Monday, September 21, 2009

യുദ്ധഭീതി പടര്‍ത്താന്‍ മാധ്യമശ്രമം

അയല്‍രാജ്യമായ ചൈനയുമായി ശത്രുത വളര്‍ത്താനും യുദ്ധഭീതി സൃഷ്ടിക്കാനും ഒരുപറ്റം ഇന്ത്യന്‍ മാധ്യമങ്ങളുടെ ശ്രമം. ദേശീയ പത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയവയും സിഎന്‍എന്‍ ഐബിഎന്‍ പോലുള്ള ചില ടെലിവിഷന്‍ ചാനലുകളുമാണ് ഇതിനു നേതൃത്വം നല്‍കുന്നത്. അടിസ്ഥാനമില്ലാത്ത പ്രചാരണത്തിന് മാതൃഭൂമിയടക്കമുള്ള ചില മലയാള പത്രങ്ങളും ഇവര്‍ക്കൊപ്പം കൂടി. ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ച രണ്ട് പത്രലേഖകര്‍ക്കെതിരെ കേസെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ കൊല്‍ക്കത്ത ലേഖകന്‍ നിര്‍മല്യ ബാനര്‍ജി, ഗുവാഹത്തി ലേഖകന്‍ പ്രബിന്‍ കലിത എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യുമെന്നാണ് ആഭ്യന്തരമന്ത്രാലയം സൂചിപ്പിച്ചത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതിര്‍ത്തിയിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍നിന്ന് ചൈനീസ്സേനയുടെ വെടിവയ്പില്‍ രണ്ട് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) സേനാംഗങ്ങള്‍ക്ക് പരിക്കേറ്റെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. ബെന്നറ്റ് കോള്‍മെന്‍ കമ്പനിയുടെ പത്രമായ ടൈംസ് ഓഫ് ഇന്ത്യ സെപ്തംബര്‍ 15ന് ഒന്നാംപേജിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വടക്കന്‍ സിക്കിമിലെ കെരാങ്ങിലാണ് സംഭവം നടന്നതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചുള്ളതെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇന്ത്യ, ചൈന വിദേശമന്ത്രാലയങ്ങളും ഐടിബിപിയും ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. ആരാണ് ഈ സ്രോതസ്സുകളെന്ന് റിപ്പോര്‍ട്ടര്‍മാര്‍ കോടതിയില്‍ വെളിപ്പെടുത്തേണ്ടിവരുമെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

മറ്റു രാജ്യങ്ങള്‍ക്കെതിരെ ശത്രുത വളര്‍ത്തുന്നത് ഇന്ത്യന്‍ നിയമം തടയുന്നുണ്ട്. ചൈനയ്ക്കെതിരെ വികാരമുയര്‍ത്താനായി ചില ദേശീയ പത്രങ്ങള്‍ രണ്ടുമാസമായി സ്ഥിരമായി വാര്‍ത്ത പ്രസിദ്ധീകരിക്കുകയാണ്. ചൈനയെ ശത്രുപക്ഷത്തുനിര്‍ത്തി അമേരിക്കന്‍ കൂട്ടുകെട്ടിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന വാര്‍ത്തകളാണ് ഇവയൊക്കെ. ഡബ്ള്യുടിഒ, കാലാവസ്ഥാ മാറ്റം എന്നീ വിഷയങ്ങളില്‍ ഇന്ത്യ ചൈനയുടെ സഹായം തേടുമ്പോഴാണ് അതു തടയാനും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും കുത്തകമാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ചൈനയ്ക്കെതിരായ റിപ്പോര്‍ട്ടുകളില്‍ ഒന്നുപോലും ഇന്ത്യന്‍ സൈന്യമോ സര്‍ക്കാരോ അംഗീകരിച്ചിട്ടില്ല. തെറ്റായ പ്രചാരണത്തില്‍നിന്ന് പിന്മാറാന്‍ സൈനികമേധാവി ജനറല്‍ ദീപക് കപൂറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണനും മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇന്ത്യയുടെ പശ്ചിമ അതിര്‍ത്തിയില്‍ ജൂണില്‍ ചൈനീസ് സേന നുഴഞ്ഞുകയറിയെന്ന വാര്‍ത്തയോടെയാണ്് ചൈനാവിരുദ്ധവാര്‍ത്തകളുടെ തുടക്കം. ശീതീകരിച്ച പന്നിയിറച്ചിയും വഴുതനങ്ങയും ലഡാക്കില്‍ വിമാനംവഴി വിതറിയെന്നതായിരുന്നു മറ്റൊരു റിപ്പോര്‍ട്ട്. പാങ്ങോങ് തടാകത്തിനടുത്തേക്ക് അതിര്‍ത്തി കടന്നെത്തിയ ചൈനീസ് ഹെലികോപ്റ്ററുകളാണ് ഇത് ചെയ്തതെന്ന് ഈ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ ലഡാക്കിലെ ചിമൂര്‍ മേഖലയില്‍ ഒന്നര മീറ്ററോളം അതിര്‍ത്തി കടന്ന് ചൈനീസ് സേനയെത്തി പാറയില്‍ 'ചൈന' എന്ന് എഴുതിവച്ചെന്ന വാര്‍ത്തയും ഇവര്‍ കണ്ടെത്തി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഉത്തരാഖണ്ഡിലെ ബരഹോട്ടി മേഖലയില്‍ ചൈനീസ് സേന പ്രവേശിച്ചതായി വാര്‍ത്ത വന്നു. മഞ്ഞുമൂടി കിടക്കുന്ന അക്സായിചന്‍ പ്രവിശ്യയില്‍ ഇന്ത്യന്‍ ആട്ടിടയനെ ചൈനീസ് സൈനികര്‍ മര്‍ദിച്ചെന്നും ചില മാധ്യമങ്ങള്‍ ആരോപിച്ചു.

വി ബി പരമേശ്വരന്‍ ദേശാഭിമാനി 21 സെപ്തംബര്‍ 2009

1 comment:

  1. അയല്‍രാജ്യമായ ചൈനയുമായി ശത്രുത വളര്‍ത്താനും യുദ്ധഭീതി സൃഷ്ടിക്കാനും ഒരുപറ്റം ഇന്ത്യന്‍ മാധ്യമങ്ങളുടെ ശ്രമം. ദേശീയ പത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയവയും സിഎന്‍എന്‍ ഐബിഎന്‍ പോലുള്ള ചില ടെലിവിഷന്‍ ചാനലുകളുമാണ് ഇതിനു നേതൃത്വം നല്‍കുന്നത്. അടിസ്ഥാനമില്ലാത്ത പ്രചാരണത്തിന് മാതൃഭൂമിയടക്കമുള്ള ചില മലയാള പത്രങ്ങളും ഇവര്‍ക്കൊപ്പം കൂടി. ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ച രണ്ട് പത്രലേഖകര്‍ക്കെതിരെ കേസെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ കൊല്‍ക്കത്ത ലേഖകന്‍ നിര്‍മല്യ ബാനര്‍ജി, ഗുവാഹത്തി ലേഖകന്‍ പ്രബിന്‍ കലിത എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യുമെന്നാണ് ആഭ്യന്തരമന്ത്രാലയം സൂചിപ്പിച്ചത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

    ReplyDelete