല്‍കാനുള്ള മന്ത്രിസഭാതീരുമാനത്തിന്റെ ചുവടുപിടിച്ചാണ് നീക്കം.
സംസ്ഥാനത്തെ 161 എയ്ഡഡ് കോളേജുകളില്‍ പുതിയ ഓരോ കോഴ്സ് വീതം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് കണ്‍വീനറും മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു, പി ജെ ജോസഫ് എന്നിവര്‍ അംഗങ്ങളുമായ മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. എന്നാല്‍, എയ്ഡഡ് കോളേജുകളിലെ അണ്‍ എയ്ഡഡ് കോഴ്സുകള്‍ എയ്ഡഡ് ആക്കണമെന്ന മാനേജ്മെന്റുകളുടെ അപേക്ഷ മന്ത്രിസഭായോഗം തള്ളിയതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സര്‍വകലാശാല അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അണ്‍ എയ്ഡഡ് കോഴ്സുകള്‍ എയ്ഡഡാക്കി മാറ്റാന്‍ അനുവദിക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഈ തീരുമാനം തിരുത്തുന്നതിനുള്ള അണിയറനീക്കങ്ങളാണ് മാനേജ്മെന്റുകള്‍ നടത്തുന്നത്. മന്ത്രിസഭാതീരുമാനം അറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ നല്‍കിയ പട്ടികയില്‍ 12 കോളേജുകളിലെ അണ്‍ എയ്ഡഡ് കോഴ്സുകള്‍ എയ്ഡഡാക്കിയതായി രേഖപ്പെടുത്തിയിരുന്നു. ഇത് വിവാദമായതോടെ മന്ത്രിസഭാതീരുമാനം ഒരു സാഹചര്യത്തിലും മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഇതിനുപിന്നാലെയാണ് മാനേജ്മെന്റുകള്‍ സര്‍ക്കാരിലും യുഡിഎഫ് നേതൃത്വത്തിലും സമ്മര്‍ദം ചെലുത്താന്‍ തുടങ്ങിയത്. മന്ത്രിസഭാതീരുമാനം നടപ്പാകുന്നതോടെ നഷ്ടത്തിലാകുന്ന ക്രിസ്ത്യന്‍ മാനേജ്മെന്റുകളാണ് ഇതില്‍ ഭൂരിഭാഗവും.
മന്ത്രിസഭാതീരുമാനത്തില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ ഔദ്യോഗികമായി സമീപിക്കുക എന്നതാണ് അണിയറയില്‍ ആരംഭിച്ച ആദ്യനീക്കം. കോളേജുകളുടെ അപേക്ഷയില്‍ സര്‍വകലാശാലകള്‍ ശുപാര്‍ശചെയ്ത 161 എയ്ഡഡ് കോളേജുകളിലാണ് പുതിയ കോഴ്സുകള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. അണ്‍ എയ്ഡഡ് കോഴ്സുകള്‍ എയ്ഡഡാക്കി മാറ്റാന്‍ അനുവദിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം കോളേജുകളില്‍ കോഴ്സ് നടത്താനുള്ള സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാല നിരാകരിച്ചത്. പുതിയ കോഴ്സുകള്‍ അനുവദിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരില്‍നിന്ന് അനുകൂലനിലപാട് സമ്പാദിച്ച് സര്‍വകലാശാലാതീരുമാനം മറികടക്കാമെന്നാണ് മാനേജ്മെന്റുകളുടെ കണക്കുകൂട്ടല്‍. പുതിയ കോഴ്സുകളില്‍ ഈ വര്‍ഷംതന്നെ അഡ്മിഷന്‍ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്താനാണ് മാനേജ്മെന്റുകളുടെ തീരുമാനം.
deshabhimani
No comments:
Post a Comment