Tuesday, September 22, 2009

അതിര്‍ത്തിയിലെ മാധ്യമ വെടി

കോര്‍പറേറ്റ് പ്രചാരണം വമ്പന്‍ വ്യവസായമാണ്. പൊതുജനങ്ങളില്‍ എത്തുന്ന സമസ്ത സംവിധാനവും കോര്‍പറേറ്റുകളുടെ കൈപ്പിടിയിലാണ്-വിനോദവ്യവസായങ്ങള്‍, ടെലിവിഷന്‍, വിദ്യാലയങ്ങളില്‍ എത്തിച്ചേരുന്ന പുസ്തകങ്ങളിലും പ്രസിദ്ധീകരണങ്ങളിലും വലിയൊരു പങ്ക്, ദിനപത്രങ്ങളില്‍ നേരിട്ട് പ്രത്യക്ഷപ്പെടുന്ന വിവരങ്ങളില്‍ വലിയൊരു ഭാഗം തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു. അതിന്റെ കൃത്യവും പരസ്യവും ബോധപൂര്‍വവുമായ ലക്ഷ്യം, 'പൊതു മനസ്സിനെ നിയന്ത്രിക്കുക' എന്നതാണ്. മാധ്യമസംവിധാനങ്ങള്‍ സ്വകാര്യനിക്ഷിപ്ത താല്‍പ്പര്യക്കാരുടെ കൈയില്‍ അകപ്പെടുന്നത് ജനാധിപത്യത്തിനുതന്നെ ഹാനികരമാണ്. മാധ്യമങ്ങളിലൂടെ പൊതുമനസ്സിനെ പാട്ടിലാക്കാനുള്ള പ്രചാരണത്തിനെതിരെയുള്ള പോരാട്ടം അതീവ ദുഷ്കരവുമാണ്. ഒട്ടേറെ മനഃശാസ്ത്രപരമായ ചെറുത്തുനില്‍പ്പിനെ അതിജീവിക്കേണ്ടതായി വരും. പോരാടേണ്ടിവരുന്നത് ദിവസത്തില്‍ അഞ്ചുമണിക്കൂറിലേറെ ടെലിവിഷനുമായാണ്; സിനിമാവ്യവസായവുമായാണ്, പുസ്തകങ്ങളുമായും വിദ്യാലയങ്ങളുമായുമാണ്; അങ്ങനെ മറ്റെല്ലാത്തിനോടുമാണ്. ആളുകളുടെ മനസ്സിനെ പാട്ടിലാക്കാനുള്ള പോരാട്ടത്തില്‍ വിജയിക്കാന്‍ ഭീമമായ പരിശ്രമങ്ങളാണ് നടത്തുന്നത്. നോം ചോംസ്കിയുടെ നിരീക്ഷണങ്ങളാണിവ. സമകാലിക ഇന്ത്യന്‍ മാധ്യമപ്രവണതകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ നിരീക്ഷണങ്ങളാകെ ശരിയാണെന്ന് തെളിയുന്നു. കേരളത്തിലേക്ക് അന്വേഷണം ചുരുക്കുമ്പോള്‍ ആ ശരി കൂടുതല്‍ വ്യക്തമാകുന്നു.

ഇന്ത്യ-ചൈനാ അതിര്‍ത്തി സംഘര്‍ഷഭരിതമാകുകയാണെന്ന് കുറെ നാളായി വാര്‍ത്ത വരികയാണ്. കഴിഞ്ഞദിവസം ടൈംസ് ഓഫ് ഇന്ത്യ എന്ന കോര്‍പറേറ്റ് പത്രത്തില്‍ മുഖ്യസ്ഥാനം നല്‍കി പ്രസിദ്ധീകരിച്ച വാര്‍ത്ത, ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ വന്‍തോതില്‍ പിടിച്ചെടുക്കുകയാണെന്നും ചൈനയുടെ വെടിവയ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റെന്നുമാണ്. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് ഇപ്പോള്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ചൈനയുടെ ഭാഗത്തുനിന്ന് പറയത്തക്ക പ്രകോപനങ്ങളില്ല; വെടിവയ്പില്‍ ഇന്ത്യയുടെ ഒരു സൈനികനും പരിക്കേറ്റിട്ടില്ല; പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റാണ്-ഇന്ത്യന്‍ പ്രധാനമന്ത്രി, സുരക്ഷാ ഉപദേഷ്ടാവ്, വിദേശകാര്യ സെക്രട്ടറി എന്നിങ്ങനെ ഉന്നതസ്ഥാനീയരാകെ വിശദീകരിച്ചുകഴിഞ്ഞു. ഇന്ത്യയും ചൈനയുമായുള്ള ബന്ധം വഷളാക്കുന്നതാണ് ഇത്തരം വ്യാജവാര്‍ത്തകളെന്ന് ഔദ്യോഗികമായിത്തന്നെ വിശദീകരിക്കപ്പെട്ടു. വ്യാജ വാര്‍ത്ത എഴുതിയ ടൈംസ് ഓഫ് ഇന്ത്യയുടെ രണ്ട് ലേഖകര്‍ക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിക്കുമെന്നും എവിടെനിന്ന്, ആരു നല്‍കി വ്യാജവിവരമെന്ന് അവര്‍ കോടതിയില്‍ പറയട്ടെ എന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയ വക്താവ് കണിശമായി പറഞ്ഞത് ദേശീയപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മാധ്യമപ്രവര്‍ത്തനം ചെന്നുപെട്ട ചെളിക്കുഴിയുടെ മാത്രം പ്രശ്നമല്ലിത്. കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കായി, സാമ്രാജ്യ ഇംഗിതങ്ങള്‍ക്കുവേണ്ടി മാധ്യമങ്ങള്‍ എങ്ങനെ ദുരുപയോഗംചെയ്യപ്പെടുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്.

കേരളത്തിലെ ബൂര്‍ഷ്വാമാധ്യമങ്ങള്‍ സിപിഐ എം എന്ന രാഷ്ട്രീയപാര്‍ടിയില്‍ അഭിപ്രായഭിന്നതകള്‍ കുത്തിപ്പൊക്കാനും പാര്‍ടിനേതാക്കളെ രണ്ടുതട്ടിലിട്ട് ഇകഴ്ത്തിയും പുകഴ്ത്തിയും പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണകള്‍ അടിച്ചേല്‍പ്പിക്കാനുമാണ് ശ്രമിച്ചത്; ശ്രമിക്കുന്നത്. ചില നേതാക്കള്‍ സദ്ഗുണസമ്പന്നര്‍ എന്നും മറ്റുചിലര്‍ എല്ലാ ദുര്‍ഗുണങ്ങളുടെയും വിളനിലമെന്നും വ്യാജവാര്‍ത്തകളിലൂടെയും പര്‍വതീകരണ-തമസ്കരണ-തിരസ്കരണങ്ങളിലൂടെയും സ്ഥാപിച്ചുകൊണ്ടേയിരിക്കുന്നു. നാട്ടില്‍ എവിടെ ബഹുനിലക്കെട്ടിടം ഉയര്‍ന്നാലും അതില്‍ സിപിഐ എം നേതാക്കള്‍ക്ക് പങ്കാളിത്തമുണ്ട് എന്ന് പ്രചരിപ്പിക്കുന്നിടംവരെ അത് എത്തിനില്‍ക്കുന്നു. ഇത്തരം വ്യാജ വാര്‍ത്താ നിര്‍മിതിയിലൂടെ തങ്ങള്‍ പ്രതിനിധാനംചെയ്യുന്ന സ്ഥാപനത്തിന്റെ, അതിന്റെ വര്‍ഗത്തിന്റെ താല്‍പ്പര്യം സാധിതമാക്കുക എന്ന കര്‍ത്തവ്യമാണ് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത് എന്ന ന്യായീകരണം നമുക്കുമുന്നിലുണ്ട്. അത് ചൂണ്ടിക്കാട്ടുമ്പോള്‍, എന്തുകൊണ്ട് സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിമാത്രം ആക്രമിക്കപ്പെടുന്നു; മറ്റു നേതാക്കള്‍ക്കെതിരെ ഇത്തരം ആക്രമണമില്ലല്ലോ എന്ന മറുചോദ്യമാണ് ഉയര്‍ന്നുകേട്ടിട്ടുള്ളത്. ആരോപണങ്ങളുടെ പൊള്ളത്തരം അസന്ദിഗ്ധമായി വ്യക്തമാക്കപ്പെട്ടാലും അതംഗീകരിക്കാതെ ചര്‍വിതചര്‍വണം നടത്തുന്നവര്‍ക്ക് യുക്തിഭദ്രമായ മറുപടികള്‍ പഥ്യമല്ല. വാര്‍ത്ത ജനങ്ങളില്‍ എത്തിക്കാന്‍ ചുമതലപ്പെട്ട മാധ്യമങ്ങള്‍ എന്തുകൊണ്ട് ഒളിച്ചുകളി നടത്തുന്നു എന്ന് ചര്‍ച്ചചെയ്യേണ്ട ഘട്ടമാണിത്.

മുതലാളിത്തരാജ്യങ്ങളിലെ ഏറ്റവും കരുത്തുള്ള കമ്യൂണിസ്റ്റ് പാര്‍ടിയായ സിപിഐ എമ്മിനെ ഇന്ത്യന്‍ ഭരണാധികാരികളും സാമ്രാജ്യാധിപത്യത്തിന്റെ ലഹരി പരമപ്രധാനമായി കാണുന്നവരും കഠിനമായി എതിര്‍ക്കുന്നു; വച്ചുവാഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നുമില്ല. ആ നിലപാട് വര്‍ഗപരമാണ്. സിപിഐ എമ്മിനെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ വരികയും അവ വിമര്‍ശിക്കപ്പെടുമ്പോള്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രശ്നം എടുത്തിടുകയും ചെയ്യുന്നതിനുപിന്നില്‍ കേവലമായ കക്ഷിവിരോധത്തിനപ്പുറം മൂലധനത്തിന്റെ കൃത്യമായ അജന്‍ഡയാണ് നടപ്പാക്കപ്പെടുന്നത്. കോണ്‍ഗ്രസ് നേതാവിന്റെ കൊടും അഴിമതി അവര്‍ കണ്ടില്ലെന്നുനടിക്കുകയും സിപിഐ എം ബ്രാഞ്ചില്‍ വിമര്‍ശനം വന്നതിന്റെ പേരില്‍ സ്വയം ഒഴിഞ്ഞ ബ്രാഞ്ച് സെക്രട്ടറി, നോമ്പുതുറ എന്ന മതപരമായ ചടങ്ങില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് രാജി വയ്ക്കുകയായിരുന്നെന്ന് വര്‍ഗീയ ദുസ്സൂചനയോടെ വാര്‍ത്ത നല്‍കുകയും ചെയ്യുന്നത് ലളിതമായ ഒരാക്രമണമല്ല എന്നര്‍ഥം.

സിപിഐ എം ആക്രമിക്കപ്പെടുന്നത് പലപ്പോഴായി ചൈനയുടെ പേരുപറഞ്ഞാണ്. കേരളത്തിലെ മുസ്ളിംലീഗ്, അണികളോട് കലഹിക്കേണ്ടിവരുന്ന ഘട്ടങ്ങളിലെല്ലാം 'സിപിഎം അക്രമ' മുറവിളിയാണുയര്‍ത്താറുള്ളത്. അതുപോലെ, സാമ്രാജ്യവിധേയത്വത്തിനെതിരെ ഇടതുപക്ഷം ശബ്ദമുയര്‍ത്തുമ്പോഴും ചൈനയെ എടുത്തിട്ടാണ് പ്രത്യാക്രമണമുണ്ടാകാറുള്ളത്. ചൈനീസ് ചാരന്മാരെന്ന് മുദ്രയടിച്ച് സിപിഐ എമ്മിന്റെ പ്രാരംഭഘട്ടത്തില്‍തന്നെ നേതാക്കളെയും പ്രവര്‍ത്തകരെയും തുറുങ്കിലടച്ച നാടാണിത്. ആണവ കരാറിന്റെ അപകടങ്ങളെക്കുറിച്ച്സിപിഐ എം ശബ്ദമുയര്‍ത്തിയപ്പോഴും കേട്ടത് അത് ചൈനയ്ക്കുവേണ്ടിയാണ് എന്ന പഴിയാണ്. ആസിയന്‍ കരാര്‍ കേരളത്തെ തകര്‍ക്കുമെന്ന യാഥാര്‍ഥ്യം ഉയര്‍ത്തി സിപിഐ എം പ്രക്ഷോഭരംഗത്തിറങ്ങുമ്പോഴും പറയുന്നത്, അത് ചൈനീസ് താല്‍പ്പര്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്നത്രെ. ഇപ്പോള്‍, ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇല്ലാത്ത സംഘര്‍ഷസ്ഥിതി ഊതിവീര്‍പ്പിച്ച് നുണപ്രചാരണം നടത്തുമ്പോഴും സാമ്രാജ്യത്വത്തിന്റെ കുടിലതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനുള്ള പുകമറ ഉയര്‍ത്തുന്നതായിത്തന്നെ സംശയിക്കണം. അത്തരം നുണപ്രചാരണത്തിന് ചില മാധ്യമക്കുത്തകകളും അവയുടെ റിപ്പോര്‍ട്ടര്‍മാരുമാണ് ഇറങ്ങിയതെന്നുവരുമ്പോള്‍, ആഗോള മാധ്യമക്കുത്തകകളും അവയുടെ സാമ്രാജ്യാനുകൂല താല്‍പ്പര്യങ്ങളും തന്നെയാണ് പ്രതിസ്ഥാനത്തുനില്‍ക്കുന്നത്.

അമേരിക്കയില്‍ ജോര്‍ജ് ബുഷിനുവേണ്ടി തെരഞ്ഞെടുപ്പുരംഗത്ത് സമ്പത്തും അധ്വാനവും കണക്കറ്റ് മുടക്കിയ റൂപ്പര്‍ട്ട് മര്‍ഡോക്ക് എന്ന മാധ്യമഭീമന്‍ ഇന്ന് കേരളീയന്റെ സ്വീകരണമുറികളില്‍പോലും തന്റെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട് എന്ന വസ്തുതയുമായി കൂട്ടിയിണക്കിയാണ് മാധ്യമങ്ങളുടെ ഇന്ത്യന്‍-കേരളീയരൂപങ്ങളെ കാണേണ്ടത്. അയല്‍രാജ്യങ്ങളെ തമ്മിലടിപ്പിച്ചുപോലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സാമ്രാജ്യതാല്‍പര്യങ്ങളും അവയുടെ കിങ്കരന്മാരും വിചാരണചെയ്യപ്പെടുകതന്നെ വേണം. അതൊക്കെ കഴിഞ്ഞുള്ള മാധ്യമസ്വാതന്ത്ര്യം മതി ഇന്നാട്ടില്‍ എന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി പറയുന്നതുവരെയേ ഇന്നത്തെ കപട മാധ്യമജന്മങ്ങള്‍ക്ക് ആയുസ്സുള്ളൂ എന്ന് ഉറപ്പിച്ചുപറയാം. പൊതുമനസ്സിനെ നിയന്ത്രിക്കാനുള്ള സര്‍വ സന്നാഹങ്ങളോടെയുള്ള യുദ്ധത്തെ നിസ്സാരവല്‍ക്കരിക്കുന്നതും കാണാതെപോകുന്നതും അപകടകരമാണ്. അതിന് ജനതയാകെ വലിയ വില നല്‍കേണ്ടിവരും. അതുകൊണ്ട് മാധ്യമരംഗം ഇഴകീറി പരിശോധിക്കപ്പെടുകതന്നെ വേണം. അതിന് നിമിത്തമാകട്ടെ അതിര്‍ത്തിയിലെ വ്യാജ വെടി.

ദേശാഭിമാനി മുഖപ്രസംഗം 22 സെപ്തംബര്‍ 2009

Monday, September 21, 2009

യുദ്ധഭീതി പടര്‍ത്താന്‍ മാധ്യമശ്രമം

അയല്‍രാജ്യമായ ചൈനയുമായി ശത്രുത വളര്‍ത്താനും യുദ്ധഭീതി സൃഷ്ടിക്കാനും ഒരുപറ്റം ഇന്ത്യന്‍ മാധ്യമങ്ങളുടെ ശ്രമം. ദേശീയ പത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയവയും സിഎന്‍എന്‍ ഐബിഎന്‍ പോലുള്ള ചില ടെലിവിഷന്‍ ചാനലുകളുമാണ് ഇതിനു നേതൃത്വം നല്‍കുന്നത്. അടിസ്ഥാനമില്ലാത്ത പ്രചാരണത്തിന് മാതൃഭൂമിയടക്കമുള്ള ചില മലയാള പത്രങ്ങളും ഇവര്‍ക്കൊപ്പം കൂടി. ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ച രണ്ട് പത്രലേഖകര്‍ക്കെതിരെ കേസെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ കൊല്‍ക്കത്ത ലേഖകന്‍ നിര്‍മല്യ ബാനര്‍ജി, ഗുവാഹത്തി ലേഖകന്‍ പ്രബിന്‍ കലിത എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യുമെന്നാണ് ആഭ്യന്തരമന്ത്രാലയം സൂചിപ്പിച്ചത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതിര്‍ത്തിയിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍നിന്ന് ചൈനീസ്സേനയുടെ വെടിവയ്പില്‍ രണ്ട് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) സേനാംഗങ്ങള്‍ക്ക് പരിക്കേറ്റെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. ബെന്നറ്റ് കോള്‍മെന്‍ കമ്പനിയുടെ പത്രമായ ടൈംസ് ഓഫ് ഇന്ത്യ സെപ്തംബര്‍ 15ന് ഒന്നാംപേജിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വടക്കന്‍ സിക്കിമിലെ കെരാങ്ങിലാണ് സംഭവം നടന്നതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചുള്ളതെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇന്ത്യ, ചൈന വിദേശമന്ത്രാലയങ്ങളും ഐടിബിപിയും ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. ആരാണ് ഈ സ്രോതസ്സുകളെന്ന് റിപ്പോര്‍ട്ടര്‍മാര്‍ കോടതിയില്‍ വെളിപ്പെടുത്തേണ്ടിവരുമെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

മറ്റു രാജ്യങ്ങള്‍ക്കെതിരെ ശത്രുത വളര്‍ത്തുന്നത് ഇന്ത്യന്‍ നിയമം തടയുന്നുണ്ട്. ചൈനയ്ക്കെതിരെ വികാരമുയര്‍ത്താനായി ചില ദേശീയ പത്രങ്ങള്‍ രണ്ടുമാസമായി സ്ഥിരമായി വാര്‍ത്ത പ്രസിദ്ധീകരിക്കുകയാണ്. ചൈനയെ ശത്രുപക്ഷത്തുനിര്‍ത്തി അമേരിക്കന്‍ കൂട്ടുകെട്ടിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന വാര്‍ത്തകളാണ് ഇവയൊക്കെ. ഡബ്ള്യുടിഒ, കാലാവസ്ഥാ മാറ്റം എന്നീ വിഷയങ്ങളില്‍ ഇന്ത്യ ചൈനയുടെ സഹായം തേടുമ്പോഴാണ് അതു തടയാനും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും കുത്തകമാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ചൈനയ്ക്കെതിരായ റിപ്പോര്‍ട്ടുകളില്‍ ഒന്നുപോലും ഇന്ത്യന്‍ സൈന്യമോ സര്‍ക്കാരോ അംഗീകരിച്ചിട്ടില്ല. തെറ്റായ പ്രചാരണത്തില്‍നിന്ന് പിന്മാറാന്‍ സൈനികമേധാവി ജനറല്‍ ദീപക് കപൂറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണനും മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇന്ത്യയുടെ പശ്ചിമ അതിര്‍ത്തിയില്‍ ജൂണില്‍ ചൈനീസ് സേന നുഴഞ്ഞുകയറിയെന്ന വാര്‍ത്തയോടെയാണ്് ചൈനാവിരുദ്ധവാര്‍ത്തകളുടെ തുടക്കം. ശീതീകരിച്ച പന്നിയിറച്ചിയും വഴുതനങ്ങയും ലഡാക്കില്‍ വിമാനംവഴി വിതറിയെന്നതായിരുന്നു മറ്റൊരു റിപ്പോര്‍ട്ട്. പാങ്ങോങ് തടാകത്തിനടുത്തേക്ക് അതിര്‍ത്തി കടന്നെത്തിയ ചൈനീസ് ഹെലികോപ്റ്ററുകളാണ് ഇത് ചെയ്തതെന്ന് ഈ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ ലഡാക്കിലെ ചിമൂര്‍ മേഖലയില്‍ ഒന്നര മീറ്ററോളം അതിര്‍ത്തി കടന്ന് ചൈനീസ് സേനയെത്തി പാറയില്‍ 'ചൈന' എന്ന് എഴുതിവച്ചെന്ന വാര്‍ത്തയും ഇവര്‍ കണ്ടെത്തി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഉത്തരാഖണ്ഡിലെ ബരഹോട്ടി മേഖലയില്‍ ചൈനീസ് സേന പ്രവേശിച്ചതായി വാര്‍ത്ത വന്നു. മഞ്ഞുമൂടി കിടക്കുന്ന അക്സായിചന്‍ പ്രവിശ്യയില്‍ ഇന്ത്യന്‍ ആട്ടിടയനെ ചൈനീസ് സൈനികര്‍ മര്‍ദിച്ചെന്നും ചില മാധ്യമങ്ങള്‍ ആരോപിച്ചു.

വി ബി പരമേശ്വരന്‍ ദേശാഭിമാനി 21 സെപ്തംബര്‍ 2009

കേരളത്തിന് തിളങ്ങാന്‍ മൂന്ന് പദ്ധതികള്‍

ആഗോളവല്‍ക്കരണത്തിന്റെ ഭീതിജനകമായ അന്തരീക്ഷത്തില്‍ ഇന്ത്യയിലെ ഗ്രാമങ്ങള്‍ വിറങ്ങലിച്ചുനിന്നപ്പോള്‍ കേരളത്തിലെ ഗ്രാമങ്ങള്‍ക്ക് ഉണര്‍വേകിയത് ജനകീയാസൂത്രണമായിരുന്നു. ജനകീയാസൂത്രണത്തിന്റെ തുടക്കത്തില്‍ ജനങ്ങളില്‍ ഉണ്ടായ ആവേശം അത്ഭുതകരമാണ്. ലോകപ്രശസ്തമായ കേരള വികസന മാതൃകയുടെ നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെട്ടിരുന്ന അവസരത്തില്‍ ജനകീയാസൂത്രണം കേരളത്തിന് പുതിയൊരു മുഖം നല്‍കി. സ്കൂള്‍, ആശുപത്രി, വീട്, റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനമേഖലയിലുണ്ടായ വികസനം ദ്രുതഗതിയിലായിരുന്നു. ജനകീയാസൂത്രണം വീണ്ടും ജനകീയ ക്യാമ്പയിനായി മാറ്റാനുള്ള എല്‍ഡിഎഫ് ഗവമെന്റിന്റെ തീരുമാനം ശ്ളാഘനീയമാണ്. എല്ലാ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചുള്ള സുപ്രധാനമായ മൂന്നു കര്‍മ പദ്ധതിയാണ് ഗവമെന്റ് ആവിഷ്കരിച്ചിട്ടുള്ളത്. ഒന്‍പതാം പദ്ധതി കാലയളവില്‍ നാല് ലക്ഷത്തിലധികവും പത്താം പഞ്ചവത്സര പദ്ധതിയില്‍ മൂന്ന് ലക്ഷത്തോളവും വീട് പാവപ്പെട്ടവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍മിച്ചുനല്‍കി. പതിനൊന്നാം പദ്ധതിയുടെ പിന്നിട്ട കാലയളവില്‍ രണ്ടു ലക്ഷത്തിലധികം വീടാണ് നിര്‍മിച്ചു നല്‍കിയത്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് വീട്. കേറിക്കിടക്കാന്‍ സ്വന്തമായൊരു വീട് ഉണ്ടാവുക എന്നത് വലിയ സ്വപ്നമാണ്. കേരളത്തിലെ വീടില്ലാത്ത പാവപ്പെട്ടവര്‍ക്കെല്ലാം ഈ ഗവമെന്റിന്റെ കാലാവധിക്കുള്ളില്‍ വീട് വച്ചു നല്‍കാനുള്ള സര്‍ക്കാര്‍തീരുമാനം താരതമ്യമില്ലാത്തതാണ്. ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായ ഇ എം എസിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ നാമധേയത്തില്‍ തന്നെ സമ്പൂര്‍ണ ഭവനപദ്ധതി ആരംഭിച്ചത് ഇ എം എസിനുള്ള കേരളീയരുടെ എളിയ ഉപഹാരമായി കണക്കാക്കാം. ഇന്ത്യയിലെ വന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും കോടിക്കണക്കിനു ജനങ്ങളാണ് തെരുവോരങ്ങളിലും കടത്തിണ്ണകളിലും കിടന്നുറങ്ങുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസിന് ഇവരുടെ തീരാദുഃഖം അകറ്റുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്കരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായത്. 4000 കോടി രൂപ മതിപ്പു ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ സുമനസ്സുകളോട് തദ്ദേശസ്വയംഭരണമന്ത്രി പാലോളി മുഹമ്മദ് കുട്ടി അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ പദ്ധതി വിജയിപ്പിക്കേണ്ടത് ഓരോ കേരളീയന്റെയും കടമയാണ്.

സ്വാതന്ത്ര്യാനന്തരം കേന്ദ്രസര്‍ക്കാര്‍ നിരവധി തൊഴില്‍പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. അതെല്ലാം വലിയ പരാജയത്തില്‍ കലാശിക്കുകയാണുണ്ടായത്. ഇപ്പോള്‍ ഇടതുപക്ഷ കക്ഷികളുടെ പിന്തുണയോടെ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി ഏറെ സവിശേഷതകളുള്ളതാണ്. ഗ്രാമപ്രദേശത്തു താമസിക്കുന്ന ഏതൊരു കുടുംബത്തിനും പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ക്ക് ഒരു സാമ്പത്തികവര്‍ഷം 100 ദിവസത്തെ തൊഴില്‍, നിയമം വഴി ഉറപ്പാക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ സവിശേഷത. ഈ പദ്ധതിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി സമൂഹത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് ഗ്രാമീണ സമ്പദ് വ്യവസ്ഥതന്നെ മാറ്റിയെഴുതുന്ന തരത്തില്‍ പുതിയൊരു കര്‍മപരിപാടി നടപ്പാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ വര്‍ഷം 1000 കോടി രൂപയുടെ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഏറെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും സുതാര്യമായി പദ്ധതി നടപ്പാക്കി, ഇന്ത്യക്കാകെ മാതൃകയാകാന്‍ കേരളത്തിനു കഴിഞ്ഞത് അഭിമാനാര്‍ഹമാണ്.

സ്ത്രീശാക്തീകരണരംഗത്തെ പൊന്‍തൂവലായി വിശേഷിപ്പിക്കുന്ന കുടുംബശ്രീപ്രസ്ഥാനം മുന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ സംഭാവനയാണ്. ഇത്രയും വലിയൊരു സ്ത്രീകൂട്ടായ്മ ലോകത്തൊരിടത്തും ഉള്ളതായി കേട്ടിട്ടില്ല. പത്തുലക്ഷം വരുന്ന അയല്‍ക്കൂട്ടങ്ങളിലായി ആകെ 38 ലക്ഷം വനിതകള്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്. അഞ്ച്, പത്ത്, ഇരുപത് രൂപകളിലൂടെ ത്രിഫ്ട് സമ്പാദ്യമായി 1240 കോടി രൂപയാണ് സഹോദരിമാര്‍ നിക്ഷേപിച്ചിട്ടുള്ളത്. 3300 കോടിയോളം രൂപ ലിങ്കേജ് വായ്പയായി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ മത സാമൂദായിക സംഘടനകള്‍ നടത്തുന്ന മൈക്രോ ഫിനാന്‍സ് സംവിധാനങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് കുടുംബശ്രീ. ലഘുസമ്പാദ്യം ഉല്‍പ്പാദന സംരംഭങ്ങളുടെ മൂലധനമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് കുടുംബശ്രീ ചെയ്തുവരുന്നത്. സംഘകൃഷിയിലൂടെ തരിശായിക്കിടക്കുന്ന ഭൂമിയില്‍ കൃഷി ഇറക്കി കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ പുതിയൊരു ചലനം സൃഷ്ടിക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു. കുടുംബശ്രീ അടുത്തയിടെ ആരംഭിച്ച സമഗ്ര പ്രോജക്ടുകളായ നിവേദ്യം, ക്ഷീരസാഗരം, മാരാരി മഷ്റൂം, കൊണ്ടാട്ടം, സഫലം, ആടുഗ്രാമം, ബ്രഹ്മഗിരി, അമൃതം ന്യൂട്രമൂല്‍ തുടങ്ങിയവ ഇതിനകം പ്രസിദ്ധമായിക്കഴിഞ്ഞു. കുടുംബശ്രീയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും നടപ്പുവര്‍ഷം നൂറു കോടി രൂപയുടെ വികസന പരിപാടികള്‍ നടപ്പാക്കാനുമാണ് സര്‍ക്കാരിന്റെ തീരുമാനം. 5,000 ഹെക്ടറില്‍ സംഘകൃഷി ആരംഭിക്കുമെന്നും 50,000 കുടുംബങ്ങള്‍ക്ക് അതിജീവന സഹായം നല്‍കുമെന്നും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുടുംബശ്രീക്ക് നല്‍കുന്ന വായ്പയുടെ പലിശ നാലു ശതമാനമാക്കാനും ബാക്കി പലിശ ത്തുക സര്‍ക്കാര്‍ നല്‍കാനും തീരുമാനിച്ചത് പാവപ്പെട്ടവരോടുള്ള പ്രതിബദ്ധതയ്ക്ക് മറ്റൊരു തെളിവാണ്. നൂതനങ്ങളായ ജനക്ഷേമ പദ്ധതികളുമായി സര്‍ക്കാര്‍ കുടുംബശ്രീയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ബദല്‍സ്ത്രീ സംഘം തട്ടിക്കൂട്ടി കുടുംബശ്രീയെ തകര്‍ക്കാനാണ് ഒരുങ്ങുന്നത്. മാവേലി സ്റ്റോറിനു ബദലായി ആരംഭിച്ച വാമനന്‍ സ്റ്റോറിന്റെ മറ്റൊരു പതിപ്പാണ് യുഡിഎഫിന്റെ ജനശ്രീ.

ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണ്. എന്നാല്‍, ജനങ്ങളുടെ കര്‍മശേഷികൊണ്ട് ഏതൊരു അപകടസ്ഥിതിയെയും തരണംചെയ്യാന്‍ കഴിയുമെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയാണ് കേരള സര്‍ക്കാര്‍ 'എല്ലാവര്‍ക്കും വീട് എല്ലാവര്‍ക്കും തൊഴില്‍' എന്ന ജനകീയ ക്യാമ്പയിന് തുടക്കം കുറിച്ചത്. ഈ പദ്ധതികള്‍ വിജയിപ്പിക്കേണ്ടത് കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാള്‍ കേരളം ഇനിയും ഏറെ തിളങ്ങാന്‍ ഈ പദ്ധതികള്‍ സഹായകമാകുമെന്നതില്‍ സംശയമില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിമര്‍ശകര്‍ ഈ യാഥാര്‍ഥ്യങ്ങള്‍ കണ്ണുതുറന്നു കാണട്ടെ.

ദേശാഭിമാനി മുഖപ്രസംഗം 21 സെപ്തംബര്‍ 2009

സംസ്ഥാനത്തെ വൈദ്യുതിശൃംഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക്

വൈദ്യുതിനഷ്ടം ഒഴിവാക്കാന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പ്രസരണശൃംഖല ശക്തിപ്പെടുത്തുന്നു. പുതിയ സബ്‌സ്റ്റേഷനുകള്‍ നിര്‍മിച്ചും കൂടുതല്‍ ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചും ലൈനുകള്‍ മെച്ചപ്പെടുത്തിയും പ്രസരണനഷ്ടം പരമാവധി കുറയ്ക്കാനാണ് നീക്കം. പ്രസരണനഷ്ടം 15 ശതമാനമായി കുറച്ച് അന്താരാഷ്ട്ര നിലവാരത്തില്‍ എത്തുകയാണ് ലക്ഷ്യം. മാസ്റ്റര്‍പ്ളാന്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ഏറ്റെടുക്കും. 2010-11 ആകുമ്പോഴേക്കും പൂര്‍ണമായും കുറ്റമറ്റ പ്രസരണശൃംഖല തയ്യാറാകും. പ്രസരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 206 സബ്സ്റേഷന്‍ 2011-12 വര്‍ഷം പൂര്‍ത്തിയാകും. 59 സബ് സ്റ്റേഷനുകള്‍ പൂര്‍ത്തീകരിച്ചു. ഇതില്‍ മൂന്ന് 220 കെവി, ഒമ്പത് 110 കെവി, നാല് 66 കെ വി, നാല്‍പ്പത്തിമൂന്ന് 33 കെവി സബ് സ്റ്റേഷനുകളുണ്ട്. 10.26 കിലോമീറ്റര്‍ 220 കെവി ലൈന്‍, 106 കിലോമീറ്റര്‍ 110 കെവി ലൈന്‍, 477.481 കിലോമീറ്റര്‍ 33 കെവി ലൈന്‍ എന്നിവ സ്ഥാപിച്ചു. 9727 ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചു. 7067 കിലോമീറ്റര്‍ 11 കെവി ലൈനും 25021 കിലോമീറ്റര്‍ എല്‍ടി ലൈനും സ്ഥാപിച്ചു. ഇരിങ്ങാലക്കുട, മങ്കട, കൊടകര, കുഴല്‍മന്ദം, തലശേരി, ആലപ്പുഴ, കല്ലൂപ്പാറ, കൊല്ലം, നാട്ടിക, ചേലക്കര, ഗുരുവായൂര്‍ നിയോജക മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയായി. വര്‍ഷാവസാനത്തോടെ കേരളം വോള്‍ട്ടേജ് ക്ഷാമമില്ലാത്ത സംസ്ഥാനമാകും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വോള്‍ട്ടേജ് അദാലത്ത് സംഘടിപ്പിക്കും. അടുത്തമാസം ഒന്നുമുതല്‍ 30 വരെയാണ് അദാലത്ത്. പരാതികള്‍ ഈ മാസം 31വരെ നല്‍കാം.

സംസ്ഥാനത്തെ എല്ലാ ഉപയോക്താക്കള്‍ക്കും 200 വോള്‍ട്ടില്‍ കുറയാത്ത വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യം. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് കാര്യക്ഷമത കൂടിയ സിഎഫ്എല്‍ വിതരണം ചെയ്തുവരുന്നു. ആദ്യഘട്ടത്തില്‍ 10 ലക്ഷം സിഎഫ്എലുകളാണ് സമ്പൂര്‍ണ ഊര്‍ജ സുരക്ഷാ മിഷന്‍വഴി തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. സര്‍ക്കാര്‍ ചുമതലയേറ്റശേഷം 15 ലക്ഷം പുതിയ കണക്ഷന്‍ നല്‍കി. 45,000 അപേക്ഷ ബാക്കിയുണ്ട്. ചുമതല ഏല്‍ക്കുമ്പോള്‍ 2,90,000 അപേക്ഷയാണ് കെട്ടിക്കിടന്നത്.

Sunday, September 20, 2009

പുലിയോ പൂച്ചയോ?

ഒരു വാര്‍ത്ത

ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ച് വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ കേസെടുക്കുക. ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ വെടിവെയ്പ്പില്‍ ഇന്തോ - ടിബറ്റ് അതിര്‍ത്തി പൊലീസ് സേനയിലെ രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റുവെന്ന വാര്‍ത്തക്കെതിരെയാണ് കേന്ദ്രം നിയമ നടപടിക്കൊരുങ്ങുന്നത്. സെപ്റ്റംബര്‍ 15ന് പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത തെറ്റാണെന്ന് ഇരു രാജ്യങ്ങളിലേയും വിദേശമന്ത്രാലയങ്ങള്‍ നിഷേധിച്ചിരുന്നു. നിഷേധക്കുറിപ്പിനുമപ്പുറം വാര്‍ത്ത കൂടുതല്‍ ഗൌരവമായി കാണുന്നതുകൊണ്ടാണ് നിയമ നടപടിയെടുക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. രണ്ടു റിപ്പോര്‍ട്ടര്‍മാരുടേയും നടപടി ക്രിമിനല്‍ കുറ്റമായി കണ്ടാണ് എഫ് ഐ ആര്‍ ഫയല്‍ ചെയ്യാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഉയര്‍ന്ന ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ ലേഖകന്‍ വാര്‍ത്ത നല്‍കിയിരുന്നത്. ലേഖകന്‍ കോടതിയില്‍ ഹാജരായി ഈ വാര്‍ത്താ സ്രോതസുകള്‍ ആരെന്ന് വെളിപ്പെടുത്തേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

*
അല്പദിവസം മുന്‍പ് പൂച്ചക്കുട്ടിയെയോ മറ്റോ കണ്ട് പുലി വരുന്നേ പുലി വരുന്നേ എന്ന് ബഹളം കൂട്ടിയവര്‍ ഈ പുലിയെക്കണ്ടാല്‍ പൂച്ചക്കുട്ടിയാണെന്ന് പറയുമോ? പുലിയെയും പൂച്ചയെയും തിരിച്ചറിയുന്നതും രാഷ്ട്രീയബോധം തന്നെ.

മികച്ച ക്രമസമാധാനം കേരളത്തില്‍

കേരളത്തില്‍ല്‍മാഫിയ- ഗുണ്ട വാഴ്ചയാണെന്നും ക്രമസമാധാനം തകര്‍ന്നിരിക്കയാണെന്നും പ്രതിപക്ഷം ശക്തമായി ആരോപണം ഉന്നയിച്ചിരിക്കുന്നു. ഈ ആരോപണം ഉന്നയിച്ച് യുഡിഎഫ് നേതൃത്വത്തില്‍ പ്രചാരണകോലാഹലം അരങ്ങ് തകര്‍ക്കുന്നതിനിടയിലാണ് ക്രമസമാധാനപാലനത്തില്‍ല്‍ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാടുഡേയുടെ 2008ലെ ദേശീയ അവാര്‍ഡിന് കേരളം തെരഞ്ഞെടുക്കപ്പെട്ടത്. സെപ്തംബര്‍ 14ന് ഡല്‍ഹിയില്‍ നടന്നന്നചടങ്ങില്‍ല്‍കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയില്‍നിന്നാണ് കേരളത്തിനുവേണ്ടി ഞാന്‍ ഈ അവാര്‍ഡ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി തുടര്‍ച്ചയായി ഈ അവാര്‍ഡ് കേരളത്തിനാണ് ലഭിച്ചുവരുന്നതെന്നത് സാക്ഷരതയിലും രാഷ്ട്രീയപ്രബുദ്ധതയിലും മുന്നിട്ടുനില്‍ക്കുന്ന മലയാളിക്ക് പൊതുവില്‍ ലഭിച്ച അംഗീകാരമായി കാണണം. ഇന്ത്യാടുഡേയുടെ അവാര്‍ഡ് നിശ്ചയിക്കുന്നത് ഒരു സ്വതന്ത്ര ഏജന്‍സി നടത്തുന്ന പഠനത്തിനുവിധേയമായാണ്. പ്രശസ്ത ധന ശാസ്ത്രജ്ഞന്‍ ബിബേക് ദിബ്റോയി നേതൃത്വം നല്‍കിയ ഒരു സംഘമാണ് അവാര്‍ഡ് നിര്‍ണയിച്ചത്. സോണിയ ഗാന്ധി അധ്യക്ഷയും മന്‍മോഹന്‍സിങ്, പി ചിദംബരം, പ്ളാനിങ് കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ തുടങ്ങിയവര്‍ അംഗങ്ങളുമായിരുന്ന രാജീവ്ഗാന്ധി ഫൌണ്ടേഷനില്‍ ഡയറക്ടറും കേന്ദ്ര ധനവകുപ്പ് കസള്‍ട്ടന്റുമായിരുന്ന വ്യക്തിയാണ് ബിബേക് ദിബ്റോയി. അദ്ദേഹം ഇപ്പോള്‍ സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയടക്കമുള്ള നിരവധി അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ഫാക്കല്‍റ്റി അംഗവുമാണ്.

കേരളത്തിന് ലഭിച്ച ഈ ദേശീയാംഗീകാരം കോണ്‍ഗ്രസിന് ഇടിത്തീപോലെയാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്ത് ക്രമസമാധാനത്തകര്‍ച്ചയാണെന്നു പ്രചരിപ്പിച്ച് ധര്‍ണ, സത്യഗ്രഹം, മാര്‍ച്ച്, പൊലീസുമായി ഏറ്റുമുട്ടല്‍, അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ സമരപരിപാടിയിലേക്ക് യുഡിഎഫ് നീങ്ങിയവേളയിലാണ് ഈ പുരസ്കാരം ലഭിച്ചത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായോ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലഘട്ടവുമായോ താരതമ്യപ്പെടുത്തുമ്പോള്‍ വളരെ മെച്ചപ്പെട്ട ക്രമസമാധാനമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍സംബന്ധിച്ച് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ തയ്യാറാക്കിയ കണക്കുപ്രകാരംതന്നെ ആന്ധ്രയില്‍ 2766ഉം ബിഹാറില്‍ 3249ഉം മഹാരാഷ്ട്രയില്‍ 2656ഉം യുപിയില്‍ല്‍ 5480ഉം കൊലപാതകങ്ങള്‍ നടന്നപ്പോള്‍ കേരളത്തില്‍ 2008ല്‍ 362 കൊലപാതകംമാത്രമാണുണ്ടായത്. മോഷണക്കേസുകളുടെ കാര്യത്തിലും കേരളത്തിന്റെ സ്ഥിതി ഏറെ മെച്ചപ്പെട്ടതാണ്. മോഷണനിരക്ക് തമിഴ്നാട്ടില്‍ ഇരുപതും കര്‍ണാടകത്തില്‍ 25.2ഉം ആന്ധ്രയില്‍ 29.9ഉം മഹാരാഷ്ട്രയില്‍ 45ഉം ആണെന്നിരിക്കെ കേരളത്തില്‍ ഇത് 16.5 ശതമാനംമാത്രമാണ്.

പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ പ്രചരിപ്പിക്കുന്നത് കേരളത്തില്‍ ഗുണ്ട- ക്വട്ടേഷന്‍ സംഘങ്ങള്‍ 119 കൊലപാതകം നടത്തിയെന്നാണ്. ആഗസ്ത് 31 വരെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍ ആകെ നടന്ന 214 കൊലപാതകത്തില്‍ ഗുണ്ട- ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധപ്പെടുത്താവുന്നത് അഞ്ചെണ്ണംമാത്രമാണ്. ഏറ്റവും അധികംപേര്‍ കൊല്ലപ്പെടുന്നത് കുടുംബവഴക്കുമൂലമോ വ്യക്തിവിരോധംമൂലമോ ആണ്. ഗുണ്ട- ക്വട്ടേഷന്‍ നടത്തിയ അഞ്ച് കൊലപാതകത്തില്‍ 21 പ്രതികളെ അറസ്റുചെയ്ത് നിയമത്തിനുമുന്നില്‍ എത്തിച്ചു. ഗുണ്ട- ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ചചെയ്യാന്‍ ഈ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഗുണ്ടാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന 817 പേര്‍ തിരുവനന്തപുരത്തും 437 പേര്‍ കൊല്ലത്തും 427 പേര്‍ കൊച്ചിയിലും ഉണ്ടായിരുന്നതായി കണക്കെടുത്തിരുന്നുവെന്നാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളിലൂടെ ആവര്‍ത്തിച്ച് പറയുന്നത്. അങ്ങനെയെങ്കില്‍ യുഡിഎഫ് ഭരിച്ച അഞ്ചുവര്‍ഷവും ഇവരില്‍ ഒരാളെപ്പോലും തടങ്കലില്‍ വയ്ക്കാന്‍ തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണ്?

യുഡിഎഫ് ഭരണം അവസാനിക്കുന്നതിന് ഏതാനും മാസംമുമ്പ് കേവലം പ്രചാരണത്തിനുവേണ്ടി ഒരു ഗുണ്ടാ ഓര്‍ഡിനന്‍സ് ഉമ്മന്‍ചാണ്ടി പുറപ്പെടുവിച്ചു. എന്നാല്‍, ഈ ഓര്‍ഡിനന്‍സ് നടപ്പാക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രി എന്തു നടപടി സ്വീകരിച്ചെന്നുകൂടി വ്യക്തമാക്കണം. എന്നാല്‍, എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം സമഗ്രമായ നിയമം അസംബ്ളി ചര്‍ച്ചചെയ്തുണ്ടാക്കി 2006 ഡിസംബര്‍ 18ന് പ്രാബല്യത്തില്‍വരുത്തി. യുഡിഎഫ് കൊണ്ടുവന്ന ഓര്‍ഡിനന്‍സിനേക്കാള്‍ കൂടുതല്‍ വ്യാപ്തിയുള്ള നിയമമാണ് പുതുതായി അവതരിപ്പിച്ചത്. ഗുണ്ടകളെ മൂന്നുമാസം തടങ്കലില്‍ വയ്ക്കാനാണ് യുഡിഎഫ് വ്യവസ്ഥചെയ്തതെങ്കില്‍ ആറുമാസം തടങ്കലില്‍ വയ്ക്കാന്‍ അധികാരം നല്‍കുന്നതാണ് എല്‍ഡിഎഫ് കൊണ്ടുവന്ന നിയമം. ഇതുപ്രകാരം 450 പേര്‍ക്കെതിരെ ഡിറ്റന്‍ഷന്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചു. 358 പേരെ അറസ്റുചെയ്ത് ജയിലിലടച്ചു. ഗുണ്ടാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച 1343 വാഹനം കണ്ടുകെട്ടി. പിടികൂടാനുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളാണ് ഇപ്പോള്‍ എടുത്തുവരുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിവിധതരത്തിലുള്ള ഞെട്ടിക്കുന്ന അക്രമപ്രവര്‍ത്തനം നടന്നപ്പോള്‍ അത്തരം കേസുകള്‍ കൈകാര്യംചെയ്തതില്‍നിന്ന് തികച്ചും വ്യത്യസ്തമായ നിലയിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേസുകള്‍ കൈകാര്യംചെയ്യുന്നത്. യുഡിഎഫ് ഭരണത്തില്‍ 2005 ജൂലൈ 20നാണ് മാരാരിക്കുളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കണിച്ചുകുളങ്ങരയില്‍ എവറസ്റ്റ് ചിട്ടിക്കമ്പനി ഉടമ രമേശ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദീന്‍ എന്നിവരെ ലോറിയിടിച്ച് കൊലപ്പെടുത്തിയ സംഭവമുണ്ടായത്. ഈ കേസിലെ പ്രധാന പ്രതികളായ നാലുപേരെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് പിടികൂടിയത്. പ്രതികളെ ശിക്ഷിക്കത്തക്കവിധത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഹിമാലയന്‍ ചിട്ടിക്കമ്പനിക്കാരാണ് ഇതുമായി ബന്ധപ്പെട്ട് പിടിയിലായത്. ഹിമാലയന്‍ ചിട്ടിക്കമ്പനിക്കാരും കോണ്‍ഗ്രസ് നേതാക്കളുമായി ഉണ്ടായിരുന്ന ബന്ധം അന്നുതന്നെ ആക്ഷേപത്തിന് വിധേയമായിരുന്നത് ഓര്‍ക്കുക. എറണാകുളത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ വിദ്യാധരനെ കൊലപ്പെടുത്തിയ പ്രതികളെ പിടികൂടാന്‍ വര്‍ഷങ്ങളെടുത്തു. ക്രൈംബ്രാഞ്ചിന് വിട്ട് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അമ്പതോളം കേസ് 10 വര്‍ഷം പഴക്കമുള്ളതാണെന്ന് അറിയുമ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ കേസ് അന്വേഷിച്ചരീതി എന്തായിരുന്നുവെന്ന് വ്യക്തമാകുക. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ആലപ്പുഴയില്‍ ചാക്കോ എന്ന ഫിലിം റപ്രസന്റേറ്റീവിനെ കാറില്‍ തീയിട്ടുകൊന്ന സംഭവമുണ്ടായത്. അതിലെ പ്രതി സുകുമാരക്കുറിപ്പിനെ പിടികൂടാന്‍ യുഡിഎഫ് അധികാരത്തിലുള്ള കാലത്തൊന്നും സാധിച്ചില്ല. ഇപ്പോള്‍ സുകുമാരക്കുറുപ്പിന്റെ രൂപംപോലും എന്താണെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത സ്ഥിതിയില്‍ ആ കേസന്വേഷണം എത്തിച്ചത് യുഡിഎഫാണ്.

എല്‍ഡിഎഫ് ഭരണകാലത്ത് ഉയര്‍ന്നുവന്ന കേസാണ് സന്തോഷ് മാധവന്റേത്. ഇയാള്‍ പണം വാങ്ങി ഒരു സ്ത്രീയെ കബളിപ്പിച്ചെന്ന പരാതി അന്വേഷിച്ചപ്പോഴാണ് അയാളുടെ മറ്റു കുറ്റകൃത്യങ്ങള്‍ കണ്ടുപിടിച്ചത്. ഈ കേസില്‍ നിയമത്തിന്റെ മുന്നില്‍ വസ്തുതകള്‍ എത്തിച്ച് സന്തോഷ് മാധവന് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞു. നിരവധിപേരെ കബളിപ്പിച്ച ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിനുമുമ്പ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് സാമ്പത്തികക്കേസുകളുടെ അവസ്ഥ വരാതിരിക്കാന്‍ പൊലീസ് സമര്‍ഥമായി ഇടപെടുകയും 18 കോടിയോളം രൂപ റിക്കവറി നടത്തി അത് കോടതിക്കുമുന്നില്‍ എത്തിക്കാനും സാധിച്ചു. പൊലീസിന്റെ ഇപ്പോഴത്തെ ഫലപ്രദമായ അന്വേഷണരീതികൊണ്ടാണ് ഇതിന് കഴിഞ്ഞത്. ബാങ്ക് കവര്‍ച്ച കേസുകള്‍ മുമ്പൊന്നും ഇല്ലാത്തവിധം ഒന്നൊന്നായി തെളിയിച്ചുകൊണ്ടിരിക്കുന്നു. ചേലമ്പ്ര ബാങ്ക് കവര്‍ച്ചയും പെരിയ ബാങ്ക് കവര്‍ച്ചയും മറ്റ് വിവിധ ബാങ്കുകളില്‍ നടന്ന കവര്‍ച്ചകളും തെളിയിക്കാനും അതില്‍പ്പെട്ടവരെ പിടികൂടാനും ഗണ്യമായ ഭാഗം തൊണ്ടിമുതലുകള്‍ പിടിച്ചെടുക്കാനും സാധിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന ക്ഷേത്രമോഷണങ്ങളില്‍ല്‍പ്രധാനപ്പെട്ട കേസുകളില്‍പ്പെട്ടവരെ പിടികൂടിക്കഴിഞ്ഞു. മറ്റ് കേസുകള്‍ തെളിയിക്കാന്‍ ക്രൈംബ്രാഞ്ചിന്റെല്‍പ്രത്യേക സ്ക്വാഡ് ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു.

സൈബര്‍കുറ്റങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ കേരള പൊലീസിന്റെ മികവ് ദേശീയശ്രദ്ധ ആകര്‍ഷിച്ചതാണ്. നൈജീരിയന്‍ ഇന്റര്‍നെറ്റ് ഫ്രോഡ് എന്ന പേരില്‍ കുപ്രസിദ്ധമായ അന്താരാഷ്ട്രതട്ടിപ്പി ല്‍ മുഖ്യകണ്ണിയായ നൈജീരിയന്‍സംഘത്തെ പിടികൂടാന്‍ സാധിച്ചത് ഈ രംഗത്തുണ്ടായ ഏറ്റവും വലിയ നേട്ടമാണ്.

ഈ പശ്ചാത്തലത്തിലാണ് ആഗസ്ത് 22ന് യുവ വ്യവസായി പോള്‍ എം ജോര്‍ജ് വധിക്കപ്പെട്ട കേസിന്റെ അന്വേഷണം പരിശോധിക്കേണ്ടത്. സംഭവം നടന്ന് ഒരുദിവസം കഴിഞ്ഞതോടെ ഇതുസംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാനാണ് ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷത്തുള്ള ചില രാഷ്ട്രീയനേതാക്കളും ശ്രമിച്ചുവരുന്നത്. രാത്രിയില്‍ നടന്ന സംഭവമായിട്ടുപോലും പൊലീസ് നടത്തിയ ശാസ്ത്രീയമായ കേസന്വേഷണരീതിവഴിയാണ് ഓരോ തെളിവും പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞത്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഒരു മൊബൈല്‍ഫോണ്‍ വഴിയാണ് കേസിന് തുമ്പുണ്ടായത്. ഈ അന്വേഷണത്തില്‍ക്കൂടിയാണ് ഇതുമായി ബന്ധപ്പെട്ട 19 പേരെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. അവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് ആലോചിച്ച് നോക്കണം. പോള്‍ എം ജോര്‍ജ് സഞ്ചരിച്ച വാഹനത്തിന് തൊട്ടുപിന്നില്‍ മറ്റൊരു വാഹനത്തില്‍ പൊലീസിന് പിടികിട്ടേണ്ട, ഗുണ്ടാവിരുദ്ധനിയമപ്രകാരം വാറന്റ് പുറപ്പെടുവിച്ച ഓംപ്രകാശും പുത്തന്‍പാലം രാജേഷും സഞ്ചരിച്ചിരുന്ന കാര്യം പൊലീസ് അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്. ഇത് പുറത്തുവന്നതോടെയാണ് കുപ്രസിദ്ധരായ ഈ മൂന്നുപേരെയും ചുറ്റിപ്പറ്റി കഥകള്‍ മെനഞ്ഞുണ്ടാക്കി വാദവിവാദങ്ങള്‍ കൊഴുപ്പിച്ചത്.

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി എഴുതുന്നു "ഈ കേസുമായി ബന്ധമുണ്ടെന്ന് പോലീസുതന്നെ ചൂണ്ടിക്കാട്ടിയ കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പിടിയിലാകുന്നതുവരെ അന്വേഷണം ശരിയായ ദിശയില്‍ പോകില്ല. അവര്‍ക്കുമാത്രമാണ് കൊലപാതകത്തിന്റെ അന്തര്‍നാടകങ്ങള്‍ അറിയാവുന്നത്. അവരില്‍നിന്നുമാത്രമേ കോടതിയില്‍ നിലനില്‍ക്കുന്ന തെളിവുകള്‍ പോലീസിന് ശേഖരിക്കാനാകൂ''-

ഇതനുസരിച്ച് ഈ രണ്ടുപേരെ പിടിക്കുക എന്നതായിരുന്നു പൊലീസിന്റെ മുഖ്യദൌത്യം. ഇതിനുവേണ്ടി രാജ്യത്തുടനീളവും പുറത്തും പൊലീസ് നടത്തിയ ഇടപെടലില്‍ക്കൂടിയാണ് രണ്ടുപേരെയും പൊലീസിന് ഇപ്പോള്‍ കസ്റ്റഡിയില്‍ ലഭ്യമായിട്ടുള്ളത്. ഈ രണ്ടുപേരെ പൊലീസ് രക്ഷിക്കുന്നുവെന്നും ഉന്നതര്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ഇവരെ വിദേശത്ത് കടത്തി രക്ഷിച്ചെന്നുമൊക്കെയുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായി കഴിഞ്ഞിരിക്കുന്നു. പോള്‍വധവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ എസ്പിമാരും ഡിവൈഎസ്പിമാരും ഉള്‍ക്കൊള്ളുന്നന്നകഴിവുള്ള ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക ടീമിനെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി എല്ലാ കാര്യവും ഓരോ ഘട്ടത്തിലും കോടതിക്കുമുന്നില്‍ സമര്‍പ്പിക്കുന്നുണ്ട്. അന്വേഷണത്തില്‍ എന്തെങ്കിലും പിഴവുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ സ്വാഭാവികമായും കോടതി അതു ചൂണ്ടിക്കാട്ടും. പൊലീസ് കണ്ടെത്തിയ തെളിവുകള്‍ തെറ്റാണെങ്കില്‍ അത് കോടതിയെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ വന്ന സ്വകാര്യ അന്യായത്തിന്റെമേല്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണം വളരെ പ്രസക്തമാണ്. "അന്വേഷണം ഫലപ്രദമായി നടക്കട്ടെ. സിബിഐ അന്വേഷണമെന്ന ആവശ്യം ഈ ഘട്ടത്തില്‍ പരിഗണിക്കേണ്ടതില്ല'' എന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.

ഇപ്പോള്‍ എല്ലാവരും അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിവുണ്ടെങ്കില്‍ ആര്‍ക്കും അന്വേഷണ ഏജന്‍സിക്ക് സമര്‍പ്പിക്കാം. ഒരു കൊലപാതകത്തെക്കുറിച്ച് വിവരങ്ങള്‍ കൈവശമുള്ളവര്‍ അത് അന്വേഷണ ഏജന്‍സിക്ക് സമര്‍പ്പിച്ച് ബന്ധപ്പെട്ടവരെ നിയമത്തിന്റെ മുന്നില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനുപകരം വാദകോലാഹലങ്ങള്‍ നടത്തി സംതൃപ്തിയടയുകയാണ് ചെയ്യുന്നത്. എക്സിക്യൂട്ടീവിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍പരിശോധിക്കാന്‍ ഇവിടെ ജുഡീഷ്യറിയുണ്ട്. നിയമസഭയിലോ സഭയ്ക്കുപുറത്തോ നടത്തുന്ന വാദപ്രതിവാദങ്ങളില്‍ക്കൂടി കേസിലെ പ്രതികളെ തീരുമാനിക്കാന്‍ സാധിക്കുകയില്ല. സിബിഐ കേസന്വേഷണം ഏറ്റെടുക്കണമെന്നു പറഞ്ഞ് പ്രതിപക്ഷം ഒരു പ്രചാരണപരിപാടി നടത്തിക്കൊണ്ടിരിക്കുകയാണ്. സിബിഐ അന്വേഷണം നടക്കാന്‍ ഇടയുണ്ടെന്നൊരു തോന്നല്‍ വന്നാല്‍ ഉടന്‍ ഇപ്പോള്‍ നടക്കുന്നന്നകേസന്വേഷണങ്ങളെല്ലാം സ്വാഭാവികമായും മരവിക്കും. അതുവഴി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ സൃഷ്ടിക്കപ്പെടും.

അന്വേഷണോദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്ത് ശരിയായ നിലയില്‍ കേസന്വേഷണം നടത്താതിരിക്കുകയും വസ്തുതകള്‍ പുറത്തുവരുന്നത് തടയാനും ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിച്ചുവരികയാണ്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയില്‍ല്‍സംസ്ഥാനത്ത് സിബിഐക്ക് വിട്ട കേസുകളില്‍ 13 എണ്ണം ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നപ്പോള്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട മാറാട്ടെ കൂട്ടക്കൊല കേസ്, കെഎംഎംഎല്‍ അഴിമതിക്കേസ് ഇതൊന്നും സിബിഐ അന്വേഷിക്കാന്‍ സന്നദ്ധമായതുതന്നെയില്ല.

ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെ സ്തംഭിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടക്കുന്ന പ്രചാരവേലയുടെ ഉദ്ദേശ്യമെന്താണെന്ന് ജനങ്ങള്‍ക്ക് വ്യക്തമാണ്. കേരള സര്‍ക്കാരിന് ഇത്തരം കാര്യങ്ങളില്‍ തുറന്നസമീപനമാണുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കി നിയമവാഴ്ച ഉറപ്പുവരുത്താന്‍ സാധ്യമാകുന്ന എല്ലാ നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും.

കോടിയേരി ബാലകൃഷ്ണന്‍

ക്രമസമാധാനനില: ഉമ്മന്‍ചാണ്ടി പുകമറ സൃഷ്ടിക്കുന്നു

കേരളത്തിലെ ക്രമസമാധാനനിലയെക്കുറിച്ച് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി മാധ്യമങ്ങള്‍ക്ക് നല്‍കിയ സ്ഥിതിവിവരക്കണക്കുകള്‍ വസ്തുതകള്‍ മറച്ചുവയ്ക്കുന്നു. പ്രതിപക്ഷനേതാവ് പുകമറ സൃഷ്ടിക്കുന്നതായി ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി. 2007ല്‍ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തിറക്കിയ കണക്കുകളാണ് പ്രതിപക്ഷനേതാവിന്റെ വിമര്‍ശനത്തിന് അടിസ്ഥാനം. കേരളത്തില്‍ രജിസ്റ്റര്‍ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ അധികവും ട്രാഫിക് അപകടങ്ങളാണ്. അടിപിടി കേസുകളില്‍ കേരളത്തില്‍ ഇരുപക്ഷത്തുള്ളവര്‍ക്കെതിരെയും കേസെടുക്കാറുണ്ട്. ഇത്തരം ഘടകങ്ങള്‍ മാറ്റി ഗൌരവമുള്ള കുറ്റകൃത്യങ്ങള്‍ മാത്രം പരിഗണിച്ചാല്‍ കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ മെച്ചപ്പെട്ട നിലയിലാണ്. കൊലപാതകത്തിന്റെ നിരക്ക് ദേശീയ ശരാശരി 2.9 ആയിരിക്കുമ്പോള്‍ കേരളത്തില്‍ 1.1 മാത്രമാണ്. ആന്ധ്രയില്‍ ഇത് 3.3ഉം മഹാരാഷ്ട്രയില്‍ 2.5ഉം ആണ്. മോഷണക്കുറ്റങ്ങള്‍ ദേശീയതലത്തില്‍ 33 ആണെങ്കില്‍ കേരളത്തിലേത് 29 മാത്രം. 2007ല്‍ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തീവയ്പ്, സ്ത്രീധനമരണം, കലാപം തുടങ്ങിയ ഇനത്തില്‍ വരുന്ന 10558 കുറ്റങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇവയില്‍ ഏറ്റവുമധികം വരുന്നത് കലാപമാണ്- 7358 എണ്ണം. ശേഷിക്കുന്ന 3200 എണ്ണം മാത്രമാണ് കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍. കേരളത്തില്‍ സാധാരണ അര്‍ഥത്തിലുള്ള കലാപങ്ങളൊന്നും അടുത്തകാലത്തുണ്ടായിട്ടില്ല. എന്നാല്‍, ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്ന രീതിയനുസരിച്ച് വിദ്യാര്‍ഥിസമരങ്ങള്‍, രാഷ്ട്രീയ പാര്‍ടികളുടെ പ്രക്ഷോഭങ്ങള്‍, പ്രകടനങ്ങള്‍, ഗതാഗതം സ്തംഭിപ്പിച്ചുള്ള സമരങ്ങള്‍ തുടങ്ങിയവയെല്ലാം കലാപം എന്ന വിഭാഗത്തില്‍പ്പെടും. കേരളത്തില്‍ ഇത്തരം പ്രതിഷേധസമരങ്ങള്‍ അധികമുള്ളതിനാലാണ് ഈ വിഭാഗത്തില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്യുന്നത്. മറിച്ച് കേരളം മുഴുവന്‍ കലാപമായതുകൊണ്ടല്ല. ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ചചെയ്യാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. 2006ല്‍ പാസാക്കിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം അനുസരിച്ച് 450 പേര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു. 358 പേരെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചു. ഗുണ്ടാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച 1343 വാഹനം കണ്ടുകെട്ടി.

Friday, September 18, 2009

ഇസ്രയേലിന്റെ തനിനിറം

ഇസ്രയേല്‍ യുദ്ധക്കുറ്റവാളിയാണെന്ന് വെളിപ്പെടുത്തുന്ന ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് ആ രാജ്യത്തിന്റെ തനിനിറം ലോകത്തിന്റെ മുമ്പില്‍ തുറന്നുകാട്ടുന്നതും മനുഷ്യസ്നേഹത്തിന്റെ ചെറുകണികയെങ്കിലും അവശേഷിക്കുന്ന ഏതൊരാളിലും ഞെട്ടല്‍ ഉളവാക്കുന്നതുമാണ്. പക്ഷപാതിത്വം ആരോപിക്കാവുന്ന ആളല്ല അന്വേഷണം നടത്തിയതെന്ന വസ്തുത റിപ്പോര്‍ട്ടിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ മുന്‍ ജഡ്ജി റിച്ചാര്‍ഡ് ഗോള്‍ഡ്സ്റണിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്. ഗോള്‍ഡ്സ്റണ്‍ അന്തര്‍ദേശീയ കോടതിയില്‍ യൂഗോസ്ളാവിയ, റുവാണ്ട എന്നീ രാജ്യങ്ങളുടെ ചീഫ് പ്രോസിക്യൂട്ടറായി സേവനം അനുഷ്ഠിച്ച പരിചയസമ്പന്നനായ വ്യക്തിയാണ്. ഇസ്രയേല്‍സേന യുദ്ധക്കുറ്റങ്ങളും മനുഷ്യത്വരഹിതമായ മറ്റ് കുറ്റകൃത്യങ്ങളും നടത്തിയതായി കമീഷന്‍ കണ്ടെത്തി.

പലസ്തീനിലെ ഗാസ പ്രദേശത്തിനെതിരെ 2008 ഡിസംബറിലും 2009 ജനുവരിയിലും ആസൂത്രിതമായ ആക്രമണമാണ് നടത്തിയത്. ഹമാസ് ഇസ്രയേലിനെതിരെ റോക്കറ്റാക്രമണം നടത്തിയതിന് തിരിച്ചടിയാണ് സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം എന്നാണ് ന്യായീകരിച്ചത്. ഹമാസ് നടത്തിയ ആക്രമണത്തില്‍ പതിമൂന്നുപേര്‍മാത്രമാണ് മരിച്ചത്. ഇത് യുദ്ധക്കുറ്റമായി കമീഷന്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇസ്രയേല്‍ സേനയുടെ കണ്ണില്‍ച്ചോരയില്ലാത്ത അത്യന്തം ക്രൂരമായ ബോംബാക്രമണത്തില്‍ നിരപരാധികളായ 1400 പൌരന്മാര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മൂന്നിലൊന്ന് സ്ത്രീകളും കുട്ടികളുമാണ്. ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കുപറ്റി. ആശുപത്രികളും വിദ്യാലയങ്ങളും ബോംബിട്ട് തകര്‍ത്തു. കുടിവെള്ളമുള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ നിഷേധിച്ചു. പശ്ചാത്തല സൌകര്യങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കി. ജനുവരി 15ന് ഐക്യരാഷ്ട്രസഭയുടെ ഗാസയിലെ കേന്ദ്രത്തിനുനേരെയാണ് ആക്രമണം സംഘടിപ്പിച്ചത്. അറുനൂറിനും എഴുനൂറിനും ഇടയ്ക്കുള്ള ജനങ്ങള്‍ അഭയാര്‍ഥികളായി അവിടെ കഴിഞ്ഞിരുന്നു. അവര്‍ക്കുനേരെ ഫോസ്ഫറസ് രാസായുധം ഉപയോഗിച്ചു. ജനങ്ങളെ ഒരു കേന്ദ്രത്തില്‍ കൊണ്ടുവന്ന് പാര്‍പ്പിച്ച് ആക്രമിച്ചു കൊല്ലുകയായിരുന്നു.

2006ലെ 'ദഹിയ സിദ്ധാന്തം' ഇസ്രയേല്‍ പ്രയോഗിച്ചതായി കമീഷന്‍ കണ്ടെത്തി. നിരപരാധികളായ സാധാരണ പൌരന്മാരെ കൂട്ടത്തോടെ കൊന്നൊടുക്കാനും അവര്‍ക്കുള്ള പശ്ചാത്തലസൌകര്യങ്ങള്‍ തകര്‍ക്കാനും അമിതമായ തോതില്‍ സൈന്യവും ആയുധവും ഉപയോഗപ്പെടുത്തി ആക്രമിക്കുക എന്നതാണ് 'ദഹിയ സിദ്ധാന്തം' എന്ന് കമീഷന്‍ പറയുന്നു. അതാണ് ഗാസയിലും ആവര്‍ത്തിച്ചത്. ചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരകൃത്യങ്ങളാണ് ഇസ്രയേല്‍സേന ഗാസയില്‍ ചെയ്തത്.

ഇത്തരം ഒരു കമീഷന്‍ സത്യം കണ്ടെത്തുന്നതിനു ഒമ്പതുമാസംമുമ്പ് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ മനുഷ്യത്വരഹിതമായ ആക്രമണം തുറന്നുകാട്ടിയിരുന്നു. പ്രമേയത്തിന്റെ ആമുഖംമാത്രം ഇവിടെ ഉദ്ധരിക്കുന്നത് അവസരോചിതമാണ്.

'ഗാസയ്ക്കുമേല്‍ ഈയിടെ നടന്ന കിരാതാക്രമണങ്ങളില്‍ ആയിരത്തിമുന്നൂറിലേറെപേര്‍ കൊല്ലപ്പെടുകയും അയ്യായിരത്തോളംപേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. മരിച്ചവരില്‍ മുന്നൂറിലേറെപേര്‍ സ്ത്രീകളും കുട്ടികളും ആയിരുന്നു. ഗാസയിലെ പശ്ചാത്തല സൌകര്യങ്ങളാകെ സ്കൂളുകളും ആശുപത്രികളും ജലസേചനസൌകര്യങ്ങളും ഉള്‍പ്പെടെ തകര്‍ത്ത് ചരല്‍ക്കൂമ്പാരമായി മാറി. ഗാസക്കെതിരായി നടന്ന വിവേചനരഹിതമായ ബോംബാക്രമണത്തിലും ഷെല്‍ വര്‍ഷത്തിലും ഇരുപത്താറായിരത്തിലേറെ വീടുകള്‍ തകര്‍ക്കപ്പെട്ടു. ഇന്ന് ഗാസയില്‍ വൈദ്യുതി ഇല്ല. കുടിവെള്ളമില്ല. മുറിവേറ്റവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ഭക്ഷണമോ, മരുന്നോ ലഭ്യമല്ലാത്ത സ്ഥിതിയാണ് ആശുപത്രികളില്‍. പതിനെട്ടു മാസമായി തുടര്‍ന്നുവരുന്ന ഉപരോധംമൂലം പതിനഞ്ച് ലക്ഷത്തോളംവരുന്ന ഗാസയിലെ പലസ്തീനികള്‍ പട്ടിണിയിലാണ്. എല്ലാ സാധനങ്ങളുടെയും വിതരണം തടഞ്ഞുകൊണ്ടുള്ള ഉപരോധം ഇപ്പോഴും തുടരുകയാണ്. ഇത് പലസ്തീന്‍ ജനതക്കെതിരായ വംശഹത്യയില്‍ കുറഞ്ഞ ഒന്നുമല്ല. ഗാസ ഇന്ന് നേരിടുന്നത് മനുഷ്യത്വത്തിനെതിരായ അതിക്രമമാണ്. പലസ്തീന്‍ ജനതയെ കൂട്ടക്കൊലചെയ്തുകൊണ്ട് അതിന്റെ സ്ഥാപനത്തിന്റെ അറുപതാം വര്‍ഷം പൂത്തീകരിക്കുകയാണ്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും മറ്റ് രാജ്യങ്ങളുമൊക്കെ ഗാസക്കെതിരായ ആക്രമണങ്ങളിലും പലസ്തീന്‍ഭൂമി തുടര്‍ച്ചയായി കൈവശപ്പെടുത്തിക്കൊണ്ടിരിക്കുന്നതിലുമൊക്കെ ഇസ്രയേലിനൊപ്പം നില്‍ക്കുകയാണ്. ഇന്ത്യാ ഗവമെന്റ് പലസ്തീന്റെ അവകാശങ്ങള്‍ക്കുവേണ്ടി അധരവ്യായാമം നടത്തിക്കൊണ്ടിരിക്കുമ്പോള്‍തന്നെ ഇസ്രയേലില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യവും ഇസ്രയേലി പട്ടാളത്തെ കുറഞ്ഞചെലവില്‍ സഹായിച്ചുകൊണ്ടിരിക്കുന്ന രാജ്യവുമാണ്'.

പാര്‍ടി അംഗീകരിച്ച പ്രമേയം അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കുന്നതാണ് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടെന്ന് ചൂണ്ടിക്കാണിക്കാനാണ് പ്രമേയം ഇവിടെ ഉദ്ധരിച്ചത്. റിപ്പോര്‍ട്ടിന്റെ ഭാവി എന്താണെന്നതാണ് ഉയര്‍ന്നുവരുന്ന ചോദ്യം. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൌസിലില്‍ നടപടി ചര്‍ച്ചയ്ക്ക് വരുമ്പോള്‍ വീറ്റോ പ്രയോഗിച്ചുകൊണ്ട് ഇസ്രയേലിനെ രക്ഷിക്കുന്ന നടപടിയാണ് അമേരിക്കന്‍ ഐക്യനാടുകള്‍ ഇതേവരെ സ്വീകരിച്ചുവന്നത്. ഒബാമയുടെ നയംമാറ്റം ഇസ്രയേലിന്റെ യുദ്ധക്കുറ്റങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ എങ്ങനെ പ്രതിഫലിക്കുമെന്നാണ് ലോകത്തിനറിയേണ്ടത്. ഇന്ത്യ അമേരിക്കയുടെ ആശ്രിതരാജ്യമായി മാറാനാണല്ലോ യുപിഎ സര്‍ക്കാര്‍ കൊതിക്കുന്നത്. അതുകൊണ്ടുതന്നെ അമേരിക്കയുടെ നിലപാടാണ് യുപിഎ സര്‍ക്കാരിന് മാതൃക. ഈ സാഹചര്യത്തില്‍ ലോകപൊതുജനാഭിപ്രായം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗത്ത് ഉയര്‍ന്നുപൊങ്ങിയാല്‍മാത്രമേ പലസ്തീന്‍ ജനതയ്ക്ക് രക്ഷയുള്ളു. മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ടെന്നതില്‍ തര്‍ക്കമില്ല.

ദേശാഭിമാനി മുഖപ്രസംഗം 19 സെപ്തംബര്‍ 2009

Israeli Military Aggression on Gaza Condemned

പരിഹാസ്യമായ ചെലവുചുരുക്കല്‍ നാടകം

കാര്‍ഷികത്തകര്‍ച്ചയും സാമ്പത്തികമാന്ദ്യത്തിന്റെ ഫലമായുള്ള തൊഴില്‍നഷ്ടവും അവശ്യസാധനങ്ങളുടെ കുതിച്ചുയരുന്ന വിലയും രാജ്യത്തെ സാധാരണക്കാരെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിട്ട സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാഷ്ട്രീയനാടകം അരങ്ങേറുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പ്രഖ്യാപിച്ച ചെലവുചുരുക്കല്‍ പരിപാടി ജനങ്ങളില്‍ പരിഹാസമല്ലാതെ മറ്റൊരു വികാരവും ഉണ്ടാക്കുന്നില്ല. രാഷ്ട്രീയസ്വാധീനമുപയോഗിച്ച് സമ്പത്തുണ്ടാക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കീറിയ ഖദര്‍ വസ്ത്രം ധരിച്ച് നടക്കുന്നത് നിത്യേന കാണുന്ന കേരളീയര്‍ക്ക് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും 'ഇക്കോണമി' ക്ളാസില്‍ യാത്ര ചെയ്യുന്നതിന്റെ ലക്ഷ്യം മനസ്സിലാകും. കോണ്‍ഗ്രസ് നേതാക്കളും കേന്ദ്ര മന്ത്രിസഭയിലെ അവരുടെ പ്രതിനിധികളും ഇനി വിമാനത്തില്‍ 'ഇക്കോണമി' ക്ളാസിലേ യാത്രചെയ്യൂ എന്നാണ് പ്രഖ്യാപനം. രാഹുല്‍ ഗാന്ധി അവിടെയും നിന്നില്ല. അദ്ദേഹം ശതാബ്ദി എക്സ്പ്രസില്‍ കയറി. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ചിരുന്ന വിദേശമന്ത്രി എസ് എം കൃഷ്ണയും ശശി തരൂരും കോണ്‍ഗ്രസ് തീരുമാനത്തെത്തുടര്‍ന്ന് അവിടെനിന്ന് മാറി. താന്‍ ഇനി പ്രത്യേക വിമാനത്തില്‍ യാത്രചെയ്യില്ലെന്നാണ് ധനമന്ത്രി പ്രണബ്‌കുമാര്‍ മുഖര്‍ജിയുടെ പ്രഖ്യാപനം. എന്നാല്‍, വിദേശത്ത് പോകുമ്പോള്‍ ഉയര്‍ന്ന ക്ളാസ് ആകാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

രാജ്യം കടുത്ത സാമ്പത്തികപ്രയാസം നേരിടുമ്പോള്‍, നേതാക്കള്‍ ചെലവുചുരുക്കി മാതൃകയാകണമെന്ന ആശയം നല്ലതുതന്നെ. എന്നാല്‍, കോര്‍പറേറ്റുകളുടെ താല്‍പ്പര്യത്തിന് ജനങ്ങളെ കൊള്ളയടിക്കാന്‍ നേതൃത്വം നല്‍കുന്ന കക്ഷിയുടെ നേതാക്കളും മന്ത്രിമാരും കന്നുകാലി ക്ളാസ് എന്ന് മന്ത്രി ശശി തരൂര്‍ വിശേഷിപ്പിച്ച ഇക്കോണമി ക്ളാസില്‍ യാത്രചെയ്യുന്നതിലെ കാപട്യം തിരിച്ചറിയാന്‍ ബുദ്ധമുട്ടില്ല. കോണ്‍ഗ്രസിന്റെ ചെലവുചുരുക്കല്‍ പരിപാടിയോട് യുപിഎയിലെ ഘടകകക്ഷികള്‍ക്ക് പോലും യോജിക്കാന്‍ കഴിയാത്തതില്‍ അല്‍ഭുതമില്ല. വിമാനത്തിലെ ബിസിനസ് ക്ളാസിലാണെങ്കില്‍ യാത്രക്കിടയില്‍ ജോലിചെയ്യാന്‍ കഴിയുമെന്നാണ് ശരദ്പവാര്‍ പറയുന്നത്. സോണിയ ഗാന്ധിക്കോ രാഹുല്‍ ഗാന്ധിക്കോ തീവണ്ടിയില്‍ രണ്ടാം ക്ളാസില്‍ സാധാരണക്കാരെപ്പോലെ യാത്രചെയ്യാന്‍ കഴിയുമോ? ദേശീയനേതാക്കളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമാണ്. സുരക്ഷ ആവശ്യമുള്ള നേതാക്കള്‍ സാധാരണ വണ്ടിയില്‍ കയറിയാല്‍ ചെലവു കൂടുമെന്ന് മാത്രമല്ല, അത് മറ്റ് യാത്രക്കാരുടെ സൌകര്യവും സ്വാതന്ത്ര്യവും നിഷേധിക്കുകയും ചെയ്യും. തീവണ്ടിയില്‍ കയറി വാര്‍ത്ത സൃഷ്ടിച്ച രാഹുല്‍ ഗാന്ധി കഴിഞ്ഞ ആഴ്ച തമിഴ്നാട്ടില്‍ പോയപ്പോള്‍ ഹെലികോപ്റ്റര്‍ വാടക ഇനത്തില്‍ മാത്രം ചെലവാക്കിയത് ഒരുകോടി രൂപയാണ്. ഒരു മണിക്കൂറിന് ഒന്നരലക്ഷം രൂപ വാടകയുള്ള ഹെലികോപ്റ്ററിലായിരുന്നു അദ്ദേഹത്തിന്റെ പര്യടനം. ചെലവ് കോണ്‍ഗ്രസിന്റെ തമിഴ്നാട് ഘടകം വഹിച്ചു. ഇതിനൊക്കെ എവിടെനിന്നാണ് കോണ്‍ഗ്രസിന് പണം എന്ന് ആരും ചോദിക്കില്ല.

കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിന് ആയിരം കോടിയിലേറെ രൂപയാണ് വന്‍കിട കമ്പനികളില്‍ നിന്നും ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് നേതൃത്വം പിരിച്ചത്. സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയത് തന്നെ 500 കോടിയിലേറെ വരും. വിഐപി മണ്ഡലങ്ങളില്‍ ചെലവാക്കിയ തുക ഇതിന്റെ എത്രയോ ഇരട്ടിയാണ്. പണം കൊടുത്ത് 'ജനവിധി' വാങ്ങുന്ന പ്രക്രിയ ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയായി വളര്‍ന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശങ്ങളും ജനപ്രാതിനിധ്യനിയമത്തിലെ നിബന്ധനകളും കാറ്റില്‍പറത്തിയാണ് ബൂര്‍ഷ്വാ പാര്‍ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കോര്‍പറേറ്റുകള്‍ രാഷ്ട്രീയകക്ഷികള്‍ക്ക് പണം കൊടുക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് അതിന്റെ ഒരുപാട് ഇരട്ടി തിരിച്ചുകിട്ടണം. ഗവമെന്റുകളുടെ അഴിമതിയുടെ വേരുകള്‍ ഇവിടെയാണ്. സിബിഐ അന്വേഷണം നേരിടുന്ന ഇസ്രയേല്‍ കമ്പനിയില്‍ നിന്ന് മിസൈല്‍ വാങ്ങിയ വകയില്‍ ചില ഇടനിലക്കാര്‍ക്ക് 900 കോടി രൂപ കമീഷന്‍ കിട്ടിയെന്ന വെളിപ്പെടുത്തല്‍ യുക്തിസഹമായി നിഷേധിക്കാന്‍ യുപിഎ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. 'മിസ്റ്റര്‍ ക്ളീന്‍' എന്ന് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്ന എ കെ ആന്റണിയുടെ കാര്‍മികത്വത്തിലാണ് പ്രതിരോധവകുപ്പില്‍ ഇത്തരം ഇടപാടുകള്‍ നടക്കുന്നത്. അഴിമതിക്കുനേരെ കണ്ണടയ്ക്കാത്ത ഒരാള്‍ക്കും കോണ്‍ഗ്രസ് നയിക്കുന്ന മന്ത്രിസഭയില്‍ തുടരാന്‍ കഴിയില്ല. കൃഷ്ണ-ഗോദാവരി തടത്തില്‍നിന്ന് പ്രകൃതിവാതകം ഖനനം ചെയ്യാനുള്ള അവകാശം റിലയന്‍സ് കമ്പനിക്ക് കൊടുത്തപ്പോള്‍ അവര്‍ വിതരണംചെയ്യുന്ന വാതകത്തിന് വില നിശ്ചയിച്ചിരുന്നു. എന്നാല്‍, ആ വില വര്‍ധിപ്പിച്ചുകൊടുക്കാന്‍ പെട്രോളിയം മന്ത്രാലയം ഒത്താശ ചെയ്തതിനുപിന്നില്‍ ഞെട്ടിക്കുന്ന അഴിമതിയാണ് നടന്നത്. അംബാനി സഹോദരന്മാരുടെ ബിസിനസ് വൈരമാണ് ഈ അഴിമതി പുറത്തുകൊണ്ടുവന്നത്. അനില്‍ അംബാനിയുടെ ആരോപണം ശരിയാണെങ്കില്‍ വര്‍ഷം അമ്പതിനായിരം കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി രാജ്യത്തിനുണ്ടാവുക.

ഇത്തരത്തില്‍ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് അവസരമൊരുക്കി അതില്‍ നിന്ന് പങ്ക് പറ്റുന്ന രാഷ്ട്രീയനേതൃത്വമാണ് ചെലവുചുരുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. കോര്‍പറേറ്റുകളില്‍നിന്ന് കോടികള്‍ പിരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന പാര്‍ടി അധികാരത്തില്‍വന്നാല്‍ ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒരുവര്‍ഷത്തിനകം യുപിഎ സര്‍ക്കാര്‍ (പുതിയതും പഴയതും കൂടി) കോര്‍പറേറ്റുകള്‍ക്ക് എഴുപതിനായിരം കോടി രൂപയുടെ ഇളവുകളാണ് നിയമപരമായിത്തന്നെ നല്‍കിയത്.

കടുത്ത വരള്‍ച്ച രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. സാധനവില മുമ്പില്ലാത്തവിധം കുതിച്ചുയരുന്നു. അരിക്ക് കിലോഗ്രാമിന് മുപ്പത് രൂപയിലധികമാണ് ഡല്‍ഹിയില്‍ വില. പഞ്ചസാരവിലയും മുപ്പതിന് മീതെ. തുവരപ്പരിപ്പിന് നൂറു രൂപയോളം. വിലക്കയറ്റം തടയാന്‍ ഒരു നടപടിയും സ്വീകരിക്കാന്‍ ഗവമെന്റിന് കഴിഞ്ഞിട്ടില്ല. കാര്‍ഷികത്തകര്‍ച്ച കാരണം വിദര്‍ഭയിലും മധ്യപ്രദേശിലും യുപിയിലും ഉള്‍പ്പെടുന്ന ബുന്ധേല്‍ഖണ്ഡിലും കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നു. ഇതില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും തങ്ങള്‍ ജനങ്ങളോടൊപ്പമാണെന്ന് വരുത്താനുമുള്ള ചെപ്പടിവിദ്യയാണ് 'ഇക്കോണമി ക്ളാസ്' യാത്ര.

ലോക്സഭയിലേക്ക് ഏറ്റവുമധികം കോടീശ്വരന്മാരെ അയച്ച പാര്‍ടിയാണ് കോണ്‍ഗ്രസ്. മുന്‍ യുഎന്‍ ഉദ്യോഗസ്ഥനായ ശശി തരൂര്‍ ഇലക്ഷന്‍ കമീഷന് കൊടുത്ത കണക്കില്‍ അദ്ദേഹത്തിന് ഇരുപത്തൊന്ന് കോടി രൂപയുടെ ആസ്തിയുണ്ട്. സാധാരണ ക്ളാസില്‍ പോകുന്നവരെ തരൂര്‍ കന്നുകാലികള്‍ എന്ന് വിളിച്ചത് അദ്ദേഹത്തിന്റെ പണക്കൊഴുപ്പിന്റെ മാത്രം പ്രതിഫലനമല്ല. പുസ്തകങ്ങള്‍ എഴുതുന്നതും സംസ്കാരവും തമ്മില്‍ ബന്ധമില്ലെന്നല്ലേ തരൂരിന്റെ കന്നുകാലി പരാമര്‍ശം വ്യക്തമാക്കുന്നത്. 'വിശുദ്ധപശുക്കളെ' തൊട്ടതുകൊണ്ടാകാം കോണ്‍ഗ്രസ് നേതൃത്വം തരൂരിന്റെ പരമാര്‍ശങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചത്. അമേരിക്കന്‍ നേതാക്കളുമായി അടുത്ത ബന്ധമുള്ള തന്നെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്ന ധാരണ ശശി തരൂരിനുണ്ടായതില്‍ അല്‍ഭുതമില്ല.

ദേശാഭിമാനി മുഖപ്രസംഗം 18 സെപ്തംബര്‍ 2009