ഇന്ന് വില വര്‍ധിപ്പിക്കാന്‍ പറയുന്ന കാരണം ഉപ്പുകൂട്ടാതെ വിഴുങ്ങിയാല്‍ നാളത്തെ അവസ്ഥ കൂടുതല്‍ ഭയാനകമാകും. സിറിയയെ ആക്രമിക്കാന്‍ അമേരിക്ക ഒരുക്കം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അമേരിക്കന്‍ സാമ്രാജ്യത്വം പശ്ചിമേഷ്യയില്‍ അസ്ഥിരീകരണത്തിന്റെ വിത്തുകള്‍ പാകി മുളപ്പിക്കുന്നു. അത് എണ്ണവിപണിയെ സാരമായി ബാധിക്കുന്ന മറ്റൊരു വിഷയമായി മാറും. ഇറാനെ ലാക്കാക്കിയുള്ള നീക്കങ്ങള്‍, ഇറാഖിലെ ശമിക്കാത്ത സംഘര്‍ഷം, സിറിയക്കെതിരായ യുദ്ധനീക്കം, അതിനെതിരെ വളരുന്ന വികാരം- ആഗോള സാമ്പത്തികക്കുഴപ്പത്തിനൊപ്പം മുതലാളിത്തം പുതിയ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. എണ്ണ ഉല്‍പ്പാദനത്തെയും വിതരണത്തെയും മാത്രമല്ല, ഇറക്കുമതിചെയ്യുന്ന രാഷ്ട്രങ്ങളെയാകെ ഇത് രൂക്ഷസ്വഭാവത്തില്‍ ബാധിക്കും.
നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ജനവിരുദ്ധ മുഖത്തിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ വിലവര്‍ധന. ആഗോളക്കുത്തകകളുടെ ഊഹക്കച്ചവടത്തിന്റെ ഭാഗവുമാണത്. വില വര്‍ധിപ്പിച്ചില്ലെങ്കില്‍ ഭീമമായ സബ്സിഡിത്തുക സര്‍ക്കാരിന് താങ്ങാനാവില്ല എന്നാണ് പെട്രോളിയംമന്ത്രി വീരപ്പമൊയ്ലി പറയുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ധിക്കുമ്പോള്‍ കൈ നനയാതെ മീന്‍പിടിക്കുന്നവരാണ് നാട്ടിലെ എണ്ണയുല്‍പ്പാദകര്‍. അവര്‍ക്ക് അങ്ങനെകിട്ടുന്ന അനര്‍ഹമായ ലാഭം പിടിച്ചെടുത്ത് പൊതുവിപണിയിലെ ഡീസല്‍- പെട്രോള്‍ വില കുറയ്ക്കുക എന്നത് ആര്‍ക്കും മനസിലാക്കാനാവുന്ന യുക്തിപൂര്‍വകമായ നടപടിയാണ്. എന്നാല്‍, ഇന്ധന വിലവര്‍ധനയുടെ കൂറ്റന്‍ ലാഭം റിലയന്‍സ് പോലുള്ള കമ്പനികള്‍ക്ക് യഥേഷ്ടം കുന്നുകൂട്ടാന്‍ അവസരമൊരുക്കി, സാധാരണ ജനങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്നതിന് വാശികാണിക്കുകയാണ് സര്‍ക്കാര്‍. ഇത് നയത്തിന്റെ പ്രശ്നമാണ്. ആ നയങ്ങള്‍ക്കെതിരെയാണ് സമരം വേണ്ടത്. ജനങ്ങളെ മറന്ന് കോര്‍പറേറ്റുകളെ പുല്‍കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ സന്ധിയില്ലാത്ത സമരത്തിന്റെ പ്രസക്തിയും അവിടെയാണ്.
കേന്ദ്ര യുപിഎ സര്‍ക്കാര്‍ തുടരുന്ന അതേ നയമാണ് കേരളം ഭരിക്കുന്ന യുഡിഎഫിന്റേതും. ആ യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍തന്നെ വിലക്കയറ്റത്തിന്റെ രൂക്ഷതയെയും അത് നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് സംഭവിച്ച പരാജയത്തെയും സ്വീകരിക്കേണ്ട നടപടികളെയും കുറിച്ച് പരസ്യമായി ആശങ്കപ്പെടുകയാണ്. യുഡിഎഫിലും കോണ്‍ഗ്രസിലും നിലനില്‍ക്കുന്ന ആഭ്യന്തരപ്രശ്നങ്ങളുടെ ഭാഗമായ നീക്കമാകാം ഇത്. ഉമ്മന്‍ചാണ്ടി എന്ന അനര്‍ഹനായ നേതാവിനെ തുറന്നുകാട്ടാനുള്ള ശ്രമവുമാകാം. എന്നാല്‍, അത്തരം ലക്ഷ്യങ്ങള്‍ക്കുപരിയായി, ഒരേ ചേരിയില്‍നിന്ന് ഭരണപക്ഷവും പ്രതിപക്ഷവും കളിക്കുക എന്ന പരിഹാസ്യ രാഷ്ട്രീയത്തിനുമപ്പുറം രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ച പ്രശ്നങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊള്ളുന്നില്ല എന്നാണ് ചെന്നിത്തല ഉമ്മന്‍ചാണ്ടിക്കയച്ച കത്തില്‍ പറയുന്നത്. വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിര്‍ത്തേണ്ട സര്‍ക്കാര്‍ ഓണത്തിന് രണ്ടാഴ്ചമാത്രം ശേഷിക്കെ ഒരു ശ്രമവും നടത്തിയില്ല; കരിഞ്ചന്തയും പൂഴ്ത്തിവയ്പും കൃത്രിമവിലക്കയറ്റവും ജനജീവിതം അതീവ ദുസ്സഹമാക്കിത്തീര്‍ത്തിരിക്കുന്നു എന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. അനിഷേധ്യമായ വസ്തുതയാണിത്.
"ആഗോള പ്രതിഭാസം" എന്ന ന്യായീകരണവുമായി രാജ്യത്താകെ വിലക്കയറ്റം കടിഞ്ഞാണില്ലാതെ കുതിക്കുന്നതിന് യുപിഎ സര്‍ക്കാര്‍ കാര്‍മികത്വം വഹിക്കുമ്പോള്‍, ചെയ്യാന്‍കഴിയുന്ന ഒന്നും ചെയ്യാതെ കൂടുതല്‍ വിലക്കയറ്റത്തിലേക്കും ദുരിതത്തിലേക്കും കേരളീയരെ നയിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ഏതെങ്കിലും വ്യക്തികളല്ല- കോണ്‍ഗ്രസ് എന്ന പാര്‍ടിയാണ്, അതിന്റെ നയങ്ങളാണ് ഈ അവസ്ഥയ്ക്കുത്തരവാദി. സംസ്ഥാന സര്‍ക്കാരിനെ ഇടപെടുവിച്ച് വില പിടിച്ചുനിര്‍ത്തുന്നതിനൊപ്പം കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ മുന്നേറ്റത്തില്‍ അണിചേരാനുള്ള ആര്‍ജവമാണ് ജനനന്മ കാംക്ഷിക്കുന്നവര്‍ കാണിക്കേണ്ടത്. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളൊന്നും ചെയ്യാതെ ഓണവിപണിയെ കൊള്ളലാഭക്കാര്‍ക്ക് എറിഞ്ഞുകൊടുത്ത്, എല്ലാം ശ്രദ്ധിച്ചുകൊള്ളണമെന്ന് ജനപ്രതിനിധികളോട് ആവശ്യപ്പെടുന്ന മുഖ്യമന്ത്രി അതിലൂടെ സ്വന്തം കഴിവുകേടാണ് കഴുത്തില്‍ കെട്ടിത്തൂക്കിയത്. പൊതുവിതരണ സമ്പ്രദായവും വിപണിയിലെ ഇടപെടലും മറന്നുപോയ സംസ്ഥാനവും റിലയന്‍സിന് വിടുപണിചെയ്യുന്ന കേന്ദ്രവും ജനശത്രുക്കളുടെ പട്ടികയില്‍തന്നെ. സര്‍ക്കാരിന്റെ നിഷ്ക്രിയതക്കെതിരായ വിമര്‍ശം കേന്ദ്ര യുപിഎ നയങ്ങള്‍ക്കെതിരെയും ഉയര്‍ത്തിയാലാണ്, ജനവിരുദ്ധ നവലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്നാലാണ് ചെന്നിത്തലയുടെ ഇത്തരം ഇടപെടലുകള്‍ മതിക്കപ്പെടുക. ഇന്ധന വിലവര്‍ധനയുടെയും സാര്‍വത്രികമായ വിലക്കയറ്റത്തിന്റെയും ദുരന്തം പേറുന്ന ജനങ്ങളെ അണിനിരത്തി രാജ്യത്താകെ ഉയരുന്ന പ്രക്ഷോഭത്തില്‍നിന്ന് സാധാരണ കോണ്‍ഗ്രസുകാര്‍ക്കും മാറിനില്‍ക്കാനാവില്ല; അവര്‍ ജനങ്ങളോട് പരിപൂര്‍ണ ശത്രുത പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍.
deshabhimani editorial
No comments:
Post a Comment